പോരാളികളുടെ മാത്രം ലോകം(കിടപ്പുമുറി). രാത്രിയുടെ അന്ത്യയാമങ്ങള്‍ മുതല്‍ പ്രഭാതം വരെയുള്ള സമയങ്ങളില്‍ എപ്പോഴും പ്രതീക്ഷിക്കാം ഒരു പോരാളിയുടെ കിടപ്പറയിലേക്കുള്ള ആഗമനം. പകല്‍ ഗാഢനിദ്രയിലാവാം. ശല്യപ്പെടുത്തുന്നത്‌ പൊറുക്കാനാവാത്ത കുറ്റം. അല്ലറചില്ലറ തമാശകള്‍, പൊട്ടിച്ചിരികള്‍, പാട്ടുകള്‍ മുതലായവ കേട്ടാല്‍ നെറ്റിച്ചുളിക്കരുത്‌! അതു പോരാളികളുടെ നേരംപോക്കുകളിലൊന്നാവാം. പ്രവേശനവും പാലിക്കേണ്ട നിയമങ്ങളും ചീഫ്‌ കമാന്‍ഡര്‍ വ്യക്തമാക്കും.

Saturday, November 8, 2008

സ്‌നാപ്‌ പോരട്ടെ, സ്‌ക്വാഷും

ചായകുടി പോരാളികളുടെ വീക്ക്‌നെസ്സാണ്‌. പണമില്ലെങ്കില്‍ കടം വാങ്ങും. ചിലപ്പോള്‍ സഹപോരാളികളുടെ കാരുണ്യം തേടും. മാസാന്ത്യങ്ങളിലാണ്‌ പോരാളികള്‍ പാപ്പരാവുക. പിന്നെ മുഖത്തോടു മുഖം നോക്കുകയാണ്‌ തന്ത്രം. അങ്ങനെ മുടക്കമില്ലാതെ പോയിക്കൊണ്ടിരുന്ന ചായകുടിയുടെ രസം പോരാളികളെ അതിന്‌ അടിമകളാക്കി.
അങ്ങനെ അന്നു വൈകീട്ടും ചായകുടിക്കാന്‍ സ്ഥിരം സങ്കേതത്തിലെത്തി. ചായ ഓര്‍ഡര്‍ ചെയ്‌തിരിക്കുമ്പോള്‍ വെയ്‌റ്ററെത്തി.(ചുള്ളനായ ഒരു പയ്യനാണ്‌ വെയ്‌റ്റര്‍) കടിയെന്താ വേണ്ടതെന്ന ചോദ്യത്തിന്‌ മറുപടി റഷീദിന്റെ വായില്‍ നിന്നായിരുന്നു ആദ്യം ഉതിര്‍ന്നത്‌. സ്‌നാപ്‌ പോരട്ടെ. വെയ്‌റ്റര്‍ അന്തിച്ചു. പോരാളികളും. സ്‌നാപോ???
അതെ, കടിക്കാന്‍ എന്തെങ്കിലും പോരട്ടെ ...
പോരാളികളുടെ സംശയത്തിന്‌ അടിവരയിട്ട്‌ കടി പറഞ്ഞ റഷീദിന്റെ വാക്കുകള്‍ സ്‌നാപിന്റെ സാങ്കേതികാര്‍ഥം പറഞ്ഞു തന്നു. സ്‌നാക്കാണ്‌ പാവം ഉദ്ദേശിച്ചത്‌. ആംഗലേയ ഭാഷയുടെ ഉള്ളുകള്ളികള്‍ പുറത്താക്കുന്ന റഷീദിന്റെ വായില്‍ നോക്കിയിരിക്കുന്ന പോരാളികളെ പുച്ഛത്തോടെ കണ്ണോടിച്ച ശേഷം ആശാന്‍ നിവര്‍ന്നിരുന്നു.
കട്‌ലെറ്റ്‌, പഴംപൊരി, ഉള്ളിവട, ബോണ്ട, പഫ്‌സ്‌, പക്കുവട.....വെയ്‌റ്ററുടെ ലിസ്റ്റ്‌ നീണ്ടു.
ചില്ലലമാരയില്‍ വച്ചിരിക്കുന്ന കടികളില്‍ നോക്കി റഷീദ്‌ തന്നെയാണ്‌ കടിക്ക്‌ ഉത്തരവിട്ടതും.
എല്ലാവര്‍ക്കും ചൂടുപാറുന്ന ചായയെത്തി. ഒപ്പം പഫ്‌സും. 'സ്‌ക്വാഷ്‌ 'കൊണ്ടു വാാാാ...ഇത്തവണയും റഷീദിന്റെ സ്വരമാണ്‌ ആദ്യ ഉയര്‍ന്നത്‌.
'സ്‌ക്വാഷെ'ന്തിനാണിപ്പോള്‍...?എന്ന സംശയം ദുരീകരിക്കാന്‍ 'തങ്ങള്‍' ചോദിച്ചു. സ്‌ക്വാഷോ...?
നേര്‍ത്ത കണ്‍ഫ്യൂഷനിലായ റഷീദ്‌ ടോണ്‍ മാറ്റി..
''സ്‌ക്യാഷ്‌" ...എന്നിട്ടും മനസ്സിലാവാത്ത പോരാളികള്‍ക്കും വെയ്‌റ്റര്‍ക്കും മുഖം തരാതെ റഷീദ്‌ വലതുകൈയുടെ ചൂണ്ടുവിരലുയര്‍ത്തി. അതാ ഇരിക്കുന്നു സോസ്‌ നിറച്ച ബോട്ടില്‍.
പടച്ചോനെ.. സ്‌നാപ്പിനു കൂട്ട്‌ സക്വാഷ്‌....ഇരിക്കട്ടെ....
റഷീദിനു വീണ്ടുമൊരു വാ തുറക്കലിന്‌ അവസരം കൊടുക്കാതെ ചായയും പഫ്‌സും വയറ്റിലാക്കി പോരാളികള്‍ കോഫിബാറിന്റെ പടിയിറങ്ങി.

No comments:

Post a Comment