പോരാളികളുടെ മാത്രം ലോകം(കിടപ്പുമുറി). രാത്രിയുടെ അന്ത്യയാമങ്ങള്‍ മുതല്‍ പ്രഭാതം വരെയുള്ള സമയങ്ങളില്‍ എപ്പോഴും പ്രതീക്ഷിക്കാം ഒരു പോരാളിയുടെ കിടപ്പറയിലേക്കുള്ള ആഗമനം. പകല്‍ ഗാഢനിദ്രയിലാവാം. ശല്യപ്പെടുത്തുന്നത്‌ പൊറുക്കാനാവാത്ത കുറ്റം. അല്ലറചില്ലറ തമാശകള്‍, പൊട്ടിച്ചിരികള്‍, പാട്ടുകള്‍ മുതലായവ കേട്ടാല്‍ നെറ്റിച്ചുളിക്കരുത്‌! അതു പോരാളികളുടെ നേരംപോക്കുകളിലൊന്നാവാം. പ്രവേശനവും പാലിക്കേണ്ട നിയമങ്ങളും ചീഫ്‌ കമാന്‍ഡര്‍ വ്യക്തമാക്കും.

Thursday, November 20, 2008

പെണ്ണുകെട്ടിച്ചു തരിക: ലോകത്തിലെ ആദ്യ സമരമുറ



തോറബോറ പോരാളികള്‍ അഭിമാനാര്‍ഹമായ ഒരു പുതുസമരരീതിയാണ്‌ നിങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിക്കുന്നത്‌. കല്യാണപ്രായം കഴിഞ്ഞ പോരാളികള്‍ക്ക്‌ പെണ്ണുകെട്ടുന്നതിന്‌ വീട്ടുകാര്‍ സമ്മതം മൂളാന്‍ നാലാളുകള്‍ കൂടുന്നിടത്ത്‌ പ്ലക്കാര്‍ഡുകള്‍ കൈയിലേന്തി പ്രകടനം നടത്തുക. ആദ്യത്തെ ഒരു പ്രകടനം ഇതിനകം നടത്തിക്കഴിഞ്ഞു.
എന്തോ..മാധ്യമങ്ങളൊന്നും ഞങ്ങളുടെ സമരത്തെ കണ്ട ഭാവം നടിച്ചില്ല. എന്നാല്‍ വെറുതെ വിടാന്‍ പോരാളികളും ഒരുക്കമല്ല.
സര്‍വായുധസജ്ജരായ പോരാളികളുടെ സമരത്തിന്‌ ഒരു ബാപ്പയായിക്കഴിഞ്ഞ കമാന്‍ഡറുടെ അകമഴിഞ്ഞ പിന്തുണയുമുണ്ട്‌. കല്യാണസമരത്തിലൂടെ ഗിന്നസ്‌ ബുക്കില്‍ കയറിപ്പറ്റാമെന്നു തന്നെയാണ്‌ പോരാളികള്‍ കരുതുന്നത്‌. അതിനു നിങ്ങളുടെ സഹായം ആവശ്യമാണ്‌. ഇതിനു നിങ്ങളുടെ വോട്ടുകള്‍ പ്രതീക്ഷിക്കുന്നു. വോട്ട്‌ ചെയ്യേണ്ട ഫോര്‍മാറ്റ്‌ ഇതാണ്‌. തോറബോറ ബാച്ച്‌ലേഴ്‌സ്‌. കല്യാണം കഴിപ്പിച്ചു കൊടുക്കുക.
നിങ്ങളുടെ വിലയേറിയ എസ്‌.എം.എസുകള്‍ ഒരിക്കല്‍ കൂടി അഭ്യര്‍ഥിച്ചു കൊണ്ട്‌ തോറബോറ പോരാളികള്‍

Friday, November 14, 2008

തൂക്കണാംകുരുവിക്കൂട്ടില്‍ അധിനിവേശം നടത്തുന്നോ ആറ്റകറുപ്പാ?



