പോരാളികളുടെ മാത്രം ലോകം(കിടപ്പുമുറി). രാത്രിയുടെ അന്ത്യയാമങ്ങള്‍ മുതല്‍ പ്രഭാതം വരെയുള്ള സമയങ്ങളില്‍ എപ്പോഴും പ്രതീക്ഷിക്കാം ഒരു പോരാളിയുടെ കിടപ്പറയിലേക്കുള്ള ആഗമനം. പകല്‍ ഗാഢനിദ്രയിലാവാം. ശല്യപ്പെടുത്തുന്നത്‌ പൊറുക്കാനാവാത്ത കുറ്റം. അല്ലറചില്ലറ തമാശകള്‍, പൊട്ടിച്ചിരികള്‍, പാട്ടുകള്‍ മുതലായവ കേട്ടാല്‍ നെറ്റിച്ചുളിക്കരുത്‌! അതു പോരാളികളുടെ നേരംപോക്കുകളിലൊന്നാവാം. പ്രവേശനവും പാലിക്കേണ്ട നിയമങ്ങളും ചീഫ്‌ കമാന്‍ഡര്‍ വ്യക്തമാക്കും.

Sunday, August 31, 2008

മൂരാളികളുടെ ട്രെയിന്‍യാത്രയും ടിക്കറ്റ്‌ എക്‌സാമിനറുംസ്വാതന്ത്ര്യദിനത്തിന്‌ അനുവദിച്ചു കിട്ടിയ അവധി ആഘോഷിക്കാനാണ്‌ പിലാത്തറയും തങ്ങളും കാസിമിയുമൊക്കെ കൊച്ചിക്കു വച്ചുപിടിച്ചത്‌. നീണ്ട ഒരു പകല്‍ കൊച്ചിയില്‍ കറങ്ങിത്തിരിഞ്ഞൊടുവില്‍ കൊച്ചി കണ്ടവനച്ചി വേണ്ടെന്ന ചൊല്ലൊക്കെ അനുസ്‌മരിച്ച്‌ ഒരു രാത്രിയവിടെ ഉറങ്ങി (ഉറങ്ങുകയല്ല, കൊതുകിനെ കൊല്ലാന്‍ പാഴ്‌വേല നടത്തുകയായിരുന്നെന്നാണ്‌ ചാരന്മാര്‍ അറിയിച്ചത്‌.) കുച്ചിപ്പുടി പഠിച്ചിരുന്നെങ്കില്‍ മൂരാളികള്‍(മൂന്നുപോരാളികള്‍)ക്ക്‌ കൊതുകുപടയ്‌ക്കെതിരേ യുദ്ധംനയിക്കാമായിരുന്നെന്നാണ്‌ അറിവ്‌. ഏതായാലും ആദ്യമായി കൊച്ചികണ്ട സന്തോഷത്തിലായിരുന്നു പിലാത്തറ. പിലാത്തറയെന്ന കുഗ്രാത്തില്‍ നിന്ന്‌ അപൂര്‍വമായി മാത്രം പുറംലോകം കാണുന്നവര്‍ക്ക്‌ എന്തു കൊതുക്‌!.
