പോരാളികളുടെ മാത്രം ലോകം(കിടപ്പുമുറി). രാത്രിയുടെ അന്ത്യയാമങ്ങള്‍ മുതല്‍ പ്രഭാതം വരെയുള്ള സമയങ്ങളില്‍ എപ്പോഴും പ്രതീക്ഷിക്കാം ഒരു പോരാളിയുടെ കിടപ്പറയിലേക്കുള്ള ആഗമനം. പകല്‍ ഗാഢനിദ്രയിലാവാം. ശല്യപ്പെടുത്തുന്നത്‌ പൊറുക്കാനാവാത്ത കുറ്റം. അല്ലറചില്ലറ തമാശകള്‍, പൊട്ടിച്ചിരികള്‍, പാട്ടുകള്‍ മുതലായവ കേട്ടാല്‍ നെറ്റിച്ചുളിക്കരുത്‌! അതു പോരാളികളുടെ നേരംപോക്കുകളിലൊന്നാവാം. പ്രവേശനവും പാലിക്കേണ്ട നിയമങ്ങളും ചീഫ്‌ കമാന്‍ഡര്‍ വ്യക്തമാക്കും.

Thursday, November 20, 2008

പെണ്ണുകെട്ടിച്ചു തരിക: ലോകത്തിലെ ആദ്യ സമരമുറ



തോറബോറ പോരാളികള്‍ അഭിമാനാര്‍ഹമായ ഒരു പുതുസമരരീതിയാണ്‌ നിങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിക്കുന്നത്‌. കല്യാണപ്രായം കഴിഞ്ഞ പോരാളികള്‍ക്ക്‌ പെണ്ണുകെട്ടുന്നതിന്‌ വീട്ടുകാര്‍ സമ്മതം മൂളാന്‍ നാലാളുകള്‍ കൂടുന്നിടത്ത്‌ പ്ലക്കാര്‍ഡുകള്‍ കൈയിലേന്തി പ്രകടനം നടത്തുക. ആദ്യത്തെ ഒരു പ്രകടനം ഇതിനകം നടത്തിക്കഴിഞ്ഞു.
എന്തോ..മാധ്യമങ്ങളൊന്നും ഞങ്ങളുടെ സമരത്തെ കണ്ട ഭാവം നടിച്ചില്ല. എന്നാല്‍ വെറുതെ വിടാന്‍ പോരാളികളും ഒരുക്കമല്ല.
സര്‍വായുധസജ്ജരായ പോരാളികളുടെ സമരത്തിന്‌ ഒരു ബാപ്പയായിക്കഴിഞ്ഞ കമാന്‍ഡറുടെ അകമഴിഞ്ഞ പിന്തുണയുമുണ്ട്‌. കല്യാണസമരത്തിലൂടെ ഗിന്നസ്‌ ബുക്കില്‍ കയറിപ്പറ്റാമെന്നു തന്നെയാണ്‌ പോരാളികള്‍ കരുതുന്നത്‌. അതിനു നിങ്ങളുടെ സഹായം ആവശ്യമാണ്‌. ഇതിനു നിങ്ങളുടെ വോട്ടുകള്‍ പ്രതീക്ഷിക്കുന്നു. വോട്ട്‌ ചെയ്യേണ്ട ഫോര്‍മാറ്റ്‌ ഇതാണ്‌. തോറബോറ ബാച്ച്‌ലേഴ്‌സ്‌. കല്യാണം കഴിപ്പിച്ചു കൊടുക്കുക.
നിങ്ങളുടെ വിലയേറിയ എസ്‌.എം.എസുകള്‍ ഒരിക്കല്‍ കൂടി അഭ്യര്‍ഥിച്ചു കൊണ്ട്‌ തോറബോറ പോരാളികള്‍

Friday, November 14, 2008

തൂക്കണാംകുരുവിക്കൂട്ടില്‍ അധിനിവേശം നടത്തുന്നോ ആറ്റകറുപ്പാ?



തൂക്കണാംകുരുവിയുടെ കൂട്ടില്‍ ആറ്റകറുപ്പന്റെ അധിനിവേശം എന്ന വാര്‍ത്ത പത്രത്തില്‍ ചിത്രം സഹിതം കാണുമ്പോള്‍ വലിയ അതിശയവും രസവുമൊന്നും തോറബോറ പോരാളികള്‍ക്കുണ്ടായിരുന്നില്ല. എന്നാല്‍ പിറ്റേ ദിവസം രാവിലെ നേരം പരാപരാന്നു വെളുത്തു തുടങ്ങിയപ്പോള്‍ ആറ്റകറുപ്പന്റെ തനിസ്വഭാവവുമായി ഒരു പോരാളി വേഷം മാറി. അന്നത്തെ ദിവസം അഞ്ചുമണിക്കു തന്നെ പോരാളികള്‍ എഴുന്നേറ്റു. പിലാത്തറയുടെ വീട്ടില്‍ പോവുകയാണ്‌ ഉദ്ദേശ്യം. ഒരുങ്ങിയവര്‍ ഒരുങ്ങിയവര്‍ തോറബോറയില്‍ നിന്ന്‌ പുറത്തിറങ്ങി കഴിഞ്ഞു. ഇനി ഉള്ളതു ചീഫ്‌ കമാന്‍ഡറും റഷീദും മാത്രമാണ്‌. ഏറെ നേരം കഴിഞ്ഞിട്ടും ഇരുവരെയും കാണാതെ വന്നപ്പോള്‍ പോരാളികള്‍ പരിഭ്രാന്തരായി. തോറബോറ ഇരുട്ടില്‍ കുളിച്ചു നില്‍ക്കുകയാണ്‌. ഉള്ളില്‍ ക്ഷുദ്രജീവികളുടെ ശല്യമാണെങ്കില്‍ വല്ലാതെ അധികരിച്ചിട്ടുമുണ്ട.്‌ പറയാന്‍ കാരണമുണ്ടതിന്‌. രണ്ടു ദിവസം മുമ്പാണ്‌ തങ്ങളുടെ ചുണ്ടില്‍ ഉറുമ്പ്‌ സുന്ദരി ഉമ്മ വച്ചത്‌. (ഉറക്കത്തിലാണു കേട്ടോ). ഉറക്കമെഴുന്നേല്‍ക്കുമ്പോള്‍ ഹനുമാന്റെ ചുണ്ടിനേക്കാള്‍ വലുപ്പത്തിലാണ്‌ തങ്ങളുടെ ചുണ്ടിരിക്കുന്നത്‌. അന്ന്‌ ഉച്ചക്ക്‌ ഊണുകഴിക്കാനോ വൈകീട്ടത്തെ പതിവ്‌ ചായകുടിക്കോ തങ്ങള്‍ ഹാജരായിരുന്നില്ല. പക്ഷേ യുദ്ധക്കളത്തില്‍ ലീവ്‌ കിട്ടാത്തതിനാല്‍ വരേണ്ടി വരുകയും ചെയ്‌തു. അടുത്ത ദിവസം തന്നെ കിട്ടി നിസാമിനും ഒരുമ്മ. അതു പക്ഷേ ചുണ്ടിനായിരുന്നില്ല. കണ്ണിനകത്തു കയറിയാണ്‌ ഇത്തവണ സുന്ദരി സ്‌നേഹം പ്രകടിപ്പിച്ചത്‌.
ഇങ്ങനെയൊക്കെ പോരാളികളെ സുന്ദരിമാര്‍ വിടാതെ പിന്തുടരുമ്പോള്‍ എങ്ങിനെ രണ്ടുസുന്ദരന്മാരെ തോറബോറയില്‍ ഒറ്റക്കു വിട്ടു പോവാന്‍ ഞങ്ങള്‍ക്കു മനസ്സുവരും. തിരിച്ചു കയറാന്‍ തുടങ്ങുമ്പോള്‍ ചീഫ്‌ കമാന്‍ഡര്‍ ഓടിക്കിതച്ചെത്തി. മുഖത്ത്‌ അടക്കിനിര്‍ത്താനാവാത്ത ചിരിയുണ്ട്‌. കാര്യം തിരക്കിയപ്പോള്‍ കമാന്‍ഡര്‍ കഥയുടെ കെട്ടഴിച്ചു. ബാത്‌റൂമില്‍ നിന്ന്‌ കമാന്‍ഡര്‍ ഇറങ്ങിവരുമ്പോള്‍ റഷീദ്‌ മുഖം ചുളുക്കി നില്‍ക്കുകയാണ്‌. ഇട്ടിരിക്കുന്ന പാന്റ്‌സിന്റെ പിറകില്‍ മുഴച്ചുനില്‍ക്കുന്ന സാധനം വലിച്ചെടുക്കാനുള്ള ശ്രമത്തിലാണ്‌. തുടര്‍ന്ന്‌ റഷീദ്‌ പാന്റ്‌സിനുള്ളില്‍ നിന്ന്‌ ഒരു ഷഡ്ഡി പുറത്തേക്കു വലിച്ചെടുത്തു.സംഗതി കമാന്‍ഡറുടേതാണ്‌. താനെന്തിനാ എന്റെ പാന്റ്‌സിനുള്ളില്‍ ഷഡ്ഡി എടുത്തുവച്ചത്‌ ദേഷ്യമടക്കാനാവാതെ റഷീദിന്റെ ചോദ്യം. ഹേയ്‌ അങ്ങിനെ വരാന്‍ വഴിയില്ലല്ലോ എന്ന സന്ദേഹത്തോടെ കമാന്‍ഡര്‍ റഷീദിനെ സമീപിച്ചു. ഇല്ലാ ഇതു നിങ്ങളുടേത്‌ തന്നെയാണ്‌. ഷഡ്ഡി തിരിച്ചറിഞ്ഞ കമാന്‍ഡറിന്റെ മുഖം ജാള്യതയില്‍ ചുവന്നു. സോറി...
മറുപടി പറഞ്ഞ്‌ കമാന്‍ഡര്‍ തടിതപ്പി.
തുടര്‍ന്ന്‌ ഭിത്തിയിലെ ആണിയില്‍ തൂക്കിയിട്ടിരുന്ന പാന്റ്‌സ്‌ എടുത്തു കമാന്‍ഡര്‍ വലിച്ചുകയറ്റി. (വലിച്ചു കയറ്റേണ്ടി വന്നില്ല..ശൂൂൂൂൂന്ന്‌ കയറിപ്പോയി). കണ്‍ഫ്യൂഷനിലായ കമാന്‍ഡര്‍ റഷീദിനെ നോക്കി. മിസ്റ്റര്‍ ബീന്‍ നില്‍ക്കുന്നതു പോലെ നിന്നു പരുങ്ങുകയാണ്‌ ആശാന്‍. പാന്റ്‌സ്‌ കാലില്‍ ഇറുകിപിടിച്ചിരിക്കുന്നു. നടക്കാന്‍ കൂടി പറ്റുന്നില്ല. ഉറക്കത്തിന്റെ കെട്ടുവിടാത്തതും സ്വതസിദ്ധമായ ഉദാസീനതയും കൂടിയായപ്പോള്‍ എല്ലാം മംഗളമായി. സമയം കളയാതെ കമാന്‍ഡര്‍ റഷീദ്‌ ഇട്ടിരുന്ന പാന്റ്‌സ്‌ ഊരിവാങ്ങി. എന്നിട്ടു ചോദിച്ചു. തൂക്കണാം കുരുവിക്കൂട്ടില്‍ അധിനിവേശം നടത്തുന്നോ ആറ്റക്കറുപ്പാ....?
:)

Saturday, November 8, 2008

സ്‌നാപ്‌ പോരട്ടെ, സ്‌ക്വാഷും

ചായകുടി പോരാളികളുടെ വീക്ക്‌നെസ്സാണ്‌. പണമില്ലെങ്കില്‍ കടം വാങ്ങും. ചിലപ്പോള്‍ സഹപോരാളികളുടെ കാരുണ്യം തേടും. മാസാന്ത്യങ്ങളിലാണ്‌ പോരാളികള്‍ പാപ്പരാവുക. പിന്നെ മുഖത്തോടു മുഖം നോക്കുകയാണ്‌ തന്ത്രം. അങ്ങനെ മുടക്കമില്ലാതെ പോയിക്കൊണ്ടിരുന്ന ചായകുടിയുടെ രസം പോരാളികളെ അതിന്‌ അടിമകളാക്കി.
അങ്ങനെ അന്നു വൈകീട്ടും ചായകുടിക്കാന്‍ സ്ഥിരം സങ്കേതത്തിലെത്തി. ചായ ഓര്‍ഡര്‍ ചെയ്‌തിരിക്കുമ്പോള്‍ വെയ്‌റ്ററെത്തി.(ചുള്ളനായ ഒരു പയ്യനാണ്‌ വെയ്‌റ്റര്‍) കടിയെന്താ വേണ്ടതെന്ന ചോദ്യത്തിന്‌ മറുപടി റഷീദിന്റെ വായില്‍ നിന്നായിരുന്നു ആദ്യം ഉതിര്‍ന്നത്‌. സ്‌നാപ്‌ പോരട്ടെ. വെയ്‌റ്റര്‍ അന്തിച്ചു. പോരാളികളും. സ്‌നാപോ???
അതെ, കടിക്കാന്‍ എന്തെങ്കിലും പോരട്ടെ ...
പോരാളികളുടെ സംശയത്തിന്‌ അടിവരയിട്ട്‌ കടി പറഞ്ഞ റഷീദിന്റെ വാക്കുകള്‍ സ്‌നാപിന്റെ സാങ്കേതികാര്‍ഥം പറഞ്ഞു തന്നു. സ്‌നാക്കാണ്‌ പാവം ഉദ്ദേശിച്ചത്‌. ആംഗലേയ ഭാഷയുടെ ഉള്ളുകള്ളികള്‍ പുറത്താക്കുന്ന റഷീദിന്റെ വായില്‍ നോക്കിയിരിക്കുന്ന പോരാളികളെ പുച്ഛത്തോടെ കണ്ണോടിച്ച ശേഷം ആശാന്‍ നിവര്‍ന്നിരുന്നു.
കട്‌ലെറ്റ്‌, പഴംപൊരി, ഉള്ളിവട, ബോണ്ട, പഫ്‌സ്‌, പക്കുവട.....വെയ്‌റ്ററുടെ ലിസ്റ്റ്‌ നീണ്ടു.
ചില്ലലമാരയില്‍ വച്ചിരിക്കുന്ന കടികളില്‍ നോക്കി റഷീദ്‌ തന്നെയാണ്‌ കടിക്ക്‌ ഉത്തരവിട്ടതും.
എല്ലാവര്‍ക്കും ചൂടുപാറുന്ന ചായയെത്തി. ഒപ്പം പഫ്‌സും. 'സ്‌ക്വാഷ്‌ 'കൊണ്ടു വാാാാ...ഇത്തവണയും റഷീദിന്റെ സ്വരമാണ്‌ ആദ്യ ഉയര്‍ന്നത്‌.
'സ്‌ക്വാഷെ'ന്തിനാണിപ്പോള്‍...?എന്ന സംശയം ദുരീകരിക്കാന്‍ 'തങ്ങള്‍' ചോദിച്ചു. സ്‌ക്വാഷോ...?
നേര്‍ത്ത കണ്‍ഫ്യൂഷനിലായ റഷീദ്‌ ടോണ്‍ മാറ്റി..
''സ്‌ക്യാഷ്‌" ...എന്നിട്ടും മനസ്സിലാവാത്ത പോരാളികള്‍ക്കും വെയ്‌റ്റര്‍ക്കും മുഖം തരാതെ റഷീദ്‌ വലതുകൈയുടെ ചൂണ്ടുവിരലുയര്‍ത്തി. അതാ ഇരിക്കുന്നു സോസ്‌ നിറച്ച ബോട്ടില്‍.
പടച്ചോനെ.. സ്‌നാപ്പിനു കൂട്ട്‌ സക്വാഷ്‌....ഇരിക്കട്ടെ....
റഷീദിനു വീണ്ടുമൊരു വാ തുറക്കലിന്‌ അവസരം കൊടുക്കാതെ ചായയും പഫ്‌സും വയറ്റിലാക്കി പോരാളികള്‍ കോഫിബാറിന്റെ പടിയിറങ്ങി.

Monday, November 3, 2008

പാതിരാത്രിയിലെ മീന്‍മുള്ളും പഴംതേടിയുള്ള യാത്രയും



രാത്രി യുദ്ധത്തിന്നിടയില്‍ കിട്ടിയ ഇത്തിരിനേരത്താണ്‌ പിലാത്തറക്ക്‌ ചോറുണ്ണാന്‍ തോന്നിയത്‌. അമിത വിശപ്പാണോ പൊരിച്ച അയലയാണോ കാരണമെന്നറിയില്ല, വലിച്ചുവാരിത്തിന്ന പിലാത്തറയുടെ തൊണ്ടയില്‍ മീന്‍മുള്ളു കുടുങ്ങി. വേദന അധികരിച്ചുവെങ്കിലും രണ്ടുപ്ലേറ്റ്‌ ചോറുകഴിച്ച ശേഷം മാത്രമാണ്‌ മെസ്സില്‍ നിന്ന്‌ പോരാളി പുറത്തിറങ്ങിയത്‌. പുട്ടിനു തേങ്ങാപ്പീര പോലെ ചോറുരുട്ടി വിഴുങ്ങിയും വെള്ളം കുടിച്ചും മുള്ളുകളയാന്‍ പ്രയത്‌നിച്ചെങ്കിലും വിജയിക്കാതെയാണ്‌ പരിഭ്രാന്തനായ പിലാത്തറ യുദ്ധക്കളത്തിലെത്തിയത്‌. മുള്ളുകളയുന്നതിന്‌ പലവിധ അഭിപ്രായങ്ങളായിരുന്നു. മെസ്സില്‍ രാവിലെയുണ്ടാക്കിട്ടും തീരാത്ത, പുട്ട്‌ വിഴുങ്ങിയാല്‍ മതിയെന്ന നിര്‍ദേശം പ്രാവര്‍ത്തികമാക്കാമെന്നു തീരുമാനിച്ചു. എന്നാല്‍ കൂടത്തിനു തല്ലിയാല്‍ പോലും പൊട്ടാത്ത പുട്ടാണ്‌ ചീഫ്‌ കുക്കിന്റെ കൈപ്പുണ്യത്തില്‍ പിറവികൊള്ളുന്നതെന്ന പുനര്‍വിചിന്തനം ഉണ്ടായതോടെ ആ സാഹസം ഉപേക്ഷിച്ചു. തുടര്‍ന്നാണ്‌ പഴം വിഴുങ്ങല്‍ എന്ന പരമ്പരാഗത മുള്ളുകളയല്‍ രീതി പിന്തുടരാന്‍ തീരുമാനിച്ചത്‌. സാധാരണ ജ്യൂസുകുടിക്കാന്‍ പോവുന്ന ഫ്രൂട്ട്‌സ്‌ കടയിലേക്ക്‌ പോരാളികള്‍ പിലാത്തറയെയും കൂട്ടി ആഘോഷത്തോടെ നീങ്ങി. ദൗര്‍ഭാഗ്യമെന്നു പറയട്ടെ അടച്ചിട്ട കടയാണ്‌ ഞങ്ങള്‍ പോരാളികള്‍ക്കു കാണാന്‍ കഴിഞ്ഞത്‌. തൊണ്ടതിരുമ്മി കണ്ണുതള്ളി വില്ലുപോലെ വളയുന്ന പിലാത്തറയുടെ ദൈന്യത കണ്ടില്ലെന്നു നടിച്ച്‌ സംഘം യുദ്ധക്കളത്തില്‍ തിരിച്ചെത്തി. മുള്ളുവിഴുങ്ങിയ പിലാത്തറയുടെ അന്ത്യകൂദാശ നടത്തേണ്ടി വരുമെന്നു പേടിയുണ്ടായിരുന്നെങ്കിലും രാവിലെയോടെ മുള്ള്‌ തൊണ്ടയില്‍ നിന്ന്‌ അപ്രത്യക്ഷമായി.
പഴം വിഴുങ്ങലല്ലാതെ മറ്റെന്തുമാര്‍ഗമാണ്‌ മുള്ളുകളയാന്‍ അവലംബിക്കുകയെന്ന ഗവേഷത്തിലാണ്‌ പിലാത്തറയിപ്പോള്‍. രാത്രിയായാലും കടയടച്ചുപോയാലും പിന്തുടരാന്‍ പറ്റുന്ന ഒരു പ്രയോഗം. കിട്ടിയാല്‍ നിങ്ങളെയും അറിയിക്കുന്നതാണ്‌.

