പോരാളികളുടെ മാത്രം ലോകം(കിടപ്പുമുറി). രാത്രിയുടെ അന്ത്യയാമങ്ങള്‍ മുതല്‍ പ്രഭാതം വരെയുള്ള സമയങ്ങളില്‍ എപ്പോഴും പ്രതീക്ഷിക്കാം ഒരു പോരാളിയുടെ കിടപ്പറയിലേക്കുള്ള ആഗമനം. പകല്‍ ഗാഢനിദ്രയിലാവാം. ശല്യപ്പെടുത്തുന്നത്‌ പൊറുക്കാനാവാത്ത കുറ്റം. അല്ലറചില്ലറ തമാശകള്‍, പൊട്ടിച്ചിരികള്‍, പാട്ടുകള്‍ മുതലായവ കേട്ടാല്‍ നെറ്റിച്ചുളിക്കരുത്‌! അതു പോരാളികളുടെ നേരംപോക്കുകളിലൊന്നാവാം. പ്രവേശനവും പാലിക്കേണ്ട നിയമങ്ങളും ചീഫ്‌ കമാന്‍ഡര്‍ വ്യക്തമാക്കും.

Wednesday, October 6, 2010

പകരം വയ്ക്കാനില്ലാത്ത രണ്ടുതെക്കന്‍ പോരാട്ടചരിതങ്ങള്‍

നീണ്ട ഒരു ഇടവേളക്കു ശേഷം പോരാളികളുടെ കഥകളുമായി തോറബോറ സജീവമാവാന്‍ പോവുകയാണ്. തോറബോറയെന്ന യുദ്ധഭൂമിയില്‍ ചീഫ് കമാന്‍ഡര്‍ മാത്രമായിരുന്നു ബാച്ച്‌ലര്‍ പദവിക്ക് അപവാദമായി ഉണ്ടായിരുന്നതെങ്കില്‍ ഇന്നു കഥമാറിയിരിക്കുന്നു. വീരസാഹസചരിതങ്ങളില്‍ എന്നും പോരാളികള്‍ക്ക് പ്രചോദനമായിരുന്ന റഷീദാണ് ആദ്യമായി ഈ അപവാദത്തിന് ഇറങ്ങിപ്പുറപ്പെട്ടത്. പെണ്ണുകാണല്‍ ചടങ്ങുകളില്‍ സെഞ്ച്വറിയടിക്കുമെന്ന് തോന്നലുളവാക്കിയെങ്കിലും ക്വാര്‍ട്ടറില്‍ മൂക്കുംകുത്തി വീണു. അതിരാവിലെ കുളി കഴിഞ്ഞ്, ചുരുണ്ടു ചുരുണ്ടു ഒരു വഴിക്കായ തലമുടി നേരെയാക്കാന്‍ വൃഥാ ശ്രമിച്ചും(പഴയ സ്റ്റിക്കിന്റെ പേനയില്‍ സ്പ്രിങ്ങ് ആയി ഉപയോഗിക്കാവുന്ന മേല്‍ത്തരം ക്വാളിറ്റിയുള്ള മുടിയാണിതു കേട്ടോ) തേച്ചുമിനുക്കിയ ഷര്‍ട്ടും പാന്റ്‌സും(ഓരോ പെണ്ണുകാണലിനും പുതിയതിടണമെന്ന് ആഗ്രഹമില്ലാഞ്ഞിട്ടല്ല. പുതുജോഡികളിട്ട്, കാപ്പികുടിയും പലഹാരതീറ്റയും പത്തുവീടുകളില്‍ പൂര്‍ത്തിയാക്കിയപ്പോഴാണ് ഇനിയീക്കളി ആപത്താണെന്ന് പാവം പോരാളിക്കു ബോധ്യമായത്.)ധരിച്ച് വീടുകള്‍ തോറും കയറിയിറങ്ങി. നൂറുവീടുകളില്‍ നിന്നു ഭിക്ഷയെടുത്തു എത്തിച്ചു കൊള്ളാമെന്നു പളനിയാണ്ടവനു നേര്‍ച്ച നേര്‍ന്നതു പോലെയായിരുന്നു റഷീദിന്റെ ഓരോ പെണ്ണുകാണല്‍ യാത്രകളും. കൃത്യം 25ാമത്തെ യാത്രയില്‍ പലമുഖങ്ങള്‍ കയറി നിരങ്ങിയ ആ മനസ്സില്‍ ഒരു ഹൂറി കയറി ഇരിപ്പുറപ്പിച്ചു.
