പോരാളികളുടെ മാത്രം ലോകം(കിടപ്പുമുറി). രാത്രിയുടെ അന്ത്യയാമങ്ങള്‍ മുതല്‍ പ്രഭാതം വരെയുള്ള സമയങ്ങളില്‍ എപ്പോഴും പ്രതീക്ഷിക്കാം ഒരു പോരാളിയുടെ കിടപ്പറയിലേക്കുള്ള ആഗമനം. പകല്‍ ഗാഢനിദ്രയിലാവാം. ശല്യപ്പെടുത്തുന്നത്‌ പൊറുക്കാനാവാത്ത കുറ്റം. അല്ലറചില്ലറ തമാശകള്‍, പൊട്ടിച്ചിരികള്‍, പാട്ടുകള്‍ മുതലായവ കേട്ടാല്‍ നെറ്റിച്ചുളിക്കരുത്‌! അതു പോരാളികളുടെ നേരംപോക്കുകളിലൊന്നാവാം. പ്രവേശനവും പാലിക്കേണ്ട നിയമങ്ങളും ചീഫ്‌ കമാന്‍ഡര്‍ വ്യക്തമാക്കും.

Tuesday, September 16, 2008

മിസ്റ്റര്‍ പ്രാണികുമാറിന്റെ ആശങ്കയും കാണാതായ പോരാളിയും

നവതോറബോറയില്‍ പ്രവേശിച്ച അന്നുമുതല്‍ പോരാളികള്‍ക്ക്‌ എന്തോ ഒരസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ഒരു ഭാര്‍ഗവി നിലയം എന്നു പറയാവുന്ന രീതിയില്‍ കിടന്ന രണ്ടുനില വീട്‌ കമ്പനി ഏര്‍പ്പാടാക്കി തന്നപ്പോള്‍ ഏറ്റവും സന്തോഷിച്ചതും ദുഃഖിച്ചതും തോറബോറ നിവാസികളായിരുന്നു. സന്തോഷം മഴയില്‍ കുതിരുന്ന തോറബോറയില്‍ നിന്ന്‌ രക്ഷപ്പെടുന്നതില്‍ നിന്നും ദുഃഖം രണ്ടുവര്‍ഷത്തെ വിഹാരലോകം ഉപേക്ഷിച്ചു പോവുന്നതിലുമായിരുന്നു. എങ്കിലും പെയിന്റടിച്ചു ഒരുങ്ങിനിന്ന അതിമനോഹരിയായിരുന്നു നവതോറബോറ. (കെട്ടിടത്തെ സുന്ദരനെന്നോ..സുന്ദരിയെന്നോ വേര്‍തിരിക്കുന്ന കാര്യത്തില്‍ വല്ലാത്ത കണ്‍ഫ്യൂഷനുണ്ട്‌.) വീട്‌ തുറന്നുകൊടുക്കുന്ന ദിവസം തേനീച്ചക്കൂട്ടമിളകി വരുന്നതു പോലെ പോരാളികള്‍ താഴത്തെ നിലയിലേക്ക്‌ ഇരച്ചുകയറി. വളരെ പെട്ടെന്നു തന്നെ താഴത്തെ നിലയിലെ റൂമുകള്‍ പോരാളികള്‍ പിടിച്ചടക്കി. പിന്നാലെയെത്തിയ സഹപോരാളികള്‍ ആര്‍ക്കും വേണ്ടാതെ കിടന്ന രണ്ടാം നിലയിലെ റൂമുകളിലേക്ക്‌ മനസ്സില്ലാമനസ്സോടെ കയറിപ്പോവുകയും റെഡ്‌സ്‌ട്രീറ്റ്‌ എന്ന 'നിലവാര'മുള്ള പേരതിനു സമ്മാനിക്കുകയും ചെയ്‌തു. നിര്‍ഭാഗ്യമെന്നോ ഭാഗ്യമെന്നോ പറയാം പേരുകേട്ട പാടെ മറ്റുള്ളവര്‍ ഓടിമറഞ്ഞു. നാട്ടിലും വീട്ടിലും ഓഫിസിലുമൊക്കെ മാന്യനും പകല്‍മാന്യനുമൊക്കയായ ആള്‍ റെഡ്‌സ്‌ട്രീറ്റില്‍ അംഗത്വമെടുക്കുക എന്നു പറഞ്ഞാല്‍ പിന്നെ ജീവിച്ചിരുന്നിട്ട്‌ കാര്യമുണ്ടോ......