Saturday, November 1, 2008

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഇനി ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം

തോറബോറയുടെ ഇലയനക്കങ്ങള്‍ വരെ ഇവിടെ കോറിയിട്ടിരുന്ന സമയം. ചിരിയും ബഹളങ്ങളും സര്‍വോപരി അബദ്ധങ്ങളും അങ്ങനെ എല്ലാം ഇവിടെ വിഷയങ്ങളായിരുന്നപ്പോഴാണ്‌ യുദ്ധക്കളത്തില്‍(ഓഫിസില്‍) ബ്ലോഗിന്‌ നിയന്ത്രണമേര്‍പ്പെടുത്തിയത്‌. ഒരു പോസ്‌റ്റിടാന്‍ പറ്റാനാവാതെ, പ്രസവവേദനയാണ്‌ ഇക്കാലമത്രയും ഞാന്‍, ഞങ്ങള്‍- പോരാളികള്‍ അനുഭവിച്ചുകൊണ്ടിരുന്നത്‌. എന്തായാലും ഒരു ഗര്‍ഭകാലമെത്തുന്നതിനു മുമ്പ്‌ കാറ്റ്‌ പോരാളികള്‍ക്ക്‌ അനുകൂലമായി വീശിത്തുടങ്ങി. 2 മാസങ്ങള്‍ക്കു ശേഷമുള്ള ആദ്യപോസ്‌റ്റാണിത്‌. ഒരുപാട്‌ വിശേഷങ്ങളുണ്ട്‌ പങ്കുവയ്‌ക്കാന്‍.. താമസിയാതെ അവ നിങ്ങള്‍ക്കു മുമ്പില്‍ എത്തിക്കാമെന്ന പ്രതീക്ഷയോടെ....
നിങ്ങളുടെ സ്വന്തം തോറബോറ പോരാളികള്‍

Monday, September 22, 2008

ഇനി ഞാന്‍ വരില്ല; ഒരു തവണ കൂടി

വെറുതെയിരിക്കുമ്പോള്‍ ഓര്‍മകള്‍ വേട്ടയാടുന്നു. ഓര്‍ത്താല്‍ നന്ന്‌, അല്ലെങ്കിലും... ദാ..ഇവിടെ ക്ലിക്കൂ

Tuesday, September 16, 2008

മിസ്റ്റര്‍ പ്രാണികുമാറിന്റെ ആശങ്കയും കാണാതായ പോരാളിയും

നവതോറബോറയില്‍ പ്രവേശിച്ച അന്നുമുതല്‍ പോരാളികള്‍ക്ക്‌ എന്തോ ഒരസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ഒരു ഭാര്‍ഗവി നിലയം എന്നു പറയാവുന്ന രീതിയില്‍ കിടന്ന രണ്ടുനില വീട്‌ കമ്പനി ഏര്‍പ്പാടാക്കി തന്നപ്പോള്‍ ഏറ്റവും സന്തോഷിച്ചതും ദുഃഖിച്ചതും തോറബോറ നിവാസികളായിരുന്നു. സന്തോഷം മഴയില്‍ കുതിരുന്ന തോറബോറയില്‍ നിന്ന്‌ രക്ഷപ്പെടുന്നതില്‍ നിന്നും ദുഃഖം രണ്ടുവര്‍ഷത്തെ വിഹാരലോകം ഉപേക്ഷിച്ചു പോവുന്നതിലുമായിരുന്നു. എങ്കിലും പെയിന്റടിച്ചു ഒരുങ്ങിനിന്ന അതിമനോഹരിയായിരുന്നു നവതോറബോറ. (കെട്ടിടത്തെ സുന്ദരനെന്നോ..സുന്ദരിയെന്നോ വേര്‍തിരിക്കുന്ന കാര്യത്തില്‍ വല്ലാത്ത കണ്‍ഫ്യൂഷനുണ്ട്‌.) വീട്‌ തുറന്നുകൊടുക്കുന്ന ദിവസം തേനീച്ചക്കൂട്ടമിളകി വരുന്നതു പോലെ പോരാളികള്‍ താഴത്തെ നിലയിലേക്ക്‌ ഇരച്ചുകയറി. വളരെ പെട്ടെന്നു തന്നെ താഴത്തെ നിലയിലെ റൂമുകള്‍ പോരാളികള്‍ പിടിച്ചടക്കി. പിന്നാലെയെത്തിയ സഹപോരാളികള്‍ ആര്‍ക്കും വേണ്ടാതെ കിടന്ന രണ്ടാം നിലയിലെ റൂമുകളിലേക്ക്‌ മനസ്സില്ലാമനസ്സോടെ കയറിപ്പോവുകയും റെഡ്‌സ്‌ട്രീറ്റ്‌ എന്ന 'നിലവാര'മുള്ള പേരതിനു സമ്മാനിക്കുകയും ചെയ്‌തു. നിര്‍ഭാഗ്യമെന്നോ ഭാഗ്യമെന്നോ പറയാം പേരുകേട്ട പാടെ മറ്റുള്ളവര്‍ ഓടിമറഞ്ഞു. നാട്ടിലും വീട്ടിലും ഓഫിസിലുമൊക്കെ മാന്യനും പകല്‍മാന്യനുമൊക്കയായ ആള്‍ റെഡ്‌സ്‌ട്രീറ്റില്‍ അംഗത്വമെടുക്കുക എന്നു പറഞ്ഞാല്‍ പിന്നെ ജീവിച്ചിരുന്നിട്ട്‌ കാര്യമുണ്ടോ......
ഏതായാലും റെഡ്‌സ്‌ട്രീറ്റിനു രൂപം കൊടുത്ത രണ്ടുപേര്‍ സസുഖം വാഴുന്നുണ്ടാ സ്‌ട്രീറ്റില്‍. ഒരാളതിന്റെ പ്രസിഡന്റ്‌, അപരന്‍ സെക്രട്ടറി...(രണ്ടുപേര്‍ക്കു കൂടി ഒരു സംഘടന നടത്താന്‍ പാടുണ്ടോ എന്ന ചോദ്യത്തിനുത്തരവും റെഡിയാണ്‌. കോണ്‍ഗ്രസ്‌ പിളര്‍പ്പില്‍ നിന്നു പിളര്‍പ്പിലേക്കു പോവുമ്പോള്‍ എത്ര പേരാണ്‌ പൊട്ടിമുളക്കുന്ന ഗ്രൂപ്പുകളില്‍ ഉണ്ടാവുക....ഇംഗ്ലീഷ്‌ അക്ഷരമാലയില്‍ ആവശ്യത്തിന്‌ അക്ഷരങ്ങള്‍ ഉണ്ടാവുമോ പുതിയ ഗ്രൂപ്പിന്‌ പേരിടാന്‍ എന്ന ശങ്ക മാത്രമല്ലാതെ...മറ്റെന്താണ്‌ അവര്‍ക്ക്‌ ടെന്‍ഷന്‍ ഉണ്ടാക്കുന്നത്‌. അപ്പോള്‍ പിന്നെ ഇവിടെ ഇതു മതി...) എങ്ങനെയുണ്ട്‌ റെഡ്‌സ്‌ട്രീറ്റുകാരുടെ മറുപടി.
അങ്ങനെ നവതോറബോറയിലെ സൗകര്യങ്ങളിലും അസൗകര്യങ്ങളിലും രസംപിടിച്ചു വരുമ്പോഴാണ്‌ നുഴഞ്ഞുകയറ്റക്കാരായി ചിലരെത്തിയത്‌. രാത്രി ഉറക്കത്തിനിടയിലും കുളികഴിഞ്ഞ്‌ അണിഞ്ഞൊരുങ്ങി പുറത്തിറങ്ങുമ്പോഴും ശരീരത്തില്‍ എന്തോ കടിക്കുന്നതുപോലെ തോന്നല്‍. യുദ്ധക്കളത്തിലേക്കുള്ള വഴിമധ്യേയും യുദ്ധക്കളത്തിലെത്തിയ ശേഷവും സ്ഥാനങ്ങളിലും അസ്ഥാനങ്ങളിലും അനുഭവപ്പെടുന്ന അസ്വസ്ഥതകള്‍ക്ക്‌ അറുതിവരുത്താന്‍ വിഷമമനുഭപ്പെട്ടതോടെയാണ്‌ കമാന്‍ഡറുടെ നേതൃത്വത്തില്‍ പോരാളികള്‍ തോറബോറ അരിച്ചുപെറുക്കിയത്‌. തോറബോറ ഉപേക്ഷിച്ചു വന്നതിനോടുള്ള ശരീരത്തിന്റെ റിയാക്ഷന്‍ ആവുമെന്ന്‌ ആദ്യമൊക്കെ കരുതിയിരുന്നെങ്കിലും പിന്നീടാണ്‌ യഥാര്‍ഥ ശത്രുവിനെ കണ്ടെത്തുന്നത്‌. തീരെച്ചെറിയ കറുത്ത (കറുകറുത്ത) ഉറുമ്പുകളായിരുന്നു തങ്ങളുടെ 'കടി' പോരാളികള്‍ക്കു മേല്‍ കടിച്ചു തീര്‍ത്തത്‌. നിയമോപദേശകന്‍ കഴിക്കാനായി കൊണ്ട്‌ ബാഗില്‍ വച്ച റെസ്‌ക്‌ പായ്‌ക്കറ്റിലാണ്‌ മണം പിടിച്ചും ശത്രുസൈന്യത്തിന്റെ പാതപിന്തുടര്‍ന്നും പോരാളി സംഘങ്ങള്‍ എത്തിയത്‌. തങ്ങളുടെ മൃഷ്ടാന്നഭോജനത്തിനു തടസ്സം നേരിട്ട കറുമ്പന്മാര്‍ തലയുയര്‍ത്തി കമാന്‍ഡറെ നോക്കിയെങ്കിലും ധൈര്യശാലിയായ കമാന്‍ഡര്‍ വിദഗ്‌ധമായി കവര്‍ കൈയിലെടുത്തു പുറത്തേക്കു വലിച്ചെറിഞ്ഞു. റെസ്‌ക്‌ പോയ വിഷമത്തില്‍ നിയമോപദേശകന്‍ എന്തൊക്കെയോ പിറുപിറുത്തെങ്കിലും ആരും വകവച്ചില്ല. 'പുകഞ്ഞ റെസ്‌ക്‌ പുറത്ത്‌'എന്ന മനോഭാവമായിരുന്നു മറ്റു പോരാളികള്‍ക്ക്‌.
വലിയ ആശ്വാസത്തിലായിരുന്നു പിന്നീട്‌ പോരാളികള്‍. ശത്രുവിനെ തുരത്തിയ സന്തോഷത്തില്‍ റഷീദിന്റെ ചൈനീസ്‌ മൊബൈലില്‍ ഡിജിറ്റല്‍ ക്വാളിറ്റിയോടെ ഓത്തുപള്ളീല്‍ അന്നു നമ്മള്‍........എന്ന ഗാനം കേള്‍ക്കുകയാണ്‌ ആദ്യം ചെയ്‌തത്‌.
പിറ്റേ ദിവസം സാധാരണപോലെ കടന്നുപോയി. അതിനടുത്ത ദിവസമാണ്‌ പോരാളികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവമുണ്ടാവുന്നത്‌. യുദ്ധംകഴിഞ്ഞ്‌ ഉറങ്ങാന്‍ പോരാളികളുടെ കൂടെ തോറബോറയില്‍ വരികയും ഉച്ചവരെ 'കുളിമല്‍സര'ത്തില്‍ പങ്കെടുക്കാന്‍ ബാത്ത്‌റൂമിനു മുമ്പില്‍ ക്യൂ നില്‍ക്കുകയും ചെയ്‌ത നിയമോപദേശകനെ യുദ്ധം തുടങ്ങി മണിക്കൂറുകള്‍ നാലുകഴിഞ്ഞിട്ടും കാണാതായതോടെ പോരാളികള്‍ക്കിടയില്‍ ഭീതിയുടെ പെരുമ്പറ മുഴങ്ങിത്തുടങ്ങി. ചോദിച്ചവര്‍ ചോദിച്ചവര്‍ അറിയില്ലെന്നു കൈമലര്‍ത്തിയപ്പോള്‍ പോരാളികളുടെ സംശയദൃഷ്ടികള്‍ ചെന്നുപതിച്ചതു ശത്രുക്കളായ റെഡ്‌സ്‌ട്രീറ്റുകാരിലായിരുന്നു. ചാരന്മാരായ തങ്ങളെയും പിലാത്തറയെയും പറഞ്ഞുവിട്ടെങ്കിലും യഹ്യയുടെ വായില്‍ നിന്ന്‌ കമാന്നൊരക്ഷരം കൂടി പുറത്തുവന്നില്ല. നിരാശയോടെ മടങ്ങിയ ഇരുവരും വിവരം കമാന്‍ഡറുടെ ചെവിയിലേക്ക്‌ പകര്‍ത്തി. ഉടനെടുത്തു ഹൈടെക്‌ നഗരമായ മാനന്തവാടിയില്‍ ചൈനീസ്‌ സര്‍ക്കാര്‍ നേരിട്ടിറക്കി കൊടുത്ത അറഫാത്തിന്റെ മൊബൈല്‍. നിയമോപദേശകന്റെ നമ്പര്‍ കുത്തിനോക്കിയെങ്കിലും സ്വിച്ച്‌ഡ്‌ ഓഫ്‌ ആണെന്ന കംപ്യൂട്ടര്‍ ചേച്ചിയുടെ മറുപടിയാണ്‌ പോരാളികളുടെ കര്‍ണത്തില്‍ പതിച്ചത്‌. പോരാളി മിസ്സിങ്ങാണെന്ന അടിയന്തര സന്ദേശം യുദ്ധക്കളത്തില്‍ വിളംബരം ചെയ്‌ത ശേഷം തിരച്ചില്‍ നടത്താന്‍ കമാന്‍ഡറും സംഘവും തോറബോറ ലക്ഷ്യമാക്കി നീങ്ങി.
അതിനിടെ ആരോ പറഞ്ഞ പഴയ കഥ പോരാളികളെ ചകിതരാക്കി. പണ്ടേതോ..യുദ്ധക്കളത്തില്‍ നിന്നു മുങ്ങിയ വിരുതന്‍ മൂന്നുദിവസമായി യുദ്ധത്തിനു വരാതിരുന്നതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ മൂവാണ്ടന്‍ മാവില്‍ ഉടുത്തിരുന്ന കൈലിയില്‍ തൂങ്ങിനില്‍ക്കുന്ന ദയനീയ കാഴ്‌ചയായിരുന്നു ആ കഥ.
ആരൊക്കെയോ അയ്യോ കഷ്ടം! പാവം പയ്യനായിരുന്നു! തുടങ്ങിയ കമന്റുകളൊക്കെ വിട്ടുതുടങ്ങി.
അങ്ങനെയൊന്നും നിയമോപദേഷ്ടാവിന്‌ സംഭവിക്കില്ല. എന്ന ഉറക്കെ ഉറക്കെ പ്രഖ്യാപി്‌ച്ചു കുറച്ചുപേര്‍ കൂടി കമാന്‍ഡറുടെ നേതൃത്വത്തിലുള്ള തിരച്ചില്‍ സംഘത്തിനൊപ്പം ചേരാന്‍ യാത്രയായി. യാത്ര പാതിവഴിയിലെത്തുമ്പോള്‍ കമാന്‍ഡര്‍ നിയമോദേഷ്ടാവിന്റെ കഴുത്തിനു ഞെക്കിപ്പിടിച്ച്‌ കൊണ്ടുവരുന്നുണ്ട്‌. നീണ്ട യാത്ര കഴിഞ്ഞ ക്ഷീണമായിരുന്നു ആ മുഖത്ത്‌ തെളിഞ്ഞുനിന്നിരുന്നത്‌. യുദ്ധക്കളത്തില്‍ ഹാജരാക്കിയ പ്രതിയെ നീണ്ടുനില്‍ക്കുന്ന ചോദ്യംചെയ്യലിനു വിധേയമാക്കുകയായിരുന്നു അടുത്ത ഘട്ടം.
ആദ്യമൊന്നും പിടിതരാതെ നിന്നിട്ടൊടുവില്‍ ആ നഗ്നസത്യം നിയമോപദേശകന്‍ വെളിപ്പെടുത്തി. യുദ്ധക്കളത്തിലേക്കുള്ള യാത്രവേളയില്‍ കണ്ടുമുട്ടിയ സുഹൃത്തിനൊപ്പം ഇപ്പോ വരാം...എന്ന വാക്കും വിശ്വസിച്ച്‌ ചാടിപ്പുറപ്പെട്ടതാണ്‌. മണിക്കൂറുകള്‍ ഒന്ന്‌ ഒന്നര രണ്ട്‌ രണ്ടര എന്നിങ്ങനെ പതിയെപ്പതിയെ കടന്നുപോയത്‌ അറിയാഞ്ഞിട്ടാണോ..അതോ മൂന്നുമണിക്കൂര്‍ മിച്ചം വേണ്ടിവരുന്ന യാത്ര അരമണിക്കൂര്‍ കൊണ്ടു പോയിവരാന്‍ സാധിക്കാത്തതിനാലാണോ എന്നറിയില്ല പോരാളി യുദ്ധക്കളത്തിലെത്താന്‍ ഒരുപാട്‌ വൈകി, എന്നു മാത്രമല്ല, സഹപോരാളികളെ ഏറെ ടെന്‍ഷന്‍ അടിപ്പിക്കുകയും ചെയ്‌തു. ചാര്‍ജ്‌ തീര്‍ന്നതിനാലാണ്‌ മൊബൈല്‍ ചത്തതെന്ന നിസ്സഹായതയും ഖേദത്തോടെ അറിയിച്ചു. അന്ന്‌ തന്നെ നിയമോപദേശകന്‌ സഹപോരാളികള്‍ പുതിയ പേരും ചാര്‍ത്തി "മിസ്സിങ്‌ പോരാളി"
സംഭവബഹുലമായ രണ്ടാമത്തെ സംഭവം രണ്ടുദിവസങ്ങള്‍ക്കു ശേഷം ആഗതമായി. മോങ്ങാനിരുന്ന നായുടെ തലയില്‍ തേങ്ങ വീണു എന്ന മാതിരിയാണ്‌ ഓരോ സംഭവങ്ങളും ഉണ്ടാവുന്നത്‌ എന്നതാണ്‌ അദ്‌ഭുതകരം. തോറബോറയിലാണ്‌ എല്ലാം അരങ്ങേറുന്നത്‌. എടുത്തുപറയാന്‍ പറ്റിയ ഒന്നുംതന്നെ ആ 'ചുവന്നതെരുവി'ല്‍ സംഭവിക്കാത്തതെന്തേ എന്ന സംശയത്തെ നിങ്ങളോടു പങ്കുവച്ച്‌ ഞാനാ കഥ പറയാം. നേരത്തേ പറഞ്ഞ ശത്രുക്കളെ നാമാവശേഷമാക്കി എന്ന സന്തോഷത്തില്‍ തോറബോറയിലെ പകല്‍ ഇരുളുകയും രാത്രി വെളുക്കുകയും ചെയ്‌തു കൊണ്ടിരുന്നു. ഒരു സുപ്രച്ചയില്‍(ഉച്ചയ്‌ക്ക്‌) അപ്രതീക്ഷിതമായാണ്‌ ഖാസിമി ഉറക്കത്തില്‍ നിന്ന്‌ ഞെട്ടിയുണര്‍ന്നത്‌. ചെവിക്കകത്ത്‌ ടണ്ടഗ ടണ്ടഗാാാാന്ന്‌ ശബ്ദം..എന്തൊക്കെയോ പാഞ്ഞുനടക്കുന്നു..ആകെപ്പാടെ ചെവിക്കകത്തു നീറ്റല്‍. ഒന്നു കുളിക്കാന്‍ കൂടി കൂട്ടാക്കാതെ ഒരാഴ്‌ചയായി ധരിക്കുന്ന ജീന്‍സും ജുബ്ബയും വലിച്ചുകേറ്റിയിട്ട്‌ അറഫാത്തിനെയും കൂട്ടി ഹോസ്‌പിറ്റലിലേക്ക്‌ ബസ്‌ പിടിച്ചു. സഹിക്കാനാവാത്ത വേദന അവഗണിച്ച്‌ നീണ്ടക്യൂവില്‍ നിന്ന്‌ അഡ്‌മിഷന്‍ തരപ്പെടുത്താന്‍ പേര്‌ പറഞ്ഞുകൊടുക്കുമ്പോള്‍ ആണ്‌ ഇന്ത്യന്‍ റുപ്പീസ്‌ 100 രൂപ മേശപ്പുറത്ത്‌ വയ്‌ക്കണമെന്ന മധുരമൊഴി കേള്‍ക്കുന്നത്‌. പഴ്‌സ്‌ തുറന്നുനോക്കിയെങ്കിലും പത്തുരൂപാ തികച്ചെടുക്കാന്‍ ഇല്ലെന്നു കണ്ടു ഞെട്ടി.(ഞെട്ടല്‍ അഭിനയിച്ചു). അറഫാത്തിനെ സഹായത്തിനായി നോക്കിയെങ്കിലും കണ്ണടച്ചു കാണിച്ചതിനാല്‍ ഖാസിമിയുടെ കണ്ണുകള്‍ പുറത്തേക്കു തള്ളി. ഒടുവില്‍ എ.ടി.എം കാര്‍ഡും കൊടുത്ത്‌‌ അറഫാത്തിനെ പുറത്തേക്കയച്ച്‌ അടുത്തുകണ്ട കസേരയില്‍ ഖാസിമി ഉപവിഷ്ടനായി. അഞ്ചുപത്തുമിനുട്ടിനകം വിയര്‍ത്തുകുളിച്ചെത്തിയ അറഫാത്ത്‌ പണം കൗണ്ടറിലടച്ചു ഖാസിമിയേയും കൂട്ടി ഡോക്ടറുടെ മുറി ലക്ഷ്യമാക്കി നീങ്ങി. പാണ്ടിലോറിയില്‍ കച്ചിത്തുറു കൊണ്ടുപോവുന്ന പോലുള്ള ഖാസിമിയുടെ മുടിയും താടിയുമൊക്കെ കണ്ട്‌ ഡോക്ടര്‍ ഒരു നിമിഷം അന്തിച്ചു നിന്നു. പിന്നീട്‌ കാര്യമന്വേഷിച്ചു.
ചെവിയില്‍ പ്രാണി കയറി.......ഖാസിമിയുടെ മറുപടിയില്‍ വിശ്വാസം വരാതെ ഡോക്ടര്‍ ടോര്‍ച്ചടിച്ചും പേനയിട്ടു കറക്കിയുമൊക്കെ നോക്കി. കുറിപ്പടിയെടുത്ത്‌ പേന തെളിയുന്നുണ്ടോ എന്നു കുത്തിവരച്ചു. സാരമില്ല ഞാന്‍ കുറിച്ച മരുന്നു വാങ്ങി കഴിച്ചാല്‍ മതിയെന്ന ആശ്വാസവചനം കൈമാറി.

അല്ല ചെവിക്കകത്തുപോയ പ്രാണിയെവിടെ? എന്ന സംശയത്തോടെ ഉള്ളടക്കത്തിലെ ജഗതിയെപ്പോലെ ഡോക്ടറുടെ മുമ്പില്‍ ഖാസിമി നിലയുറപ്പിച്ചു.
സാരംല്യേേേേന്ന....ഒക്കെ ശര്യാവും...ഡോക്ടര്‍ ഉദാരമനസ്‌കനായി. സംശയം തീര്‍ത്തുനീങ്ങിയില്ലെങ്കിലും അറഫാത്ത്‌ പിടിച്ചുവലിച്ചതു കൊണ്ട്‌ ഖാസിമി റൂമില്‍ നിന്ന്‌ പുറത്തിറങ്ങി.
നിഷ്‌കാസനം ചെയ്‌തുവെന്ന്‌ പോരാളികള്‍ കരുതിയ കറമ്പന്മാര്‍(ഉറുമ്പിന്‍കൂട്ടങ്ങള്‍) ഇതാ വളരെ ആസൂത്രിതമായി ഖാസിമിയുടെ 100 ഇന്ത്യന്‍ രൂപ പൊടിച്ചുകളഞ്ഞു. പോരാത്തതിന്‌ മാനഹാനിയും...
യുദ്ധക്കളത്തിലെത്തുന്നതിനു മുമ്പുതന്നെ സഹപോരാളികള്‍ക്ക്‌ സന്ദേശമെത്തിയതിനാല്‍ എല്ലാവരും അടങ്ങാത്ത ആകാംക്ഷയിലായിരുന്നു. പ്രാണി കയറിയ ഖാസിമിയുടെ ചെവി കാണാന്‍ ആളുകള്‍ തടിച്ചുകൂടി. ടിക്കറ്റ്‌ വച്ച്‌ പ്രോഗ്രാം നടത്തിയിരുന്നെങ്കില്‍ ആശുപത്രിയില്‍ ചെലവായ തുക എളുപ്പത്തില്‍ വസൂലാക്കാവുന്നത്ര തിരക്കായിരുന്നു എന്നു പറയുന്നതില്‍ പോരാളികള്‍ അതിരറ്റ്‌ അഭിമാനിക്കുന്നു. (ഒരു പോരാളിയുടെ ചെവി കാണാന്‍ അത്രമാത്രം ആളുകല്‍ വരുന്നതില്‍ അസൂയപ്പെടുകയാണ്‌ വേണ്ടത്‌. പക്ഷേ പോരാളികള്‍ അത്തരക്കാരല്ല.) അന്നുവൈകീട്ട്‌ കമാന്‍ഡറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ഒരു പേരിടല്‍ കര്‍മം കൂടി നടത്തി. "മിസ്റ്റര്‍ പ്രാണികുമാര്‍".
തോറബോറയുടെ വീരേതിഹാസങ്ങളില്‍ തങ്ങളുടേതായ സംഭാവനകള്‍ തുന്നിച്ചേര്‍ത്ത്‌ മിസ്സിങ്ങ്‌ പോരാളിയും മിസ്റ്റര്‍ പ്രാണികുമാറും ആ ദിവസങ്ങളില്‍ സമാധാനമായി ഉറങ്ങി. നാളെ എന്തു പുകിലാവും നടക്കുകയെന്നോര്‍ത്ത്‌ കമാന്‍ഡറും മറ്റ്‌ പോരാളികളും ഉറങ്ങിയതേ ഇല്ല.....