ചായകുടിക്കുശേഷം അല്‍പ്പനേരം പെണ്ണിനോടു സംസാരിക്കാന്‍ വീട്ടുകാര്‍ അനുവദിച്ചെങ്കിലും പോരാളി വിടുന്ന ലക്ഷണമില്ല. ഒടുവില്‍ പെണ്ണിന്റെ തന്തപ്പടി തന്ത്രത്തില്‍ പെണ്ണിനെ അടുക്കളയിലേക്കു പറഞ്ഞുവിട്ടിട്ടാണ് റഷീദിനെ സ്വീകരണമുറിയിലേക്കു കൂട്ടിവന്നത്. കല്യാണത്തിയ്യതി ഇപ്പോള്‍ തന്നെ കുറിക്കണമെന്നായിരുന്നു ബാച്ച്‌ലര്‍ പദവി വലിച്ചെറിയാന്‍ വെമ്പല്‍ പൂണ്ട ജൂനിയര്‍ പൂക്കുട്ടി(യുദ്ധഭൂമിയില്‍ പോരാടിക്കൊണ്ടിരിക്കെ പുതിയതായി വന്ന [ഭടനെ]ജോലിക്കാരനെ ടിയാന്‍ വിരട്ടുകയുണ്ടായി. കമാന്‍ഡറോടു പരാതി പറഞ്ഞ വേളയില്‍ പുതിയ ഭടനു വിരട്ടിയയാളുടെ പേരറിയുകയുണ്ടായില്ല. ഒരു ജൂനിയര്‍ പൂക്കുട്ടിയാണ്. റസൂല്‍ പൂക്കുട്ടിക്ക് ഓസ്‌കര്‍ കിട്ടി തിളങ്ങി നില്‍ക്കുന്ന സമയമായിരുന്നു അത്. ജൂനിയര്‍ പൂക്കുട്ടിയോ? അതാരാ? കമാന്‍ഡറുടെയും അണികളുടെയും കണ്ണില്‍ ആകാംക്ഷ നൂറ്റിപ്പത്തു വോള്‍ട്ടിന്റെ ബള്‍ബ് കത്തിയാലെന്ന പോലെ തെളിഞ്ഞു നില്‍ക്കുന്നു. എന്നിട്ടും ആളെ മനസ്സിലാവാതെ വന്നപ്പോള്‍ കമാന്‍ഡറെയും കൂട്ടി ഭടന്‍ യുദ്ധക്കളത്തിലെത്തി. അതാ അവിടെ പരിചയില്‍[മോണിറ്റര്‍]നിന്നു കണ്ണെടുക്കാതെ വാള്‍പ്പയറ്റില്‍[ചാറ്റിങ്]ഏര്‍പ്പെട്ടിരിക്കുന്ന റഷീദ്. അപ്പോള്‍ മാത്രമാണ് റഷീദിനു റസൂലുമായുള്ള അപാരമായ സാമ്യം ഞങ്ങള്‍ പോരാളികള്‍ ശ്രദ്ധിക്കുന്നത്.അന്നുമുതല്‍ പുതിയ ഒരു വിളിപ്പേരു കൂടി റഷീദിനു സ്വന്തമായി). പെണ്ണിന്റെ തന്തയാകെ ആശയക്കുഴപ്പത്തിലായി. ഇങ്ങനെയുമുണ്ടോ ചെറുക്കന്‍മാരുടെ ആക്രാന്തം. പെണ്ണുകെട്ടിച്ചുതരികയെന്നാവശ്യപ്പെട്ട് പട്ടാപ്പകല്‍ പ്രകടനം നടത്തിയ പോരാളികളിലൊന്നാണീ ചെറുക്കനെന്ന് അന്നാ തന്ത അറിയാത്തത് എത്ര നന്നായി എന്നി പിന്നീട് ഞങ്ങള്‍ ആലോചിച്ചിട്ടുണ്ട്. എന്തായാലും ഒരു സുന്ദരമുഹൂര്‍ത്തത്തില്‍ പോരാളി തന്റെ സഹധര്‍മിണിയായി ഇറങ്ങിത്തിരിക്കാന്‍ ധൈര്യം കാട്ടിയ സുന്ദരിയുടെ കഴുത്തില്‍ താലി ചാര്‍ത്തി. തെക്കന്‍ ബിരിയാണി ആദ്യമായി കഴിക്കുന്നതിനിടെ വടക്കന്‍ പോരാളികള്‍ അദ്ഭുതം കൂറി. ഇതെന്തു വിഭവമെന്നാണ് ആ വില്ലുപോലെ വളയുന്ന പുരികങ്ങളുടെ അര്‍ഥമെന്നറിയാവുന്ന മറ്റൊരു തെക്കനും യുദ്ധഭൂമിയിലെ കവിയുമായ നിഷാദ് ഉത്തരം മറ്റാരും കേള്‍ക്കാതെ പറഞ്ഞു. ഇതാണ് ഇവിടുത്തെ ബിരിയാണി.

ഇനി രണ്ടാം അപവാദത്തിലേക്ക്...
ഓണ്‍ലൈന്‍ പ്രണയമോ വിവാഹാലോചനയോ എന്നൊന്നും ഇതുവരെയും വ്യക്തമാവാത്ത ആ സംഭവത്തിനു അഞ്ചടി മൂന്നിഞ്ചുകാരനായ പോരാളിയാണു കാരണക്കാരന്‍. അനുസ്യൂതം നടന്നുകൊണ്ടിരുന്ന ആ ഓര്‍ക്കൂട്ട് ബാന്ധവത്തിനു ഒരുപ്രസവകാലത്തിന്റെ പ്രായമായിക്കഴിഞ്ഞാണ് പോരാളികള്‍ സടകുടഞ്ഞെഴുന്നേല്‍ക്കുന്നത്. അപ്പോഴേക്കും വൈകിപ്പോയിരുന്നു. ഇരു വീട്ടുകാരും ബി.എസ്.എന്‍.എല്‍ ദൂതന്മാര്‍ മുഖാന്തരം വാഗ്വാദങ്ങളിലേര്‍പ്പെട്ടു. വാടാ പോടാ വിളികള്‍. യുദ്ധഭൂമിയേക്കാള്‍ സംഘര്‍ഷഭരിതമായ അവസ്ഥ പോരാളിയുടെ വീട്ടില്‍. ഒടുവില്‍ സന്ധിയിലേര്‍പ്പെടാമെന്നു ഇരുകൂട്ടരുടെയും തീരുമാനം. പൊക്കമില്ലായ്മയാണെന്റെ പൊക്കമെന്ന പറഞ്ഞ കുഞ്ഞുണ്ണിമാഷിനെ പോലെ നിസാം ഒരു പോരാളിയുടെ പരിവേഷത്തില്‍ നില്‍ക്കുന്നു. വിവരമറിഞ്ഞതു മുതല്‍ കമാന്‍ഡറുടെ വായ തുറന്ന പടിയിരിക്കുകയാണ്. പെണ്ണും പിടക്കോഴിയുമുള്ള തന്റെ പിന്‍ഗാമിയാവാനാണ് കുറിയ പോരാളിയുടെ ഈ എളിയ ശ്രമമെന്ന് അറിയാവുന്നതിന്റെ സന്തോഷം കൊണ്ടാണോ വിവാദങ്ങളോടു ഭയമായതിനാലാണോ കമാന്‍ഡറുടെ വായ അടയാത്തതെന്നു തോറബോറയില്‍ അടക്കം പറച്ചിലുകള്‍ ഉയര്‍ന്നു തുടങ്ങി.