ഒരു രാത്രിയുടെ ആഘോഷത്തെ ബാക്കിയാക്കി പിറ്റേന്ന്‌ രാവിലെയോടെ കോഴിക്കോടിനു തിരിക്കാനുള്ള ശ്രമത്തിലായി മൂന്നുയോദ്ധാക്കളും. പിലാത്തറ ഒരു ജാഡയ്‌ക്കു ഇട്ടുക്കൊണ്ടുവന്ന വെള്ളഷര്‍ട്ടാവട്ടെ ഒന്നാംക്ലാസ്സുകാരന്‍ സ്‌കൂളില്‍ പോയിട്ട്‌ തിരിച്ചുവരുമ്പോള്‍ ധരിച്ചിരിക്കുന്ന യൂനിഫോമിന്റെ അവസ്ഥയിലായി. മാറിധരിക്കാന്‍ ഒന്നും കൊണ്ടുവരാത്തത്‌ രാവിലെ പോവാമെന്നു കരുതിയിരുന്നതിനാലാണ്‌. എന്നാല്‍ ഉറക്കത്തെ തടഞ്ഞുനിര്‍ത്താനാവാത്തതിന്‌ ആരെയാണു കുറ്റംപറയുക. 10 മണിക്കുശേഷമാണ്‌ പോരാളികള്‍ ഉറക്കത്തെ ഉപേക്ഷിക്കാന്‍ മനസ്സുകാട്ടിയത്‌. അതിവേഗം തയ്യാറായി റൂം കാലിയാക്കി(തെറ്റിദ്ധരിക്കരുത്‌-പോരാളികള്‍ ഒന്നും അടിച്ചുമാറ്റിയിട്ടില്ല. റൂം ഒഴിവാക്കി എന്നാണ്‌ പറഞ്ഞത്‌.) പുറത്തിറങ്ങി. എറണാകുളം സ്റ്റേഷനില്‍ നിന്നു കയറേണ്ട ആലുവയില്‍ എത്തിയാല്‍ തിരക്കുണ്ടാവില്ല സീറ്റു കിട്ടുമെന്ന 'ബുദ്ധി' ആദ്യം പുറത്തെടുത്തത്‌ ഖാസിമിയായിരുന്നു. ഒന്നും തിരിയാത്ത പിലാത്തറയും തങ്ങളും യെസ്സാര്‍ മറുപടിയും വച്ചു. അങ്ങിനെ 11 മണിയോടെ മൂരാളികള്‍ ആലുവയിലെത്തി.
കൂട്ടത്തില്‍ കുഞ്ഞനായ തങ്ങളെ ടിക്കറ്റെടുക്കാന്‍ വിട്ട്‌ 'രംഗം' വീക്ഷിക്കുകയായിരുന്നു സീനിയര്‍ പോരാളികളുടെ അടുത്ത ജോലി. ക്യൂവില്‍ ശ്വാസം വിടാനാവാതെ നിന്ന്‌ ഒടുവില്‍ ഒരു ജേതാവിനെപ്പോലെ തങ്ങളെത്തി. ഹോ....ഒരു ദീര്‍ഘനിശ്വാസത്തിനു ശേഷം തങ്ങള്‍ വാചാലനായി. ടിക്കറ്റ്‌ കിട്ടി...കുറച്ചുനേരം ക്യൂ നിന്നെങ്കിലെന്താ സാധനം കിട്ടിയില്ലേ..അല്‍പ്പം അഹങ്കാരത്തോടെ ശിരസ്സുയര്‍ത്തി തങ്ങള്‍ നിന്നു. എപ്പോഴാ ട്രെയിന്‍? പിലാത്തറക്ക്‌ ആകാംക്ഷ അടക്കാനാവുന്നില്ല. രണ്ടേമുക്കാലിനാണ്‌ അടുത്ത ട്രെയിന്‍. സീനിയര്‍ പോരാളികളുടെ കണ്ണു രണ്ടും അല്ല നാലും പുറത്തേക്കു തള്ളി. പിന്നെന്തിനാണ്‌ നീ ടിക്കറ്റെടുത്തത്‌? ഖാസിമിയുടെ സ്വരം പരുക്കനായി. തങ്ങളുടെ മറുപടിയും പെട്ടെന്നു വന്നു. ടിക്കറ്റെടുക്കാനാണ്‌ എന്നോടു പറഞ്ഞത്‌. അതു ഞാന്‍ ചെയ്‌തു. ഹില്ലാ.. യെവനോടു പറഞ്ഞിട്ടു കാര്യമില്ല. പിലാത്തറ തന്റെ നിരാശ വ്യക്തമാക്കി.