Monday, September 8, 2008

ഒരു പോരാളി സീസണ്‍ ടിക്കറ്റ്‌ എടുത്ത കഥ

യുദ്ധക്കളത്തിലെത്തി(ഓഫിസ്‌) ദിനേന വീട്ടിലേക്ക്‌ ലോക്കല്‍ ട്രെയിന്‌ പോവാനാവുമെന്ന സൗകര്യത്തെക്കുറിച്ച്‌ താനൂരുകാരന്‍ പോരാളി വീരവാദം മുഴക്കിയിരുന്നത്‌ ട്രെയിന്‍ കടന്നുചെല്ലാത്ത ഇനി കടന്നു ചെല്ലുമെന്ന പ്രതീക്ഷയുമില്ലാതെ ഇരിക്കുന്ന ഇടുക്കി പോരാളികളെ കളിയാക്കിക്കൊണ്ടായിരുന്നു. നാട്ടില്‍ നിന്ന്‌ പുറപ്പെടുന്ന ഹൈറേഞ്ച്‌ മലബാര്‍ നൈറ്റ്‌ സര്‍വീസ്‌ ബസ്സില്‍ നേരത്തേ കാലത്തേ എത്തി സീറ്റ്‌ ബുക്ക്‌ ചെയ്‌ത്‌ നീണ്ട 10 മണിക്കൂര്‍ ഒരേ ഇരിപ്പിരുന്ന്‌ അതിരാവിലെ തോറബോറയിലെത്തുകയായിരുന്നു അവര്‍ ചെയ്‌ത കുറ്റം. അതുമല്ലെങ്കില്‍ റഷീദിന്റെ വക ട്രെയിന്‍ യാത്രയുമുണ്ടാവും പോരായ്‌മയായി. ആലുവയില്‍ ഇറങ്ങി തിരക്കേറിയ ബോഗിയില്‍ സീറ്റും ചാരിനിന്ന്‌ വായിനോക്കി, എല്ലാവരും യുദ്ധക്കളം വിട്ട്‌ വീടണയുന്ന സമയത്ത്‌ (അതായത്‌ 7.30 pm) ചാടിമറിഞ്ഞെത്തും. ഇതൊക്കെ മുന്‍നിര്‍ത്തിയാണ്‌ താനൂരുകാരന്‍ പോരാളിയുടെ ട്രെയിന്‍യാത്രയുടെ മാഹാത്മ്യം. അങ്ങനെയിരിക്കെ ഒരു നാള്‍ ട്രെയിന്‍ യാത്രയുടെ സൗകര്യക്കാരന്‌(സൗകര്യം പരമാവധി ഉപയോഗപ്പെടുത്തുന്നയാള്‍) വല്ലാത്ത ഒരമളി പിണയുന്നത്‌. വീട്ടില്‍പോവാന്‍ തിരക്കുപിടിച്ച്‌ സ്റ്റേഷനിലെത്തുമ്പോള്‍ ടിക്കറ്റെടുക്കാന്‍ നില്‍ക്കുന്നവരുടെ നീണ്ട ക്യൂവാണ്‌. ട്രെയിനാണെങ്കില്‍ ഇപ്പോള്‍ പോവും ഇപ്പോള്‍ പോവും എന്ന മട്ടില്‍ ചാഞ്ചാടിനില്‍ക്കുകയാണ്‌. ആകപ്പാടെ കണ്‍ഫ്യൂഷനിലായ പോരാളി ആര്‍ക്കും വേണം ടിക്കറ്റ്‌? ഞാനൊരു താനൂരുകാരനാണ്‌ എന്ന 'അഭിമാന'ത്തോടെ ചാടി ബോഗിയില്‍ കയറി. ചൂടുമാറാത്ത പത്രമൊക്കെ വായിച്ചു രസിച്ചിരിക്കുമ്പോഴാണ്‌ അപ്രതീക്ഷിതമായി ടി.ടി.ഇയുടെ രംഗപ്രവേശം. ടിക്കറ്റ്‌ ചോദിച്ചപ്പോള്‍ യാതൊരു ഭാവഭേദവുമില്ലാതെത്തന്നെയാണ്‌ പോരാളി പഴ്‌സെടുത്ത്‌ ടിക്കറ്റെടുത്ത്‌ നീട്ടിയത്‌. ടിക്കറ്റ്‌ വാങ്ങി നോക്കിയയുടനെ ടി.ടി.ഇ
ആരാഞ്ഞു ഇന്നത്തെ ടിക്കറ്റ്‌ എവിടേ കുട്ടീ? ഓ അതിന്നലത്തെ ആയിരുന്നോ...പഴ്‌സിന്റെ രഹസ്യ അറയില്‍ നിന്ന്‌ അടുത്ത ടിക്കറ്റും നീട്ടി താനൂര്‍ പോരാളി. ആശ്വാസത്തോടെ ടിക്കറ്റ്‌ വാങ്ങിയ ടി.ടി.ഇ ഇത്തവണ ഞെട്ടി. കഴിഞ്ഞ മാസത്തെ ടിക്കറ്റായിരുന്നു അത്‌. പാണ്ടന്‍നായുടെ പല്ലിന്‍ ശൗര്യം പണ്ടേ പോലെ ഫലിക്കുകയില്ലിനി എന്ന ഏഷ്യന്‍ അപ്പെക്‌സിന്റെ പരസ്യഗാനവും പാടിയാണ്‌ ടി.ടി.ഇ പോരാളിയുടെ കുത്തിനു പിടിച്ചത്‌. തന്റെ പരിപ്പീ കഞ്ഞിക്കലത്തില്‍ വേവൂലാ എന്ന മുന്നറിയിപ്പ്‌ നല്‍കിയിട്ട്‌ ആജ്ഞാപിച്ചു എടുക്കെടാ@@$**@*%%#@#$# ടിക്കറ്റ്‌.
പോരാളിയുടെ ധൈര്യം പറ്റേ ചോര്‍ന്നതിനാല്‍ ചാടി കാലില്‍ വീണു. ട്രെയിന്‍ നീങ്ങിത്തുടങ്ങിയപ്പോളാണ്‌ സ്‌റ്റേഷനിലെത്തിയതെന്നും ടിക്കറ്റ്‌ എടുക്കാന്‍ സമയം കിട്ടിയില്ലെന്നുമുള്ള സത്യാവസ്ഥ പറഞ്ഞുനോക്കിയെങ്കിലും ടി.ടി.ആര്‍ വഴങ്ങിയില്ല. ഫൈനടക്കാന്‍ നിര്‍ദേശം നല്‍കിയ ടി.ടി.ആറിന്റെ മുഖത്തുനോക്കി പോരാളി കാശില്ലെന്നു പറഞ്ഞുനോക്കിയെങ്കിലും ആ കഠിനഹൃദയന്‍ വഴങ്ങിയില്ല എന്നുള്ളതാണ്‌ സത്യം. എങ്ങനെയാണ്‌ അയാള്‍ സമ്മതിക്കുക. പുലിവരുന്നേ പുലി എന്നു കാറിക്കൂവിയതു പോലെ പഴയ ടിക്കറ്റുകളെല്ലാം പരിശോധിപ്പിച്ചുകളഞ്ഞില്ലേ പാവം സത്യസന്ധനായ പോരാളി. പോരാളിയുടെ പഴ്‌സിന്റെ ഉള്ളറകളൊക്കെ പരിശോധിച്ചു നിരാശനായ ടി.ടി.ആര്‍ പഴ്‌സിലുണ്ടായിരുന്ന തിരിച്ചറിയല്‍ കാര്‍ഡ്‌ കസ്റ്റഡിയിലെടുത്ത്‌ സ്ഥലംവിട്ടു. കോഴിക്കോട്‌ ഓഫിസിലെത്തി പണമടച്ചു കാര്‍ഡ്‌ കൈപ്പറ്റിക്കൊള്ളണമെന്ന മുന്നറിയിപ്പ്‌ നല്‍കാനും ടി.ടി.ഇ മറന്നിരുന്നില്ല. ആറുരൂപയുടെ ടിക്കറ്റിന്‌ പിഴയൊടുക്കേണ്ട തുക 255 രൂപ. എങ്ങനെ സഹിക്കാനാണ്‌ പ്രിയപ്പെട്ടവരേ......ഒരു ചായ കുടിക്കാതെ പുകവലിക്കാതെ സമ്പാദിച്ച പണമാണ്‌ ശൂൂൂൂൂൂൂൂൂന്ന്‌ ഇല്ലാതാവുന്നത്‌. യുദ്ധക്കളത്തില്‍ നിന്ന്‌ വൈകിയിറങ്ങിയതിനെക്കുറിച്ചും ആ സമയം ടിക്കറ്റെടുക്കാന്‍ സ്റ്റേഷനില്‍ ക്യൂ നിന്നവരെയും ട്രെയിന്‍ സമയത്തു തന്നെ സ്റ്റാര്‍ട്ട്‌ ചെയ്‌ത ഡ്രൈവറെയും ആത്മാര്‍ഥമായി തന്നെ ശപിച്ചുകൊണ്ടും പാവം പോരാളി(ആ സമയത്തു പോരാളി വെറും ഊച്ചാളിയായി മാറിയിരുന്നു. അതുകൊണ്ടാണ്‌ പാവം എന്നു ചേര്‍ത്തത്‌.) താനൂരില്‍ ട്രെയിനിറങ്ങി. പിറ്റേദിവസം ഫറോക്കിലിറങ്ങാതെ നേരെ കോഴിക്കോട്ട്‌ ഓഫിസില്‍ ചെന്ന്‌ പിഴത്തുക അടച്ച്‌ കാര്‍ഡ്‌ കൈപ്പറ്റി യുദ്ധക്കളത്തില്‍ റിപോര്‍ട്ട്‌ ചെയ്‌തു. പ്രിയപോരാളികളെ ട്രെയിനില്ലാത്ത നാടാണ്‌ നാട്‌. കാരണം അവിടെ ടി.ടി.ഇ ഇല്ലല്ലോ..എന്നായിരുന്നു ആദ്യത്തെ സംഭാഷണം. കാരണമന്വേഷിച്ചപ്പോഴാണ്‌ കദനകഥയുടെ വിഴുപ്പ്‌ ഭാണ്ഡം താനൂര്‍ പോരാളി സഹപോരാളികള്‍ക്കു മുമ്പില്‍ തുറന്നുവച്ചത്‌. പലര്‍ക്കും പോരാളിയോട്‌ പുച്ഛവും സഹതാപവും തോന്നി. ഇടുക്കിപ്പോരാളികള്‍ ഷര്‍ട്ടിന്റെ കോളര്‍ നേരെയാക്കി നടുനിവര്‍ത്തി ഇരുന്നു. പിന്നീട്‌ താനൂര്‍ പോരാളി മറ്റൊന്നു കൂടി പോരാളികളെ ഉയര്‍ത്തിക്കാട്ടി. സ്‌റ്റേഷനില്‍ പോയി ക്യൂ നില്‍ക്കുന്നതും ടി.ടി.ഇ കോളറിന്‌ പിടിക്കുന്നത്‌ ഒഴിവാക്കാനുമുള്ള സൂത്രമായിരുന്നു അത്‌. ഒരു സീസണ്‍ ടിക്കറ്റ്‌.

Friday, September 5, 2008

കടന്നുവന്നവര്‍ മൂന്ന്‌. പ്രവാസിപോരാളികള്‍ രണ്ട്‌. ബാക്കിയെത്ര?

തോറബോറയുടെ ആദ്യകാല പോരാളികളെ ബ്ലോഗിന്റെ താളുകളില്‍ പ്രതിഷ്‌ഠിക്കുക എന്ന ആശയം മുന്നോട്ടു വച്ചത്‌ ആ പ്രവാസികള്‍ തന്നെയായിരുന്നു. നിരന്തരമായ ശല്യം സഹിക്കാനാവാതെ വന്നതോടെ കമാന്‍ഡര്‍ തന്നെയാണ്‌ എങ്കില്‍പിന്നെ അടിയന്തരമായി അത്തരം ഗൂഢശ്രമങ്ങളെ മുളയിലെ നുള്ളണമെന്നും അതിനായി അവരെ ശാശ്വതമായി ബ്ലോഗില്‍ പ്രതിഷ്‌ഠിക്കാമെന്നും തീരുമാനം അറിയിച്ചത്‌. ഒരു വെടിക്കു രണ്ടുപക്ഷി എന്നതു തന്നെയാണ്‌ ഇവിടെയും സംഭവിക്കുക. തോറബോറയില്‍ അക്ഷരാര്‍ത്ഥത്തില്‍ ആളെണ്ണം കൂടുകയും പ്രവാസി പോരാളികളെ സന്തോഷിപ്പിക്കുകയും ചെയ്യാം എന്നതാണ്‌ ആ പരിഹാരം. നാളെ നാളെ നീളെ നീളെ....എന്ന മുദ്രാവാക്യത്തെ ഇനിയും നീട്ടിക്കൊണ്ടുപോവാവതല്ല എന്നു മനസ്സിലായത്‌ ഫോണിലൂടെയും ചാറ്റിങ്ങിലൂടെയുമുള്ള ചീത്തകേള്‍ക്കലിലൂടെയാണ്‌. ഒടുവില്‍ അതും സംഭവിച്ചു. പ്രവാസികള്‍ക്ക്‌ അക്ഷരാര്‍ത്ഥത്തില്‍ പ്രവേശനം നല്‍കാന്‍ കമാന്‍ഡര്‍ ഉത്തരവിട്ടു. ഒത്തുപിടിച്ചാല്‍ മലയും പോരുമെന്ന പഴയ ചൊല്ലിനെ യാഥാര്‍ഥ്യമാക്കുകയാണ്‌ പോരാളികളുടെ ലക്ഷ്യം. കൊഴിഞ്ഞുപോവലുകള്‍ ശാരീരികമായ അഭാവം മാത്രമാണെന്നും മനസ്സില്‍ എന്നും സ്‌നേഹം തുളുമ്പുന്ന വികാരങ്ങള്‍ കാത്തുസൂക്ഷിക്കുകയും അതു പ്രകടിപ്പിക്കുകയും ചെയ്യുന്ന തോറബോറയുടെ പോരാളികള്‍ക്ക്‌ ഒരിക്കലും സഹപോരാളികളുടെ ഹൃദയത്തില്‍ നിന്ന്‌ അടരുവാന്‍ സാധ്യമല്ല എന്നുറക്കെ ഇവിടെ എഴുതിക്കൊണ്ടു തോറബോറയിലേക്ക്‌ പ്രവേശനം നല്‍കുന്നവരുടെ പേരുകള്‍ വെളിപ്പെടുത്തുന്നു. ഇതില്‍ മൂന്നാമന്‍ തോറബോറയില്‍ തിരിച്ചെത്തി കഴിഞ്ഞു.
1. നിസാമുദ്ദീന്‍

5 അടി 3 ഇഞ്ച്‌. അത്ര ചെറുതല്ലെങ്കിലും വലിയ പോരാളികളുടെ ഇടയില്‍ കരടായേ തോന്നു.(അങ്ങനെയേ അംഗീകരിച്ചിട്ടുള്ളൂ. വലിപ്പത്തില്‍ കുരുടാണെങ്കിലും ശബ്ദത്തിന്റെ ബാസ്സുകൊണ്ട്‌ വലിയൊരു ഡ്രം തന്നെയാണ്‌. പിന്നെ മനോഹരമായി പാട്ടുപാടും എന്നത്‌ പറയാതിരിക്കാനാവാത്ത സത്യവും. ഇടുക്കി തൂക്കുപാലം പുഷ്‌പക്കണ്ടമെന്ന ആനാകേറാമല സ്വദേശി. പറയേണ്ടതില്ലല്ലോ..ബാച്ച്‌ലറാണ്‌.
2. സുധീര്‍


മാന്യപ്രേക്ഷകര്‍ക്ക്‌ തോറബോറയിലേക്കു സ്വാഗതം. കണ്ണാടിയിലെ ഗോപകുമാറിന്റെ സ്വരത്തില്‍ നിങ്ങളെ അഭിസംബോധന ചെയ്യുന്നത്‌ മറ്റാരുമല്ല തോറബോറയുടെ പ്രവാസിശബ്ദാനുകരണ പോരാളി . ഇതു കേള്‍ക്കുമ്പോള്‍ സുധീറിനെന്താ കൊമ്പുണ്ടോ എന്ന ചോദ്യമാവും നിങ്ങള്‍ക്കു തോന്നുക...എന്നാല്‍ അതല്ല അതിനുമപ്പുറവുമാണ്‌. പഞ്ചാര എന്ന സാക്ഷാല്‍ പഞ്ചസാരയുടെ പര്യായം മാത്രമാണീ പ്രവാസി. പത്തനംതിട്ട സ്വദേശി. ബാച്ച്‌ലര്‍
3. അറഫാത്ത്‌

ആനമെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടാം എന്ന മറ്റൊരു പഴമൊഴിയുടെ ജീവിക്കുന്ന സാക്ഷ്യം. മൂക്കുമുട്ടെ തിന്നുമദിച്ചു നടക്കുന്ന സമയത്ത്‌ അപ്രതീക്ഷിതമായി പാലക്കാട്ടേക്കു കിട്ടിയ ട്രാന്‍സ്‌ഫര്‍ ആളെ അടിമുടി മാറ്റി. പോയി ഒരുമാസത്തിനു ശേഷം യുദ്ധക്കളത്തിലെത്തിയ(ഓഫിസ്‌) ഈ മെലിഞ്ഞ പോരാളിയെ സ്വയം പരിചയപ്പെടുത്താതെ ആരും തിരിച്ചറിഞ്ഞില്ലെന്നു പറഞ്ഞാല്‍ അത്‌ നിങ്ങള്‍ക്ക്‌ ഊഹിക്കാവുന്നതാണ്‌. ഈ ആകാരവടിവേ ഉള്ളൂ. ശുദ്ധനാണ്‌(അറിഞ്ഞിടത്തോളം). വയനാടിന്റെ സ്വന്തം സന്തതി. ബാച്ച്‌ലറാണ്‌.

Thursday, September 4, 2008

ഒരു കുരങ്ങ്‌ സുന്ദരിയുടെ കണ്ണാടിനോട്ടം

നാമെപ്പെഴും കുറ്റം പറയുന്നതാണ്‌ സ്‌ത്രീകളുടെ അമിത ഒരുക്കത്തെപ്പറ്റി. എന്നാല്‍ മനുഷ്യവര്‍ഗത്തിനു മാത്രമല്ല, മൃഗങ്ങളില്‍ വരെ പെണ്ണുങ്ങള്‍ തന്റെ സൗന്ദര്യത്തെക്കുറിച്ച്‌ ഏറെ ബോധവതിയാണ്‌. നോക്കൂ..ഈ കുരങ്ങുസുന്ദരിയെ.



കോതമംഗലം: വീടുകളില്‍ നിന്നും കണ്ണാടി മോഷ്ടിക്കുന്ന കുരങ്ങ്‌ നാട്ടുകാര്‍ക്ക്‌ കൗതുകവും ഭീഷണിയുമാകുന്നു. വനമേഖലക്കടുത്ത വടാട്ടുപ്പാറ ചക്കിമേട്ടിലാണ്‌ സംഭവം. വീടുകളിലെ കണ്ണാടികള്‍ മോഷ്ടിക്കുന്നതില്‍ പ്രത്യേക താല്‍പര്യം കാണിക്കുന്ന പെണ്‍കുരങ്ങ്‌ ചക്കിമേട്‌ തവരക്കാട്ട്‌ മത്തായിയുടെ തെങ്ങില്‍ മുകളിലാണ്‌ ഒരാഴ്‌ചയായി താമസം. വനത്തില്‍ നിന്നും വന്നെത്തിയ ഇവളുടെ പ്രധാന വിനോദം സ്വന്തം മുഖവും ശരീരവും കണ്ണാടിയില്‍ കണ്ട്‌ ആസ്വദിക്കലാണ്‌. കാഴ്‌ചയില്‍ പൂര്‍ണ ഗര്‍ഭിണിയെന്ന്‌ തോന്നിക്കുന്ന ഈ കുരങ്ങ്‌ പരിസരത്തെ കണ്ണാടികള്‍ മാത്രമല്ല, ഭക്ഷണ സാധനങ്ങളും അടിച്ചുമാറ്റാന്‍ വിരുതുള്ളവളാണ്‌. മോഷണം ഭയന്ന്‌ പരിസരവാസികള്‍ വീട്‌പൂട്ടി സൂക്ഷിച്ചെങ്കിലും ഓടിളക്കി അകത്ത്‌ കടക്കുന്ന ഇവള്‍ മോഷണം തുടര്‍ന്നുവരികയാണ്‌. പരിസരത്തുള്ളവര്‍ ആഹാരം നല്‍കിയാലും പറ്റുമെങ്കില്‍ വീടിനുള്ളില്‍ കയറി മോഷ്ടിക്കുകയും ചെയ്യും. മിക്കവാറും എല്ലാ വീടുകളിലെയും കണ്ണാടി ഇവള്‍ അപഹരിച്ചുകഴിഞ്ഞു. ഇടവേളകളിലും രാവിലെയും കണ്ണാടി നോക്കി സൗന്ദര്യം ആസ്വദിക്കുന്ന ഇവളുടെ പ്രവൃത്തികള്‍ കണ്ട്‌ ആഹ്‌്‌ളാദിക്കുന്നവര്‍ക്കു പോലും ഈ സുന്ദരി എപ്പോഴാണ്‌ അക്രമകാരിയാവുകയെന്ന പേടി ഇല്ലാതില്ല.