ഏതായാലും റെഡ്‌സ്‌ട്രീറ്റിനു രൂപം കൊടുത്ത രണ്ടുപേര്‍ സസുഖം വാഴുന്നുണ്ടാ സ്‌ട്രീറ്റില്‍. ഒരാളതിന്റെ പ്രസിഡന്റ്‌, അപരന്‍ സെക്രട്ടറി...(രണ്ടുപേര്‍ക്കു കൂടി ഒരു സംഘടന നടത്താന്‍ പാടുണ്ടോ എന്ന ചോദ്യത്തിനുത്തരവും റെഡിയാണ്‌. കോണ്‍ഗ്രസ്‌ പിളര്‍പ്പില്‍ നിന്നു പിളര്‍പ്പിലേക്കു പോവുമ്പോള്‍ എത്ര പേരാണ്‌ പൊട്ടിമുളക്കുന്ന ഗ്രൂപ്പുകളില്‍ ഉണ്ടാവുക....ഇംഗ്ലീഷ്‌ അക്ഷരമാലയില്‍ ആവശ്യത്തിന്‌ അക്ഷരങ്ങള്‍ ഉണ്ടാവുമോ പുതിയ ഗ്രൂപ്പിന്‌ പേരിടാന്‍ എന്ന ശങ്ക മാത്രമല്ലാതെ...മറ്റെന്താണ്‌ അവര്‍ക്ക്‌ ടെന്‍ഷന്‍ ഉണ്ടാക്കുന്നത്‌. അപ്പോള്‍ പിന്നെ ഇവിടെ ഇതു മതി...) എങ്ങനെയുണ്ട്‌ റെഡ്‌സ്‌ട്രീറ്റുകാരുടെ മറുപടി.
അങ്ങനെ നവതോറബോറയിലെ സൗകര്യങ്ങളിലും അസൗകര്യങ്ങളിലും രസംപിടിച്ചു വരുമ്പോഴാണ്‌ നുഴഞ്ഞുകയറ്റക്കാരായി ചിലരെത്തിയത്‌. രാത്രി ഉറക്കത്തിനിടയിലും കുളികഴിഞ്ഞ്‌ അണിഞ്ഞൊരുങ്ങി പുറത്തിറങ്ങുമ്പോഴും ശരീരത്തില്‍ എന്തോ കടിക്കുന്നതുപോലെ തോന്നല്‍. യുദ്ധക്കളത്തിലേക്കുള്ള വഴിമധ്യേയും യുദ്ധക്കളത്തിലെത്തിയ ശേഷവും സ്ഥാനങ്ങളിലും അസ്ഥാനങ്ങളിലും അനുഭവപ്പെടുന്ന അസ്വസ്ഥതകള്‍ക്ക്‌ അറുതിവരുത്താന്‍ വിഷമമനുഭപ്പെട്ടതോടെയാണ്‌ കമാന്‍ഡറുടെ നേതൃത്വത്തില്‍ പോരാളികള്‍ തോറബോറ അരിച്ചുപെറുക്കിയത്‌. തോറബോറ ഉപേക്ഷിച്ചു വന്നതിനോടുള്ള ശരീരത്തിന്റെ റിയാക്ഷന്‍ ആവുമെന്ന്‌ ആദ്യമൊക്കെ കരുതിയിരുന്നെങ്കിലും പിന്നീടാണ്‌ യഥാര്‍ഥ ശത്രുവിനെ കണ്ടെത്തുന്നത്‌. തീരെച്ചെറിയ കറുത്ത (കറുകറുത്ത) ഉറുമ്പുകളായിരുന്നു തങ്ങളുടെ 'കടി' പോരാളികള്‍ക്കു മേല്‍ കടിച്ചു തീര്‍ത്തത്‌. നിയമോപദേശകന്‍ കഴിക്കാനായി കൊണ്ട്‌ ബാഗില്‍ വച്ച റെസ്‌ക്‌ പായ്‌ക്കറ്റിലാണ്‌ മണം പിടിച്ചും ശത്രുസൈന്യത്തിന്റെ പാതപിന്തുടര്‍ന്നും പോരാളി സംഘങ്ങള്‍ എത്തിയത്‌. തങ്ങളുടെ മൃഷ്ടാന്നഭോജനത്തിനു തടസ്സം നേരിട്ട കറുമ്പന്മാര്‍ തലയുയര്‍ത്തി കമാന്‍ഡറെ നോക്കിയെങ്കിലും ധൈര്യശാലിയായ കമാന്‍ഡര്‍ വിദഗ്‌ധമായി കവര്‍ കൈയിലെടുത്തു പുറത്തേക്കു വലിച്ചെറിഞ്ഞു. റെസ്‌ക്‌ പോയ വിഷമത്തില്‍ നിയമോപദേശകന്‍ എന്തൊക്കെയോ പിറുപിറുത്തെങ്കിലും ആരും വകവച്ചില്ല. 'പുകഞ്ഞ റെസ്‌ക്‌ പുറത്ത്‌'എന്ന മനോഭാവമായിരുന്നു മറ്റു പോരാളികള്‍ക്ക്‌.