തൂക്കണാംകുരുവിയുടെ കൂട്ടില്‍ ആറ്റകറുപ്പന്റെ അധിനിവേശം എന്ന വാര്‍ത്ത പത്രത്തില്‍ ചിത്രം സഹിതം കാണുമ്പോള്‍ വലിയ അതിശയവും രസവുമൊന്നും തോറബോറ പോരാളികള്‍ക്കുണ്ടായിരുന്നില്ല. എന്നാല്‍ പിറ്റേ ദിവസം രാവിലെ നേരം പരാപരാന്നു വെളുത്തു തുടങ്ങിയപ്പോള്‍ ആറ്റകറുപ്പന്റെ തനിസ്വഭാവവുമായി ഒരു പോരാളി വേഷം മാറി. അന്നത്തെ ദിവസം അഞ്ചുമണിക്കു തന്നെ പോരാളികള്‍ എഴുന്നേറ്റു. പിലാത്തറയുടെ വീട്ടില്‍ പോവുകയാണ്‌ ഉദ്ദേശ്യം. ഒരുങ്ങിയവര്‍ ഒരുങ്ങിയവര്‍ തോറബോറയില്‍ നിന്ന്‌ പുറത്തിറങ്ങി കഴിഞ്ഞു. ഇനി ഉള്ളതു ചീഫ്‌ കമാന്‍ഡറും റഷീദും മാത്രമാണ്‌. ഏറെ നേരം കഴിഞ്ഞിട്ടും ഇരുവരെയും കാണാതെ വന്നപ്പോള്‍ പോരാളികള്‍ പരിഭ്രാന്തരായി. തോറബോറ ഇരുട്ടില്‍ കുളിച്ചു നില്‍ക്കുകയാണ്‌. ഉള്ളില്‍ ക്ഷുദ്രജീവികളുടെ ശല്യമാണെങ്കില്‍ വല്ലാതെ അധികരിച്ചിട്ടുമുണ്ട.്‌ പറയാന്‍ കാരണമുണ്ടതിന്‌. രണ്ടു ദിവസം മുമ്പാണ്‌ തങ്ങളുടെ ചുണ്ടില്‍ ഉറുമ്പ്‌ സുന്ദരി ഉമ്മ വച്ചത്‌. (ഉറക്കത്തിലാണു കേട്ടോ). ഉറക്കമെഴുന്നേല്‍ക്കുമ്പോള്‍ ഹനുമാന്റെ ചുണ്ടിനേക്കാള്‍ വലുപ്പത്തിലാണ്‌ തങ്ങളുടെ ചുണ്ടിരിക്കുന്നത്‌. അന്ന്‌ ഉച്ചക്ക്‌ ഊണുകഴിക്കാനോ വൈകീട്ടത്തെ പതിവ്‌ ചായകുടിക്കോ തങ്ങള്‍ ഹാജരായിരുന്നില്ല. പക്ഷേ യുദ്ധക്കളത്തില്‍ ലീവ്‌ കിട്ടാത്തതിനാല്‍ വരേണ്ടി വരുകയും ചെയ്‌തു. അടുത്ത ദിവസം തന്നെ കിട്ടി നിസാമിനും ഒരുമ്മ. അതു പക്ഷേ ചുണ്ടിനായിരുന്നില്ല. കണ്ണിനകത്തു കയറിയാണ്‌ ഇത്തവണ സുന്ദരി സ്‌നേഹം പ്രകടിപ്പിച്ചത്‌.