തേജസ്‌ 05-09-08

Sunday, August 31, 2008

മൂരാളികളുടെ ട്രെയിന്‍യാത്രയും ടിക്കറ്റ്‌ എക്‌സാമിനറും



സ്വാതന്ത്ര്യദിനത്തിന്‌ അനുവദിച്ചു കിട്ടിയ അവധി ആഘോഷിക്കാനാണ്‌ പിലാത്തറയും തങ്ങളും കാസിമിയുമൊക്കെ കൊച്ചിക്കു വച്ചുപിടിച്ചത്‌. നീണ്ട ഒരു പകല്‍ കൊച്ചിയില്‍ കറങ്ങിത്തിരിഞ്ഞൊടുവില്‍ കൊച്ചി കണ്ടവനച്ചി വേണ്ടെന്ന ചൊല്ലൊക്കെ അനുസ്‌മരിച്ച്‌ ഒരു രാത്രിയവിടെ ഉറങ്ങി (ഉറങ്ങുകയല്ല, കൊതുകിനെ കൊല്ലാന്‍ പാഴ്‌വേല നടത്തുകയായിരുന്നെന്നാണ്‌ ചാരന്മാര്‍ അറിയിച്ചത്‌.) കുച്ചിപ്പുടി പഠിച്ചിരുന്നെങ്കില്‍ മൂരാളികള്‍(മൂന്നുപോരാളികള്‍)ക്ക്‌ കൊതുകുപടയ്‌ക്കെതിരേ യുദ്ധംനയിക്കാമായിരുന്നെന്നാണ്‌ അറിവ്‌. ഏതായാലും ആദ്യമായി കൊച്ചികണ്ട സന്തോഷത്തിലായിരുന്നു പിലാത്തറ. പിലാത്തറയെന്ന കുഗ്രാത്തില്‍ നിന്ന്‌ അപൂര്‍വമായി മാത്രം പുറംലോകം കാണുന്നവര്‍ക്ക്‌ എന്തു കൊതുക്‌!.
ഒരു രാത്രിയുടെ ആഘോഷത്തെ ബാക്കിയാക്കി പിറ്റേന്ന്‌ രാവിലെയോടെ കോഴിക്കോടിനു തിരിക്കാനുള്ള ശ്രമത്തിലായി മൂന്നുയോദ്ധാക്കളും. പിലാത്തറ ഒരു ജാഡയ്‌ക്കു ഇട്ടുക്കൊണ്ടുവന്ന വെള്ളഷര്‍ട്ടാവട്ടെ ഒന്നാംക്ലാസ്സുകാരന്‍ സ്‌കൂളില്‍ പോയിട്ട്‌ തിരിച്ചുവരുമ്പോള്‍ ധരിച്ചിരിക്കുന്ന യൂനിഫോമിന്റെ അവസ്ഥയിലായി. മാറിധരിക്കാന്‍ ഒന്നും കൊണ്ടുവരാത്തത്‌ രാവിലെ പോവാമെന്നു കരുതിയിരുന്നതിനാലാണ്‌. എന്നാല്‍ ഉറക്കത്തെ തടഞ്ഞുനിര്‍ത്താനാവാത്തതിന്‌ ആരെയാണു കുറ്റംപറയുക. 10 മണിക്കുശേഷമാണ്‌ പോരാളികള്‍ ഉറക്കത്തെ ഉപേക്ഷിക്കാന്‍ മനസ്സുകാട്ടിയത്‌. അതിവേഗം തയ്യാറായി റൂം കാലിയാക്കി(തെറ്റിദ്ധരിക്കരുത്‌-പോരാളികള്‍ ഒന്നും അടിച്ചുമാറ്റിയിട്ടില്ല. റൂം ഒഴിവാക്കി എന്നാണ്‌ പറഞ്ഞത്‌.) പുറത്തിറങ്ങി. എറണാകുളം സ്റ്റേഷനില്‍ നിന്നു കയറേണ്ട ആലുവയില്‍ എത്തിയാല്‍ തിരക്കുണ്ടാവില്ല സീറ്റു കിട്ടുമെന്ന 'ബുദ്ധി' ആദ്യം പുറത്തെടുത്തത്‌ ഖാസിമിയായിരുന്നു. ഒന്നും തിരിയാത്ത പിലാത്തറയും തങ്ങളും യെസ്സാര്‍ മറുപടിയും വച്ചു. അങ്ങിനെ 11 മണിയോടെ മൂരാളികള്‍ ആലുവയിലെത്തി.
കൂട്ടത്തില്‍ കുഞ്ഞനായ തങ്ങളെ ടിക്കറ്റെടുക്കാന്‍ വിട്ട്‌ 'രംഗം' വീക്ഷിക്കുകയായിരുന്നു സീനിയര്‍ പോരാളികളുടെ അടുത്ത ജോലി. ക്യൂവില്‍ ശ്വാസം വിടാനാവാതെ നിന്ന്‌ ഒടുവില്‍ ഒരു ജേതാവിനെപ്പോലെ തങ്ങളെത്തി. ഹോ....ഒരു ദീര്‍ഘനിശ്വാസത്തിനു ശേഷം തങ്ങള്‍ വാചാലനായി. ടിക്കറ്റ്‌ കിട്ടി...കുറച്ചുനേരം ക്യൂ നിന്നെങ്കിലെന്താ സാധനം കിട്ടിയില്ലേ..അല്‍പ്പം അഹങ്കാരത്തോടെ ശിരസ്സുയര്‍ത്തി തങ്ങള്‍ നിന്നു. എപ്പോഴാ ട്രെയിന്‍? പിലാത്തറക്ക്‌ ആകാംക്ഷ അടക്കാനാവുന്നില്ല. രണ്ടേമുക്കാലിനാണ്‌ അടുത്ത ട്രെയിന്‍. സീനിയര്‍ പോരാളികളുടെ കണ്ണു രണ്ടും അല്ല നാലും പുറത്തേക്കു തള്ളി. പിന്നെന്തിനാണ്‌ നീ ടിക്കറ്റെടുത്തത്‌? ഖാസിമിയുടെ സ്വരം പരുക്കനായി. തങ്ങളുടെ മറുപടിയും പെട്ടെന്നു വന്നു. ടിക്കറ്റെടുക്കാനാണ്‌ എന്നോടു പറഞ്ഞത്‌. അതു ഞാന്‍ ചെയ്‌തു. ഹില്ലാ.. യെവനോടു പറഞ്ഞിട്ടു കാര്യമില്ല. പിലാത്തറ തന്റെ നിരാശ വ്യക്തമാക്കി.
ഏതായാലും നനഞ്ഞു ഇനി കുളിക്കുക തന്നെ പോരാളികള്‍ തീരുമാനിച്ചു. കൈയിലുള്ള പണം തീരാറായതു കൊണ്ടാണ്‌ തീരുമാനത്തെ അംഗീകരിച്ചതെന്ന്‌ ആര്‍ക്കാണറിയാന്‍ പാടില്ലാത്തത്‌. നാലുമണിക്കൂറാണ്‌ ഒറ്റക്കാലിലും രണ്ടുകാലിലും കുത്തിയിരുന്നുമൊക്കെ കാത്തിരിക്കേണ്ടത്‌. തരുണീമണികളെ കാണാമെന്നു വച്ചാല്‍ ആട്‌ കിടന്നിടത്ത്‌ പൂട പോലുമില്ലെന്ന അവസ്ഥയാണ്‌. അങ്ങനെ കാത്തുകാത്തിരുന്ന ട്രെയിന്‍ എത്തി. ഖാസിമിയുടെ വാക്കുകളെ 'അന്വര്‍ഥമാക്കി' ട്രെയിനില്‍ സൂചികുത്താന്‍ കൂടി ഇടമില്ല. വീണ്ടുമുണര്‍ന്നു ഖാസിമിയുടെ കുബുദ്ധി. സ്ലീപ്പര്‍ കോച്ചില്‍ കയറിക്കളയാം. ടി.ടി.ആര്‍ വരികയാണെങ്കില്‍ ലോക്കലില്‍ സ്ഥലമില്ല, ബാക്കി പണം തരാം എന്നു പറഞ്ഞാല്‍ മതിയല്ലോ എന്ന നിര്‍ദോഷമായ പരിഹാരമായിരുന്നു ആ തലയില്‍ വിരിഞ്ഞത്‌. അങ്ങിനെതന്നെ, അങ്ങിനെതന്നെ ബാക്കി രണ്ടുപേരും ഖാസിമിയുടെ തീരുമാനത്തെ പിന്താങ്ങി.
സ്ലീപ്പറില്‍ കയറിക്കൂടിയ മൂരാളികള്‍ ചാഞ്ചാടിയാടി ഉറങ്ങു നീ, ചരിഞ്ഞാടിയാടി ഉറങ്ങൂ നീ..എന്ന അദ്‌നാന്‍ സമിയുടെ അടിപൊളി ഗാനമൊക്കെ മൂളിയാണ്‌ സുഖയാത്ര തുടങ്ങിയത്‌. യാത്ര ഒരു മണിക്കൂര്‍ പൂര്‍ത്തിയായില്ല, ദാണ്ടെ നില്‍ക്കുന്നു സാക്ഷാല്‍ ടി.ടി.ആര്‍ മുന്നില്‍. പിന്നെയുമുണര്‍ന്നു കുബുദ്ധി. നേരെ അങ്ങോട്ടു ചെന്നാവശ്യപ്പെട്ടു...സര്‍...ഞങ്ങള്‍ക്കു ഇവിടെ സീറ്റ്‌ തരണം.ബാക്കി പണം തരാം. ചെകുത്താനും കടലിനുമിടയിലായി അവസ്ഥയിലായി ആ പാവം. റിസര്‍വ്‌ ചെയ്‌തവരുണ്ടാവാം..അതിനാല്‍ ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്ന മറുപടിയും പറഞ്ഞ്‌ ടി.ടി.ആര്‍ അടുത്ത ബോഗിയിലേക്കു യാത്ര തുടങ്ങി. വൈദ്യന്‍ കല്‍പ്പിച്ചതും രോഗി ഇച്ഛിച്ചതും പാലുതന്നെ..ഇത്തവണ തലയുയര്‍ന്നത്‌ ഖാസിമിയുടേതാണ്‌. മറ്റുരണ്ടുപേരും സ്‌പ്രിങ്‌പോലുള്ള മുടി വളര്‍ന്നു നില്‍ക്കുന്ന (പിരിഞ്ഞുനില്‍ക്കുന്ന) ഖാസിമിയുടെ തലയിലേക്ക്‌ അസൂയയോടെ നോക്കി. യാത്ര അധികം നീണ്ടില്ല. അതാ വരുന്നു പഴയ ടി.ടി.ആര്‍ വീണ്ടും. അങ്ങോട്ടാക്രമിക്കുക തന്നെ ബുദ്ധി. ആവശ്യം വീണ്ടുമുന്നയിച്ചു. മൂന്നുടിക്കറ്റ്‌ തരണം. മറുപടിയും പഴയ പടി. നോക്കട്ടെ പറയാം. മൂരാളികള്‍ക്കു സന്തോഷം അടക്കാനാവുന്നില്ല. ബോഗിയിലെ മറ്റുയാത്രക്കാള്‍ മൂരാളികളുടെ സത്യസന്ധതയും സംസാരവുമൊക്കെ വീക്ഷിച്ചിരിക്കുകയാണ്‌.
എന്താ ഇപ്പോഴെത്തെ ചെറുപ്പക്കാര്‍. നാളെയുടെ പൗരന്മാരെന്ന്‌ മറ്റുള്ളവര്‍ക്കു മാതൃകയായി ചൂണ്ടിക്കാട്ടാന്‍ പറ്റുന്ന മൂന്നു മുതുക്കന്‍മാരല്ലെ ജീവനോടെ അവര്‍ക്കു മുമ്പില്‍ പ്രത്യക്ഷരായിരിക്കുന്നത്‌. ഇതില്‍പ്പരം മറ്റെന്തു പുണ്യമാണ്‌ അവര്‍ക്കീ ജീവിതത്തില്‍ ലഭിക്കുക.
എന്നാല്‍ മൂരാളികളുടെ വിധി മറ്റൊന്നായിരുന്നു. അപ്രതീക്ഷിതമായാണ്‌ ബോഗിയില്‍ സ്‌ക്വാഡ്‌ കയറിയത്‌. യാത്രക്കാരുടെ ടിക്കറ്റുകള്‍ പരിശോധിച്ചുവരികയാണ്‌ സംഘം. ദാ അവരിപ്പോഴെത്തും..പിലാത്തറ സ്‌ക്വാഡിനെ നോക്കി പോരാളികളോടു പറഞ്ഞു. മറുപടിയില്ലാത്തതിനാല്‍ തിരിഞ്ഞുനോക്കിയ പിലാത്തറയുടെ കണ്ണൊരിക്കല്‍ കൂടി പുറത്തേക്കു തള്ളി. തൊണ്ടയില്‍ ഉമിനീരു വറ്റി. രണ്ടുപോരാളികളെയും കാണാനില്ല. മുന്നില്‍ സ്‌ക്വാഡ്‌. പിന്നില്‍ ശൂന്യമായ ഇടനാഴി. എന്താ ചെയ്യുക പരിശോധകന്റെ നീട്ടിയ കൈയിലേക്ക്‌ നിസ്സഹായതോടെ നോക്കി നില്‍ക്കുക മാത്രമാണ്‌ പിലാത്തറ ചെയ്‌തത്‌. മ്‌? ചോദ്യം എങ്ങനെയാണ്‌ കേട്ടില്ലെന്നു നടിക്കുക. പിന്നെ സാവകാശം മൊഴിഞ്ഞു. സര്‍..ടിക്കറ്റ്‌ എന്റെ കൈയിലില്ല. പിന്നെന്തിനാണ്‌ ട്രെയിനില്‍ കയറിയത്‌. അതും സ്ലീപ്പര്‍ കോച്ചില്‍...! പരിശോധകന്‍ തകര്‍ക്കുകയാണ്‌. പിലാത്തറ ആദ്യമായി ഖാസിമിയുടെ അര്‍ഥശൂന്യത ഓര്‍ത്തു ദുഃഖിച്ചു.
ടിക്കറ്റ്‌ കൂട്ടുകാരുടെ കൈയിലാണ്‌, അവര്‍ അടുത്ത ബോഗിയിലാണ്‌ പിലാത്തറ എങ്ങനെയോ പറഞ്ഞൊപ്പിച്ചു. എങ്കില്‍ വിളിക്കവരെ..ഉത്തരവ്‌ വന്നു. പിലാത്തറയുടെ കോള്‍ എത്തിയതിനെത്തുടര്‍ന്ന്‌ തങ്ങളും ഖാസിമിയും ബോഗിയില്‍ ഒപ്പു വച്ചു. സര്‍......വിളിക്കു നീളവും കനവും കൂടി. ടിക്കറ്റ്‌ എടുത്തു ഉദ്യോസ്ഥന്‍ നീട്ടിയ കൈയില്‍ വച്ചുകൊടുത്തു. ഉദ്യോഗസ്ഥന്റെ നെറ്റി ചുളിഞ്ഞു. നിങ്ങളെങ്ങിനെയാണ്‌ സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്യുക? അതല്ല സര്‍...ഞങ്ങള്‍ ബാക്കി പണം നല്‍കാമെന്ന്‌ ടി.ടി.ആറിനോടു പറഞ്ഞിരുന്നു...അദ്ദേഹം വിവരം അറിയിക്കാമെന്നു ഞങ്ങളോടു സമ്മതിക്കുകയും ചെയ്‌തതാണ്‌. മൂവരും ഒരേ സ്വരത്തില്‍ മറുപടി പറയുകയാണ്‌. ഉദ്യോഗസ്ഥന്‍ വിശ്വസിക്കുന്ന മട്ടില്ല. മൂരാളികള്‍ സഹയാത്രികരെ ദയനീയതയോടെ നോക്കി. ഇല്ല..അവര്‍ മൂരാളികളെ മൈന്‍ഡ്‌ ചെയ്യുന്നതേ ഇല്ല. സര്‍ ഇവരോടു ചോദിക്കൂ..ഇവര്‍ കേട്ടതാണ്‌ ടി.ടി.ആര്‍ ഞങ്ങളോടു പറയുന്നത്‌. മൂരാളികള്‍ താണുതാണ്‌ പാതാളത്തോളമെത്തി. ഒരു സഹയാത്രിക മുരടനക്കി. അവര്‍ ചോദിച്ചതാണ്‌..ഉദ്യോഗസ്ഥന്‌ സംശയമൊഴിഞ്ഞ മട്ടില്ല. എങ്കിലും പറഞ്ഞു..ങ്‌ഹും അടുത്ത സ്റ്റേഷനില്‍ ഇറങ്ങി ബോഗി മാറിക്കോണം.....ഹോ..മൂരാളികള്‍ക്കു ശ്വാസം നേരെ വീണു.
ഉദ്യോഗസ്ഥന്‍ പോയപ്പോള്‍ ഖാസിമി ഒളിങ്കണ്ണിട്ട്‌ യോദ്ധാക്കളെ നോക്കി. രണ്ടും പേരും നോക്കി ദഹിപ്പിക്കുന്നു. ഖാസിമി നോട്ടം മാറ്റി. മൗനമായിരുന്നു കുറേ സമയത്തേക്ക്‌ മൂരാളികള്‍ക്കു കൂട്ട്‌. അടുത്ത സ്‌റ്റേഷനില്‍ ഇറങ്ങി ബോഗി മാറിക്കയറിയതിനു ശേഷം ഖാസിമിയും തങ്ങളും പിലാത്തറയോടു ചോദിച്ചു നീയെന്താ ഓര്‍ക്കുന്നത്‌? പിലാത്തറ പറഞ്ഞു. എല്‍.പി സ്‌കൂളില്‍ പഠിച്ച സുഹൃത്തുക്കളുടെയും കരടിയുടെയും കഥ ഓര്‍ക്കുകയാണ്‌ ഞാന്‍.(കരടിയുടെ മുന്നില്‍ പെട്ട ആത്മാര്‍ത്ഥ സുഹൃത്തുക്കളിലൊരാള്‍ മരത്തില്‍ കയറുകയും അപരന്‍ ചത്തതുപോലെ നിലത്തു കിടക്കുകയും ചെയ്‌ത കഥയാണത്‌.) കരടി നിലത്തുകിടന്നയാളെ മണത്തിട്ട്‌ പോയശേഷം മരത്തില്‍ നിന്നിറങ്ങിയ സുഹൃത്ത്‌ കരടിയെന്താണ്‌ നിന്റെ ചെവിയില്‍ പറഞ്ഞതെന്ന ചോദിച്ച ആ കഥ ഞാനറിയാതെ ഓര്‍ത്തുപോയി..പിലാത്തറയുടെ മറുപടി കേട്ട പോരാളികളുടെ തൊണ്ടയടഞ്ഞു. കോഴിക്കോടെത്തുന്നതു വരെ അവര്‍ ശബ്ദിച്ചതേയില്ല..അല്ല എങ്ങനെയാണ്‌ അവര്‍ ശബ്ദിക്കുക.

Thursday, August 28, 2008

കമാന്‍ഡറിനെതിരേ ജൈവായുധപ്രയോഗം




അച്ചടക്കലംഘനം നടത്തിയതിന്‌ യഹ്യയുടെ താല്‍ക്കാലിക അംഗത്വം റദ്ദാക്കാന്‍ ചീഫ്‌ കമാന്‍ഡര്‍ തീരുമാനം എടുക്കുകയും അതറിയിച്ചു കൊണ്ടു കത്തു നല്‍കുകയും ചെയ്‌തപ്പോള്‍ ആ മുന്‍പോരാളി ഭീഷണി മുഴക്കിയെങ്കിലും പോരാളികള്‍ അതു കാര്യമാക്കിയിരുന്നില്ല. എന്നാല്‍ രണ്ടാം പക്കം തന്നെ കളി കാര്യമായി. കമാന്‍ഡര്‍ ഉണര്‍ന്നെണീക്കുമ്പോള്‍ വലതുകണ്‍തടം തടിച്ചു ചുവപ്പണിഞ്ഞിരിക്കുന്നു. പിടലിയുടെ പിറകിലും ഇതു തന്നെ അവസ്ഥ. രാവിലെ അത്ര ഗുരുതരമല്ലെങ്കിലും വൈകീട്ടോടെ കണ്ണുതുറക്കാന്‍ കൂടി പറ്റാത്ത അവസ്ഥയായി. കാരണം അന്വേഷിച്ച്‌ അധികം ചുറ്റിത്തിരിയേണ്ടിവന്നില്ല. ഷെര്‍ലക്‌ ഹോംസിന്റെ ബുദ്ധിപാടവവും ജെയിംസ്‌ ബോണ്ടിന്റെ കരുത്തും സംയോജിച്ച കമാന്‍ഡറിന്റെയും പോരാളികളുടെയും ആദ്യഘട്ട അന്വേഷണത്തില്‍ തന്നെ കള്ളി വെളിച്ചത്തായി. തലേന്ന്‌ രാത്രി സ്‌നേഹം കൂടി മുന്‍പോരാളിയും പുതിയ കൂട്ടാളിയും നവതോറബോറയില്‍ പ്രവേശിച്ചിരുന്നു. ചില പോരാളികള്‍ റെഡ്‌സ്‌ട്രീറ്റില്‍ ചേരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായുള്ള കടുത്ത നുണയും കുതന്ത്രവുമാണ്‌ മുന്‍പോരാളി അപ്പോള്‍ പ്രയോഗിച്ചത്‌. ഭിന്നിപ്പിച്ച്‌ ഭരിക്കുക എന്ന വൈദേശിക ശക്തികളുടെ തന്ത്രം കടമെടുക്കാനായിരുന്നു വിദ്വാന്റെ ശ്രമം. എന്നാല്‍ മുന്‍പോരാളി മനസ്സില്‍ കണ്ടപ്പോള്‍ കമാന്‍ഡറത്‌ മാനത്ത്‌ കണ്ടു. വിദ്യ മനസ്സിലിരിക്കട്ടെ പോരാളികളെന്നും ഒറ്റക്കെട്ടാണെന്നും ആ കഞ്ഞിക്കു വെച്ച വെള്ളം അടുപ്പത്തു നിന്നു വാങ്ങിവയ്‌ക്കാനും കമാന്‍ഡര്‍ തുറന്നടിച്ചു. വല്ലാത്ത നിരാശയിലായിരുന്നു മുന്‍പോരാളി അന്നു തിരിച്ചുപോയത്‌. എന്നാല്‍ രാവിലെ ബോധ്യമായി മുന്‍പോരാളി കമാന്‍ഡറെയും പോരാളികളെയും നശിപ്പിക്കാന്‍ ജൈവായുധം പ്രയോഗിക്കാനാണ്‌ തോറബോറയില്‍ എത്തിയതെന്ന്‌. കമാന്‍ഡറുടെ മനോധൈര്യം സമ്മതിക്കേണ്ടതു തന്നെ. എത്ര ശക്തിയേറിയ മരുന്നാണ്‌ മുന്‍ പോരാളി പ്രയോഗിച്ചത്‌. എന്നിട്ടും കണ്ടില്ലേ നല്ല പയറുമണി പോലെ ഓടിച്ചാടി നടക്കുന്നത്‌. ഉച്ചയ്‌ക്ക്‌ യുദ്ധക്കളത്തില്‍ (ഓഫിസില്‍) എത്തിയപ്പോള്‍ മുന്‍പോരാളി ആശ്ചര്യത്തോടെ ചോദിക്കുകയും ചെയ്‌തു എന്തുപറ്റി കണ്ണിനെന്ന്‌. വീണുപോവുമെന്ന്‌ കരുതിയിട്ടും പോരാടാനെത്തിയപ്പോളുണ്ടായ അദ്‌ഭുതമായിരുന്ന ആ സ്വരത്തില്‍ നിഴലിച്ചതെന്ന്‌ കമാന്‍ഡര്‍ പിന്നീട്‌ പോരാളികളോടു വ്യക്തമാക്കി. പോരാളികളുടെ കൈയില്‍ മൃതസഞ്‌ജീവനി ഉണ്ടെന്ന്‌ ആ പാവം അറിയാത്തതില്‍ തോറബോറ ആദരാഞ്‌ജലികള്‍ അര്‍പ്പിക്കുന്നു.
മുന്‍പോരാളി റെഡ്‌സ്‌ട്രീറ്റ്‌ രൂപികരിച്ച്‌ തോറബോറയെയും പോരാളികളെയും തകര്‍ക്കുമെന്നാണ്‌ കത്തുകൈപ്പറ്റിയ ശേഷം ഭീഷണി മുഴക്കിയിരുന്നത്‌. തോറബോറയുടെ പ്രശസ്‌തിയിലും പോരാളികളുടെ ഐക്യത്തിലും കരുത്തിലും മുഴുത്ത അസൂയ പുലര്‍ത്തിയിരുന്ന ആ വിദ്വാന്‍ ഗ്രാഫിക്‌ പോരാളിയുടെ കൂട്ടുപിടിച്ച്‌ റെഡ്‌സ്‌ട്രീറ്റ്‌ രൂപികരിക്കുമെന്നായിരുന്നു ആ പ്രഖ്യാപനം. ചിരഞ്‌ജീവിയുടെ പ്രജാരാജ്യം നിലവില്‍ വന്നതിന്റെ ഊറ്റത്തിലായിരുന്നു ആ പ്രഖ്യാപനം. പക്ഷേ പോരാളികള്‍ കരുതിയിരുന്നതിലും അധികമായിരുന്നു മുന്‍പോരാളിക്ക്‌ തോറബോറയോടുണ്ടായിരുന്ന ശത്രുത. മൊസാദിന്റെ പണവും ആയുധവും കൈക്കലാക്കിയ ശേഷമാണ്‌ തോറബോറയ്‌ക്കെതിരേ പ്രവര്‍ത്തിക്കുകയും പത്തിനകല്‍പ്പനകള്‍ പരസ്യമായി ലംഘിക്കാന്‍ ധൈര്യം കാണിക്കുകയും ചെയ്‌തെന്ന്‌ പകല്‍പ്പോലെ ഇപ്പോള്‍ വ്യക്തമാവുന്നു. ഊതിയാല്‍ തെറിക്കുന്ന ഒന്നുരണ്ടുപേരുടെ കൂട്ടുപിടിച്ച്‌ യുദ്ധസന്നാഹമൊരുക്കുകയാണാ പാവം. ഗ്രാഫിക്‌ റെഡ്‌സ്‌ട്രീറ്റുകാരന്‍ തോറബോറയ്‌ക്കെതിരേ നിഴല്‍യുദ്ധമാണ്‌ ചെയ്യുന്നത്‌. അതിനു വേണ്ടി യുദ്ധക്കളത്തില്‍ വിതരണം ചെയ്‌ത ചിത്രങ്ങളിലൊന്നു നോക്കൂ



പൊട്ടിപ്പാളീസായ സ്റ്റൈല്‍ മന്നന്‍ രജനിയുടെ ചിത്രങ്ങളായ ബാബയുടെയും കുചേലന്റെയും ഗതിതന്നെയാവും റെഡ്‌സ്‌ട്രീറ്റിനെന്നും പ്രവചിച്ചുകൊണ്ട്‌ തോറബോറ പോരാളികള്‍.

