പോരാളികളുടെ മാത്രം ലോകം(കിടപ്പുമുറി). രാത്രിയുടെ അന്ത്യയാമങ്ങള്‍ മുതല്‍ പ്രഭാതം വരെയുള്ള സമയങ്ങളില്‍ എപ്പോഴും പ്രതീക്ഷിക്കാം ഒരു പോരാളിയുടെ കിടപ്പറയിലേക്കുള്ള ആഗമനം. പകല്‍ ഗാഢനിദ്രയിലാവാം. ശല്യപ്പെടുത്തുന്നത്‌ പൊറുക്കാനാവാത്ത കുറ്റം. അല്ലറചില്ലറ തമാശകള്‍, പൊട്ടിച്ചിരികള്‍, പാട്ടുകള്‍ മുതലായവ കേട്ടാല്‍ നെറ്റിച്ചുളിക്കരുത്‌! അതു പോരാളികളുടെ നേരംപോക്കുകളിലൊന്നാവാം. പ്രവേശനവും പാലിക്കേണ്ട നിയമങ്ങളും ചീഫ്‌ കമാന്‍ഡര്‍ വ്യക്തമാക്കും.

Monday, January 24, 2011

ലിസി ഹോസ്പിറ്റലിലെ ചായ


ശബ്ദഗാംഭീര്യം കൊണ്ട് അനുഗ്രഹീതനും മറ്റുള്ളവരുടെ കേള്‍വിയെ സഹനത്തിന്റെ ബാലികേറാമലയിലെത്തിക്കാന്‍ കഴിവുള്ളവനുമായ അബൂബക്കര്‍. തോറബോറയിലെ പോരാളികളുടെ ഇടയിലേക്ക് അവസാനമായി കടന്നുവന്ന വിരുതനാണ് ഈ കഥാനായകന്‍.
ഈ പോരാളി ബിരുദപഠനത്തിന്റെ(കോളജില്‍ പോവുന്നു എന്നേ അര്‍ഥമുള്ളൂ. പഠനമെന്നു കേട്ട് ആരും നെറ്റി ചുളിക്കേണ്ട)തിരക്കില്‍ കഴിയുന്ന കാലം. എറണാകുളവുമായി അധികം ദൂരയല്ലാത്ത കലാലയമായിരുന്നു പോരാളിയുടെ യുദ്ധഭൂമി.
അങ്ങനെയൊരു ദിവസമാണ് അടിയന്തരമായി രക്തം ആവശ്യമുണ്ടെന്ന അപേക്ഷയുമായി എറണാകുളം ലിസി ഹോസ്പിറ്റലില്‍ അത്യാസന്ന നിലയില്‍ കഴിയുന്ന ഒരു രോഗിയുടെ ബന്ധുക്കള്‍ യുദ്ധഭൂമിയിലെത്തുന്നത്. അത്ര പെട്ടെന്നൊന്നും ലഭ്യമല്ലാത്ത ഒ നെഗറ്റീവ് ഗ്രൂപ്പാണ് ആവശ്യം. നിഷേധാത്മക സ്വഭാവമുള്ള നമ്മുടെ പോരാളി മാത്രമാണ് കോളജിലെ ഏക ഒ നെഗറ്റീവ് ഗ്രൂപ്പുകാരനും. എന്നാല്‍ മുമ്പ് രക്തം കൊടുത്തിട്ടില്ലാത്തതിനാല്‍ കൊടുക്കണോ വേണ്ടയോ എന്ന ശങ്ക തീരുന്നുമില്ല.
കൂട്ടുകാര്‍ പലവിധത്തിലും പ്രലോഭനം നടത്തുകയാണ്. ഒരുവന്‍ പറഞ്ഞു.. ''ഡാ, ലിസി ഹോസ്പിറ്റലില്‍ നിറയെ സുന്ദരക്കുട്ടികളാണ്.'' '' സൗന്ദര്യം തുളുമ്പുന്ന അവിവാഹിതരായ എത്രയെത്ര നഴ്‌സുമാര്‍'' രണ്ടാമന്‍ ഒന്നാമനെ പിന്താങ്ങി. പോരാളിയുടെ മനസ് ചഞ്ചലപ്പെട്ടു തുടങ്ങി. ഇതു കണ്ട മൂന്നാമന്റെ വകയായിരുന്നു അടുത്ത പ്രലോഭനം. രക്തം എടുക്കാനെത്തുന്ന നഴ്‌സിനോട് പത്തുമിനിറ്റോളം സമയം പഞ്ചാരയടിക്കാം. പോരാത്തതിന് രക്തദാനത്തിനു ശേഷം തണുത്ത ജ്യൂസ്, ബിസ്‌ക്കറ്റ് അങ്ങിനെ വിഭവങ്ങള്‍ വേറെയും.
