പോരാളികളുടെ മാത്രം ലോകം(കിടപ്പുമുറി). രാത്രിയുടെ അന്ത്യയാമങ്ങള്‍ മുതല്‍ പ്രഭാതം വരെയുള്ള സമയങ്ങളില്‍ എപ്പോഴും പ്രതീക്ഷിക്കാം ഒരു പോരാളിയുടെ കിടപ്പറയിലേക്കുള്ള ആഗമനം. പകല്‍ ഗാഢനിദ്രയിലാവാം. ശല്യപ്പെടുത്തുന്നത്‌ പൊറുക്കാനാവാത്ത കുറ്റം. അല്ലറചില്ലറ തമാശകള്‍, പൊട്ടിച്ചിരികള്‍, പാട്ടുകള്‍ മുതലായവ കേട്ടാല്‍ നെറ്റിച്ചുളിക്കരുത്‌! അതു പോരാളികളുടെ നേരംപോക്കുകളിലൊന്നാവാം. പ്രവേശനവും പാലിക്കേണ്ട നിയമങ്ങളും ചീഫ്‌ കമാന്‍ഡര്‍ വ്യക്തമാക്കും.

Sunday, January 4, 2009

നിഷാദിന്റെ കോയമ്പത്തൂരും റഷീദിന്റെ എനിമയും പിന്നെ തോറബോറയിലെ പോരാളികളുടെ കാത്തിരിപ്പും

പുതിയ സംഭവവികാസങ്ങള്‍ ഉണ്ടാവാത്തതില്‍ ഒരേ സമയം ആശങ്കയിലും ആകാംക്ഷയിലുമായിരുന്നു പോയ രണ്ടുമാസക്കാലമായി തോറബോറ. എന്താണ്‌ ഒന്നും സംഭവിക്കാത്തത്‌? എല്ലാവരും പലപ്പോഴായി ഉയര്‍ത്തുകയും ചെയ്‌തു ഈ ചോദ്യം. അധികം കാത്തിരിക്കേണ്ടിവന്നില്ല, കളിയാക്കലുകളുടെ ഉസ്‌താദിനായിരുന്നു ആദ്യ ഊഴം. ഇടുക്കിയില്‍ നിന്നുള്ള കോഴിക്കോടന്‍ യാത്ര, ജീവിതാവസാനം വരെ അല്‍ട്ട്‌സ്‌ഹെയ്‌മേഴ്‌സ്‌(ഉച്ചാരണം ഇതാണെന്നാണ്‌ വിദഗ്‌ധര്‍ പറയുന്നത്‌.) ബാധിച്ചിട്ടില്ലെങ്കില്‍ മറക്കില്ലെന്നുറപ്പുള്ളതാക്കിയായിരുന്നു മഹാകവി നിഷാദിന്റെ വരവ്‌.(കവിയെന്ന്‌ അയാള്‍ സ്വയം അവകാശപ്പെടുന്നതാണ്‌. പോരാളികള്‍ ആരും തന്നെ അതംഗീകരിക്കാന്‍ തയ്യാറില്ലെന്നുള്ളതാണ്‌ സത്യം). നിഷാദ്‌ പറഞ്ഞ 'സത്യ'ത്തില്‍ നിന്നും പോരാളികള്‍ മെനഞ്ഞ കഥയില്‍ നിന്നും ഉരുത്തിരിഞ്ഞ സാരം ഇതാണ്‌:- ട്രെയിനില്ലാത്ത ജില്ലയെന്ന നാണക്കേടംഗീകരിക്കാന്‍ വിമുഖത കാണിക്കുന്ന പോരാളിക്ക്‌ നാട്ടില്‍ നിന്നു പുറപ്പെടുന്ന മലബാര്‍ രാത്രികാല ബസ്സിനെ ആശ്രയിക്കാമായിരുന്നു. എന്നാല്‍ ആലുവയില്‍ ബസ്സിറങ്ങി കോഴിക്കോടിനു ട്രെയിന്‍ പിടിക്കാനാണ്‌ കവിയുടെ മനസ്‌ തീരുമാനമെടുത്തത്‌. ആലുവയില്‍ ഒന്നരമണിക്കൂര്‍ ട്രെയിന്‍ കാത്തുനിന്നു ചാടിക്കയറിയ ബോഗി കണ്ടതേ പോരാളിയുടെ കണ്ണുതള്ളി. ലോക്കലിനുള്ള ടിക്കറ്റുമായി ചാടിക്കയറിയത്‌ റിസര്‍വ്‌ഡ്‌ ബോഗിയില്‍.