ഇങ്ങനെയൊക്കെ പോരാളികളെ സുന്ദരിമാര്‍ വിടാതെ പിന്തുടരുമ്പോള്‍ എങ്ങിനെ രണ്ടുസുന്ദരന്മാരെ തോറബോറയില്‍ ഒറ്റക്കു വിട്ടു പോവാന്‍ ഞങ്ങള്‍ക്കു മനസ്സുവരും. തിരിച്ചു കയറാന്‍ തുടങ്ങുമ്പോള്‍ ചീഫ്‌ കമാന്‍ഡര്‍ ഓടിക്കിതച്ചെത്തി. മുഖത്ത്‌ അടക്കിനിര്‍ത്താനാവാത്ത ചിരിയുണ്ട്‌. കാര്യം തിരക്കിയപ്പോള്‍ കമാന്‍ഡര്‍ കഥയുടെ കെട്ടഴിച്ചു. ബാത്‌റൂമില്‍ നിന്ന്‌ കമാന്‍ഡര്‍ ഇറങ്ങിവരുമ്പോള്‍ റഷീദ്‌ മുഖം ചുളുക്കി നില്‍ക്കുകയാണ്‌. ഇട്ടിരിക്കുന്ന പാന്റ്‌സിന്റെ പിറകില്‍ മുഴച്ചുനില്‍ക്കുന്ന സാധനം വലിച്ചെടുക്കാനുള്ള ശ്രമത്തിലാണ്‌. തുടര്‍ന്ന്‌ റഷീദ്‌ പാന്റ്‌സിനുള്ളില്‍ നിന്ന്‌ ഒരു ഷഡ്ഡി പുറത്തേക്കു വലിച്ചെടുത്തു.സംഗതി കമാന്‍ഡറുടേതാണ്‌. താനെന്തിനാ എന്റെ പാന്റ്‌സിനുള്ളില്‍ ഷഡ്ഡി എടുത്തുവച്ചത്‌ ദേഷ്യമടക്കാനാവാതെ റഷീദിന്റെ ചോദ്യം. ഹേയ്‌ അങ്ങിനെ വരാന്‍ വഴിയില്ലല്ലോ എന്ന സന്ദേഹത്തോടെ കമാന്‍ഡര്‍ റഷീദിനെ സമീപിച്ചു. ഇല്ലാ ഇതു നിങ്ങളുടേത്‌ തന്നെയാണ്‌. ഷഡ്ഡി തിരിച്ചറിഞ്ഞ കമാന്‍ഡറിന്റെ മുഖം ജാള്യതയില്‍ ചുവന്നു. സോറി...
മറുപടി പറഞ്ഞ്‌ കമാന്‍ഡര്‍ തടിതപ്പി.
തുടര്‍ന്ന്‌ ഭിത്തിയിലെ ആണിയില്‍ തൂക്കിയിട്ടിരുന്ന പാന്റ്‌സ്‌ എടുത്തു കമാന്‍ഡര്‍ വലിച്ചുകയറ്റി. (വലിച്ചു കയറ്റേണ്ടി വന്നില്ല..ശൂൂൂൂൂന്ന്‌ കയറിപ്പോയി). കണ്‍ഫ്യൂഷനിലായ കമാന്‍ഡര്‍ റഷീദിനെ നോക്കി. മിസ്റ്റര്‍ ബീന്‍ നില്‍ക്കുന്നതു പോലെ നിന്നു പരുങ്ങുകയാണ്‌ ആശാന്‍. പാന്റ്‌സ്‌ കാലില്‍ ഇറുകിപിടിച്ചിരിക്കുന്നു. നടക്കാന്‍ കൂടി പറ്റുന്നില്ല. ഉറക്കത്തിന്റെ കെട്ടുവിടാത്തതും സ്വതസിദ്ധമായ ഉദാസീനതയും കൂടിയായപ്പോള്‍ എല്ലാം മംഗളമായി. സമയം കളയാതെ കമാന്‍ഡര്‍ റഷീദ്‌ ഇട്ടിരുന്ന പാന്റ്‌സ്‌ ഊരിവാങ്ങി. എന്നിട്ടു ചോദിച്ചു. തൂക്കണാം കുരുവിക്കൂട്ടില്‍ അധിനിവേശം നടത്തുന്നോ ആറ്റക്കറുപ്പാ....?
:)