ഒപ്പ്‌.

Tuesday, August 26, 2008

ബൂലോഗരേ..... നവ തോറബോറയിലേക്കു നിങ്ങള്‍ക്കു സ്വാഗതം




കരുതിക്കൂട്ടിയുള്ളതായിരുന്നു ആഗസ്‌ത്‌ 15ന്‌ നാട്ടിലേക്കുള്ള യാത്ര. എന്നാല്‍ അപ്രതീക്ഷിതമായിരുന്നു തോറബോറയില്‍ നിന്നുള്ള കൂടിയൊഴിപ്പിക്കല്‍.10 ദിവസത്തെ അവധിക്കു നാട്ടിലെത്തി വിശ്രമ ജീവിതം നയിച്ചു വരവെയാണ്‌ പിലാത്തറയുടെ ഫോണ്‍കോള്‍. തോറബോറയില്‍ നിന്ന്‌ പോരാളികളെ കുടിയൊഴുപ്പിച്ചു എന്ന സന്ദേശമായിരുന്നു അത്‌. രാവിലെ മുതല്‍ പറമ്പില്‍ പണിയായിരുന്നതിനാല്‍ കോഴിക്കോടു നിന്ന്‌ വന്ന കോളുകളൊന്നും എടുത്തിരുന്നില്ല. കമാന്‍ഡറും പിലാത്തറയുമൊക്കെ വിളിച്ചു മടുത്തിരിക്കുമ്പോളാണ്‌ മിസ്‌ഡ്‌ കോള്‍ കണ്ടു ഞാന്‍ തിരിച്ചുവിളിക്കുന്നത്‌. സംഭവം അതീവഗുരുതരമാണെന്ന്‌ സംസാരത്തില്‍ നിന്ന്‌ ബോധ്യമായി.മൂട്ടകള്‍ സ്‌കൂള്‍ അസംബ്ലിയില്‍ അണിനിരന്ന പോലെ ഇരിക്കുന്ന ബെഡ്ഡുകളും തോറബോറയില്‍ തോരണം ചാര്‍ത്തിയിരുന്ന വസ്‌ത്രങ്ങളുമൊക്കെ കെട്ടിപ്പൊതിഞ്ഞ്‌ അഭയാര്‍ഥികളെപ്പോലെ പോരാളികള്‍ പടിക്കു പുറത്ത്‌. അല്ല തോറബോറയ്‌ക്കു പുറത്ത്‌. കമാന്‍ഡര്‍ സൂചിപ്പിച്ചതു പോലെ പാരച്യൂട്ടിലിറങ്ങുന്നതുപോലെ നാലാംനിലയില്‍ നിന്ന്‌ മൂട്ടകള്‍ ബെഡ്ഡിനൊപ്പം നിലത്തിറങ്ങി. ബാക്കിവരുന്ന ബാഗുകള്‍ തുണികള്‍ തുടങ്ങിയവയുമായി കമാന്‍ഡറിന്റെ നേതൃത്വത്തില്‍ പോരാളികള്‍ ലോഡിങ്‌ & അണ്‍ലോഡിങ്‌ ആരംഭിച്ചു. അവയില്‍ ചില ചിത്രങ്ങളിതാ....





മഴയില്‍ ഷവര്‍ബാത്തുനടത്താന്‍ സൗകര്യമുണ്ടായിരുന്ന തോറബോറയില്‍ നിന്ന്‌ കൂറ്റന്‍രണ്ടുനില വീട്ടിലേക്കുള്ള മാറ്റം പോരാളികളില്‍ വേദനനിറച്ചിരുന്നു എന്നതാണു സത്യം. രണ്ടുവര്‍ഷത്തെ കൂട്ടുജീവിതത്തില്‍ നിന്ന്‌ മുറികളിലേക്കൊതുങ്ങുന്ന പരിഷ്‌കാരം അംഗീകരിക്കാന്‍ പലരിലും വൈമനസ്യമായിരുന്നു. എങ്കിലും ചെറുത്തുനില്‍പ്പുകള്‍ക്ക്‌ അവസരം കൊടുക്കാതെ പോരാളികള്‍ പടിയിറങ്ങി. ചെറുത്തുനിന്നിട്ട്‌ എന്തിനാണ്‌ കിട്ടാന്‍ പോവുന്ന സൗകര്യങ്ങള്‍ ഇല്ലാതാക്കുന്നത്‌ എന്ന കമാന്‍ഡറുടെ ബുദ്ധിയായിരുന്നു അതിനു പിന്നില്‍. കര്‍ക്കടകത്തിന്റെ ഊറ്റത്തില്‍ മുങ്ങിയ തോറബോറയുടെ അവസ്ഥയറിഞ്ഞവര്‍ പോരാളികളുടെ ചെറുത്തുനില്‍പ്പില്ലാത്ത തീരുമാനത്തെ അംഗീകരിക്കുകയേ ഉള്ളൂ. എങ്കിലും നിരവധി ആരോപണങ്ങളെ നേരിടേണ്ടി വന്നു കമാന്‍ഡര്‍ക്കും പോരാളികള്‍ക്കും. അതിനു നേതൃത്വം നല്‍കിയ തോറബോറയിലെ അംഗത്വനിരീക്ഷണത്തിലായിരുന്ന(സ്വഭാവ പരിശോധന) യഹ്യ എന്ന പോരാളിയെ തോറബോറയുടെ താല്‍ക്കാലിക അംഗമെന്ന നിലയില്‍ നിന്നു പുറത്താക്കാന്‍ തീരുമാനിക്കുകയും ചെയ്‌തു. ആ മുന്‍പോരാളി (ഇനി അങ്ങിനെയേ വിശേഷിപ്പിക്കാന്‍ പാടുള്ളു എന്നാണ്‌ കമാന്‍ഡറുടെ ഉത്തരവ്‌) ചെയ്‌ത പണിയിതാണ്‌. അതു കേട്ടിട്ട്‌ നിങ്ങളാണ്‌ പറയേണ്ടത്‌ കമാന്‍ഡറുടെ തീരുമാനം തെറ്റോ ശരിയോ എന്ന്‌. മാനേജ്‌മെന്റ്‌ിന്റെ തീരുമാനത്തിനു മുമ്പില്‍ ഒാച്ചാനിച്ചു നിന്ന കമാന്‍ഡറെയും പോരാളികളെയും സ്ഥാവരജംഗമവസ്‌തുക്കള്‍ എടുക്കാന്‍ കൂടി അനുവദിക്കാതെ തോറബോറയില്‍ നിന്നു പുറത്താക്കിയെന്നും പുതിയ ഒളിസങ്കേതം തേടിപ്പോയെന്നുമായിരുന്നു മുന്‍പോരാളിയുടെ കുപ്രചാരണം. അവിടെയും നിര്‍ത്താതെ....തോറബോറയുടെ പേരിനെ നാണംകെടുത്തുകയായിരുന്നു ആ മുന്‍പോരാളി. കമാന്‍ഡറിപ്പോള്‍ ആത്മഹത്യയെക്കുറിച്ച്‌ ചിന്തിക്കുകയാണെന്നു വരെ ഓഫിസിലും മറ്റും ഈ നീചനായ മുന്‍പോരാളി കഥകള്‍ പാടിനടന്നു. അതുംപോരാഞ്ഞ്‌ പുതിയ തോറബോറയുടെ രണ്ടാംനിലയില്‍ കയറിപ്പയറ്റിയ വിദ്വാന്‍ സ്വയം റൂമിന്റെ പേരും തീരൂമാനിച്ചു- "റെഡ്‌ സ്‌ട്രീറ്റ്‌" . എന്താ ഒരഹങ്കാരം.....! തോറബോറയുടെ അനിഷേധ്യ നേതാവിനെ ധിക്കരിച്ച്‌ കമാന്‍ഡറെയും പോരാളികളെയും കുറിച്ച്‌ അപവാദങ്ങള്‍ പ്രചരിപ്പിക്കുകയും തോറബോറയ്‌ക്കു ബദലായി റെഡ്‌സ്‌ട്രീറ്റ്‌ രൂപികരിക്കുകയും ചെയ്‌തു. എന്നാല്‍ പോരാളികളുടെ നിഘണ്ടുവില്‍ തോല്‍വി എന്ന പദം ഇല്ലയെന്ന നഗ്നസത്യം അറിയാതെപ്പോയി ആ പാവം. രണ്ടു റൂമുകളിലായി കുടിയേറിയ(നുഴഞ്ഞുകയറിയതല്ല എന്നു തന്നെ വായിക്കണം)പോരാളികള്‍ അടിപൊളി ജീവിതം തുടങ്ങിക്കഴിഞ്ഞു പുതിയ തോറബോറയില്‍. ആര്‍ക്കും തോല്‍പ്പിക്കാനാവാത്ത മനക്കരുത്തോടെ.
പിന്‍കുറിപ്പ്‌:
കുടിയിറക്കല്‍ സമയത്ത്‌ വല്ലാത്ത ധിക്കാരത്തോടെ പെരുമാറിയ മാനേജ്‌മെന്റിന്റെ 'ബുഷി'നെ ധീരതയോടെ നേരിട്ട്‌ 'ബുഷേ' നീ ഞങ്ങള്‍ക്കു വെറും ഗ്രാസ്സാണെന്നു പ്രഖ്യാപിച്ചാണ്‌ പോരാളികള്‍ വേദനയോടെ തോറബോറയുടെ പടിയിറങ്ങിയത്‌.

Saturday, August 23, 2008

ഇന്റര്നെറ്റ് ഡൌണ്ലോഡ് ചെയ്യാമോ?

 
ഇന്‍റര്‍നെറ്റില്‍ നിന്നും നമുക്കു ആവശ്യമുള്ളതൊക്കെ ഡൌണ്ലോഡ് ചെയ്യാം , പക്ഷെ ഇന്റര്‍നെറ്റ് മുഴുവനായും എങ്ങനെയാ ഡൌണ്ലോഡ് ചെയ്യുന്നേ?
 
ഇന്റര്നെറ്റ് മുഴുവനായും ഡൌണ്ലോഡ് ചെയ്യണമെന്നുണ്ടെങ്കില്‍ താഴെ കാണുന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. 'ഒരു കാര്യം പ്രത്യകം ശ്രദ്ധിക്കുക, നിങ്ങളുടെ കമ്പ്യൂട്ടറില്‍ ആവശ്യത്തിനു മെമ്മറി ഉണ്ടല്ലോ അല്ലെ ?

 


--
http://www.kazhchavattam.blogspot.com/

Tuesday, August 19, 2008

തോറബോറയ്‌ക്കൊരു ചരമഗീതം

എന്തായാലും ഇതിത്രപെട്ടെന്നാവുമെന്ന്‌ ആരും കരുതിയില്ല. മഴവെള്ളപ്പാച്ചിലില്‍ തോറബോറ ഇടിഞ്ഞുപോളിഞ്ഞ്‌ നിലംപൊത്തും മുമ്പ്‌ ഇടപെട്ടില്ലെങ്കില്‍ കളി കാര്യമാവുമെന്ന്‌ ( പല പോരാളികളുടെയും മയ്യിത്ത്‌ പള്ളിക്കാട്ടിലേക്കെടുക്കേണ്ടി വരുമെന്ന്‌ വ്യംഗ്യം) ഭീഷണി മാനേജ്‌മെന്റേമാന്‍മാര്‍ ഇത്രയ്‌ക്കങ്ങട്‌ കാര്യമാക്കുമെന്ന്‌ കരുതിയതേയില്ല. സ്വതന്ത്ര്യദിനവും നേരത്തേ മാറ്റിവച്ച അവധിയുമൊക്കെയായി പലരും നാട്ടിലായിരുന്ന സന്ദര്‍ഭത്തിലാണ്‌ ഞങ്ങളെ സന്തോഷിപ്പിക്കുകയും കരയിക്കുകയും ചെയ്‌ത സംഭവമുണ്ടായത്‌. പള്ളിയുറക്കം കഴിഞ്ഞ്‌ ( രാവിലെ 11 മണി) കമാന്‍ഡര്‍ കുളിച്ചുകുട്ടപ്പനായി താഴേക്കിറങ്ങാന്‍ നേരത്താണ്‌ ഖലാസികളെപ്പോലെ രണ്ടുമൂന്നുപേര്‍ എത്തിയത്‌. സംഗതി കമാന്‍ഡറാണെങ്കിലും ഒറ്റക്കാണല്ലോ എന്നതിനാല്‍ ചെറിയ വിറയലോടെ കാര്യം തിരക്കി. ഇപ്പോള്‍ കുടിയൊഴിയണം. ഓര്‍ഡര്‍ ഉടന്‍ വന്നു. അല്ലാ ഇതിനൊന്നും വ്യവസ്ഥയും വെള്ളിയാഴ്‌ചയുമില്ലേ.. എന്നു ചോദിക്കണമെന്നുണ്ടായിരുന്നു. ചോദിച്ചാല്‍ ചിലപ്പോള്‍ എന്നാല്‍ നിങ്ങള്‍ ഈ വെള്ളത്തില്‍ തന്നെ കിടന്നോ എന്നെങ്ങാനും പറഞ്ഞാല്‍ കുടുങ്ങിയത്‌ തന്നെ. ഏതായാലും സഹപോരാളികളെ വിളിച്ചുവരാം എന്നു കരുതി കമാന്‍ഡര്‍ പെട്ടെന്ന്‌ താഴേക്കിറങ്ങി. താഴെ വെടിവട്ടത്തിലായിരുന്ന പിലാത്തറയും കാസിമിയും സംഗതി അറിഞ്ഞപ്പോള്‍ കരുണാകരനെ കണ്ട ഉമ്മന്‍ചാണ്ടിയെപ്പോലെ കമാന്‍ഡറെ തുറിച്ചു നോക്കി. പെട്ടെന്നുവാ, ഖലാസികള്‍ എല്ലാം വാരിവലിച്ച്‌ അലമ്പാക്കുന്നതിനു മുമ്പ്‌ ഇടപെടാം എന്ന്‌ കമാന്‍ഡറുടെ ഉത്തരവ്‌. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. പെട്ടിയും പ്രമാണങ്ങളുമെല്ലാം ഒരുവിധം അടുക്കിക്കൂട്ടി. കിടക്കകള്‍ തൂക്കി മൂന്നാം നിലയില്‍ നിന്ന്‌ താഴേക്കെറിഞ്ഞു. കൂടുകെട്ടിയ മൂട്ടകള്‍ പാരച്യൂട്ടിലിറങ്ങുന്ന സുഖത്തില്‍ കിടക്കകളോടൊപ്പം താഴേക്കെത്തി. കിടക്കക്കു പുറത്തേക്ക്‌ പെട്ടിയും പ്രമാണങ്ങളും വലിച്ചെറിഞ്ഞു. ഭാരം തൂക്കി താഴേക്കിറങ്ങാന്‍ ഖലാസികള്‍ക്കും ഒപ്പം പോരാളികള്‍ക്കുമുള്ള മടിയാണ്‌ ഇത്തരമൊരു എളുപ്പവഴിക്ക്‌ പ്രേരിപ്പിച്ചത്‌. പുതിയ ലാവണം തയ്യാറായിട്ടുണ്ടെന്ന്‌ മാനേജ്‌മെന്റിന്റെ വാഗ്‌ദാനം വിശ്വസിച്ചാണ്‌ ഞങ്ങള്‍ ചാടിപ്പുറപ്പെട്ടത്‌. കമാന്‍ഡര്‍ക്കു സമയമില്ലാത്തതിനാല്‍ പുതിയ കേന്ദ്രം പഠനവിധേയമാക്കാന്‍ പിലാത്തറയെയും കാസിമിയെയും വിട്ടു. കിട്ടിയ റിപോര്‍ട്ടുകളനുസരിച്ച്‌ ഒരു കൊച്ചുതോറബോറയ്‌ക്കുള്ള സ്‌കോപ്പ്‌ പുതിയ ലാവണത്തിലുമുണ്ട്‌. എന്നാല്‍ പോരാളികളെക്കുടാതെ മറ്റ്‌ ചിലരും കൂടി അങ്ങോട്ടുവരാന്‍ സാധ്യതയുണ്ടെന്ന ഭീഷണി മുന്നിലുണ്ട്‌. ഒരു ഏറ്റുമുട്ടല്‍ നടക്കുമോ എന്ന പേടിയിലാണ്‌ കമാന്‍ഡര്‍. അത്‌ സാധ്യമായില്ലെങ്കില്‍ ' ഒരുവട്ടം കൂടിയാ പഴയതോറബോറയില്‍ വെടി പറഞ്ഞിരിക്കുവാന്‍ മോഹം എന്നു പാടുകയേ നിവൃത്തിയുള്ളു'.

--
http://www.kazhchavattam.blogspot.com/

--
http://www.kazhchavattam.blogspot.com/

Thursday, August 14, 2008

സ്വാതന്ത്ര്യദിനാശംസകള്‍


പ്രിയപ്പെട്ടവരെ എല്ലാവര്‍ക്കും തോറബോറയുടെ ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകള്‍..ജീവന്‍ ബലിയര്‍പ്പിച്ചു മുന്‍ഗാമികള്‍ വെള്ളക്കാരില്‍ നിന്നു നമുക്ക്‌ നേടിത്തന്ന സ്വാതന്ത്ര്യത്തിന്റെ 61ാം പിറന്നാളാണ്‌ നാളെ. ത്യാഗത്തിന്റെ, പീഡനത്തിന്റെ നോവുകളെ താദാത്മ്യം പ്രാപിച്ച്‌ നമുക്കും കണ്‍തുറക്കാം സ്വാതന്ത്ര്യത്തിന്റെ ഒരു പുന്‍പുലരിയിലേക്ക്‌.

Tuesday, August 12, 2008

തോറബോറയില്‍ കടലാസുതോണിയിറക്കി


കര്‍ക്കടകത്തിന്റെ എല്ലാ ലക്ഷണവും പ്രകടമാക്കിയാണ്‌ കഴിഞ്ഞദിവസം തോറബോറ നിവാസികളുടെ ഉറക്കം കെടുത്തി മഴയെത്തിയത്‌. നാലാംനിലയുടെ വിസ്‌താരമേറിയ നീളന്‍മുറിയില്‍(അതാണു തോറബോറ) വെടിവട്ടം മുഴക്കി ഇരിക്കുമ്പോള്‍ അപ്രതീക്ഷിതമായാണ്‌ ശക്തമായ കാറ്റിന്റെ അകമ്പടിയോടെ മഴയെത്തിയത്‌. തകര്‍ത്തുപെയ്യുന്ന മഴയെ കുറ്റപ്പെടുത്തലിന്റെ ധ്വനിയുമായി പലരും സമീപിച്ചു. വൈദ്യുതിചിരാതുകള്‍ കണ്ണുതുറക്കാന്‍ ഇടുക്കിയില്‍ മാത്രം പെയ്‌താല്‍ പോരെ മഴ എന്നാണ്‌ പലരുടെയും ചോദ്യം.(ശരിയല്ലേ? എന്നു ന്യായമായും തോന്നാവുന്ന ചോദ്യം.) കാരണവും നിസ്സാരമാണ്‌. മഴ തുടങ്ങിയതില്‍ പിന്നെ പതിവ്‌ നടത്തവും എന്തിനധികം വൈകീട്ടത്തെ ചായകുടി വരെ നടക്കാത്ത അവസ്ഥയിലായി.
അങ്ങനെയിരിക്കെയാണ്‌ മഴയില്ല, ഡാം വറ്റിവരണ്ടു, വൈദ്യുതി നിലയ്‌ക്കും, അധികപവര്‍കട്ടിനെക്കുറിച്ചാലോചിക്കുന്നു എന്ന വകുപ്പ്‌ മന്ത്രിയുടെ പ്രസ്‌താവനയൊക്കെ ഇറങ്ങിയത്‌. ഇതുകേട്ടിട്ടോ, മഴദേവതയെ പ്രീതിപ്പെടുത്താന്‍ തവളകല്യാണവും, ശുനകകല്യാണവും, അതുംപോരാഞ്ഞ്‌ കാസര്‍കോട്‌ ഏതോ പേരറിയാ സംഘടന മഴപെയ്‌തില്ലെങ്കില്‍ ഹര്‍ത്താല്‍ നടത്തുമെന്നുവരെ പത്രപ്രസ്‌താവനയിറക്കിയതോ.... ഏതാണോ ഹേതുവായത്‌ മഴ തകര്‍ത്തുതന്നെ പെയ്‌തുതുടങ്ങി. ഉടനെത്തി വാര്‍ത്ത- മഴ ശക്തം: നിരവധി വീടുകള്‍ തകര്‍ന്നു, കിണര്‍ ഇടിഞ്ഞുതാണു, വീട്ടില്‍ കയറണമെങ്കില്‍ തോണി വേണം.....തുടങ്ങിയ വാര്‍ത്തകള്‍.
വാര്‍ത്തകളും മഴച്ചിത്രങ്ങളുമൊന്നും തെല്ലും സ്വാധീനിക്കാതെ ഇരിക്കുന്ന സമയത്താണ്‌ കാറ്റും മഴയും ഒരുമിച്ചെത്തുന്നത്‌. കാറ്റിന്റെ താണ്ഡവമായിരുന്നു അടുത്തനിമിഷങ്ങള്‍. ഷീറ്റുകള്‍ വലിച്ചുപറിച്ചെടുത്ത്‌ 'ദയ'കാട്ടിയ കാറ്റ്‌ തോറബോറയില്‍ പതിവില്‍ കവിഞ്ഞ വെളിച്ചം പ്രദാനം ചെയ്‌തു. ഒപ്പം മലവെള്ളപാച്ചില്‍ പോലെ തോറബോറയുടെ റൂഫിങ്ങിലൂടെ മഴവെള്ളത്തിന്റെ ഒഴുക്ക്‌. ബെഡ്ഡുകള്‍ വലിച്ചു തോറബോറയുടെ മൂലയ്‌ക്കു കൂട്ടിയിടാന്‍ പോരാളികളുടെ അക്ഷീണപരിശ്രമം ആവശ്യമായി വന്നു. അഭയാര്‍ഥിക്യാംപിലെ അവസ്ഥയിലേക്ക്‌ എത്തിയ കാര്യങ്ങള്‍ പൂര്‍വസ്ഥിതിയിലേക്ക്‌ എത്തിക്കാന്‍ അടിയന്തരയോഗമായിരുന്നു അടുത്ത ഘട്ടം. ചീഫ്‌ കമാന്‍ഡര്‍ തന്നെ അധ്യക്ഷന്‍(അതിനുമാത്രം മാറ്റമില്ല).അടിയന്തരാവസ്ഥയിലെത്തിയ കാര്യങ്ങള്‍ വാണംവിട്ട കണക്കെ എത്തിച്ചുകൊടുത്തു അധികൃതര്‍ക്ക്‌.രാത്രിക്കുമുമ്പ്‌ ശരിയാക്കിയില്ലെങ്കില്‍ 'ശരിയാക്കു'മെന്ന ഭീഷണിയും ഒപ്പം കൈമാറി (അതു തോറബോറയുടെ കുത്തകയാണ്‌.). എല്ലാം വളരെ പെട്ടെന്നുതന്നെ നടന്നു. പുതിയ ഷീറ്റുമായി എത്തി വളരെ വേഗം തോറബോറയുടെ ചോര്‍ച്ച നിര്‍ത്തി. എന്നാല്‍ കര്‍ക്കടകമല്ലേ വില്ലന്‍. ആ സമയത്തിനുള്ളില്‍ തന്നെ പുള്ളി കാര്യം കഴിച്ചു. തോറബോറ തോണിയിറക്കാന്‍ പാകത്തില്‍ വെള്ളത്തില്‍ മുങ്ങിയിരുന്നു. റഷീദ്‌ ഖാസിമിയുടെ നിങ്ങള്‍ക്കും തന്ത്രശാലിയാവാം എന്ന പുസ്‌തകം മലവെള്ളത്തില്‍(സോറി മഴവെള്ളത്തില്‍) അങ്ങിനെ ഒഴുകി നടക്കുന്നുണ്ടായിരുന്നു, തോറബോറ പോരാളികള്‍ രാത്രി-പകല്‍(രാത്രിയും പകലും ഒരുപോലെ) ഉറക്കത്തിനെത്തുമ്പോള്‍. പുസ്‌തകത്തില്‍ പഠിപ്പിക്കാത്ത നൂറ്റിരണ്ടാമത്തെ സൂത്രമായിരുന്നു അത്‌.
കമാന്‍ഡര്‍ തോറബോറ ക്ലീന്‍ ചെയ്യുന്ന ഫോട്ടോ റഷീദിന്റെ മൊബൈലിലായിരുന്നു. ആ മഹാന്‍ നാട്ടില്‍ നിന്നെത്തിയിട്ട്‌ ആ ഫോട്ടോ പോസ്‌റ്റാട്ടോ...
വാല്‍ക്കഷണം: ചീഫ്‌ കമാന്‍ഡര്‍ തന്മയത്തത്തോടെ വൈപ്പറെടുത്ത്‌ വെള്ളം വടിച്ചുമാറ്റുന്നതുകണ്ടപ്പോള്‍ തുടങ്ങിയതാണ്‌ ഷിഹാബ്‌ പിലാ'ത്തറ' യുടെ സംശയം. അല്ല കമാന്‍ഡര്‍ക്ക്‌ ഗള്‍ഫില്‍ നേരത്തേ ഇതു തന്നയായിരുന്നോ പണിയെന്ന്‌? ..വേനലില്‍ സഹിക്കാനാവാത്ത ചൂടുമായി ഉറങ്ങാനാവാതെ പോരാളികള്‍ വിഷമിച്ചപ്പോള്‍ ചീഫ്‌ കമാന്‍ഡര്‍ എവിടെ നിന്നോ പഠിച്ച സൂത്രപ്പണിയുമായി രംഗത്തെത്തി. ബക്കറ്റില്‍ വെള്ളംനിറച്ച്‌ ഫാനിനുമുമ്പില്‍ വച്ചു റൂം തണുപ്പിക്കുക എന്നതായിരുന്നു ആ വിദ്യ. ദൈവാനുഗ്രഹത്താല്‍ ഇനി ബക്കറ്റില്‍ വെള്ളം നിറയ്‌ക്കേണ്ട ആവശ്യമില്ലല്ലോ..കിടക്കുകയല്ലെ ഡാംനിറഞ്ഞപോലെ ഫാനിനും കിടക്കക്കും കീഴില്‍ വെള്ളം. തണുപ്പ്‌ സഹിക്കാന്‍ പറ്റുന്നില്ല..എന്ന ചുരുക്കംചില പരാതികളെ ഇപ്പോഴുള്ളൂ.
(NB..ആരും കമാന്‍ഡറോടു ഇക്കാര്യം പറയല്ലെ...കമാന്‍ഡറെ നിഷേധിച്ചാല്‍ ആ നിമിഷം തോറബോറയുടെ പുറത്താണ്‌ ചീഫ്‌ കമാന്‍ഡറായി പോരാളികള്‍ കൈയടിച്ചു പാസ്സാക്കിയ നിയമാവലി തന്നെ കാരണം.)