വലിയ ആശ്വാസത്തിലായിരുന്നു പിന്നീട്‌ പോരാളികള്‍. ശത്രുവിനെ തുരത്തിയ സന്തോഷത്തില്‍ റഷീദിന്റെ ചൈനീസ്‌ മൊബൈലില്‍ ഡിജിറ്റല്‍ ക്വാളിറ്റിയോടെ ഓത്തുപള്ളീല്‍ അന്നു നമ്മള്‍........എന്ന ഗാനം കേള്‍ക്കുകയാണ്‌ ആദ്യം ചെയ്‌തത്‌.
പിറ്റേ ദിവസം സാധാരണപോലെ കടന്നുപോയി. അതിനടുത്ത ദിവസമാണ്‌ പോരാളികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവമുണ്ടാവുന്നത്‌. യുദ്ധംകഴിഞ്ഞ്‌ ഉറങ്ങാന്‍ പോരാളികളുടെ കൂടെ തോറബോറയില്‍ വരികയും ഉച്ചവരെ 'കുളിമല്‍സര'ത്തില്‍ പങ്കെടുക്കാന്‍ ബാത്ത്‌റൂമിനു മുമ്പില്‍ ക്യൂ നില്‍ക്കുകയും ചെയ്‌ത നിയമോപദേശകനെ യുദ്ധം തുടങ്ങി മണിക്കൂറുകള്‍ നാലുകഴിഞ്ഞിട്ടും കാണാതായതോടെ പോരാളികള്‍ക്കിടയില്‍ ഭീതിയുടെ പെരുമ്പറ മുഴങ്ങിത്തുടങ്ങി. ചോദിച്ചവര്‍ ചോദിച്ചവര്‍ അറിയില്ലെന്നു കൈമലര്‍ത്തിയപ്പോള്‍ പോരാളികളുടെ സംശയദൃഷ്ടികള്‍ ചെന്നുപതിച്ചതു ശത്രുക്കളായ റെഡ്‌സ്‌ട്രീറ്റുകാരിലായിരുന്നു. ചാരന്മാരായ തങ്ങളെയും പിലാത്തറയെയും പറഞ്ഞുവിട്ടെങ്കിലും യഹ്യയുടെ വായില്‍ നിന്ന്‌ കമാന്നൊരക്ഷരം കൂടി പുറത്തുവന്നില്ല. നിരാശയോടെ മടങ്ങിയ ഇരുവരും വിവരം കമാന്‍ഡറുടെ ചെവിയിലേക്ക്‌ പകര്‍ത്തി. ഉടനെടുത്തു ഹൈടെക്‌ നഗരമായ മാനന്തവാടിയില്‍ ചൈനീസ്‌ സര്‍ക്കാര്‍ നേരിട്ടിറക്കി കൊടുത്ത അറഫാത്തിന്റെ മൊബൈല്‍. നിയമോപദേശകന്റെ നമ്പര്‍ കുത്തിനോക്കിയെങ്കിലും സ്വിച്ച്‌ഡ്‌ ഓഫ്‌ ആണെന്ന കംപ്യൂട്ടര്‍ ചേച്ചിയുടെ മറുപടിയാണ്‌ പോരാളികളുടെ കര്‍ണത്തില്‍ പതിച്ചത്‌. പോരാളി മിസ്സിങ്ങാണെന്ന അടിയന്തര സന്ദേശം യുദ്ധക്കളത്തില്‍ വിളംബരം ചെയ്‌ത ശേഷം തിരച്ചില്‍ നടത്താന്‍ കമാന്‍ഡറും സംഘവും തോറബോറ ലക്ഷ്യമാക്കി നീങ്ങി.
