പോരാളികളുടെ മാത്രം ലോകം(കിടപ്പുമുറി). രാത്രിയുടെ അന്ത്യയാമങ്ങള്‍ മുതല്‍ പ്രഭാതം വരെയുള്ള സമയങ്ങളില്‍ എപ്പോഴും പ്രതീക്ഷിക്കാം ഒരു പോരാളിയുടെ കിടപ്പറയിലേക്കുള്ള ആഗമനം. പകല്‍ ഗാഢനിദ്രയിലാവാം. ശല്യപ്പെടുത്തുന്നത്‌ പൊറുക്കാനാവാത്ത കുറ്റം. അല്ലറചില്ലറ തമാശകള്‍, പൊട്ടിച്ചിരികള്‍, പാട്ടുകള്‍ മുതലായവ കേട്ടാല്‍ നെറ്റിച്ചുളിക്കരുത്‌! അതു പോരാളികളുടെ നേരംപോക്കുകളിലൊന്നാവാം. പ്രവേശനവും പാലിക്കേണ്ട നിയമങ്ങളും ചീഫ്‌ കമാന്‍ഡര്‍ വ്യക്തമാക്കും.

Sunday, June 22, 2008

ചീഫ്‌ കമാന്‍ഡറുടെ പിടലിവേദനയും കണ്ണിലെ കരടും

ഒരു ദിവസം രാവിലെയാണ്‌ തോറബോറയുടെ അനിഷേധ്യ ചീഫ്‌ കമാന്‍ഡറായ എം.ടി.പി അക്കാര്യം ഉണര്‍ത്തിച്ചത്‌. പിടലി തിരിക്കാനും കറക്കാനും ഒന്നും പറ്റുന്നില്ലത്രേ...സംഗതി കാര്യമാക്കാനില്ലെന്ന ആശ്വാസവചനം ഓരോരുത്തരും കൈമാറിയെങ്കിലും കമാന്‍ഡര്‍ക്കത്ര വിശ്വാസം പോരാ. ശരിയാവുമെന്നേ...ആശ്വാസത്തിന്‌ കൂടുതല്‍ വിനയവും മയവും വരുത്തി സഹപോരാളികള്‍ കൂടുതല്‍ ജാഗ്രതയിലായി. അധികം വൈകാതെ മെഡിക്കല്‍സ്‌റ്റോറില്‍ പോയി പെയിന്‍ബാമും വാങ്ങി തിരിച്ചെത്തി. രണ്ടുമൂന്നുതവണ പിടലിയുടെ മേലേക്കും താഴേക്കും ഉഴിച്ചില്‍ നടത്തി. ഉഴിച്ചില്‍ രണ്ടാം ദിനം കടന്നപ്പോഴേക്കും സംഗതി ഗുരുതരമായി. മീശമാധവനിലെ പിടലി എന്ന മച്ചാന്‍ വര്‍ഗീസിന്റെ വിളിയെ അനുസ്‌മരിക്കുന്ന വിളി പലയിടത്തു നിന്നും തുടങ്ങി. കൊച്ചിന്‍ ഹനീഫയെ അനുസ്‌മരിക്കുന്ന ദേഹം മുഴുവനായി തിരിഞ്ഞ്‌ കമാന്‍ഡറും കൂടുതല്‍ മികവുകാണിച്ചു. മൂന്നാംദിനം രാവിലെ കമാന്‍ഡര്‍ എഴുന്നേറ്റതു പുതിയ വാര്‍ത്തയുമായാണ്‌. രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ കണ്ണില്‍ ഏതോ ദ്രോഹി (വേറാരുമല്ല ശുദ്ധഗതിക്കാരനായ ചെറുപ്രാണികളിലൊന്നു ) വീണത്രേ...