ഏതായാലും നനഞ്ഞു ഇനി കുളിക്കുക തന്നെ പോരാളികള്‍ തീരുമാനിച്ചു. കൈയിലുള്ള പണം തീരാറായതു കൊണ്ടാണ്‌ തീരുമാനത്തെ അംഗീകരിച്ചതെന്ന്‌ ആര്‍ക്കാണറിയാന്‍ പാടില്ലാത്തത്‌. നാലുമണിക്കൂറാണ്‌ ഒറ്റക്കാലിലും രണ്ടുകാലിലും കുത്തിയിരുന്നുമൊക്കെ കാത്തിരിക്കേണ്ടത്‌. തരുണീമണികളെ കാണാമെന്നു വച്ചാല്‍ ആട്‌ കിടന്നിടത്ത്‌ പൂട പോലുമില്ലെന്ന അവസ്ഥയാണ്‌. അങ്ങനെ കാത്തുകാത്തിരുന്ന ട്രെയിന്‍ എത്തി. ഖാസിമിയുടെ വാക്കുകളെ 'അന്വര്‍ഥമാക്കി' ട്രെയിനില്‍ സൂചികുത്താന്‍ കൂടി ഇടമില്ല. വീണ്ടുമുണര്‍ന്നു ഖാസിമിയുടെ കുബുദ്ധി. സ്ലീപ്പര്‍ കോച്ചില്‍ കയറിക്കളയാം. ടി.ടി.ആര്‍ വരികയാണെങ്കില്‍ ലോക്കലില്‍ സ്ഥലമില്ല, ബാക്കി പണം തരാം എന്നു പറഞ്ഞാല്‍ മതിയല്ലോ എന്ന നിര്‍ദോഷമായ പരിഹാരമായിരുന്നു ആ തലയില്‍ വിരിഞ്ഞത്‌. അങ്ങിനെതന്നെ, അങ്ങിനെതന്നെ ബാക്കി രണ്ടുപേരും ഖാസിമിയുടെ തീരുമാനത്തെ പിന്താങ്ങി.
സ്ലീപ്പറില്‍ കയറിക്കൂടിയ മൂരാളികള്‍ ചാഞ്ചാടിയാടി ഉറങ്ങു നീ, ചരിഞ്ഞാടിയാടി ഉറങ്ങൂ നീ..എന്ന അദ്‌നാന്‍ സമിയുടെ അടിപൊളി ഗാനമൊക്കെ മൂളിയാണ്‌ സുഖയാത്ര തുടങ്ങിയത്‌. യാത്ര ഒരു മണിക്കൂര്‍ പൂര്‍ത്തിയായില്ല, ദാണ്ടെ നില്‍ക്കുന്നു സാക്ഷാല്‍ ടി.ടി.ആര്‍ മുന്നില്‍. പിന്നെയുമുണര്‍ന്നു കുബുദ്ധി. നേരെ അങ്ങോട്ടു ചെന്നാവശ്യപ്പെട്ടു...സര്‍...ഞങ്ങള്‍ക്കു ഇവിടെ സീറ്റ്‌ തരണം.ബാക്കി പണം തരാം. ചെകുത്താനും കടലിനുമിടയിലായി അവസ്ഥയിലായി ആ പാവം. റിസര്‍വ്‌ ചെയ്‌തവരുണ്ടാവാം..അതിനാല്‍ ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്ന മറുപടിയും പറഞ്ഞ്‌ ടി.ടി.ആര്‍ അടുത്ത ബോഗിയിലേക്കു യാത്ര തുടങ്ങി. വൈദ്യന്‍ കല്‍പ്പിച്ചതും രോഗി ഇച്ഛിച്ചതും പാലുതന്നെ..ഇത്തവണ തലയുയര്‍ന്നത്‌ ഖാസിമിയുടേതാണ്‌. മറ്റുരണ്ടുപേരും സ്‌പ്രിങ്‌പോലുള്ള മുടി വളര്‍ന്നു നില്‍ക്കുന്ന (പിരിഞ്ഞുനില്‍ക്കുന്ന) ഖാസിമിയുടെ തലയിലേക്ക്‌ അസൂയയോടെ നോക്കി. യാത്ര അധികം നീണ്ടില്ല. അതാ വരുന്നു പഴയ ടി.ടി.ആര്‍ വീണ്ടും. അങ്ങോട്ടാക്രമിക്കുക തന്നെ ബുദ്ധി. ആവശ്യം വീണ്ടുമുന്നയിച്ചു. മൂന്നുടിക്കറ്റ്‌ തരണം. മറുപടിയും പഴയ പടി. നോക്കട്ടെ പറയാം. മൂരാളികള്‍ക്കു സന്തോഷം അടക്കാനാവുന്നില്ല. ബോഗിയിലെ മറ്റുയാത്രക്കാള്‍ മൂരാളികളുടെ സത്യസന്ധതയും സംസാരവുമൊക്കെ വീക്ഷിച്ചിരിക്കുകയാണ്‌.
