പോരാളികളുടെ മാത്രം ലോകം(കിടപ്പുമുറി). രാത്രിയുടെ അന്ത്യയാമങ്ങള്‍ മുതല്‍ പ്രഭാതം വരെയുള്ള സമയങ്ങളില്‍ എപ്പോഴും പ്രതീക്ഷിക്കാം ഒരു പോരാളിയുടെ കിടപ്പറയിലേക്കുള്ള ആഗമനം. പകല്‍ ഗാഢനിദ്രയിലാവാം. ശല്യപ്പെടുത്തുന്നത്‌ പൊറുക്കാനാവാത്ത കുറ്റം. അല്ലറചില്ലറ തമാശകള്‍, പൊട്ടിച്ചിരികള്‍, പാട്ടുകള്‍ മുതലായവ കേട്ടാല്‍ നെറ്റിച്ചുളിക്കരുത്‌! അതു പോരാളികളുടെ നേരംപോക്കുകളിലൊന്നാവാം. പ്രവേശനവും പാലിക്കേണ്ട നിയമങ്ങളും ചീഫ്‌ കമാന്‍ഡര്‍ വ്യക്തമാക്കും.

Sunday, July 6, 2008

ഒരു ഫലൂദ.. പിന്നെയോ? ഒരു ചായ കൂടി പോരട്ടെ


കാലം ഇത്തിരി പഴകിയതാണ്‌. സംഭവം നടക്കുന്നത്‌ മലപ്പുറത്തിന്റെ അല്‍പ്പം ഉള്‍പ്രദേശത്താണ്‌്‌. പഠനത്തോടൊപ്പം അധ്വാനശീലവുമുള്ള ഒരു പോരാളിയെക്കുറിച്ചാണ്‌ ഈ കഥ. മൂന്നുദിവസം മുമ്പ്‌്‌ അതേ പോരാളി തന്നെയാണ്‌ ഞങ്ങള്‍ക്കു മുമ്പില്‍ ആ കഥ വിളമ്പിയത്‌.
അന്നൊരു ശനിയാഴ്‌ചയാണ്‌. കൂലി വാങ്ങി ചെറുനഗരത്തില്‍ എത്തിയ പോരാളി ചായകുടിക്കാന്‍ പറ്റിയ ഒരു കടനോക്കുന്നു. അതാ അത്യാവശ്യം നല്ലൊരു ബേക്കറി ശ്രദ്ധയാകര്‍ഷിച്ച്‌ തലയുയര്‍ത്തി നില്‍ക്കുന്നു. ദൈര്യസമേതം വച്ചു പിടിച്ചു അങ്ങോട്ടുതന്നെ. പോരാളി കസേരയില്‍ ഇരിക്കുന്നതിനു മുമ്പേ വെയ്‌റ്റര്‍ എന്തുവേണമെന്ന ചോദ്യവുമായി എത്തി. പോരാളിയാരാ മോന്‍? ആദ്യമായി ബേക്കറിയില്‍ കയറുന്ന പരിഭ്രമം ഒന്നും കൂടാതെ തന്നെ മെനുകാര്‍ഡ്‌ എടുത്തുനോക്കി ഉറക്കെ തട്ടിവിട്ടു. ഫലൂദ ഒന്നിങ്ങു പോരട്ടെ. ചുറ്റുവട്ടത്തിരുന്നു സൊറപറയുന്നവരെ പുച്ഛത്തോടെ നോക്കി ഇഷ്ടന്‍ ഗമയില്‍ ഇരുന്നു. അധികസമയം കഴിഞ്ഞില്ല, മറ്റൊരു വെയ്‌റ്റര്‍ കൂടി കസേരക്കു സമീപം ഹാജര്‍വച്ചു. ചോദ്യം ഒരു തവണകൂടി: എന്താണു വേണ്ടത്‌?. നമ്മുടെ പ്രിയപ്പെട്ട പോരാളി ചിന്തിച്ചു. കടിക്കാന്‍ ഫലൂദ പറഞ്ഞിട്ടുണ്ട്‌. ഇനിയെന്താ പറയേണ്ടത്‌. ഉത്തരം ഉടനേയെത്തി ഒരു ചായകൂടി പോരട്ടെ. വെയ്‌റ്റര്‍മാര്‍ രണ്ടുപേരും എത്തിയത്‌ ഒരേ സമയത്താണ്‌. ഒരാളുടെ കൈയില്‍ ചായ, അപരന്റെ കൈയില്‍ ഫലൂദ. പോരാളിയുടെ ടേബിളില്‍ ഇവരണ്ടും പ്രതിഷ്‌ഠിക്കപ്പെട്ടു. പോരാളിയുടെ തൊണ്ട വരണ്ടു. പിടിച്ചുവച്ച ശ്വാസം മൊട്ടുസൂചി കയറിയ ബലൂണില്‍ നിന്നെന്ന പോലെ തള്ളപ്പെട്ടു. വിറയ്‌ക്കുന്ന കരങ്ങള്‍ കൊണ്ട്‌ ആദ്യം ഫലൂദ കൈയിലെടുത്തു. രക്തം വറ്റിയ ശരീരത്തിലേക്ക്‌ പതുക്കെ ഫലൂദയുടെ രുചി അറിഞ്ഞുക്കൊണ്ടേയിരുന്നു. തുടര്‍ന്ന്‌ തണുത്തുതുടങ്ങിയ ചായ കൈയിലെടുത്തു ഒരിറക്കിന്‌ കുടിച്ചു. (ചായയുടെ ഗതി കടിയില്ലാതെ ഇറങ്ങാന്‍ തന്നെയായിരുന്നിരിക്കണം.). അടുത്ത ടേബിളിലിരുന്ന ആള്‍ ഇതെല്ലാം വീക്ഷിച്ചതിനു ശേഷം നമ്മുടെ പോരാളിയോടു ചോദിച്ചു ആദ്യായിട്ടാണല്ലേ? .... മറുപടി ഉണ്ടായതേയില്ല. പോരാളിയുടെ നാവ്‌ ഇറങ്ങിപ്പോയിരുന്നു അങ്ങ്‌ വയറിന്റെ അടിത്തട്ടോളം.

3 comments:

  1. ഇങ്ങനെയൊക്കയല്ലേ പുതിയ ‘combinations' കണ്ടെത്തുക! പാനി പൂരിയുടെ ചെറിയ പൂരിക്കുള്ളില്‍ കുല്‍ഫി ഇട്ട്, ‘പുല്‍ഫി’ കണ്ടുപിടിച്ചു ഞാനും കൂട്ടുകാരും. :-)

    ReplyDelete
  2. അങ്ങനെ.......പോരാളികള്‍ ഓരോന്നായി ഒളിച്ചോടിത്തുടങ്ങി..ഉംംംം.... ഒന്നും പറയാനില്ലേ ചീഫ്‌ കമാന്‍ഡര്‍കും ബ്ലോഗിക്കും....?എന്തായാലും ഫലൂദ പൊളപ്പന്‍ തന്നെടേ

    ReplyDelete