ശൂൂൂൂൂൂൂൂ..... ബലൂണില്‍ നിന്ന് കാറ്റു പോവുന്നതിനേക്കാള്‍ വേഗത്തില്‍ പോരാളിയുടെ മനസ് മാറി. വാ ഇന്നു രക്തം കൊടുത്തിട്ടേ ഉള്ളൂ ബാക്കി കാര്യം. പോരാളി മുന്നിലിറങ്ങി നടന്നു.
പോരാളി ബ്ലഡ് ബാങ്കിനു മുമ്പിലെത്തി. പലവിചാരങ്ങളാല്‍ നെഞ്ച് പടാപടാ മിടിക്കുന്നു. കൂട്ടൂകാര്‍ പകര്‍ന്നു നല്‍കിയ ആശയാണ് നെഞ്ച് നിറയെ. അതിനാല്‍ ആശങ്കയെ പടിക്കു പുറത്തുനിര്‍ത്തി പോരാളി അകത്തു കയറി. ആവശ്യമായ ഫോമുകള്‍ പൂരിപ്പിച്ചു. തൂക്കവും പള്‍സും പരിശോധിച്ചത് മെയില്‍ നഴ്‌സായിരുന്നു. പോരാളിക്ക് നിരാശ തോന്നിയെങ്കിലും രക്തമെടുക്കാന്‍ നേരം സുന്ദരിക്കുട്ടിമാര്‍ വരുമെന്ന പ്രതീക്ഷ നിരാശയെ അസ്ഥാനത്താക്കി.
അകത്തേക്കു ചെല്ലൂ... തൂക്കം നോക്കിയ വിദ്വാന്‍ കല്‍പ്പിച്ചു. വിറയാര്‍ന്ന പാദങ്ങള്‍ പെറുക്കിവച്ച് പോരാളി ഉള്ളില്‍ കടന്നു.
വലിയ എണ്ണച്ചട്ടിയിലിട്ട പപ്പടം പോലെ കൃഷ്ണമണികള്‍ സുന്ദരിമാരെ തേടി വട്ടംകറങ്ങി. ഒടുവിലാ ദൃഷ്ടി 40 കടന്ന ഒരു വെള്ളക്കുപ്പായക്കാരിയില്‍ തറഞ്ഞുനിന്നു. നേരത്തേ രക്തം കൊടുത്തിട്ടുണ്ടോ? തലകറങ്ങി വീണ് ഞങ്ങള്‍ക്ക് പണിയുണ്ടാക്കരുതെന്ന മുന്നറിയിപ്പും നല്‍കിയാണ് പോരാളിയുടെ സകലപ്രതീക്ഷകളും തകര്‍ത്തുകളഞ്ഞ നഴ്‌സിന്റെ സംസാരം തുടങ്ങിയതു തന്നെ. അങ്ങോട്ടു കയറികിടക്ക്....
കിടന്നുതീരുന്നതിനു മുമ്പേ വീഡിയോ ദൃശ്യങ്ങള്‍ ഫോര്‍വേഡ് അടിച്ചു വിടുന്ന രീതിയില്‍ നഴ്‌സിന്റെ തിരക്കിട്ട ജോലി തുടങ്ങി. എന്തോ നൂലെടുത്തു വലതുകൈയുടെ മുട്ടിനുമുകളില്‍ വലിഞ്ഞുമുറുക്കി... സുചിയെടുത്തു പോരാളിയുടെ കൈത്തണ്ടയില്‍ ആഞ്ഞു കുത്തി, സ്‌പോഞ്ചിന്റെയൊരു പന്തും കൈയില്‍ കൊടുത്ത് ഇതും ഞെക്കിക്കൊണ്ട് അവിടെ കിടക്കാന്‍ നിര്‍ദേശവും കൊടുത്ത മാന്യ വനിത കുറച്ചുമാറിയൊരു കസേരയിലിരുന്ന് വനിതാ മാസികയുടെ വായന നിര്‍ത്തിവച്ച പേജില്‍ തലകുമ്പിട്ടിരിപ്പായി.
പോരാളിയുടെ മനസ്സിലും കണ്ണിലും ഇരുട്ട് വ്യാപിച്ചു. സുന്ദരി പോയിട്ട് ഒന്നു നന്നായി പെരുമാറാന്‍ പോലും അറിയാത്ത കഴുതകളാണല്ലോ ഈശ്വരാ ഈ ആശുപത്രി നിറയെ. മനസ്സില്‍ പ്രതീക്ഷകള്‍ പാകിയ ഒന്നാമനെയും രണ്ടാമനെയും മൂന്നാമനെയും പ്രാകാവുന്നതിലേറെ പ്രാകി പോരാളി തന്റെ വലതുവശത്ത് ആടിക്കളിക്കുന്ന രക്തബാഗ് നിറയുന്നതും കാത്തുകിടക്കുകയാണ്.