Sunday, August 10, 2008

എന്തേ കണ്ണനിത്ര കറുപ്പുനിറം? തോറബോറയിലെ ഒരു ദിവസം

എന്തേ കണ്ണനിത്ര കറുപ്പുനിറം. കാളിന്ദിയില്‍ കുളിച്ചതിനാലോ...അത്ര സുഖകരമല്ലാത്ത ശബ്ദത്തില്‍(നേര്‍പ്പിച്ചാണു പാടുന്നത്‌ എന്നതു നേര്‌. പക്ഷേ..കര്‍ണകടോരകന്‌ എത്രയാണു ശബ്ദം നിയന്ത്രിക്കാന്‍ പറ്റുക)പല്ലാരിമംഗലത്തിന്റെ 'ഗാനം' തോറബോറയില്‍ മുഴങ്ങി. അതിരാവിലെയുള്ള ഈ പാട്ടുകച്ചേരി സ്ഥിരമാണിവിടെ. കറുത്തുപോയതിന്‌ ഇത്രമാത്രം അഹങ്കരിക്കുന്ന ഒരാളെ ആദ്യമായിട്ടാണ്‌ പോരാളികള്‍ കാണുന്നത്‌.രണ്ടുലൈന്‍ പാടിപ്പറഞ്ഞതിനു ശേഷം അടുത്ത ഗാനവും തുടങ്ങി മഹാന്‍. ഫേവറൈറ്റ്‌ ഗാനമായ കറുത്തപ്പെണ്ണേ നിന്നെകാണാഞ്ഞിട്ട്‌ ഒരു നാളുണ്ടേ....ഇല്ലാ ഇനിയും സഹിക്കാനാവില്ല. നിര്‍ത്തെടാ കാട്ടുമാക്കാനേ...പിലാത്തറയാണ്‌ ധൈര്യസമേതം ഗോദയിലിറങ്ങിയത്‌.(കാട്ടുമാക്കാന്‍ എന്നത്‌ സ്‌നേഹത്തില്‍ ചാലിച്ച വിളിയാണ്‌ തെറ്റിദ്ധരിക്കരുത്‌) കര്‍ണകടോരകന്റെ ശബ്ദം നിലച്ചു. മഴതോര്‍ന്ന നിശ്ശബ്ദ്‌ദയായിരുന്നു പിന്നെ തോറബോറയില്‍. പോരാളികള്‍ ദീര്‍ഘനിശ്വാസം വിട്ടു. ഞാനൊരു പാട്ടുപാടിയാല്‍ എന്താണ്‌ നിങ്ങള്‍ക്ക്‌...? പല്ലാരിമംഗലം വിടാന്‍ ഭാവമില്ല.. പാടിയാല്‍ പ്രശ്‌നമില്ല. പാടിപ്പറയുന്നതാണ്‌ കുഴപ്പം. ഇത്തവണത്തെ മറുപടി തങ്ങളുടേതാണ്‌.
ഓ വന്നിരിക്കുന്നു ഒരു ഗായകന്‍, എന്തരപ്പിയുടെ നാട്ടുകാരനായ നിനക്കെന്തവകാശമാണ്‌ എന്റെ പാട്ടിനെ കുറ്റം പറയാന്‍ പല്ലാരിമംഗലത്തിന്റെ മറുചോദ്യം. ഇല്ല ഒരേറ്റുമുട്ടല്‍ കാണാനുള്ള ഭാഗ്യമില്ല. തങ്ങള്‍ പിന്‍വലിഞ്ഞിരിക്കുന്നു. എന്തേ കണ്ണനിത്ര കറു...കര്‍ണകടോരകന്റെ ശബ്ദം പാതിവഴിയില്‍ ആരോ പിടിച്ചുനിര്‍ത്തിയിരിക്കുന്നു.വായപൊത്തിപ്പിടിച്ചതു റഷീദാണ്‌. ആകപ്പാടെ ബഹളമായി. എന്താണു ചെയ്യുക ഈ സാധനത്തെ..? കറുപ്പിനെന്താണ്‌ ഇത്ര അഴകോ..? സംശയം ആ വഴിക്കായി. പോരാളികളുടെ എതിര്‍പ്പിനെ വകവയ്‌ക്കാതെ കടോരകന്‍ 'പാടി'ത്തകര്‍ക്കണമെങ്കില്‍ കാര്യമായ പ്രശ്‌നം ഉണ്ടായിട്ടുണ്ടാവുമെന്ന്‌ ഉറപ്പ്‌. ഇനിയും മിണ്ടാതിരുന്നാല്‍ പോരാട്ടമുറപ്പ്‌. ചീഫ്‌കമാന്‍ഡറുടെ ഊഴമായിരുന്നു അടുത്തത്‌. പോരാളികളെ അതിസൂക്ഷ്‌മമായി വീക്ഷിച്ചിട്ടാണ്‌ ചോദ്യം. ആരാണിതിനെല്ലാം കാരണക്കാരന്‍. ? ഇത്തവണ പരുങ്ങിയത്‌ പിലാത്തറയാണ്‌. ചാര്‍ളിചാപ്ലിന്‍ കാര്യം തുറന്നു പറഞ്ഞു. തലേന്ന്‌ കടോരകന്റെ മെയിലിലേക്ക്‌ ഒരു പടമയച്ചിരുന്നു. ഓഫിസില്‍ സഹപ്രവര്‍ത്തകരുടെ മുമ്പില്‍ മെയില്‍ തുറന്ന കടോരകനു നാണംകെട്ടു. പടമിതാണ്‌.

പടത്തിലെ എഴുത്താണു കൂടുതല്‍ പ്രശ്‌നമുണ്ടാക്കിയത്‌. തന്റെ വീക്ക്‌നെസ്സില്‍(കടോരകന്റെ ആഹാരവീക്ക്‌നെസ്സിന്‌ നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്‌. അക്കഥ അടുത്ത തവണ)തന്നെ കയറിപ്പിടിച്ചാല്‍ വിട്ടുകൊടുക്കുമോ ആരെങ്കിലും. പോരേ പൂരം. പാടി പ്രതിഷേധിക്കുകയല്ലാതെ പിന്നെന്താണു കടോരകന്‍ ചെയ്യുക. പോട്ടെടാ കുട്ടാ..പിലാത്തറ(തറ) ഒരു തമാശ കാണിച്ചതല്ലേ..കമാന്‍ഡറുടെ ആശ്വസിപ്പിക്കല്‍ ഏറ്റു. പല്ലാരിമംഗലം നിശ്‌ബദനായി.
സംഘര്‍ഷാവസ്ഥയ്‌ക്ക്‌ അയവുവന്നു തുടങ്ങി. ഒടുവില്‍ കമാന്‍ഡര്‍ പാടിയ ഗാനം പോരാളികള്‍ ഏറ്റുപാടി. കറുപ്പിനഴക്‌ ഓ ഓ ഓ വെളുപ്പിനഴക്‌. പുലരിയിലെ പുതുമഴയില്‍....എല്ലാവരും ഹാപ്പി..പല്ലാരിമംഗലത്തിനും..

Thursday, August 7, 2008

08.08.08 അഥവാ ചീഫ്‌ കമാന്‍ഡറിന്റെ മൂന്നാം വിവാഹ വാര്‍ഷികം



നാളെ ബെയ്‌ജിങില്‍ കലാമാമാങ്കമായ ഒളിംപിക്‌സിന്‌ ചിറകുകള്‍ വിരിയും. എട്ടുകളുടെ കൂട്ടങ്ങള്‍ സംഗമിക്കുന്ന ആ അസുലഭ മുഹൂര്‍ത്തത്തിനു കണ്ണും കാതുമോര്‍ത്തിരിക്കുന്ന ലോകകായിക പ്രേമികള്‍ക്കു മുമ്പില്‍ വിവാഹിതരാവാന്‍ കാത്തിരിക്കുന്ന പതിനാറായിരത്തിലധികം ചൈനക്കാര്‍ കൂടി ആവുമ്പോള്‍ അതിന്റെ മധുരം ഇരട്ടിയാണ്‌. പത്രത്താളുകളില്‍ വിവാഹത്തിന്‌ അപേക്ഷ സമര്‍പ്പിക്കാനെത്തിയവര്‍ മണിക്കൂറുകള്‍ ഓഫിസുകള്‍ക്കു മുമ്പില്‍ ക്യൂ നിന്ന വാര്‍ത്ത കൗതുകം ജനിപ്പിച്ചിരുന്നു.ചൈനക്കാരുടെ ഭാഗ്യനമ്പറായ 8കള്‍ ഒരു കൂട്ടമായി മുന്നിലെത്തുമ്പോള്‍ ന്യായമായും നമുക്കവരെ പിന്തുണക്കാം. അത്തരം വാര്‍ത്തകള്‍ പലരീതിയില്‍, ഭാവത്തില്‍ കണ്ടിരിക്കുമ്പോഴാണ്‌ അവിചാരിതമായി ചീഫ്‌ കമാന്‍ഡര്‍ ഒരു വാര്‍ത്ത അറിയിക്കുന്നത്‌. ആ എട്ടുകളുടെ കൂട്ടം സമാഗതമാവുമ്പോള്‍ താനും ഒരു വാര്‍ഷികത്തെ 'ആഘോഷി'ക്കാന്‍ തയ്യാറെടുക്കുകയാണെന്ന്‌.പോരാളികള്‍ക്ക്‌ ആ വാര്‍ത്തയെക്കുറിച്ച്‌ ആകാംക്ഷ ഉണ്ടായില്ല എന്നു പറഞ്ഞാല്‍ അതു കളവാണ്‌. ഒടുവിലാ സത്യം കമാന്‍ഡര്‍ വ്യക്തമാക്കി. താന്‍ വിവാഹിതനായതിന്റെ മൂന്നാം വാര്‍ഷികമാണ്‌ 08-08-08. 'ആഘോഷമാണോ' 'ദുരന്തമാണോ' കടന്നുവരുന്നതെന്ന കാര്യത്തില്‍ മാത്രം തോറബോറയില്‍ സംശയം ബാക്കി. ഏതായാലും മൂന്നുദിവസത്തെ ലീവ്‌ വാങ്ങി കമാന്‍ഡര്‍ സ്വദേശമായ തൃക്കരിപ്പൂരിലേക്ക്‌ ഇന്ന്‌ (07-08-08)യാത്രയായി. (ഇവിടെയോരോരുത്തര്‍ വിവാഹവാര്‍ഷികം ആഘോഷിക്കുമ്പോള്‍ ബാക്കിയുള്ളവര്‍ ഒരു പെണ്‍കുട്ടിയെ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുന്നു എന്നതാണ്‌ ബാച്ചിലേഴ്‌സിന്റെ വിഷമം.) എന്തായാലും വേണ്ടില്ല, ആഘോഷങ്ങള്‍ കഴിഞ്ഞുവരുമ്പോള്‍ വിരുന്നൊരുക്കണം എന്ന ആവശ്യത്തെ ഒരു നിബന്ധനയായി കമാന്‍ഡര്‍ക്കു മുമ്പില്‍ വച്ചിട്ടുണ്ടെന്ന ആശ്വാസം മാത്രമാണ്‌ പോരാളികള്‍ക്കുള്ളത്‌. ഒപ്പം സന്തുഷ്ടപൂര്‍ണമായ വിവാഹജീവിതം ആശംസിക്കുകയും അതിനുവേണ്ടി പ്രാര്‍ഥിക്കുകയും. ചീഫ്‌ കമാന്‍ഡറും കുടുംബവും തികയ്‌ക്കട്ടെ സെഞ്ച്വറി അല്ലേ.....ഒരിക്കല്‍ കൂടി ..ആഗതമാവുന്ന വിവാഹവാര്‍ഷികത്തിന്‌ പോരാളികളുടെ ആശംസകള്‍. കമാന്‍ഡര്‍ വിജയിക്കട്ടെ...

Monday, August 4, 2008

പുതിയ ജോലി തേടി മൊബൈല്‍ജോക്കി ദുബയിലേക്ക്‌


വര്‍ഷങ്ങള്‍ നീണ്ടു നിന്ന ഗള്‍ഫ്‌ സ്വപ്‌നങ്ങള്‍ക്ക്‌ സാക്ഷാല്‍ക്കാരവുമായാണ്‌ ഇക്കഴിഞ്ഞ രണ്ടാം തിയ്യതിയിലെ രാത്രി ഒമ്പതേകാലിന്‌ കരിപ്പൂരില്‍ നിന്ന്‌ പറന്നുയര്‍ന്ന ഫ്‌ളൈറ്റില്‍ മൊബൈല്‍ജോക്കി കുത്തിയിരുന്നത്‌.(സോറി സീറ്റിലിരുന്നത്‌). എത്രയോ ദിവസങ്ങള്‍ എടുത്താണ്‌ അഞ്ചും ആറും പേപ്പറുകള്‍ നീളുന്ന വ്യക്തിവിവര, അനുഭവ സര്‍ട്ടിഫിക്കറ്റുകള്‍ അവന്‍ തയ്യാറാക്കിയിരുന്നത്‌. പത്രങ്ങളില്‍ വരുന്ന റിക്രൂട്ട്‌മെന്റെ പരസ്യങ്ങള്‍ എത്ര ശ്രദ്ധയോടെയായിരുന്നു അരിച്ചുപെറുക്കിയിരുന്നത്‌. ഒടുവില്‍ ഷേവ്‌ ചെയ്‌ത്‌ പൗഡറിട്ട്‌ ഇന്റര്‍വ്യൂവിനായി എടുത്താല്‍ പൊങ്ങാത്ത ഫയലും പിടിച്ച്‌ അതിരാവിലെ യാത്രയാണ്‌. ഉച്ചയോടെ ക്ഷീണിതനായി എത്തും, എന്തൊക്കെയോ ചോദിച്ചു എന്തൊക്കെയോ പറഞ്ഞു എന്നും പറഞ്ഞ്‌. കാര്യം അങ്ങനെയൊക്കെയാണെങ്കിലും ഒടുവില്‍ തേടിയവള്ളി കാലില്‍ ചുറ്റി. അല്ല ചുറ്റിച്ചു എന്നു പറയുന്നതാവും ശരി. ഗള്‍ഫ്‌ മോഹം പതിയെപ്പതിയെ അടങ്ങിത്തുടങ്ങിയപ്പോഴാണ്‌ വീട്ടുകാരുടെ നിര്‍ബന്ധം ഏറിത്തുടങ്ങിയത്‌. അങ്ങനെ ഒടുവില്‍ അളിയന്റെ വക ഒരു അവസരം നല്‍കല്‍ എത്തി. വിസിറ്റ്‌ വിസ ഒരെണ്ണം അടിച്ചു കൈയില്‍ കൊടുത്തു. പഴയ മോഹങ്ങള്‍ ഉണര്‍ന്നുതുടങ്ങിയതോടെ ആശാന്‍ കൂടുതല്‍ ഉന്മേഷവാനായി. അക്കൗണ്ടിങ്‌ കോഴ്‌സിന്റെ ഓര്‍മ(അതിനുണ്ടോ ആവോ) പുതുക്കി റെഡിയായി. ജൂലൈ 31 ന്‌ തോറബോറയിലെത്തി അവസാനവട്ട യാത്രപറയല്‍. ഔദ്യോഗിക വിടപറയലിന്‌ പരിപാടി തയ്യാറാക്കണമെന്ന്‌ കമാന്‍ഡര്‍ പറഞ്ഞിരുന്നെങ്കിലും തിരക്കുമൂലം സാധ്യമായില്ല. 2ാം തിയ്യതി വീട്ടില്‍ എത്തുമെന്ന്‌ വാക്കുകൊടുത്തിരുന്നെങ്കിലും നടന്നില്ല. പ്രതിനിധികളായി ആഷിഫ്‌ താനൂരും റഷീദും എടയൂര്‍ റോഡിലെത്തി. വലിയ ബുദ്ധിമുട്ടുകളില്ലാതിരുന്ന അവരെ കരയിപ്പിച്ചിട്ടാണ്‌ പോരാളികള്‍ മടങ്ങിയെത്തിയത്‌ എന്നതില്‍ തോറബോറ പോരാളികള്‍ ഒന്നടങ്കം തലകുനിക്കുന്നു(നാണിച്ചിട്ടല്ല- റഷീദിന്റെ അറബിയിലും മലയാളത്തിലുമുള്ള പ്രാര്‍ഥന കേട്ടാല്‍ ആരാണു കരയാത്തതു സ്‌നേഹിതരേ? ) പോരാളികള്‍ വാക്കുകൊടുത്താല്‍ അതു പാലിക്കും എന്നതിന്‌ കൂടുതല്‍ തെളിവുവേണ്ടതില്ല എന്ന തെളിവാണ്‌ ജോക്കിയെ യാത്രയയക്കാന്‍ പോരാളികള്‍ എയര്‍പോര്‍ട്ടിലെത്തിയത്‌. പോരാളികള്‍ ആദ്യം അവിടെ എത്തിയെന്നതില്‍ അഭിമാനിക്കുന്നു എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇപ്പോള്‍ കരയുമെന്നു തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു ജോക്കിയുടെ വരവ്‌. എങ്കിലും തമാശ പറയാന്‍ ശ്രമിച്ച്‌. അവിടെയെത്തി വിളിക്കാമെന്നു ഉറപ്പുനല്‍കി ഒരു യാത്രപറയലുകൂടി നടത്തി മൊബൈല്‍ ജോക്കി നടന്നുമറയുമ്പോള്‍ ഞങ്ങളുടെ ഉള്ളം അനിയന്ത്രിതമായ വിഷമത്താല്‍ നീറി. കളിയാക്കാനും സ്‌നേഹം പങ്കുവയ്‌ക്കാനും എപ്പോഴും തോറബോറയ്‌ക്കൊപ്പമുണ്ടായിരുന്ന ആ എടയൂര്‍റോഡുകാരന്‍ ദൂരം കൊണ്ട്‌ അകലേക്ക്‌ പോവുന്നത്‌ ഞങ്ങള്‍ക്ക്‌ സഹിക്കാവതല്ല. എങ്കിലും ആത്മാര്‍ഥമായ പ്രാര്‍ഥനകളെ ബാക്കിയാക്കി ഇരുട്ടുപരക്കുന്ന റോഡിലൂടെ ഓട്ടോറിക്ഷയില്‍ മെയിന്റോഡിലേക്ക്‌. അവിടെ നിന്നും തിരക്കേറിയ ബസ്സില്‍ തോറബോറയിലേക്ക്‌ പോരാളികളുടെ മടക്കം.

Tuesday, July 22, 2008

എം.ബി.എ പ്രേതം പണിപറ്റിച്ചു; പോരാളിയൊരെണ്ണം അന്യദേശത്തേക്ക്‌


പരിചയപ്പെടുത്തുമ്പോള്‍ തോറബോറയുടെ വലത്തേമൂലയില്‍ തലയില്‍ തൊപ്പിധരിച്ച്‌ ബുള്‍ഗാന്‍ വച്ച്‌(സൂക്ഷിച്ചുനോക്കിയാലേ കാണൂ) ഒരു കുഞ്ഞിപ്പയ്യന്റെ പടം കൊടുത്തിരുന്നു. മലപ്പുറംകാരനായ സൈനുല്‍ ആബിദ്‌....നെഞ്ചില്‍ കൂടുകെട്ടിയ എം.ബി.എ മോഹം പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞമാസം ഒടുവില്‍ മലയാളക്കര കടന്നിരിക്കുന്നു ആ വിദ്വാന്‍. ഇനി തോറബോറയുടെ കത്തികള്‍ക്ക്‌ 'താല്‍പ്പര്യത്തോടെ' കേട്ടിരിക്കാന്‍ ആരാണുള്ളതെന്ന ചോദ്യം ബാക്കിയാവുകയാണ്‌. വേണ്ടത്ര തയ്യാറെടുപ്പുകള്‍ എടുക്കുന്നതിനു മുമ്പേ പൊടുന്നനെ ഞങ്ങള്‍ തോറബോറയുടെ പോരാളികളെ വിട്ടുയാത്രയാവുകയായിരുന്നു ബാംഗ്ലൂരിന്റെ തിരക്കുകളിലേക്ക്‌, പഠനത്തിന്റെയും. അംഗത്വം റദ്ദാക്കണമെന്ന്‌ ഞങ്ങള്‍ തീരുമാനിച്ചിട്ടില്ല. ചീഫ്‌ കമാന്‍ഡര്‍ അതേപ്പറ്റി ചോദിക്കുകയുമുണ്ടായില്ല. അതുകൊണ്ടുതന്നെ പഴയ പോരാളിയായി തന്നെ തോറബോറയുടെ വലത്തേമൂലയിലെ ആ ബുള്‍ഗാന്‍ വച്ച പയ്യന്‍ അവിടെയുണ്ടാവും. ഇനിയൊരു തീരുമാനം എടുക്കുന്നതുവരെ. ആഘോഷങ്ങള്‍ക്ക്‌ മാറ്റുപകരാന്‍ ഇടയ്‌ക്കൊരു റോമിങ്‌ കോള്‍, തിരക്കിട്ട സംസാരം, സ്‌നേഹാന്വേഷണങ്ങള്‍.....പോരാളികള്‍ ചിതറിപ്പോവാതിരിക്കട്ടെ ഒരു നിമിഷത്തേക്കുപോലും. നാളെ കൂടുതല്‍ മെച്ചപ്പെട്ട ജോലിയുമായി തലയുയര്‍ത്തി തിരിച്ചുവരുമ്പോള്‍ പഴയ കാലത്തിന്റെ കുസൃതികള്‍ ഓര്‍ക്കാന്‍ തോറബോറയെന്ന ഈ ലോകത്തിലെ ഫോട്ടോകളും പോസ്‌റ്റുകളും ബാക്കിയാവുമെന്ന പ്രതീക്ഷ മാത്രം ബാക്കിയാക്കി. എല്ലാ പോരാളികള്‍ക്കും വേണ്ടി.....ആശംസകളോടെ...(കമാന്‍ഡറുടെ അനുമതിയുമുണ്ട്‌ കേട്ടോ...)