എന്താ ഇപ്പോഴെത്തെ ചെറുപ്പക്കാര്‍. നാളെയുടെ പൗരന്മാരെന്ന്‌ മറ്റുള്ളവര്‍ക്കു മാതൃകയായി ചൂണ്ടിക്കാട്ടാന്‍ പറ്റുന്ന മൂന്നു മുതുക്കന്‍മാരല്ലെ ജീവനോടെ അവര്‍ക്കു മുമ്പില്‍ പ്രത്യക്ഷരായിരിക്കുന്നത്‌. ഇതില്‍പ്പരം മറ്റെന്തു പുണ്യമാണ്‌ അവര്‍ക്കീ ജീവിതത്തില്‍ ലഭിക്കുക.
എന്നാല്‍ മൂരാളികളുടെ വിധി മറ്റൊന്നായിരുന്നു. അപ്രതീക്ഷിതമായാണ്‌ ബോഗിയില്‍ സ്‌ക്വാഡ്‌ കയറിയത്‌. യാത്രക്കാരുടെ ടിക്കറ്റുകള്‍ പരിശോധിച്ചുവരികയാണ്‌ സംഘം. ദാ അവരിപ്പോഴെത്തും..പിലാത്തറ സ്‌ക്വാഡിനെ നോക്കി പോരാളികളോടു പറഞ്ഞു. മറുപടിയില്ലാത്തതിനാല്‍ തിരിഞ്ഞുനോക്കിയ പിലാത്തറയുടെ കണ്ണൊരിക്കല്‍ കൂടി പുറത്തേക്കു തള്ളി. തൊണ്ടയില്‍ ഉമിനീരു വറ്റി. രണ്ടുപോരാളികളെയും കാണാനില്ല. മുന്നില്‍ സ്‌ക്വാഡ്‌. പിന്നില്‍ ശൂന്യമായ ഇടനാഴി. എന്താ ചെയ്യുക പരിശോധകന്റെ നീട്ടിയ കൈയിലേക്ക്‌ നിസ്സഹായതോടെ നോക്കി നില്‍ക്കുക മാത്രമാണ്‌ പിലാത്തറ ചെയ്‌തത്‌. മ്‌? ചോദ്യം എങ്ങനെയാണ്‌ കേട്ടില്ലെന്നു നടിക്കുക. പിന്നെ സാവകാശം മൊഴിഞ്ഞു. സര്‍..ടിക്കറ്റ്‌ എന്റെ കൈയിലില്ല. പിന്നെന്തിനാണ്‌ ട്രെയിനില്‍ കയറിയത്‌. അതും സ്ലീപ്പര്‍ കോച്ചില്‍...! പരിശോധകന്‍ തകര്‍ക്കുകയാണ്‌. പിലാത്തറ ആദ്യമായി ഖാസിമിയുടെ അര്‍ഥശൂന്യത ഓര്‍ത്തു ദുഃഖിച്ചു.
ടിക്കറ്റ്‌ കൂട്ടുകാരുടെ കൈയിലാണ്‌, അവര്‍ അടുത്ത ബോഗിയിലാണ്‌ പിലാത്തറ എങ്ങനെയോ പറഞ്ഞൊപ്പിച്ചു. എങ്കില്‍ വിളിക്കവരെ..ഉത്തരവ്‌ വന്നു. പിലാത്തറയുടെ കോള്‍ എത്തിയതിനെത്തുടര്‍ന്ന്‌ തങ്ങളും ഖാസിമിയും ബോഗിയില്‍ ഒപ്പു വച്ചു. സര്‍......വിളിക്കു നീളവും കനവും കൂടി. ടിക്കറ്റ്‌ എടുത്തു ഉദ്യോസ്ഥന്‍ നീട്ടിയ കൈയില്‍ വച്ചുകൊടുത്തു. ഉദ്യോഗസ്ഥന്റെ നെറ്റി ചുളിഞ്ഞു. നിങ്ങളെങ്ങിനെയാണ്‌ സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്യുക? അതല്ല സര്‍...ഞങ്ങള്‍ ബാക്കി പണം നല്‍കാമെന്ന്‌ ടി.ടി.ആറിനോടു പറഞ്ഞിരുന്നു...അദ്ദേഹം വിവരം അറിയിക്കാമെന്നു ഞങ്ങളോടു സമ്മതിക്കുകയും ചെയ്‌തതാണ്‌. മൂവരും ഒരേ സ്വരത്തില്‍ മറുപടി പറയുകയാണ്‌. ഉദ്യോഗസ്ഥന്‍ വിശ്വസിക്കുന്ന മട്ടില്ല. മൂരാളികള്‍ സഹയാത്രികരെ ദയനീയതയോടെ നോക്കി. ഇല്ല..അവര്‍ മൂരാളികളെ മൈന്‍ഡ്‌ ചെയ്യുന്നതേ ഇല്ല. സര്‍ ഇവരോടു ചോദിക്കൂ..ഇവര്‍ കേട്ടതാണ്‌ ടി.ടി.ആര്‍ ഞങ്ങളോടു പറയുന്നത്‌. മൂരാളികള്‍ താണുതാണ്‌ പാതാളത്തോളമെത്തി. ഒരു സഹയാത്രിക മുരടനക്കി. അവര്‍ ചോദിച്ചതാണ്‌..ഉദ്യോഗസ്ഥന്‌ സംശയമൊഴിഞ്ഞ മട്ടില്ല. എങ്കിലും പറഞ്ഞു..ങ്‌ഹും അടുത്ത സ്റ്റേഷനില്‍ ഇറങ്ങി ബോഗി മാറിക്കോണം.....ഹോ..മൂരാളികള്‍ക്കു ശ്വാസം നേരെ വീണു.