ട്രെയിനില്‍ കയറിയ പാടെ തോറബോറയില്‍ വിളിച്ച്‌ വരുന്ന വിവരം അറിയിച്ചതിനു ശേഷം പോരാളി സുഖയാത്ര തുടര്‍ന്നു. ടിക്കറ്റ്‌ എക്‌സാമിനര്‍ വരല്ലേ വരല്ലേ എന്ന പ്രാര്‍ഥന തന്നെ വഴിനീളെ.. ഷൊര്‍ണൂര്‍ എത്തിയ ട്രെയിന്‍ ഒരുമണിക്കൂറോളം നിര്‍ത്തിയിട്ട ശേഷം സാവധാനം ചലിച്ചുതുടങ്ങി. ഇതുവരെ കണ്ടിട്ടില്ലാത്ത പ്രദേശങ്ങള്‍, ജനവാസമില്ലാത്ത സ്ഥലമാണ്‌ ഇരുവശവും. ഒന്നുരണ്ട്‌ സ്റ്റേഷനുകളുടെ പേര്‌ കണ്ടെങ്കിലും വായിച്ചിട്ട്‌ തലയില്‍ കയറിയതേയില്ല. എതിര്‍വശത്തിരുന്ന പെണ്‍കുട്ടിയെ കാണാന്‍ അത്ര രസമില്ലെങ്കിലും അവളുടെ ശ്രദ്ധപിടിച്ചെടുക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കുന്നുമുണ്ട്‌. കുറച്ചു കഴിഞ്ഞതോടെ പെണ്‍കുട്ടിയും അച്ഛനും പാലക്കാട്‌ ഇറങ്ങി. വല്ലപ്പോഴുമുള്ള ട്രെയിന്‍ യാത്രയായതിനാല്‍ കോഴിക്കോട്‌ എവിടെ, പാലക്കാട്‌ എവിടെ മലപ്പുറം എവിടെ എന്ന ധാരണ ഇല്ലാത്തതിനാല്‍ പാലക്കാടന്‍ വയലുകളും കണ്ടായിരുന്നു ബാക്കിയാത്ര. കാഴ്‌ച കാണുന്നതിനിടെയാണ്‌ അപ്രതീക്ഷിതമായി സ്വാഗതം കേരള സര്‍ക്കാര്‍ എന്ന ബോര്‍ഡ്‌ കാണുന്നത്‌. ആപത്‌ശങ്ക അപ്പോള്‍ മാത്രമാണ്‌ പോരാളിയുടെ മനസ്സില്‍ ഉണരുന്നത്‌. എതിര്‍ സീറ്റില്‍ ഇരുന്ന തമിഴനോട്‌ ട്രെയിന്‍ എങ്ങോട്ടാണെന്നു ചോദിച്ചപ്പോള്‍ പോരാളിയുടെ ഞെട്ടല്‍ പൂര്‍ത്തിയായി. തോറബോറയില്‍ വിളിച്ച്‌ കടന്നുപോയ സ്‌റ്റേഷന്റെ പേരു പറഞ്ഞുകൊടുത്തു. 'മധുക്കര'. അരമണിക്കൂര്‍ കൂടി ഇരിക്കൂ കോയമ്പത്തൂര്‍ പോയി വരാം എന്നായിരുന്നു അലറിച്ചിരിച്ചുകൊണ്ടുള്ള മറുപടി. (എങ്ങനെ ചിരിക്കാതിരിക്കും സഹപോരാളികളുടെ അബദ്ധങ്ങള്‍ കണ്ടുപിടിച്ചു പൊടിപ്പുംതൊങ്ങലും വച്ച്‌ കഥയുണ്ടാക്കുന്ന ആള്‍ക്കല്ലെ ആനയോളം പോന്ന അമളി പറ്റിയിരിക്കുന്നത്‌. കോയമ്പത്തൂര്‍ ഇറങ്ങി പുറത്തു കടക്കുന്നതിനിടയില്‍ ടിക്കറ്റ്‌ എക്‌സാമിനറും പൊക്കി. ആലുവയില്‍ നിന്നു കോഴിക്കോടിനുള്ള ടിക്കറ്റ്‌ കണ്ട തമിഴന്‍ പുരികം ചുഴിച്ചു തുറിച്ചു നോക്കി. പാവം പോരാളി... കവിയുടെ സംസാരം എങ്ങനെയും അയാള്‍ക്കു മനസ്സിലാവുന്നില്ല. തമിഴനല്ലേ അയാള്‍ക്കെന്തു മലയാളം. അത്‌ വന്ത്‌ സാര്‍ നാന്‍ ട്രെയിനിലിറുന്ത്‌ തൂങ്കിപ്പോയി....