റഷീദിന്റെ റെക്കോഡുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയില്ല എന്നുമാത്രമല്ല, നാണക്കേടുണ്ടാക്കുകയും ചെയ്തായിരുന്നു അഞ്ചടി മൂന്നിഞ്ചുകാരന്റെ വിവാഹമുറപ്പിച്ചത്. ഒരേയൊരു പെണ്ണുകാണല്‍ മാത്രം. ഇതില്‍പ്പരം എന്തുനാണക്കേടാണ് തോറബോറക്കും പോരാളികള്‍ക്കും വരാനുള്ളത്. കമാന്‍ഡറുടെ മൂക്ക് ദേഷ്യം കൊണ്ടു ചുവന്നു. സുധീറിനും ഷെമീറിനുമൊക്കെ അതിനാഗ്രഹമുണ്ടായിരുന്നെങ്കിലും ആ മുഖത്ത് മൂക്ക് ചുവക്കുന്നത് ആരു കാണാന്‍. ചിരിച്ചാല്‍ പല്ലുമാത്രം ഭംഗിയായി കാണാമെന്നാണ് വഴക്കടിക്കുമ്പോള്‍ മത്തോന്‍ സക്കീര്‍ പറയാറുള്ളത്. ഇനി പറഞ്ഞിട്ടു കാര്യമില്ല. പന്തിയിലൊരു പോരാട്ടം മാത്രമാണ് പോരാളികള്‍ക്ക് ബാക്കിയാവുന്നത്. വലിയൊരു യുദ്ധം കാണാന്‍  കോഴിക്കോട് നിന്ന് കമാന്‍ഡറുടെ കൂടെ ട്രെയിനിലായിരുന്നു ഞങ്ങള്‍ സഹപോരാളികള്‍ ഇറങ്ങിത്തിരിച്ചത്. സൂചി കുത്താനിടമില്ലാത്ത ട്രെയിനില്‍ ഇന്‍സൈഡ് ചെയ്തു നിലയുറപ്പിച്ച വയനാടന്‍ പോരാളി അറഫാത്തിനും ചീഫ് കമാന്‍ഡര്‍ക്കും വഴികാട്ടിയായി കവി നിലത്ത് കുത്തിയിരുന്നു മാതൃകകാട്ടി. നിലത്തിരുന്ന്  യാത്ര ചെയ്യുന്നതിന്റെ സുഖമറിഞ്ഞും സൊറപറഞ്ഞും കൊച്ചിയെത്തുമ്പോള്‍ നിക്കാഹിന്റെ സമയത്തോടടുത്തു. ഓട്ടോ വിളിച്ചും ബസ്സിലേറിയും യുദ്ധം നടക്കുന്ന ഓഡിറ്റോറിയത്തിലെത്തി. ദാ അവിടെയുമുണ്ട് കൂട്ടം തെറ്റിവന്ന കുറേ പോരാളികളും. കറങ്ങിത്തിരിയാന്‍ അധികം സമയമില്ലാത്തതിനാലും വൈകീട്ട് യുദ്ധഭൂമിയില്‍ മടങ്ങിയെത്തിക്കൊള്ളാമെന്ന് രാജാവിനോട് കരാര്‍ ചെയ്തിരുന്നതിനാലും മണവാളനും മണവാട്ടിക്കും ആശംസകള്‍ നേര്‍ന്നും വയറുനിറയെ ശാപ്പാട് കഴിച്ചും പോരാളികള്‍ സ്ഥലം കാലിയാക്കി. ഫോര്‍ട്ട് കൊച്ചിയില്‍ നിന്നു തിരികെ കൊച്ചിയിലേക്ക് ബോട്ടില്‍ പോവാമെന്നായിരുന്നു ഭൂരിപക്ഷാഭിപ്രായം. ബോട്ട് ജെട്ടി എവിടെയെന്നറിയാത്ത പോരാളികളെ രക്ഷിക്കാന്‍ ഇക്കുറിയും കവിയാണ് രംഗത്തെത്തിയത്. വിദേശികളെ പറ്റിക്കാന്‍(കടക്കാരനു