ഉദ്യോഗസ്ഥന്‍ പോയപ്പോള്‍ ഖാസിമി ഒളിങ്കണ്ണിട്ട്‌ യോദ്ധാക്കളെ നോക്കി. രണ്ടും പേരും നോക്കി ദഹിപ്പിക്കുന്നു. ഖാസിമി നോട്ടം മാറ്റി. മൗനമായിരുന്നു കുറേ സമയത്തേക്ക്‌ മൂരാളികള്‍ക്കു കൂട്ട്‌. അടുത്ത സ്‌റ്റേഷനില്‍ ഇറങ്ങി ബോഗി മാറിക്കയറിയതിനു ശേഷം ഖാസിമിയും തങ്ങളും പിലാത്തറയോടു ചോദിച്ചു നീയെന്താ ഓര്‍ക്കുന്നത്‌? പിലാത്തറ പറഞ്ഞു. എല്‍.പി സ്‌കൂളില്‍ പഠിച്ച സുഹൃത്തുക്കളുടെയും കരടിയുടെയും കഥ ഓര്‍ക്കുകയാണ്‌ ഞാന്‍.(കരടിയുടെ മുന്നില്‍ പെട്ട ആത്മാര്‍ത്ഥ സുഹൃത്തുക്കളിലൊരാള്‍ മരത്തില്‍ കയറുകയും അപരന്‍ ചത്തതുപോലെ നിലത്തു കിടക്കുകയും ചെയ്‌ത കഥയാണത്‌.) കരടി നിലത്തുകിടന്നയാളെ മണത്തിട്ട്‌ പോയശേഷം മരത്തില്‍ നിന്നിറങ്ങിയ സുഹൃത്ത്‌ കരടിയെന്താണ്‌ നിന്റെ ചെവിയില്‍ പറഞ്ഞതെന്ന ചോദിച്ച ആ കഥ ഞാനറിയാതെ ഓര്‍ത്തുപോയി..പിലാത്തറയുടെ മറുപടി കേട്ട പോരാളികളുടെ തൊണ്ടയടഞ്ഞു. കോഴിക്കോടെത്തുന്നതു വരെ അവര്‍ ശബ്ദിച്ചതേയില്ല..അല്ല എങ്ങനെയാണ്‌ അവര്‍ ശബ്ദിക്കുക.