കണ്ണിലെ കരകരപ്പും പിടലിയുടെ വേദനയുമായപ്പോള്‍ ആകപ്പാടെ ബഹളമായി. പിടലിയുടെ കാര്യം പ്രഖ്യാപിക്കപ്പെട്ടപ്പോഴേ അസൂയാലുക്കള്‍ പറഞ്ഞുപരത്തിയിരുന്നു ലീവെടുത്തു വീട്ടില്‍ പോവാനുള്ള തന്ത്രമാണെന്ന്‌. എന്താ ചെയ്യുക കമാന്‍ഡര്‍ മനസ്സില്‍ കണ്ടപ്പോള്‍ അനുയായികള്‍ മാനത്തുകണ്ടു. കുബുദ്ധികളുടെ പ്രചാരണം കുറിക്കുക്കൊണ്ടു എന്നുവേണം പറയാന്‍. വീട്ടില്‍പോവാനുള്ള ആഗ്രഹത്തെ (അടവ്‌) മാറ്റിവച്ചു കമാന്‍ഡര്‍ ജോലിയില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുമ്പോഴാണ്‌ കണ്ണില്‍ ശത്രു കടന്നുകൂടിയത്‌. ഇടതുപക്ഷത്തിനോടു കൂടുതല്‍ ചായ്‌വ്‌ പ്രകടിപ്പിച്ച്‌ ഇടത്തേ കണ്ണ്‌ കൂടുതല്‍ ചെമപ്പണിഞ്ഞു. വീണ്ടും ഓട്ടം മെഡിക്കല്‍ സ്‌റ്റോറിലാണ്‌ അവസാനിച്ചത്‌്‌. തല്‍ക്കാലത്തെ സമാധാനത്തിനും ആശ്വാസത്തിനും ക.12 കൊടുത്തു സംഘടിപ്പിച്ചു, ഒരുഗ്രന്‍ മരുന്ന്‌. ഇളനീര്‍കുഴമ്പ്‌. പേരില്‍ മാത്രമേ ഇളം ഉള്ളൂ. സംഗതി കണ്ണിലേക്ക്‌ ഒരു തുള്ളി ഇറ്റിച്ചതേ കമാന്‍ഡറുടെ കണ്ണുകള്‍ സ്റ്റാപ്ലര്‍ പിന്നടിച്ചതുപോലെ അടഞ്ഞു. രണ്ടാമതൊരു തുള്ളിക്ക്‌ സ്‌കോപ്പില്ലാത്ത വിധം അടഞ്ഞ(ച്ച) കണ്ണുമായി 1 മണിക്കൂര്‍ നേരത്തേ മാനത്തുനോക്കി(സോറി നോക്കാന്‍ കണ്ണുതുറന്നിട്ടുവേണ്ടേ)കിടപ്പിനു ശേഷം കമാന്‍ഡര്‍ കണ്ണു തുറന്നു. ചെമപ്പു കൂടുതല്‍ വ്യക്തമായി. പക്ഷേ പോരാളികളെ ശബ്ദം കൊണ്ടു തിരിച്ചറിയുന്നതേ ഉള്ളൂ. രണ്ടു കണ്ണും പോയി, പിടലിയും എന്നുള്ള കമാന്‍ഡറുടെ നിരാശപ്രകടനത്തില്‍ അനുയായികള്‍ അന്തിച്ചു നിന്നു. വെറുതേ കിട്ടിയാല്‍ ഇളനീറും ഒഴിക്കാം എന്നു കരുതിയിരുന്ന അനുയായികല്‍ ഞെട്ടി. ഇളനീര്‍ കുഴമ്പ്‌ വേണ്ട വെറുതെയാണെങ്കിലും, എന്തിന്‌ കാഴ്‌ച നശിപ്പിക്കണം. ഊഊഊഊഊഊഊഊഊ കമാന്‍ഡര്‍ ശ്വാസം വലിച്ചുവിട്ടു. കണ്ണുകള്‍ വോള്‍ട്ടേജില്ലാതെ മിന്നിക്കത്തുന്ന ട്യൂബ്‌ ലൈറ്റ്‌ പോലെ അടച്ചും തുറന്നും കമാന്‍ഡര്‍ നിമിഷങ്ങള്‍ പിന്നിട്ടു. പിടലിയുടെ പിടിത്തം അവഗണിച്ച്‌ തല ചെറുതായി ചെരിച്ച്‌ പോരാളികളെ നോക്കി. കഥകളിക്കു ചായമിട്ടതുപോലെ ഇരുകണ്ണുകള്‍ക്കും ഇളനീര്‍ വാലെഴുതിയിരിക്കുന്നു.നേര്‍ത്ത ഒരു സ്വരം പോരാളികള്‍ കേട്ടു. ആ വാചകം ഇങ്ങിനെയായിരുന്നു. കാശുപോയീ....കണ്ണും.കമാന്‍ഡറുടെ ആത്മഗതമായിരുന്നു അത്‌. കമാന്‍ഡറുടെ പിടലിവേദനയും കണ്ണിലെ കരടുമായി പോരാളികള്‍ അടുത്ത ഇരകളെ തേടി യാത്രയായി. പുതിയ കഥകള്‍ ചമയ്‌ക്കാനും കഥയ്‌ക്കു കൂട്ടുകള്‍ തേടിപിടിക്കാനും.