അതിനിടെ ആരോ പറഞ്ഞ പഴയ കഥ പോരാളികളെ ചകിതരാക്കി. പണ്ടേതോ..യുദ്ധക്കളത്തില്‍ നിന്നു മുങ്ങിയ വിരുതന്‍ മൂന്നുദിവസമായി യുദ്ധത്തിനു വരാതിരുന്നതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ മൂവാണ്ടന്‍ മാവില്‍ ഉടുത്തിരുന്ന കൈലിയില്‍ തൂങ്ങിനില്‍ക്കുന്ന ദയനീയ കാഴ്‌ചയായിരുന്നു ആ കഥ.
ആരൊക്കെയോ അയ്യോ കഷ്ടം! പാവം പയ്യനായിരുന്നു! തുടങ്ങിയ കമന്റുകളൊക്കെ വിട്ടുതുടങ്ങി.
അങ്ങനെയൊന്നും നിയമോപദേഷ്ടാവിന്‌ സംഭവിക്കില്ല. എന്ന ഉറക്കെ ഉറക്കെ പ്രഖ്യാപി്‌ച്ചു കുറച്ചുപേര്‍ കൂടി കമാന്‍ഡറുടെ നേതൃത്വത്തിലുള്ള തിരച്ചില്‍ സംഘത്തിനൊപ്പം ചേരാന്‍ യാത്രയായി. യാത്ര പാതിവഴിയിലെത്തുമ്പോള്‍ കമാന്‍ഡര്‍ നിയമോദേഷ്ടാവിന്റെ കഴുത്തിനു ഞെക്കിപ്പിടിച്ച്‌ കൊണ്ടുവരുന്നുണ്ട്‌. നീണ്ട യാത്ര കഴിഞ്ഞ ക്ഷീണമായിരുന്നു ആ മുഖത്ത്‌ തെളിഞ്ഞുനിന്നിരുന്നത്‌. യുദ്ധക്കളത്തില്‍ ഹാജരാക്കിയ പ്രതിയെ നീണ്ടുനില്‍ക്കുന്ന ചോദ്യംചെയ്യലിനു വിധേയമാക്കുകയായിരുന്നു അടുത്ത ഘട്ടം.
ആദ്യമൊന്നും പിടിതരാതെ നിന്നിട്ടൊടുവില്‍ ആ നഗ്നസത്യം നിയമോപദേശകന്‍ വെളിപ്പെടുത്തി. യുദ്ധക്കളത്തിലേക്കുള്ള യാത്രവേളയില്‍ കണ്ടുമുട്ടിയ സുഹൃത്തിനൊപ്പം ഇപ്പോ വരാം...എന്ന വാക്കും വിശ്വസിച്ച്‌ ചാടിപ്പുറപ്പെട്ടതാണ്‌. മണിക്കൂറുകള്‍ ഒന്ന്‌ ഒന്നര രണ്ട്‌ രണ്ടര എന്നിങ്ങനെ പതിയെപ്പതിയെ കടന്നുപോയത്‌ അറിയാഞ്ഞിട്ടാണോ..അതോ മൂന്നുമണിക്കൂര്‍ മിച്ചം വേണ്ടിവരുന്ന യാത്ര അരമണിക്കൂര്‍ കൊണ്ടു പോയിവരാന്‍ സാധിക്കാത്തതിനാലാണോ എന്നറിയില്ല പോരാളി യുദ്ധക്കളത്തിലെത്താന്‍ ഒരുപാട്‌ വൈകി, എന്നു മാത്രമല്ല, സഹപോരാളികളെ ഏറെ ടെന്‍ഷന്‍ അടിപ്പിക്കുകയും ചെയ്‌തു. ചാര്‍ജ്‌ തീര്‍ന്നതിനാലാണ്‌ മൊബൈല്‍ ചത്തതെന്ന നിസ്സഹായതയും ഖേദത്തോടെ അറിയിച്ചു. അന്ന്‌ തന്നെ നിയമോപദേശകന്‌ സഹപോരാളികള്‍ പുതിയ പേരും ചാര്‍ത്തി "മിസ്സിങ്‌ പോരാളി"