Thursday, August 28, 2008

കമാന്‍ഡറിനെതിരേ ജൈവായുധപ്രയോഗം
അച്ചടക്കലംഘനം നടത്തിയതിന്‌ യഹ്യയുടെ താല്‍ക്കാലിക അംഗത്വം റദ്ദാക്കാന്‍ ചീഫ്‌ കമാന്‍ഡര്‍ തീരുമാനം എടുക്കുകയും അതറിയിച്ചു കൊണ്ടു കത്തു നല്‍കുകയും ചെയ്‌തപ്പോള്‍ ആ മുന്‍പോരാളി ഭീഷണി മുഴക്കിയെങ്കിലും പോരാളികള്‍ അതു കാര്യമാക്കിയിരുന്നില്ല. എന്നാല്‍ രണ്ടാം പക്കം തന്നെ കളി കാര്യമായി. കമാന്‍ഡര്‍ ഉണര്‍ന്നെണീക്കുമ്പോള്‍ വലതുകണ്‍തടം തടിച്ചു ചുവപ്പണിഞ്ഞിരിക്കുന്നു. പിടലിയുടെ പിറകിലും ഇതു തന്നെ അവസ്ഥ. രാവിലെ അത്ര ഗുരുതരമല്ലെങ്കിലും വൈകീട്ടോടെ കണ്ണുതുറക്കാന്‍ കൂടി പറ്റാത്ത അവസ്ഥയായി. കാരണം അന്വേഷിച്ച്‌ അധികം ചുറ്റിത്തിരിയേണ്ടിവന്നില്ല. ഷെര്‍ലക്‌ ഹോംസിന്റെ ബുദ്ധിപാടവവും ജെയിംസ്‌ ബോണ്ടിന്റെ കരുത്തും സംയോജിച്ച കമാന്‍ഡറിന്റെയും പോരാളികളുടെയും ആദ്യഘട്ട അന്വേഷണത്തില്‍ തന്നെ കള്ളി വെളിച്ചത്തായി. തലേന്ന്‌ രാത്രി സ്‌നേഹം കൂടി മുന്‍പോരാളിയും പുതിയ കൂട്ടാളിയും നവതോറബോറയില്‍ പ്രവേശിച്ചിരുന്നു. ചില പോരാളികള്‍ റെഡ്‌സ്‌ട്രീറ്റില്‍ ചേരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായുള്ള കടുത്ത നുണയും കുതന്ത്രവുമാണ്‌ മുന്‍പോരാളി അപ്പോള്‍ പ്രയോഗിച്ചത്‌. ഭിന്നിപ്പിച്ച്‌ ഭരിക്കുക എന്ന വൈദേശിക ശക്തികളുടെ തന്ത്രം കടമെടുക്കാനായിരുന്നു വിദ്വാന്റെ ശ്രമം. എന്നാല്‍ മുന്‍പോരാളി മനസ്സില്‍ കണ്ടപ്പോള്‍ കമാന്‍ഡറത്‌ മാനത്ത്‌ കണ്ടു. വിദ്യ മനസ്സിലിരിക്കട്ടെ പോരാളികളെന്നും ഒറ്റക്കെട്ടാണെന്നും ആ കഞ്ഞിക്കു വെച്ച വെള്ളം അടുപ്പത്തു നിന്നു വാങ്ങിവയ്‌ക്കാനും കമാന്‍ഡര്‍ തുറന്നടിച്ചു. വല്ലാത്ത നിരാശയിലായിരുന്നു മുന്‍പോരാളി അന്നു തിരിച്ചുപോയത്‌. എന്നാല്‍ രാവിലെ ബോധ്യമായി മുന്‍പോരാളി കമാന്‍ഡറെയും പോരാളികളെയും നശിപ്പിക്കാന്‍ ജൈവായുധം പ്രയോഗിക്കാനാണ്‌ തോറബോറയില്‍ എത്തിയതെന്ന്‌. കമാന്‍ഡറുടെ മനോധൈര്യം സമ്മതിക്കേണ്ടതു തന്നെ. എത്ര ശക്തിയേറിയ മരുന്നാണ്‌ മുന്‍ പോരാളി പ്രയോഗിച്ചത്‌. എന്നിട്ടും കണ്ടില്ലേ നല്ല പയറുമണി പോലെ ഓടിച്ചാടി നടക്കുന്നത്‌. ഉച്ചയ്‌ക്ക്‌ യുദ്ധക്കളത്തില്‍ (ഓഫിസില്‍) എത്തിയപ്പോള്‍ മുന്‍പോരാളി ആശ്ചര്യത്തോടെ ചോദിക്കുകയും ചെയ്‌തു എന്തുപറ്റി കണ്ണിനെന്ന്‌. വീണുപോവുമെന്ന്‌ കരുതിയിട്ടും പോരാടാനെത്തിയപ്പോളുണ്ടായ അദ്‌ഭുതമായിരുന്ന ആ സ്വരത്തില്‍ നിഴലിച്ചതെന്ന്‌ കമാന്‍ഡര്‍ പിന്നീട്‌ പോരാളികളോടു വ്യക്തമാക്കി. പോരാളികളുടെ കൈയില്‍ മൃതസഞ്‌ജീവനി ഉണ്ടെന്ന്‌ ആ പാവം അറിയാത്തതില്‍ തോറബോറ ആദരാഞ്‌ജലികള്‍ അര്‍പ്പിക്കുന്നു.