Saturday, November 8, 2008

സ്‌നാപ്‌ പോരട്ടെ, സ്‌ക്വാഷും

ചായകുടി പോരാളികളുടെ വീക്ക്‌നെസ്സാണ്‌. പണമില്ലെങ്കില്‍ കടം വാങ്ങും. ചിലപ്പോള്‍ സഹപോരാളികളുടെ കാരുണ്യം തേടും. മാസാന്ത്യങ്ങളിലാണ്‌ പോരാളികള്‍ പാപ്പരാവുക. പിന്നെ മുഖത്തോടു മുഖം നോക്കുകയാണ്‌ തന്ത്രം. അങ്ങനെ മുടക്കമില്ലാതെ പോയിക്കൊണ്ടിരുന്ന ചായകുടിയുടെ രസം പോരാളികളെ അതിന്‌ അടിമകളാക്കി.
അങ്ങനെ അന്നു വൈകീട്ടും ചായകുടിക്കാന്‍ സ്ഥിരം സങ്കേതത്തിലെത്തി. ചായ ഓര്‍ഡര്‍ ചെയ്‌തിരിക്കുമ്പോള്‍ വെയ്‌റ്ററെത്തി.(ചുള്ളനായ ഒരു പയ്യനാണ്‌ വെയ്‌റ്റര്‍) കടിയെന്താ വേണ്ടതെന്ന ചോദ്യത്തിന്‌ മറുപടി റഷീദിന്റെ വായില്‍ നിന്നായിരുന്നു ആദ്യം ഉതിര്‍ന്നത്‌. സ്‌നാപ്‌ പോരട്ടെ. വെയ്‌റ്റര്‍ അന്തിച്ചു. പോരാളികളും. സ്‌നാപോ???
അതെ, കടിക്കാന്‍ എന്തെങ്കിലും പോരട്ടെ ...
പോരാളികളുടെ സംശയത്തിന്‌ അടിവരയിട്ട്‌ കടി പറഞ്ഞ റഷീദിന്റെ വാക്കുകള്‍ സ്‌നാപിന്റെ സാങ്കേതികാര്‍ഥം പറഞ്ഞു തന്നു. സ്‌നാക്കാണ്‌ പാവം ഉദ്ദേശിച്ചത്‌. ആംഗലേയ ഭാഷയുടെ ഉള്ളുകള്ളികള്‍ പുറത്താക്കുന്ന റഷീദിന്റെ വായില്‍ നോക്കിയിരിക്കുന്ന പോരാളികളെ പുച്ഛത്തോടെ കണ്ണോടിച്ച ശേഷം ആശാന്‍ നിവര്‍ന്നിരുന്നു.
കട്‌ലെറ്റ്‌, പഴംപൊരി, ഉള്ളിവട, ബോണ്ട, പഫ്‌സ്‌, പക്കുവട.....വെയ്‌റ്ററുടെ ലിസ്റ്റ്‌ നീണ്ടു.
ചില്ലലമാരയില്‍ വച്ചിരിക്കുന്ന കടികളില്‍ നോക്കി റഷീദ്‌ തന്നെയാണ്‌ കടിക്ക്‌ ഉത്തരവിട്ടതും.
എല്ലാവര്‍ക്കും ചൂടുപാറുന്ന ചായയെത്തി. ഒപ്പം പഫ്‌സും. 'സ്‌ക്വാഷ്‌ 'കൊണ്ടു വാാാാ...ഇത്തവണയും റഷീദിന്റെ സ്വരമാണ്‌ ആദ്യ ഉയര്‍ന്നത്‌.
'സ്‌ക്വാഷെ'ന്തിനാണിപ്പോള്‍...?എന്ന സംശയം ദുരീകരിക്കാന്‍ 'തങ്ങള്‍' ചോദിച്ചു. സ്‌ക്വാഷോ...?
നേര്‍ത്ത കണ്‍ഫ്യൂഷനിലായ റഷീദ്‌ ടോണ്‍ മാറ്റി..
''സ്‌ക്യാഷ്‌" ...എന്നിട്ടും മനസ്സിലാവാത്ത പോരാളികള്‍ക്കും വെയ്‌റ്റര്‍ക്കും മുഖം തരാതെ റഷീദ്‌ വലതുകൈയുടെ ചൂണ്ടുവിരലുയര്‍ത്തി. അതാ ഇരിക്കുന്നു സോസ്‌ നിറച്ച ബോട്ടില്‍.
പടച്ചോനെ.. സ്‌നാപ്പിനു കൂട്ട്‌ സക്വാഷ്‌....ഇരിക്കട്ടെ....
റഷീദിനു വീണ്ടുമൊരു വാ തുറക്കലിന്‌ അവസരം കൊടുക്കാതെ ചായയും പഫ്‌സും വയറ്റിലാക്കി പോരാളികള്‍ കോഫിബാറിന്റെ പടിയിറങ്ങി.