ഒരു വിധത്തില്‍ പറഞ്ഞൊപ്പിച്ച്‌ പോരാളി തമിഴനെ നോക്കി..ഒടുവില്‍ പോക്കറ്റില്‍ നിന്ന്‌ പ്രസ്‌ കാര്‍ഡ്‌ കാണിച്ചാണ്‌ രംഗം ശാന്തമാക്കിയത.്‌ നീണ്ട മൂന്നുമണിക്കൂറാണ്‌ കോഴിക്കോടിനു പോവുന്ന ട്രെയിനു വേണ്ടി പോരാളിക്ക്‌ അവിടെ കാത്തുനില്‍ക്കേണ്ടി വന്നത്‌. ഒടുവില്‍ പാതിരാത്രി ഒരു മണിക്ക്‌ പോരാളി സഹിക്കാനാവാത്ത വിശപ്പുമായി തോറബോറിയിലെത്തി. ചിരിയുടെ മാലപ്പടക്കമായിരുന്നു തോറബോറയില്‍. സഹപോരാളികളെ വിളിക്കാതെ തനിച്ച്‌ ടൂര്‍ പോയതിലായിരുന്നു ചിലര്‍ക്ക്‌ സങ്കടം. ഏറെനേരം നിന്നു നീരുവച്ച കാലുമായി പോരാളി നിസ്സഹായതോടെ സഹപോരാളികള്‍ക്കു നേരെ കണ്ണുപായിച്ചു. അധികം കളിയാക്കലുകള്‍ക്ക്‌ ഇടകൊടുക്കാതെ കോയമ്പൂര്‍ കഥകളുമായി കവി വാചാലനായതോടെ തോറബോറ പഴയ രസത്തിലേക്ക്‌ മടങ്ങി വന്നു. പിന്നീട്‌ ഒരാഴ്‌ച തോറബോറയില്‍ കോയമ്പത്തൂര്‍ കഥമാത്രമായിരുന്നു എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ...
ഒന്നാം കഥയുടെ രംഗപ്രവേശം കഴിഞ്ഞ്‌ അധികം വൈകാതെയാണ്‌ രണ്ടാമത്തെ കഥ ഉരുത്തിരിയുന്നത്‌. വായുകയറി നിറഞ്ഞ റഷീദിന്റെ വയറിന്‌ എന്നും പ്രശ്‌നങ്ങളാണ്‌. ഡോക്ടര്‍ കഴിക്കരുതെന്ന്‌ പറഞ്ഞ ഭക്ഷണസാധനങ്ങളെ ധീരനായ ആ പോരാളി കഴിക്കൂ...രാവിലെ ആറിന്‌ ഹോട്ടലില്‍ നിന്ന്‌ ബോണ്ട(നിറയെ കിഴങ്ങാണതില്‍),പിന്നെ പൊറോട്ട, ആ തൊണ്ടക്കുഴിയിലൂടെ ചോറിറങ്ങണമെങ്കില്‍ ഓംലൈറ്റ്‌ വേണം...അങ്ങനെ ഗ്യാസിളകുമ്പോള്‍ ജെലൂസില്‍ വാങ്ങി വിഴുങ്ങി ജീവിതം മുന്നോട്ടുരുട്ടുന്നതിനിടയിലാണ്‌ അപ്രതീക്ഷിതമായി വയര്‍ പണിമുടക്കിയത്‌. അകത്തോട്ടു സ്വീകരിക്കുക മാത്രമാണ്‌ നല്‍കുന്നത്‌, പുറത്തോട്ടു അല്‍പ്പമെങ്കിലും പോവാത്ത അവസ്ഥ.***** മൂന്നുദിവസം ശുഭപ്രതീക്ഷയോടെ പോരാളി കഴിച്ചു കൂട്ടിയെങ്കിലും നാലാം ദിനം പിടുത്തംവിട്ടു. മെഡിക്കല്‍ ഷോപ്പില്‍ പോവുമ്പോള്‍ കമാന്‍ഡറുണ്ടായിരുന്നു പോരാളിയുടെ കൂടെ. മെഡിക്കല്‍ ഷോപ്പിലെ പെണ്‍കുട്ടിയോടു വയറ്റീന്ന്‌ പോക്കിനുള്ള ഗുളികക്ക്‌ ആവശ്യപ്പെട്ടു. രണ്ടു ഗുളികയും വാങ്ങി പുറത്തിറങ്ങിയ പാടെ കമാന്‍ഡര്‍ ചോദിച്ചു വയറ്റീന്നു പോക്കിനുള്ള ഗുളികയെന്നല്ലേ താന്‍ പറഞ്ഞത്‌?. അങ്ങനെ പറഞ്ഞാലെ ശരിയാവൂ....