സംഭവബഹുലമായ രണ്ടാമത്തെ സംഭവം രണ്ടുദിവസങ്ങള്‍ക്കു ശേഷം ആഗതമായി. മോങ്ങാനിരുന്ന നായുടെ തലയില്‍ തേങ്ങ വീണു എന്ന മാതിരിയാണ്‌ ഓരോ സംഭവങ്ങളും ഉണ്ടാവുന്നത്‌ എന്നതാണ്‌ അദ്‌ഭുതകരം. തോറബോറയിലാണ്‌ എല്ലാം അരങ്ങേറുന്നത്‌. എടുത്തുപറയാന്‍ പറ്റിയ ഒന്നുംതന്നെ ആ 'ചുവന്നതെരുവി'ല്‍ സംഭവിക്കാത്തതെന്തേ എന്ന സംശയത്തെ നിങ്ങളോടു പങ്കുവച്ച്‌ ഞാനാ കഥ പറയാം. നേരത്തേ പറഞ്ഞ ശത്രുക്കളെ നാമാവശേഷമാക്കി എന്ന സന്തോഷത്തില്‍ തോറബോറയിലെ പകല്‍ ഇരുളുകയും രാത്രി വെളുക്കുകയും ചെയ്‌തു കൊണ്ടിരുന്നു. ഒരു സുപ്രച്ചയില്‍(ഉച്ചയ്‌ക്ക്‌) അപ്രതീക്ഷിതമായാണ്‌ ഖാസിമി ഉറക്കത്തില്‍ നിന്ന്‌ ഞെട്ടിയുണര്‍ന്നത്‌. ചെവിക്കകത്ത്‌ ടണ്ടഗ ടണ്ടഗാാാാന്ന്‌ ശബ്ദം..എന്തൊക്കെയോ പാഞ്ഞുനടക്കുന്നു..ആകെപ്പാടെ ചെവിക്കകത്തു നീറ്റല്‍. ഒന്നു കുളിക്കാന്‍ കൂടി കൂട്ടാക്കാതെ ഒരാഴ്‌ചയായി ധരിക്കുന്ന ജീന്‍സും ജുബ്ബയും വലിച്ചുകേറ്റിയിട്ട്‌ അറഫാത്തിനെയും കൂട്ടി ഹോസ്‌പിറ്റലിലേക്ക്‌ ബസ്‌ പിടിച്ചു. സഹിക്കാനാവാത്ത വേദന അവഗണിച്ച്‌ നീണ്ടക്യൂവില്‍ നിന്ന്‌ അഡ്‌മിഷന്‍ തരപ്പെടുത്താന്‍ പേര്‌ പറഞ്ഞുകൊടുക്കുമ്പോള്‍ ആണ്‌ ഇന്ത്യന്‍ റുപ്പീസ്‌ 100 രൂപ മേശപ്പുറത്ത്‌ വയ്‌ക്കണമെന്ന മധുരമൊഴി കേള്‍ക്കുന്നത്‌. പഴ്‌സ്‌ തുറന്നുനോക്കിയെങ്കിലും പത്തുരൂപാ തികച്ചെടുക്കാന്‍ ഇല്ലെന്നു കണ്ടു ഞെട്ടി.(ഞെട്ടല്‍ അഭിനയിച്ചു). അറഫാത്തിനെ സഹായത്തിനായി നോക്കിയെങ്കിലും കണ്ണടച്ചു കാണിച്ചതിനാല്‍ ഖാസിമിയുടെ കണ്ണുകള്‍ പുറത്തേക്കു തള്ളി. ഒടുവില്‍ എ.ടി.എം കാര്‍ഡും കൊടുത്ത്‌‌ അറഫാത്തിനെ പുറത്തേക്കയച്ച്‌ അടുത്തുകണ്ട കസേരയില്‍ ഖാസിമി ഉപവിഷ്ടനായി. അഞ്ചുപത്തുമിനുട്ടിനകം വിയര്‍ത്തുകുളിച്ചെത്തിയ അറഫാത്ത്‌ പണം കൗണ്ടറിലടച്ചു ഖാസിമിയേയും കൂട്ടി ഡോക്ടറുടെ മുറി ലക്ഷ്യമാക്കി നീങ്ങി. പാണ്ടിലോറിയില്‍ കച്ചിത്തുറു കൊണ്ടുപോവുന്ന പോലുള്ള ഖാസിമിയുടെ മുടിയും താടിയുമൊക്കെ കണ്ട്‌ ഡോക്ടര്‍ ഒരു നിമിഷം അന്തിച്ചു നിന്നു. പിന്നീട്‌ കാര്യമന്വേഷിച്ചു.