Monday, November 3, 2008

പാതിരാത്രിയിലെ മീന്‍മുള്ളും പഴംതേടിയുള്ള യാത്രയും



രാത്രി യുദ്ധത്തിന്നിടയില്‍ കിട്ടിയ ഇത്തിരിനേരത്താണ്‌ പിലാത്തറക്ക്‌ ചോറുണ്ണാന്‍ തോന്നിയത്‌. അമിത വിശപ്പാണോ പൊരിച്ച അയലയാണോ കാരണമെന്നറിയില്ല, വലിച്ചുവാരിത്തിന്ന പിലാത്തറയുടെ തൊണ്ടയില്‍ മീന്‍മുള്ളു കുടുങ്ങി. വേദന അധികരിച്ചുവെങ്കിലും രണ്ടുപ്ലേറ്റ്‌ ചോറുകഴിച്ച ശേഷം മാത്രമാണ്‌ മെസ്സില്‍ നിന്ന്‌ പോരാളി പുറത്തിറങ്ങിയത്‌. പുട്ടിനു തേങ്ങാപ്പീര പോലെ ചോറുരുട്ടി വിഴുങ്ങിയും വെള്ളം കുടിച്ചും മുള്ളുകളയാന്‍ പ്രയത്‌നിച്ചെങ്കിലും വിജയിക്കാതെയാണ്‌ പരിഭ്രാന്തനായ പിലാത്തറ യുദ്ധക്കളത്തിലെത്തിയത്‌. മുള്ളുകളയുന്നതിന്‌ പലവിധ അഭിപ്രായങ്ങളായിരുന്നു. മെസ്സില്‍ രാവിലെയുണ്ടാക്കിട്ടും തീരാത്ത, പുട്ട്‌ വിഴുങ്ങിയാല്‍ മതിയെന്ന നിര്‍ദേശം പ്രാവര്‍ത്തികമാക്കാമെന്നു തീരുമാനിച്ചു. എന്നാല്‍ കൂടത്തിനു തല്ലിയാല്‍ പോലും പൊട്ടാത്ത പുട്ടാണ്‌ ചീഫ്‌ കുക്കിന്റെ കൈപ്പുണ്യത്തില്‍ പിറവികൊള്ളുന്നതെന്ന പുനര്‍വിചിന്തനം ഉണ്ടായതോടെ ആ സാഹസം ഉപേക്ഷിച്ചു. തുടര്‍ന്നാണ്‌ പഴം വിഴുങ്ങല്‍ എന്ന പരമ്പരാഗത മുള്ളുകളയല്‍ രീതി പിന്തുടരാന്‍ തീരുമാനിച്ചത്‌. സാധാരണ ജ്യൂസുകുടിക്കാന്‍ പോവുന്ന ഫ്രൂട്ട്‌സ്‌ കടയിലേക്ക്‌ പോരാളികള്‍ പിലാത്തറയെയും കൂട്ടി ആഘോഷത്തോടെ നീങ്ങി. ദൗര്‍ഭാഗ്യമെന്നു പറയട്ടെ അടച്ചിട്ട കടയാണ്‌ ഞങ്ങള്‍ പോരാളികള്‍ക്കു കാണാന്‍ കഴിഞ്ഞത്‌. തൊണ്ടതിരുമ്മി കണ്ണുതള്ളി വില്ലുപോലെ വളയുന്ന പിലാത്തറയുടെ ദൈന്യത കണ്ടില്ലെന്നു നടിച്ച്‌ സംഘം യുദ്ധക്കളത്തില്‍ തിരിച്ചെത്തി. മുള്ളുവിഴുങ്ങിയ പിലാത്തറയുടെ അന്ത്യകൂദാശ നടത്തേണ്ടി വരുമെന്നു പേടിയുണ്ടായിരുന്നെങ്കിലും രാവിലെയോടെ മുള്ള്‌ തൊണ്ടയില്‍ നിന്ന്‌ അപ്രത്യക്ഷമായി.
പഴം വിഴുങ്ങലല്ലാതെ മറ്റെന്തുമാര്‍ഗമാണ്‌ മുള്ളുകളയാന്‍ അവലംബിക്കുകയെന്ന ഗവേഷത്തിലാണ്‌ പിലാത്തറയിപ്പോള്‍. രാത്രിയായാലും കടയടച്ചുപോയാലും പിന്തുടരാന്‍ പറ്റുന്ന ഒരു പ്രയോഗം. കിട്ടിയാല്‍ നിങ്ങളെയും അറിയിക്കുന്നതാണ്‌.

Saturday, November 1, 2008

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഇനി ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം

തോറബോറയുടെ ഇലയനക്കങ്ങള്‍ വരെ ഇവിടെ കോറിയിട്ടിരുന്ന സമയം. ചിരിയും ബഹളങ്ങളും സര്‍വോപരി അബദ്ധങ്ങളും അങ്ങനെ എല്ലാം ഇവിടെ വിഷയങ്ങളായിരുന്നപ്പോഴാണ്‌ യുദ്ധക്കളത്തില്‍(ഓഫിസില്‍) ബ്ലോഗിന്‌ നിയന്ത്രണമേര്‍പ്പെടുത്തിയത്‌. ഒരു പോസ്‌റ്റിടാന്‍ പറ്റാനാവാതെ, പ്രസവവേദനയാണ്‌ ഇക്കാലമത്രയും ഞാന്‍, ഞങ്ങള്‍- പോരാളികള്‍ അനുഭവിച്ചുകൊണ്ടിരുന്നത്‌. എന്തായാലും ഒരു ഗര്‍ഭകാലമെത്തുന്നതിനു മുമ്പ്‌ കാറ്റ്‌ പോരാളികള്‍ക്ക്‌ അനുകൂലമായി വീശിത്തുടങ്ങി. 2 മാസങ്ങള്‍ക്കു ശേഷമുള്ള ആദ്യപോസ്‌റ്റാണിത്‌. ഒരുപാട്‌ വിശേഷങ്ങളുണ്ട്‌ പങ്കുവയ്‌ക്കാന്‍.. താമസിയാതെ അവ നിങ്ങള്‍ക്കു മുമ്പില്‍ എത്തിക്കാമെന്ന പ്രതീക്ഷയോടെ....
നിങ്ങളുടെ സ്വന്തം തോറബോറ പോരാളികള്‍