Sunday, July 6, 2008

ഒരു ഫലൂദ.. പിന്നെയോ? ഒരു ചായ കൂടി പോരട്ടെ


കാലം ഇത്തിരി പഴകിയതാണ്‌. സംഭവം നടക്കുന്നത്‌ മലപ്പുറത്തിന്റെ അല്‍പ്പം ഉള്‍പ്രദേശത്താണ്‌്‌. പഠനത്തോടൊപ്പം അധ്വാനശീലവുമുള്ള ഒരു പോരാളിയെക്കുറിച്ചാണ്‌ ഈ കഥ. മൂന്നുദിവസം മുമ്പ്‌്‌ അതേ പോരാളി തന്നെയാണ്‌ ഞങ്ങള്‍ക്കു മുമ്പില്‍ ആ കഥ വിളമ്പിയത്‌.
അന്നൊരു ശനിയാഴ്‌ചയാണ്‌. കൂലി വാങ്ങി ചെറുനഗരത്തില്‍ എത്തിയ പോരാളി ചായകുടിക്കാന്‍ പറ്റിയ ഒരു കടനോക്കുന്നു. അതാ അത്യാവശ്യം നല്ലൊരു ബേക്കറി ശ്രദ്ധയാകര്‍ഷിച്ച്‌ തലയുയര്‍ത്തി നില്‍ക്കുന്നു. ദൈര്യസമേതം വച്ചു പിടിച്ചു അങ്ങോട്ടുതന്നെ. പോരാളി കസേരയില്‍ ഇരിക്കുന്നതിനു മുമ്പേ വെയ്‌റ്റര്‍ എന്തുവേണമെന്ന ചോദ്യവുമായി എത്തി. പോരാളിയാരാ മോന്‍? ആദ്യമായി ബേക്കറിയില്‍ കയറുന്ന പരിഭ്രമം ഒന്നും കൂടാതെ തന്നെ മെനുകാര്‍ഡ്‌ എടുത്തുനോക്കി ഉറക്കെ തട്ടിവിട്ടു. ഫലൂദ ഒന്നിങ്ങു പോരട്ടെ. ചുറ്റുവട്ടത്തിരുന്നു സൊറപറയുന്നവരെ പുച്ഛത്തോടെ നോക്കി ഇഷ്ടന്‍ ഗമയില്‍ ഇരുന്നു. അധികസമയം കഴിഞ്ഞില്ല, മറ്റൊരു വെയ്‌റ്റര്‍ കൂടി കസേരക്കു സമീപം ഹാജര്‍വച്ചു. ചോദ്യം ഒരു തവണകൂടി: എന്താണു വേണ്ടത്‌?. നമ്മുടെ പ്രിയപ്പെട്ട പോരാളി ചിന്തിച്ചു. കടിക്കാന്‍ ഫലൂദ പറഞ്ഞിട്ടുണ്ട്‌. ഇനിയെന്താ പറയേണ്ടത്‌. ഉത്തരം ഉടനേയെത്തി ഒരു ചായകൂടി പോരട്ടെ. വെയ്‌റ്റര്‍മാര്‍ രണ്ടുപേരും എത്തിയത്‌ ഒരേ സമയത്താണ്‌. ഒരാളുടെ കൈയില്‍ ചായ, അപരന്റെ കൈയില്‍ ഫലൂദ. പോരാളിയുടെ ടേബിളില്‍ ഇവരണ്ടും പ്രതിഷ്‌ഠിക്കപ്പെട്ടു. പോരാളിയുടെ തൊണ്ട വരണ്ടു. പിടിച്ചുവച്ച ശ്വാസം മൊട്ടുസൂചി കയറിയ ബലൂണില്‍ നിന്നെന്ന പോലെ തള്ളപ്പെട്ടു. വിറയ്‌ക്കുന്ന കരങ്ങള്‍ കൊണ്ട്‌ ആദ്യം ഫലൂദ കൈയിലെടുത്തു. രക്തം വറ്റിയ ശരീരത്തിലേക്ക്‌ പതുക്കെ ഫലൂദയുടെ രുചി അറിഞ്ഞുക്കൊണ്ടേയിരുന്നു. തുടര്‍ന്ന്‌ തണുത്തുതുടങ്ങിയ ചായ കൈയിലെടുത്തു ഒരിറക്കിന്‌ കുടിച്ചു. (ചായയുടെ ഗതി കടിയില്ലാതെ ഇറങ്ങാന്‍ തന്നെയായിരുന്നിരിക്കണം.). അടുത്ത ടേബിളിലിരുന്ന ആള്‍ ഇതെല്ലാം വീക്ഷിച്ചതിനു ശേഷം നമ്മുടെ പോരാളിയോടു ചോദിച്ചു ആദ്യായിട്ടാണല്ലേ? .... മറുപടി ഉണ്ടായതേയില്ല. പോരാളിയുടെ നാവ്‌ ഇറങ്ങിപ്പോയിരുന്നു അങ്ങ്‌ വയറിന്റെ അടിത്തട്ടോളം.

Sunday, June 22, 2008

ചീഫ്‌ കമാന്‍ഡറുടെ പിടലിവേദനയും കണ്ണിലെ കരടും

ഒരു ദിവസം രാവിലെയാണ്‌ തോറബോറയുടെ അനിഷേധ്യ ചീഫ്‌ കമാന്‍ഡറായ എം.ടി.പി അക്കാര്യം ഉണര്‍ത്തിച്ചത്‌. പിടലി തിരിക്കാനും കറക്കാനും ഒന്നും പറ്റുന്നില്ലത്രേ...സംഗതി കാര്യമാക്കാനില്ലെന്ന ആശ്വാസവചനം ഓരോരുത്തരും കൈമാറിയെങ്കിലും കമാന്‍ഡര്‍ക്കത്ര വിശ്വാസം പോരാ. ശരിയാവുമെന്നേ...ആശ്വാസത്തിന്‌ കൂടുതല്‍ വിനയവും മയവും വരുത്തി സഹപോരാളികള്‍ കൂടുതല്‍ ജാഗ്രതയിലായി. അധികം വൈകാതെ മെഡിക്കല്‍സ്‌റ്റോറില്‍ പോയി പെയിന്‍ബാമും വാങ്ങി തിരിച്ചെത്തി. രണ്ടുമൂന്നുതവണ പിടലിയുടെ മേലേക്കും താഴേക്കും ഉഴിച്ചില്‍ നടത്തി. ഉഴിച്ചില്‍ രണ്ടാം ദിനം കടന്നപ്പോഴേക്കും സംഗതി ഗുരുതരമായി. മീശമാധവനിലെ പിടലി എന്ന മച്ചാന്‍ വര്‍ഗീസിന്റെ വിളിയെ അനുസ്‌മരിക്കുന്ന വിളി പലയിടത്തു നിന്നും തുടങ്ങി. കൊച്ചിന്‍ ഹനീഫയെ അനുസ്‌മരിക്കുന്ന ദേഹം മുഴുവനായി തിരിഞ്ഞ്‌ കമാന്‍ഡറും കൂടുതല്‍ മികവുകാണിച്ചു. മൂന്നാംദിനം രാവിലെ കമാന്‍ഡര്‍ എഴുന്നേറ്റതു പുതിയ വാര്‍ത്തയുമായാണ്‌. രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ കണ്ണില്‍ ഏതോ ദ്രോഹി (വേറാരുമല്ല ശുദ്ധഗതിക്കാരനായ ചെറുപ്രാണികളിലൊന്നു ) വീണത്രേ...കണ്ണിലെ കരകരപ്പും പിടലിയുടെ വേദനയുമായപ്പോള്‍ ആകപ്പാടെ ബഹളമായി. പിടലിയുടെ കാര്യം പ്രഖ്യാപിക്കപ്പെട്ടപ്പോഴേ അസൂയാലുക്കള്‍ പറഞ്ഞുപരത്തിയിരുന്നു ലീവെടുത്തു വീട്ടില്‍ പോവാനുള്ള തന്ത്രമാണെന്ന്‌. എന്താ ചെയ്യുക കമാന്‍ഡര്‍ മനസ്സില്‍ കണ്ടപ്പോള്‍ അനുയായികള്‍ മാനത്തുകണ്ടു. കുബുദ്ധികളുടെ പ്രചാരണം കുറിക്കുക്കൊണ്ടു എന്നുവേണം പറയാന്‍. വീട്ടില്‍പോവാനുള്ള ആഗ്രഹത്തെ (അടവ്‌) മാറ്റിവച്ചു കമാന്‍ഡര്‍ ജോലിയില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുമ്പോഴാണ്‌ കണ്ണില്‍ ശത്രു കടന്നുകൂടിയത്‌. ഇടതുപക്ഷത്തിനോടു കൂടുതല്‍ ചായ്‌വ്‌ പ്രകടിപ്പിച്ച്‌ ഇടത്തേ കണ്ണ്‌ കൂടുതല്‍ ചെമപ്പണിഞ്ഞു. വീണ്ടും ഓട്ടം മെഡിക്കല്‍ സ്‌റ്റോറിലാണ്‌ അവസാനിച്ചത്‌്‌. തല്‍ക്കാലത്തെ സമാധാനത്തിനും ആശ്വാസത്തിനും ക.12 കൊടുത്തു സംഘടിപ്പിച്ചു, ഒരുഗ്രന്‍ മരുന്ന്‌. ഇളനീര്‍കുഴമ്പ്‌. പേരില്‍ മാത്രമേ ഇളം ഉള്ളൂ. സംഗതി കണ്ണിലേക്ക്‌ ഒരു തുള്ളി ഇറ്റിച്ചതേ കമാന്‍ഡറുടെ കണ്ണുകള്‍ സ്റ്റാപ്ലര്‍ പിന്നടിച്ചതുപോലെ അടഞ്ഞു. രണ്ടാമതൊരു തുള്ളിക്ക്‌ സ്‌കോപ്പില്ലാത്ത വിധം അടഞ്ഞ(ച്ച) കണ്ണുമായി 1 മണിക്കൂര്‍ നേരത്തേ മാനത്തുനോക്കി(സോറി നോക്കാന്‍ കണ്ണുതുറന്നിട്ടുവേണ്ടേ)കിടപ്പിനു ശേഷം കമാന്‍ഡര്‍ കണ്ണു തുറന്നു. ചെമപ്പു കൂടുതല്‍ വ്യക്തമായി. പക്ഷേ പോരാളികളെ ശബ്ദം കൊണ്ടു തിരിച്ചറിയുന്നതേ ഉള്ളൂ. രണ്ടു കണ്ണും പോയി, പിടലിയും എന്നുള്ള കമാന്‍ഡറുടെ നിരാശപ്രകടനത്തില്‍ അനുയായികള്‍ അന്തിച്ചു നിന്നു. വെറുതേ കിട്ടിയാല്‍ ഇളനീറും ഒഴിക്കാം എന്നു കരുതിയിരുന്ന അനുയായികല്‍ ഞെട്ടി. ഇളനീര്‍ കുഴമ്പ്‌ വേണ്ട വെറുതെയാണെങ്കിലും, എന്തിന്‌ കാഴ്‌ച നശിപ്പിക്കണം. ഊഊഊഊഊഊഊഊഊ കമാന്‍ഡര്‍ ശ്വാസം വലിച്ചുവിട്ടു. കണ്ണുകള്‍ വോള്‍ട്ടേജില്ലാതെ മിന്നിക്കത്തുന്ന ട്യൂബ്‌ ലൈറ്റ്‌ പോലെ അടച്ചും തുറന്നും കമാന്‍ഡര്‍ നിമിഷങ്ങള്‍ പിന്നിട്ടു. പിടലിയുടെ പിടിത്തം അവഗണിച്ച്‌ തല ചെറുതായി ചെരിച്ച്‌ പോരാളികളെ നോക്കി. കഥകളിക്കു ചായമിട്ടതുപോലെ ഇരുകണ്ണുകള്‍ക്കും ഇളനീര്‍ വാലെഴുതിയിരിക്കുന്നു.നേര്‍ത്ത ഒരു സ്വരം പോരാളികള്‍ കേട്ടു. ആ വാചകം ഇങ്ങിനെയായിരുന്നു. കാശുപോയീ....കണ്ണും.കമാന്‍ഡറുടെ ആത്മഗതമായിരുന്നു അത്‌. കമാന്‍ഡറുടെ പിടലിവേദനയും കണ്ണിലെ കരടുമായി പോരാളികള്‍ അടുത്ത ഇരകളെ തേടി യാത്രയായി. പുതിയ കഥകള്‍ ചമയ്‌ക്കാനും കഥയ്‌ക്കു കൂട്ടുകള്‍ തേടിപിടിക്കാനും.

Friday, May 23, 2008

രാത്രികാല പോരാളിയുടെ അംഗത്വം

തെറ്റുശരിയാക്കലുകാരന്റെ തോറബോറ അംഗത്വം സംബന്ധിച്ചാണീ പോസ്‌റ്റ്‌. രാത്രി മാത്രം തോറബോറയില്‍ തങ്ങുന്നതിനാല്‍ അംഗത്വം കൊടുക്കേണ്ട എന്നായിരുന്നു മുന്‍ തീരുമാനം. എന്നാല്‍ രാത്രികാല പോരാളിയുടെ നിരന്തരമായ അഭ്യര്‍ഥനയെ തുടര്‍ന്ന്‌ തോറബോറ തീരുമാനം പുനപ്പരിശോധനയ്‌ക്കു വിധേയമാക്കി. ചീഫ്‌ കമാന്‍ഡറുടെ അധ്യക്ഷതയില്‍ നടന്ന യോഗം അംഗത്വം നല്‍കാനും മൂന്നുമാസം കൂടുമ്പോള്‍ സൂക്ഷ്‌മനിരീക്ഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്‌. പത്തിനകല്‍പ്പനയില്‍ അക്കമിട്ടു നിരത്തിയതില്‍ അവസാനത്തെ പോയിന്റ്‌ പ്രത്യേകം ശ്രദ്ധിക്കണമെന്നു ഓര്‍മപ്പെടുത്തുകയും, തെറ്റിച്ചാല്‍ കര്‍ശനനടപടി എടുക്കുമെന്നു അവസാനമായി മുന്നറിയിപ്പ്‌ നല്‍കികൊണ്ടും രാത്രികാല പോരാളിക്ക്‌ അംഗത്വം നല്‍കിയതായി ഇവിടെ പ്രഖ്യാപിക്കട്ടെ.

Friday, May 16, 2008

ഒരു ശുദ്ധമലയാളി കുഴിച്ച കുഴി

സമയമുണ്ടെങ്കില്‍ നിങ്ങള്‍ എന്റെ കൂടെ വരണം. ഇതുമൊരു പോരാളിയെ ചുറ്റപ്പറ്റിയുള്ളതാണ്‌. ആംഗലേയ പറച്ചിലില്‍ പതിനെട്ടടവും പഠിച്ചവരാവണമെന്ന തീരുമാനം തോറബോറ ചീഫ്‌ കമാന്‍ഡറിന്റെ അഭാവത്തില്‍(നാട്ടില്‍ പോയ സമയത്താണ്‌) സഹപോരാളികള്‍ കൂടി എടുക്കുന്നു. ഇനിമേലില്‍ ഡ്യൂട്ടിസമയങ്ങളൊഴിച്ചുള്ള സമയങ്ങളില്‍ ആംഗലേയം മാത്രമേ സ്‌പീച്ചാവൂ. തീരുമാനം എല്ലാവരും തലകുലുക്കിയും കൈയടിച്ചും അംഗീകരിച്ചു.(തീരുമാനം സ്‌പീച്ചികൊണ്ട്‌ അംഗീകരിക്കണമെങ്കില്‍ എബിസീഡി അറിയണമല്ലോ). സ്ഥിരമായി(സമയമുള്ളപ്പോള്‍) നടക്കാനും ഇരിക്കാനും കഥപറയാനും പോവാറുള്ള പാടത്തുപോയി. കൃഷിയിറക്കാതെ തരിശായി കിടക്കുന്ന പച്ചപ്പു നിറഞ്ഞ പ്രദേശം. മണ്ഡരിബാധിച്ച തെങ്ങുകള്‍ അത്ര തലക്കനമില്ലാതെ നിശ്ചലമായി നില്‍ക്കുന്നു. ആംഗലേയത്തിന്റെ ഉംംംംംംംംംംം ഇംംംംംംംംംംം ങ്‌ ങ്‌്‌ ങ്‌ തുടങ്ങിയ മൂളലുകള്‍ ഓരോ വാക്കുകള്‍ക്കും വാചകങ്ങള്‍ക്കും മുമ്പില്‍ വരുന്നതിനോടൊപ്പം ആംഗ്യഭാഷയിലൂടെ സംവദിച്ചു തുടങ്ങി ഞങ്ങള്‍. കേള്‍ക്കുന്നവര്‍ മനസ്സിലാകുന്നുണ്ട്‌ എന്നറിയാന്‍ തലകുലുക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്നു. ആകെക്കൂടി അരിയെത്ര എന്നു ചോദിക്കുമ്പോള്‍ പയറഞ്ഞാഴി എന്ന പ്രതീതി. സംസാരം മുറുകിയപ്പോള്‍ കുറച്ചു ചെറിയ കുട്ടികളെയും വിളിച്ചു ആംഗലേയ ശക്തി പരീക്ഷിക്കാന്‍. സംഗതി കുറ്റംപറയരുതല്ലോ..കുട്ടികള്‍ അല്‍പ്പം തരികിടയൊക്കെ കൈയിലുള്ളവരാണെന്നു തോന്നുന്നു. പറയുന്നത്‌ അവര്‍ക്കു മനസ്സിലാവുന്നുണ്ട്‌. ഇതിനിടെ മറ്റൊരു പോരാളി വളരെ സൈലന്റായി ഞങ്ങളെ ശ്രദ്ധിച്ച്‌(അതോ ഇല്ലേ)വെറുതെ ഇരിക്കുന്നു. എങ്കില്‍ പിന്നെ ഈ 'മലയാളി'യോടു സംസാരിക്കു എന്ന നിര്‍ദേശം കുട്ടികള്‍ക്കു കൊടുത്തിട്ട്‌ ഞങ്ങള്‍ മുക്കലും മൂളലും ആംഗ്യഭാഷയിലേക്കുമൊക്കെ തിരിച്ചെത്തി. അപ്പോഴാണ്‌ ആരോ പറഞ്ഞത്‌. നമ്മുടെ 'മലയാളി' 'കമാ' എന്ന രണ്ടരക്ഷരം പറയാന്‍ കൂടി വാ തുറന്നിട്ടില്ലല്ലോ എന്ന്‌. ഇരിപ്പു തുടങ്ങിയിട്ട്‌ മണിക്കൂര്‍ ഒന്നു കഴിഞ്ഞിരിക്കുന്നു. പോവാന്‍ സമയമായെന്നറിയിച്ച്‌ സൂര്യന്‍ ചേക്കാറാന്‍ പോയി. അപ്പോഴാണ്‌ ഒരാള്‍ ഒരു വലിയ കണ്ടുപിടുത്തം നടത്തിയത്‌. നമ്മുടെ മലയാളി ഇരുന്നതിന്റെ മുമ്പിലായി വലിയൊരു കുഴി. ഞങ്ങളുടെ ആംഗലേയ പ്രാഗല്‍ഭ്യത്തില്‍ അസൂയപൂണ്ടിട്ടോ ബോറടിച്ചിട്ടോ എന്നറിയില്ല. വട്ടം കൂടിയിരിക്കുന്ന ഞങ്ങള്‍ക്കിടയില്‍ മൂകനായിരുന്ന `മലയാളി' കൈയില്‍ കിട്ടിയ കമ്പുപയോഗിച്ച്‌ ഇരിക്കുന്നതിന്‌ മുമ്പില്‍ ഒരു കുഴി തീര്‍ക്കുകയായിരുന്നു അത്ര നേരവും. ഫോണ്‍ ചെയ്യുമ്പോള്‍ കുത്തിവരയ്‌ക്കുന്ന, സംസാരിക്കുമ്പോള്‍ നഖംകടിയ്‌ക്കുന്ന, സാരിത്തുമ്പ്‌ ചുറ്റുന്ന, മൂക്ക്‌ ചൊറിയുന്ന, കാല്‍വിരല്‍ കൊണ്ടു വൃത്തം വരയ്‌ക്കുന്ന മാനിയകള്‍ക്കൊപ്പം ചേര്‍ക്കാന്‍ ഒന്നുകൂടി ആംഗലേയം ശ്രവിച്ചാല്‍ `കുഴി'കുഴിക്കുന്ന മാനിയ. ഈ 'മലയാളി'യെ അമേരിക്കയിലേക്ക്‌ ഒരു തൂമ്പയും കൊടുത്തയച്ചാല്‍ കിണര്‍ കുഴിച്ചു കളയുമല്ലോ എന്നാണ്‌ തോറബോറയിലുയരുന്ന ചോദ്യങ്ങളിലൊന്ന്‌.