ജീവിക്കാനും) തൊപ്പി, കഥകളി ഡ്രസ് തുടങ്ങിയവ വില്‍ക്കുന്ന കടയുടെ കാഷ്യര്‍ സീറ്റിലിരിക്കുന്ന പെണ്‍കുട്ടിയോട് കവി ചോദിച്ചു. ജെട്ടി എവിടെയാണ്? പിന്നില്‍ കൂട്ടച്ചിരി, പോരാളികള്‍ എന്തിനാണിത്ര ചിരിക്കുന്നതെന്ന് ആലോചിച്ചിട്ട് പിടികിട്ടാതിരുന്ന കവി അടുത്തനിമിഷമാണ് ചോദ്യത്തിലെ ദ്വയാര്‍ഥം മനസ്സിലാക്കിയത്. എന്തായാലും പെണ്‍കുട്ടി ചൂണ്ടിക്കാട്ടിയ വഴിയെ പോരാളികള്‍ ജെട്ടി ലക്ഷ്യമാക്കി നടന്നു. അല്‍പ്പ വസ്ത്രധാരിണികളായ വെള്ളക്കാരികളെ അധിക നേരം തുറിച്ചു നോക്കരുതെന്ന് കമാന്‍ഡറുടെ വക നിര്‍ദേശമുണ്ടായിരുന്നതിനാല്‍ പോരാളികള്‍ ജാഗ്രതയിലായിരുന്നു. ആദിവാസികളെ മാത്രം കണ്ടുശീലിച്ച വയനാടിന്റെ സന്തതി അറഫാത്തിന് ഈ ഉദ്യമത്തിനിടെ കോങ്കണ്ണു ബാധിച്ചോ എന്നുവരെ പോരാളികള്‍ സംശയിച്ചു. ആദ്യമായി ബോട്ടില്‍ കയറിയ സന്തോഷത്തില്‍ മത്തോന്‍ സക്കീര്‍  ബഹളമുണ്ടാക്കിയത് മറ്റ് യാത്രക്കാരെ മുഷിപ്പിച്ചോ എന്ന് പോരാളികളില്‍ ചിലര്‍ക്കു തോന്നിയെങ്കിലും പുറത്തുപറഞ്ഞില്ല. മത്തോന്റെ കൂതറ സ്വഭാവം അറിയാവുന്നതിനാല്‍ ഉള്ള വെയിറ്റ് കളയണ്ട എന്നതാണ് അതിനു കാരണം. ദൈവ കാരുണ്യത്താല്‍ നാട്ടുകാരുടെ കൈകാലടയാളങ്ങള്‍ ദേഹത്തു വീഴാതെ പോരാളികള്‍ കരയണഞ്ഞു. അടുത്ത കല്യാണത്തിനു വീണ്ടും ഒത്തുകൂടാമെന്ന ശുഭപ്രതീക്ഷ മാത്രം ബാക്കിയാക്കി തിരികെ യുദ്ധഭൂമിയിലേക്ക് ട്രെയിന്‍ കയറി. ബാച്ചിലേഴ്‌സ് പദവി ഉപേക്ഷിച്ച പ്രിയ പോരാളികളെ ഭാവുകങ്ങള്‍.    

2 comments:

  1. hmm.. thakarthu karalee thakarthu.. ithilum nannayi enneem resheedinem naattikkan vere oru vazhiyum illa, vere shayliyum illa.. hmm. nadakkatte.. njammante maavum pookkum, njammalum kaaa varukkum ttaa....... annu njangalaayirikkum ithil postuka... bhaavukangalkku nandri... nizu....

    ReplyDelete
  2. ഒരു അഞ്ചടി മൂന്ന് ഇഞ്ചുകാരന്റെ പോരാട്ടകഥകൾ വായിച്ചു.
    ശേഷം, ഞാൻ തോറബോറയിൽ ചേർന്നു.

    ReplyDelete