ചെവിയില്‍ പ്രാണി കയറി.......ഖാസിമിയുടെ മറുപടിയില്‍ വിശ്വാസം വരാതെ ഡോക്ടര്‍ ടോര്‍ച്ചടിച്ചും പേനയിട്ടു കറക്കിയുമൊക്കെ നോക്കി. കുറിപ്പടിയെടുത്ത്‌ പേന തെളിയുന്നുണ്ടോ എന്നു കുത്തിവരച്ചു. സാരമില്ല ഞാന്‍ കുറിച്ച മരുന്നു വാങ്ങി കഴിച്ചാല്‍ മതിയെന്ന ആശ്വാസവചനം കൈമാറി.

അല്ല ചെവിക്കകത്തുപോയ പ്രാണിയെവിടെ? എന്ന സംശയത്തോടെ ഉള്ളടക്കത്തിലെ ജഗതിയെപ്പോലെ ഡോക്ടറുടെ മുമ്പില്‍ ഖാസിമി നിലയുറപ്പിച്ചു.
സാരംല്യേേേേന്ന....ഒക്കെ ശര്യാവും...ഡോക്ടര്‍ ഉദാരമനസ്‌കനായി. സംശയം തീര്‍ത്തുനീങ്ങിയില്ലെങ്കിലും അറഫാത്ത്‌ പിടിച്ചുവലിച്ചതു കൊണ്ട്‌ ഖാസിമി റൂമില്‍ നിന്ന്‌ പുറത്തിറങ്ങി.
നിഷ്‌കാസനം ചെയ്‌തുവെന്ന്‌ പോരാളികള്‍ കരുതിയ കറമ്പന്മാര്‍(ഉറുമ്പിന്‍കൂട്ടങ്ങള്‍) ഇതാ വളരെ ആസൂത്രിതമായി ഖാസിമിയുടെ 100 ഇന്ത്യന്‍ രൂപ പൊടിച്ചുകളഞ്ഞു. പോരാത്തതിന്‌ മാനഹാനിയും...
യുദ്ധക്കളത്തിലെത്തുന്നതിനു മുമ്പുതന്നെ സഹപോരാളികള്‍ക്ക്‌ സന്ദേശമെത്തിയതിനാല്‍ എല്ലാവരും അടങ്ങാത്ത ആകാംക്ഷയിലായിരുന്നു. പ്രാണി കയറിയ ഖാസിമിയുടെ ചെവി കാണാന്‍ ആളുകള്‍ തടിച്ചുകൂടി. ടിക്കറ്റ്‌ വച്ച്‌ പ്രോഗ്രാം നടത്തിയിരുന്നെങ്കില്‍ ആശുപത്രിയില്‍ ചെലവായ തുക എളുപ്പത്തില്‍ വസൂലാക്കാവുന്നത്ര തിരക്കായിരുന്നു എന്നു പറയുന്നതില്‍ പോരാളികള്‍ അതിരറ്റ്‌ അഭിമാനിക്കുന്നു. (ഒരു പോരാളിയുടെ ചെവി കാണാന്‍ അത്രമാത്രം ആളുകല്‍ വരുന്നതില്‍ അസൂയപ്പെടുകയാണ്‌ വേണ്ടത്‌. പക്ഷേ പോരാളികള്‍ അത്തരക്കാരല്ല.) അന്നുവൈകീട്ട്‌ കമാന്‍ഡറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ഒരു പേരിടല്‍ കര്‍മം കൂടി നടത്തി. "മിസ്റ്റര്‍ പ്രാണികുമാര്‍".
തോറബോറയുടെ വീരേതിഹാസങ്ങളില്‍ തങ്ങളുടേതായ സംഭാവനകള്‍ തുന്നിച്ചേര്‍ത്ത്‌ മിസ്സിങ്ങ്‌ പോരാളിയും മിസ്റ്റര്‍ പ്രാണികുമാറും ആ ദിവസങ്ങളില്‍ സമാധാനമായി ഉറങ്ങി. നാളെ എന്തു പുകിലാവും നടക്കുകയെന്നോര്‍ത്ത്‌ കമാന്‍ഡറും മറ്റ്‌ പോരാളികളും ഉറങ്ങിയതേ ഇല്ല.....

No comments:

Post a Comment