അധികം വൈകാതെ പോരാളിയുടെ 'ഓ!!! നെഗറ്റീവ്' രക്തം ആ ചെറിയ ബാഗില്‍ നിറഞ്ഞു. നേരത്തേ കണ്ട അതേ നഴ്‌സ് പോരാളിയുടെ കൈയില്‍ നിന്ന് പ്ലാസ്റ്റിക് ചരട് അഴിച്ചുമാറ്റി സ്വതന്ത്രനാക്കിയ ശേഷം അടുത്ത മുറിയിലേക്ക് പൊയ്‌ക്കൊള്ളാന്‍ നിര്‍ദേശം നല്‍കി. സുന്ദരിമാര്‍ പൊയെങ്കിലെന്താ ജ്യൂസും ബിസ്‌ക്കറ്റും കിട്ടാന്‍ പോവുകയല്ലേ, എന്ന മോഹത്തോടെ പോരാളി നഴ്‌സ് ചൂണ്ടിക്കാട്ടിയ മുറിയിലേക്ക് അതിവേഗം നടന്നു.
അവിടെ കിടന്ന കസേരകളിലൊന്നില്‍ പോരാളി ആസനമുറപ്പിച്ചു. ഏതാനും നിമിഷങ്ങള്‍ കടന്നുപോയി. ആരോ നടന്നുവരുന്ന ശബ്ദം കേട്ട് പോരാളി പ്രതീക്ഷയോടെ മിഴിമുന കൂര്‍പ്പിച്ചു വച്ചു. അതേ മുഖഭാവത്തോടെ, അതേ പഴയ നഴ്‌സ് തന്നെയാണ് ഒരു ഗ്ലാസ് ചായയുമായി രംഗപ്രവേശം ചെയ്തത്. ഇതുവരെ തന്നോടൊപ്പമുണ്ടായിരുന്ന ഒരു പായ്ക്റ്റ് രക്തത്തിനു പകരം ഊളന്‍ ചായയോ? പോരാളിയുടെ ഹൃദയം കോപത്താല്‍ ജ്വലിച്ചു. മൂക്കും മുഖവും ചുവപ്പിച്ച് പ്രതിഷേധമറിയിക്കാന്‍ ആഗ്രഹിച്ചെങ്കിലും സ്വതവേ കറുത്ത തന്റെ മുഖത്ത് ചുവപ്പ് പടരില്ലെന്ന ബോധ്യമുള്ളതിനാല്‍ അതു മനപ്പൂര്‍വം ഉപേക്ഷിച്ചു. കോപത്തേക്കാളുപരി അദ്ഭൂതമായിരുന്നു പോരാളിക്ക്... ചായ പ്രയോഗത്തെക്കുറിച്ച് തോന്നിയത്. അതിനാല്‍ പോരാളി അല്‍പ്പമുറക്കെ തന്നെ പ്രഖ്യാപിച്ചു.
ഞാന്‍ ചായ കുടിക്കില്ല...
ഇല്ലേ...!!! നഴ്‌സിന്റെ മുഖത്ത് അവിശ്വസനീയത. അവര്‍ തിരികെ നടന്നു. പോരാളിയുടെ മനസ്സില്‍ പൂത്തിരി കത്തി. അവരിപ്പോള്‍ ജ്യൂസുമായി വരും. പ്രതീക്ഷ തെറ്റിയില്ല. നഴ്‌സ് അതിവേഗം മടങ്ങിവന്നു. പക്ഷേ ജ്യൂസിനു പകരം ഒരു ഗ്ലാസ് പച്ചവെള്ളമാണ് പ്രായമേറിയ മാലാഖക്കുഞ്ഞിന്റെ കൈയിലുള്ളത്.  ഉണ്ടക്കണ്ണുകള്‍ പുറത്തേക്കു തള്ളിയ പോരാളി  ഗ്ലാസും കൈയില്‍ പിടിച്ച്  തരിച്ചിരുന്നു.
ചായ വേണ്ടെന്നു പറഞ്ഞാല്‍ ജ്യൂസ് കിട്ടുമെന്ന് കരുതിയിരുന്നവന്‍ വേറെന്തു ചെയ്യാന്‍. ചായയും കാപ്പിയുമൊക്കെ സ്ഥിരമായി കുടിക്കുന്ന ആളാണ് താനെന്നു ഉറക്കെ പ്രഖ്യാപിക്കണമെന്നൊക്കെ പോരാളിക്ക് അതിയായ ആഗ്രഹമുണ്ട്. പക്ഷേ അ(ദുര) ഭിമാനം അതിനു സമ്മതിക്കണ്ടേ....
രണ്ടാമതൊന്ന് ചിന്തിക്കാതെ പോരാളി അതിവേഗം ഇറങ്ങിനടന്നു, തൊണ്ട നനയ്ക്കാന്‍ എന്തെങ്കിലും കിട്ടുന്ന കടയും തിരഞ്ഞ്.