പോരാളി ഗൗരവത്തില്‍ മറുപടിയും കൊടുത്തു. പാവം കമാന്‍ഡര്‍ പിന്നെന്തു പറയാന്‍. രാവിലെ ഒരു ഗുളികയൊക്കെ കഴിച്ച്‌ പോരാളി തോറബോറയിലൂടെ ഉലാത്തി. ഉച്ചയായിട്ടും നോ രക്ഷ...അടുത്തതും എടുത്തു വിഴുങ്ങി...വൈകീട്ട്‌ നാലുമണിയോടെ വെരുകിനെ പോലെയായി റഷീദിന്റെ അവസ്ഥ. വയറിനകത്തു നിന്നു അപശബ്ദങ്ങള്‍..വയറിനകത്തു മുളകുതേച്ചുപിടിപ്പിച്ച അവസ്ഥ...രാത്രി 12 മണിയോടെ വണ്ടിവിളിച്ച്‌ ആശുപത്രിയിലാക്കി.(മെഡിക്കല്‍ ഷോപ്പില്‍ പുറത്തുപോക്കിനുള്ള ഗുളികക്കു ചോദിച്ചതിനാല്‍ അവര്‍ ലൂസ്‌മോഷന്‍ നിര്‍ത്താനുള്ള ഗുളികയാണ്‌ കൊടുത്തത്‌. അവരെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം!!! ) മൂന്നുദിവസത്തെ കഷ്ടപ്പാടിനൊപ്പം ഗുളികയുടെ വീര്യവും(മോങ്ങാനിരുന്ന നായുടെ തലയില്‍ തേങ്ങ വീണു..എന്ന ചൊല്ല്‌ ഇവിടെ ഓര്‍ക്കേണ്ടതാണ്‌). ഉറക്കത്തില്‍ നിന്നു വിളിച്ചുണര്‍ത്തിയ ദേഷ്യത്തിലാണ്‌ ഡോക്ടറെത്തിയത്‌. എന്നാല്‍ അവസ്ഥ കേട്ടപ്പോള്‍ അദ്ദേഹത്തിന്റെ മനസ്സലിഞ്ഞു. നല്ല ചെറുപ്പക്കാരന്‍ എങ്കിലും ഈ ഗതി വന്നാല്‍ എന്താ ചെയ്യുക? ഡോക്ടറുടെ കണ്ണ്‌ നിറഞ്ഞിരുന്നോ എന്ന്‌ കൂടെപ്പോയ പോരാളിക്കു പോലും തോന്നിപ്പോയി. ഒടുവില്‍ രണ്ട്‌ ഡോസ്‌ എനിമ അടിച്ചു കയറ്റി ഡോക്ടര്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ മെഡിക്കല്‍ ഷോപ്പിലെ പെണ്‍കുട്ടി ലജ്ജയോടെ നല്‍കിയ ഗുളികതന്നെയായിരുന്നു കഥയിലെ നായകന്‍. അതും കഴിഞ്ഞു 10 മണിക്കൂറിനു ശേഷമാണ്‌ റഷീദിനെ സമാധാനിപ്പിച്ച്‌ ആശ്വാസത്തിന്റെ കടലൊഴുകിയത്‌. റഷീദിനും സഹപോരാളികള്‍ക്കും തോറബോറയ്‌ക്കും നീണ്ട നാലര ദിവസത്തെ കാത്തിരിപ്പിന്‌ ഫലം കണ്ടതിലുള്ള സന്തോഷവും ആശ്വാസവും. എല്ലാവരും പടച്ചവനെ സ്‌തുതിച്ചു. വിസര്‍ജ്ജനം തന്നെ ലോകത്തിലെ ഏറ്റവും സുഖകരമായ അനുഭൂതി. അന്നുവരെ ഭോജനമെന്നു പറഞ്ഞിരുന്ന റഷീദ്‌ തിരുത്തിപ്പറഞ്ഞു.......