Friday, May 9, 2008

കര്‍ണകഠോരകന്റെ ഡോഗ്‌സ്‌പോട്ട്‌.കോം

തോറബോറ പോരാളികളുടെ ബ്ലോഗ്‌ മാനിയ ഉണര്‍ന്നു തുടങ്ങിയിരിക്കുന്നു. കഴിഞ്ഞമാസം കോഴിക്കോട്‌ നടന്ന ബ്ലോഗ്‌ ശില്‍പ്പശാലയില്‍ പങ്കെടുത്തപ്പോള്‍ മുതല്‍ തുടങ്ങിയതാണ്‌ ഒരു പോരാളിയ്‌ക്ക്‌‌ (ഉറക്കം കെടുത്തുന്ന ശിക്ഷാവിധി പടച്ചവന്‍ വാരിക്കോരി കൊടുത്ത കര്‍ണകഠോര ശബ്ദത്തിനുടമ) സ്വന്തമായി ഒരു ബ്ലോഗ്‌ വേണമെന്ന കലശലായ മോഹം. അതേതായാലും ആദ്യഘട്ടമെന്ന നിലക്ക്‌ പൂര്‍ത്തിയായി. മനോഹരമായ ഒരു പേരുമിട്ടു വിദ്വാന്‍. പാറപ്പുറത്തു ചിരട്ടയുരക്കുന്ന ശബ്ദത്തില്‍(ട്രോ ട്രോ..പ്രാ..പ്രാ) അതേക്കുറിച്ചു കഴിഞ്ഞദിവസം പറയുകയും ചെയ്‌തു. അങ്ങനെ ഒന്നുരണ്ടു ദിവസത്തെ ഇടവേളക്കു ശേഷമുള്ള ഒരു പ്രഭാതം.(സമയം രാവിലെ 11 മണി..ഞങ്ങള്‍ക്കതു പ്രഭാതമാണ്‌..രാത്രി ഡ്യൂട്ടികഴിഞ്ഞ്‌ അതിരാവിലെ എഴുന്നേല്‍ക്കുന്ന സമയമാണത്‌). പോരാളികളുടെ ബെഡ്‌ വട്ട സമ്മേളനത്തില്‍ ഘോരഘോരമായി തമാശകളും തലേദിവസം ഷൂട്ട്‌ചെയ്‌ത(മൊബൈലില്‍)ചിത്രത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങളും ആസ്വാദനവുമൊക്കെയായി ഇരിക്കുകയാണ്‌. സോറീട്ടോ ചിത്രത്തെക്കുറിച്ചു പറയാന്‍ വിട്ടു. വൈകുന്നേരത്തെ പതിവുചായകുടിക്കു പോയപ്പോള്‍ അവിചാരിതമായി കണ്ടുമുട്ടിയ സഹപോരാളി(സഹപ്രവര്‍ത്തകന്‍)യുടെ ഫോണ്‍വിളിയുടെ തല്‍സമയ ദൃശ്യം രഹസ്യമായി മൊബൈലില്‍ പകര്‍ത്തിയതാണ്‌. നര്‍ഗീസ്‌ മ്യാന്‍മാറില്‍ നാശം വിതച്ചതു പോലെയാണ്‌ ലവന്റെ ഫോണ്‍ ഇന്‍ പ്രോഗ്രാം. ഇടയ്‌ക്കു റെയ്‌ഞ്ചു പോയ മൊബൈലില്‍ തുറിച്ചു നോക്കി പിന്നീട്‌ 'ലൈന്‍' കിട്ടുമ്പോള്‍ ചിരിച്ചു കൊണ്ടു പമ്പരം പോലെ കറങ്ങുന്ന ഒന്നരമിനിറ്റ്‌ ദൈര്‍ഘ്യമുള്ള ഒന്നാന്തരം സീന്‍. പോരാളികളുടെ പൊട്ടിച്ചിരികള്‍ക്കു വഴിമരുന്നിട്ട ഈ ചിത്രീകരണത്തെ കുറിച്ചു പറഞ്ഞുകൊണ്ടിരിക്കുന്ന സമയത്താണ്‌ നമ്മുടെ കഥാനായകന്റെ ബ്ലോഗ്‌ പരിചയപ്പെടുത്തല്‍. അതേക്കുറിച്ച്‌ കേള്‍ക്കാത്ത സഹപോരാളികളുടെ ആകാംക്ഷയ്‌ക്കു വിരാമമിട്ടു കര്‍ണകഠോരകന്‍ ഉറക്കെ പ്രഖ്യാപിച്ചു. സ്വരത്തില്‍ മലയോളം ആത്മവിശ്വാസം നിഴലിച്ച ആ പേര്‌ ഇങ്ങനെയായിരുന്നു- "അവലോകനം. ഡോഗ്‌സ്‌പോട്ട്‌.കോം". പിന്നീട്‌ ഉയര്‍ന്ന പൊട്ടിച്ചിരിയില്‍ തോറബോറ പ്രകമ്പനം കൊണ്ടു. അബദ്ധം മനസ്സിലാക്കിയ കര്‍ണകഠോരകന്‍ സ്വരം ആവുന്നത്ര മയപ്പെടുത്തി പറഞ്ഞു. അല്ല. അവലോകനം.ബ്ലോഗ്‌സ്‌പോട്ട്‌.കോം പനിയുടെ മരുന്നുകുടിച്ചതിന്റെ ക്ഷീണത്തില്‍ നാക്കുതളര്‍ന്നതാണെന്ന ന്യായം പറഞ്ഞുനോക്കിയെങ്കിലും പൊട്ടിച്ചിരി ശമിപ്പിക്കാന്‍ പര്യാപ്‌തമായിരുന്നില്ല അത്‌.(പുതിയ ബ്ലോഗുകള്‍ ഇനിയും പ്രതീക്ഷിക്കാം, പോരാളികള്‍ ഉണര്‍ന്നു കഴിഞ്ഞിരിക്കുന്നു. ഇനി രക്ഷയില്ല പ്രിയപ്പെട്ടവരെ)

Wednesday, May 7, 2008

അവകാശം ചോദിച്ച്‌ സഹപോരാളികള്‍

പണ്ടാരമടങ്ങാന്‍ ഇതു തുടങ്ങുമ്പോഴെ പലരും പറഞ്ഞു കളി കാര്യമാവുമേ എന്ന്‌. (എന്റെ കഷ്ടകാലം അന്നു ഞാന്‍ പറഞ്ഞു അസൂയയ്‌ക്കു മരുന്നില്ല മക്കളേ)ഇല്ല അസൂയ അവര്‍ക്കായിരുന്നില്ല. പോരാളികളുടെ അഹങ്കാരം നോക്കണേ...എഡിറ്റിങ്ങിന്‌ പെര്‍മിഷന്‍ വേണം പോലും...നമുക്കാലോചിക്കാം എന്ന മറുപടിയില്‍ നിര്‍ത്തിയിരിക്കുകയാണ്‌. തോറബോറയെന്താ പൊതുമുതലോ? ചോദ്യം നേരത്തേ ആത്മഗതമാക്കേണ്ടിയിരുന്നു. അല്ലാതെ വേലിയിലിരുന്ന പാമ്പിനെയെടുത്ത്‌........

Friday, May 2, 2008

നുഴഞ്ഞുകയറ്റം തുടങ്ങി

വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച്‌ കഞ്ഞികുടി മുട്ടിച്ചു പാര്‍ട്ടിക്കാര്‌. എന്നാലും സാരമില്ല. പോരാളികള്‍ കുറേപ്പേര്‍ തിരിച്ചെത്തി.(എത്തിച്ചു എന്നു പറയുന്നതാവും ശരി. വീട്ടില്‍പോയാല്‍ പിന്നെ വരാന്‍ തോന്നില്ല. അതാണു കാരണം.) ഞാന്‍ വീണ്ടും ആള്‍ക്കൂട്ടത്തില്‍ തിരിച്ചെത്തി.(അല്ല. ആള്‍ക്കൂട്ടം എന്റരികിലെത്തി.) തോറബോറയിലെ പത്തിന കല്‍പ്പനകള്‍ എഴുതി തയ്യാറാക്കി ഔദ്യോഗിക ബ്ലോഗില്‍ പോസ്‌റ്റുചെയ്‌തതിനു പിറകെ നുഴഞ്ഞുകയറ്റം ആരംഭിച്ചു എന്നതാണ്‌ പുതിയ വിശേഷം. എമണ്ടകന്‍ ബാഗും തൂക്കി വളിച്ച ചിരിയും ഷേക്ക്‌ഹാന്‍ഡും തന്ന്‌ ഓരോരുത്തര്‍ എത്തിത്തുടങ്ങി. സാരമില്ല. കുറേ സ്ഥലം ബാക്കിയുണ്ട്‌ തോറബോറയില്‍. പിന്നെ പോരാളികളുടെ എണ്ണവും കൂടുമല്ലോ. ഇനി നടുവു നിവര്‍ത്തി ആരോടും ആരാടാ എന്നെ തല്ലാന്‍(അല്ല..ഞങ്ങളെ തല്ലാന്‍ ) എന്നു ചോദിക്കാമല്ലോ..അല്ലേ?

Thursday, May 1, 2008

മെയ്‌ ഒന്ന്‌ പറ്റിച്ച പണി

ഇന്ന്‌ മെയ്‌ ഒന്ന്‌. തൊഴിലാളി ദിനം നീണാല്‍ വാഴട്ടെ. തോറബോറ അന്തേവാസികളില്‍ ഭൂരിഭാഗവും വീടുകളില്‍ പോയി. (കമ്പനിക്ക്‌ അവധി പ്രഖ്യാപിച്ച്‌ നോട്ടീസ്‌ ബോര്‍ഡില്‍ അറിയിപ്പ്‌ വന്നതേ എല്ലാവനും വീട്ടില്‍പോവാന്‍ ഉറപ്പിച്ചു കഴിഞ്ഞിരുന്നു). ഭാഗ്യം മെസ്സിനവധി ഇല്ലാത്തത്‌(വയറുനിറച്ച്‌ ആഹാരമെങ്കിലും കഴിക്കാലോ). ബ്ലോഗുകളില്‍ തിരഞ്ഞും പുസ്‌തകങ്ങളില്‍ കണ്ണോടിച്ചും സന്ധ്യവരെ സമയം ചെലവഴിച്ചു. ഏകാന്തത ഭ്രാന്തുപിടിപ്പിക്കുകയാണ്‌. പോരാളികളൊഴിഞ്ഞ യുദ്ധക്കളം പോലെയാണിന്ന്‌ തോറബോറ.(തുണികളും പുസ്‌തകങ്ങളും പത്രവുമൊക്കെ റൂമില്‍ ചിതറിക്കിടക്കുകയാണ്‌). റഷീദ്‌ ഉറങ്ങാന്‍കൂടെ തയ്യാറാവാതെ തെണ്ടാന്‍പോയി(കൂട്ടുകാരന്റെ വീട്ടിലാണേ). എം.ടി.പി ഭാര്യയെയും കുട്ടിയെയും കാണാന്‍ നാട്ടില്‍ പോയിട്ട്‌ ആഴ്‌ച ഒന്നാവാറായി. ജോക്കി അളിയനെ യാത്രയയക്കാന്‍ വിമാനത്താവളത്തില്‍ പോയി.(വാഗ്‌ദാനം ചെയ്‌ത വിസ നഷ്ടപ്പെടുത്തുന്നതെന്തിന്‌ എന്നാണ്‌ നിരുല്‍സാഹപ്പെടുത്തിയപ്പോള്‍ കിട്ടിയ മറുചോദ്യം). സലാമിന്‌ പനിയാണ്‌(ഭക്ഷണത്തിന്‌ കുറവില്ല കേട്ടോ).ഏതായാലും പെട്ടിയൊക്കെ തയ്യാറാക്കി ഇന്നലെ രാത്രിയിലെ തോറബോറയിലെ നല്ലൊരു ഭാഗം ശൂന്യമാക്കി പല്ലാരിമംഗലത്തിനു ട്രെയിന്‍ പിടിച്ചു. പിലാത്തറ ജ്യേഷ്ടന്‍ ഗള്‍ഫില്‍ നിന്നു കൊണ്ടു വന്ന പെട്ടിയില്‍ എന്തെങ്കിലും ശേഷിക്കുന്നുണ്ടോ എന്നറിയാന്‍ നാട്ടില്‍ പോയതാണ്‌( കണ്ടാല്‍ മതിയായിരുന്നു. എന്നാലല്ലെ സഹപോരാളികള്‍ക്ക്‌ എന്തെങ്കിലും കിട്ടൂ. സൈനുല്‍ ആബിദ്‌ പരീക്ഷകളുടെ പരമ്പരയുണ്ട്‌ ലീവ്‌ തരണമെന്ന്‌ അപേക്ഷിച്ച്‌ ഏറെ സമയം ചുറ്റിത്തിരിഞ്ഞിരുന്നു. പരീക്ഷ എന്തായോ ആവോ? ഉടന്‍ എത്തുമായിരിക്കും. നാളത്തെ ഹര്‍ത്താലാണ്‌ എല്ലാവരുടെയും യാത്ര നീട്ടുന്നതിന്‌ പ്രധാന കാരണം. അതു വരെ ഏകാന്തത മാത്രമാണ്‌ കൂട്ടുകാരന്‍. സഹിക്കുക തന്നെ. പോരാളികള്‍ എത്രയും വേഗം വരട്ടെ എന്നാലെ പുതിയ കഥകളും ചിത്രങ്ങളുമൊക്കെ പോസ്‌റ്റു ചെയ്യാന്‍കിട്ടൂ.(ചില പോരാളികള്‍ ഇനിയും അറിഞ്ഞിട്ടില്ല. ബ്ലോഗ്‌ ഉണ്ടാക്കിയ കാര്യം.അപ്പോളറിയാം വിവരണത്തിന്റെ കടുപ്പം കൂടിയോ ഇല്ലയോ എന്ന്‌. (ബീച്ചില്‍ പോവാമെന്നും ബേക്കല്‍ കോട്ട പോവാമെന്നും ഒക്കെ കരുതിയിരുന്നു. ഒറ്റയ്‌ക്കെങ്ങിനെ പോവാന്‍? )
സ്‌നേഹപൂര്‍വം

Wednesday, April 30, 2008

മലപ്പുറം പ്രണയലേഖനം

(മൊബൈല്‍ ജോക്കിയുടെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ച്‌ പോസ്‌റ്റു ചെയ്യുകയാണീ മലപ്പുറം വാമൊഴി. ചത്താലും സംസാരരീതി കൈവിടില്ലെന്നു പറയുന്ന മലപ്പുറംകാര്‍ക്കു വേണ്ടി ആരോ പടച്ചുവിട്ട രസികന്‍ പ്രണയകഥ ....അനുമതിയോടെ ഞാന്‍ സമര്‍പ്പിക്കട്ടെ)

ന്റെ ഖല്‍ബിന്റെ മുത്തേ,
ല്ലാരും പറേണ്‌ ഞമ്മള്‌ രണ്ടാലും കൂടിയാ പത്തിരീം
കോയിക്കറീം പോലാണ്‌ന്ന്‌, ഞമ്മക്കും അങ്ങനെ
തോന്നിക്കണ്‌. അതോണ്ട്‌ സുയിപ്പിക്ക്‌ണ ഒരു ബര്‍ത്താനം
പറയാന്‍ വേണ്ട്യാണ്‌ ഞമ്മളിതെഴ്‌ത്‌ണത്‌. ഞമ്മള്‌ പറഞ്ഞത്‌
കേട്ട്‌ ജ്ജ്‌ ബെറുതെ ബേജാറാവരുത്‌.
ഞമ്മക്ക്‌ അന്നെ പെരുത്തിഷ്ടാണ്‌. ഇത്‌ ന്റെ നെഞ്ചും
കൂടിന്റകത്ത്‌ കെടന്ന്‌ നീറാന്‍ തുടങ്ങീട്ട്‌ മ്മിണി നാളായിക്ക്‌ണ്‌.
അന്റെ ആ പെടക്ക്‌ണ മീന്‍ പോലത്തെ കണ്ണും പൊരിച്ച്‌ ഉന്നക്കായ
പോല്‌ത്തെ മീക്കും, വെള്ളം ഒലിച്ച ജിലേബി കഷ്‌ണം പോലത്തെ ചുണ്ടും,
ആക്കെകൂടി ഇയ്‌ ഒരു ഹൂറി തന്നേണ്‌.
പഷേങ്കില്‌ അന്റെ വാപ്പാ ഒരു ചെയ്‌ത്താനാണ്‌.
അയ്യാള്‌ടെ മയ്യത്ത്‌ പള്ളിക്കാട്ടില്‌ക്ക്‌ എടുത്തല്ലാണ്ട്‌ ഞമ്മളാ പടി കടക്കൂല്ലാ.
അന്റെ വാപ്പാന്റെ കയ്യിന്ന്‌ കിട്ടിയ തല്ലിന്റെ ബേദന
ഇന്‍ക്ക്‌ മറക്കാന്‍ പറ്റണ്‌ത്‌ അന്റെ ആ മൊഞ്ചുള്ള മോറ്‌ ഒര്‍ക്കുമ്പ്‌ളാണ്‌.
അന്നെ കിനാകണ്ട്‌ കെടന്ന്‌ ഇന്‌ക്ക്‌ രാത്രീല്‌
ഒറക്കം പോലും ബരണില്ല. ഇന്നലെ അന്നെ ഓര്‍ത്ത്‌
കെടന്ന്‌ ഞമ്മള്‌ ക്‌നാവീന്ന്‌ ഞെട്ടിണീറ്റത്‌ സുബ്‌ഹി ബാങ്ക്‌ കൊടുക്ക്‌ണത്‌
കേട്ടീട്ടാണ്‌. ഇന്നലെ മീന്‍ ബിക്കുമ്പോ അയല അയലേ....ന്ന്‌ ബിളിക്ക്‌തിന്‌ പകരം
അയിശ അയിശാ...ന്ന്‌ ബിളിച്ച്‌ ആകെ ബലാലായി.
അന്റെ വാപ്പ എറച്ചി ബെട്ട്‌കാരനായതോണ്ട്‌ അയാക്ക്‌ന്നെ കണ്ണ്‌ട്‌ത്താ കണ്ടൂടാ.
അന്റെ കണ്ണ്‌ പോലെ പെട്‌ക്ക്‌ണ മീനാണ്‌ ഞമ്മള്‌ ബിക്കണത്‌. അതാ ഹമ്‌ക്കിന്‌ അറിയ്യോ.......!
ന്റെ കുഞ്ഞാളേ, ഞമ്മള്‌ണ്ടാക്കിയ കായോണ്ട്‌ അനക്ക്‌ ഞമ്മള്‌ പച്ച ജാക്കറ്റും തുണീം,
അത്തറും സുറുമേം ഒക്കെ ബാങ്ങി ബെച്ചിട്ട്‌ണ്ട്‌. ജ്ജ്‌ ഞമ്മള്‌താവണ രാത്രീല്‌
അനക്ക്‌ ഞമ്മളതൊക്കെ തരും. ആ രാത്രി കിനാകണ്ട്‌ നിലാവത്തയിച്ചിട്ട കോയീനെ
പോലെ ഞമ്മള്‌ നടക്കാണ്‌. ന്റെ ഹൂറിക്ക്‌ ഒരായിരം മുത്തങ്ങള്‌. പെരുത്തിഷ്ടത്തോടെ
അന്റെ മാത്രം.........

Monday, April 28, 2008

പത്തിന കല്‍പ്പനകള്‍

തോറബോറയെന്ന സാമ്രാജ്യത്തിലെ നിയമങ്ങളാണിത്‌ (12 സഹപ്രവര്‍ത്തകരുടെ വലിയൊരു കിടപ്പുമുറി)
1. ചീഫ്‌ കമാന്‍ഡറുടെ അനുമതി കൂടാതെ തോറബോറയില്‍ പ്രവേശിക്കുകയോ സാധനങ്ങള്‍ എടുക്കുവാനോ പാടില്ല.(നിര്‍ദേശം പലപ്പോഴും കൊടുത്തിട്ടുണ്ടെങ്കിലും പാലിക്കപ്പെടാറില്ല, ഫൈനല്‍ മുന്നറിയിപ്പാണിത്‌.)
2. പോരാളികള്‍ ഉറങ്ങുന്ന സമയത്ത്‌ കയറാമെന്നു വിചാരിക്കുന്നുവെങ്കില്‍ അതപകടമാണ്‌
എന്ന്‌ തിരിച്ചറിയുക.(വീണ്ടും മുന്നറിയിപ്പു തന്നെ)
3. പരിമിതപ്പെടുത്തിയിരിക്കുന്ന അംഗസംഖ്യ യുദ്ധതന്ത്രങ്ങളുടെ ഭാഗമെന്നു മാത്രം മനസ്സിലാക്കുക.
4. വെള്ളം കണ്ടിട്ട്‌ മാസങ്ങളോളമായ മുണ്ട്‌, മറ്റ്‌ വസ്‌ത്രങ്ങള്‍ എന്നിവ സ്‌പര്‍ശിക്കുന്നതോ ശ്വസിക്കുന്നതോ നിങ്ങളുടെ ജീവന്‍ തന്നെ അപകടത്തിലാക്കിയേക്കാം.(തനിയെ തുണി കഴുകുക എന്നത്‌ വല്ലാത്ത മടിപിടിച്ച ഏര്‍പ്പാടാണ്‌)
5. അത്യപൂര്‍വമായ "കെണി" ഒരുക്കിവച്ചിരിക്കുന്നത്‌ അനുമതി കൂടാതെ പ്രവേശിക്കുന്നവര്‍ക്കുള്ള ശിക്ഷയാണ്‌.(ഉറക്കത്തിനിടയില്‍ തുണി ഉണ്ടോ ഇല്ലെയോ എന്ന്‌ എങ്ങനെയറിയാനാണ്‌)
6. കുപ്പികളില്‍ സൂക്ഷിച്ചിരിക്കുന്ന വിഷദ്രാവകങ്ങള്‍, പെട്ടികളിലോ പുറത്തോ വച്ചിരിക്കുന്ന സോപ്പ്‌ബോംബ്‌, പേസ്‌റ്റ്‌ ബോംബ്‌ തുടങ്ങിയവ തെറ്റിദ്ധരിച്ച്‌ എടുക്കാതിരിക്കുക.(എങ്ങിനെയെങ്കിലും ജീവിച്ചു പൊയ്‌ക്കോട്ടെ)
7. പോരാളികളുടെ എ.ടി.എം കാര്‍ഡുകള്‍, പേഴ്‌സുകള്‍, മൊബൈലുകള്‍ തുടങ്ങി വിലപിടിപ്പുള്ള വസ്‌തുക്കള്‍ കവരാമെന്നു തോന്നുന്നുവെങ്കില്‍ അതബദ്ധമാണെന്നു താമസിയാതെ നിങ്ങള്‍ക്കു മനസ്സിലാവും.(ബാലന്‍സുണ്ടാവില്ല എന്നു സാരം)
8. ഭക്ഷണസാധനങ്ങള്‍ മുന്‍കരുതലിനു ശേഖരിച്ചുവച്ചിരിക്കുന്നതാണ്‌. അത്‌ കട്ടുതിന്നാന്‍ ശ്രമിക്കരുത്‌. (പോരാളികള്‍ ആണെങ്കില്‍ കൂടി).(നാട്ടില്‍ നിന്നു സഹപോരാളികള്‍ കൊണ്ടുവരുന്ന സാധനങ്ങള്‍ എല്ലാവര്‍ക്കും കൊടുക്കണ്ടേ? അതോണ്ടാ കേട്ടോ? )
9. നിറം, സൗന്ദര്യം തുടങ്ങിയ കാര്യങ്ങളില്‍ പോരാളികള്‍ സന്തുഷ്ടരാണ്‌. അതിനു ഭംഗം വരുത്താന്‍ ശ്രമിച്ചാല്‍ ചീഫ്‌ കമാന്‍ഡര്‍ പ്രത്യേകയോഗം കൂടി ശിക്ഷവിധിക്കുന്നതായിരിക്കും.(കറുപ്പിനേഴഴകെന്നു സമാധാനിച്ചിരിക്കുകയോ ഓരോരുത്തരും. അതിനിടിയില്‍ വര്‍ണവിവേചനം കുത്തിവയ്‌ക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ വെറുതെ വിടില്ല)
10. തോറബോറയുടെ നാലുചുവരുകള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങുന്നതാണ്‌ അതിന്റെ രഹസ്യങ്ങള്‍. രഹസ്യസ്വഭാവമുള്ള തീരുമാനങ്ങള്‍, സംഘടനാസെറ്റപ്പ്‌ തുടങ്ങിയ കാര്യങ്ങള്‍ പരസ്യപ്പെടുത്തിയാല്‍ നിങ്ങളുടെ സ്ഥാനം ആ നിമിഷംമുതല്‍ തോറബോറയുടെ പുറത്തായിരിക്കും.(പോരാളിയാണെങ്കില്‍ വിചാരണ കൂടാതെ അംഗത്വം റദ്ദാക്കും).(മാസത്തിലൊരു ശുദ്ധികലശമെങ്കിലും(ക്ലീനിങ്‌) വേണ്ടേ? അലങ്കോലമായ റൂമിനെ കുറിച്ച്‌ പുറത്താരോടും പറയരുതെന്ന്‌ വ്യംഗ്യം)