മുന്‍പോരാളി റെഡ്‌സ്‌ട്രീറ്റ്‌ രൂപികരിച്ച്‌ തോറബോറയെയും പോരാളികളെയും തകര്‍ക്കുമെന്നാണ്‌ കത്തുകൈപ്പറ്റിയ ശേഷം ഭീഷണി മുഴക്കിയിരുന്നത്‌. തോറബോറയുടെ പ്രശസ്‌തിയിലും പോരാളികളുടെ ഐക്യത്തിലും കരുത്തിലും മുഴുത്ത അസൂയ പുലര്‍ത്തിയിരുന്ന ആ വിദ്വാന്‍ ഗ്രാഫിക്‌ പോരാളിയുടെ കൂട്ടുപിടിച്ച്‌ റെഡ്‌സ്‌ട്രീറ്റ്‌ രൂപികരിക്കുമെന്നായിരുന്നു ആ പ്രഖ്യാപനം. ചിരഞ്‌ജീവിയുടെ പ്രജാരാജ്യം നിലവില്‍ വന്നതിന്റെ ഊറ്റത്തിലായിരുന്നു ആ പ്രഖ്യാപനം. പക്ഷേ പോരാളികള്‍ കരുതിയിരുന്നതിലും അധികമായിരുന്നു മുന്‍പോരാളിക്ക്‌ തോറബോറയോടുണ്ടായിരുന്ന ശത്രുത. മൊസാദിന്റെ പണവും ആയുധവും കൈക്കലാക്കിയ ശേഷമാണ്‌ തോറബോറയ്‌ക്കെതിരേ പ്രവര്‍ത്തിക്കുകയും പത്തിനകല്‍പ്പനകള്‍ പരസ്യമായി ലംഘിക്കാന്‍ ധൈര്യം കാണിക്കുകയും ചെയ്‌തെന്ന്‌ പകല്‍പ്പോലെ ഇപ്പോള്‍ വ്യക്തമാവുന്നു. ഊതിയാല്‍ തെറിക്കുന്ന ഒന്നുരണ്ടുപേരുടെ കൂട്ടുപിടിച്ച്‌ യുദ്ധസന്നാഹമൊരുക്കുകയാണാ പാവം. ഗ്രാഫിക്‌ റെഡ്‌സ്‌ട്രീറ്റുകാരന്‍ തോറബോറയ്‌ക്കെതിരേ നിഴല്‍യുദ്ധമാണ്‌ ചെയ്യുന്നത്‌. അതിനു വേണ്ടി യുദ്ധക്കളത്തില്‍ വിതരണം ചെയ്‌ത ചിത്രങ്ങളിലൊന്നു നോക്കൂപൊട്ടിപ്പാളീസായ സ്റ്റൈല്‍ മന്നന്‍ രജനിയുടെ ചിത്രങ്ങളായ ബാബയുടെയും കുചേലന്റെയും ഗതിതന്നെയാവും റെഡ്‌സ്‌ട്രീറ്റിനെന്നും പ്രവചിച്ചുകൊണ്ട്‌ തോറബോറ പോരാളികള്‍.

ഒപ്പ്‌.

Tuesday, August 26, 2008

ബൂലോഗരേ..... നവ തോറബോറയിലേക്കു നിങ്ങള്‍ക്കു സ്വാഗതം
കരുതിക്കൂട്ടിയുള്ളതായിരുന്നു ആഗസ്‌ത്‌ 15ന്‌ നാട്ടിലേക്കുള്ള യാത്ര. എന്നാല്‍ അപ്രതീക്ഷിതമായിരുന്നു തോറബോറയില്‍ നിന്നുള്ള കൂടിയൊഴിപ്പിക്കല്‍.10 ദിവസത്തെ അവധിക്കു നാട്ടിലെത്തി വിശ്രമ ജീവിതം നയിച്ചു വരവെയാണ്‌ പിലാത്തറയുടെ ഫോണ്‍കോള്‍. തോറബോറയില്‍ നിന്ന്‌ പോരാളികളെ കുടിയൊഴുപ്പിച്ചു എന്ന സന്ദേശമായിരുന്നു അത്‌. രാവിലെ മുതല്‍ പറമ്പില്‍ പണിയായിരുന്നതിനാല്‍ കോഴിക്കോടു നിന്ന്‌ വന്ന കോളുകളൊന്നും എടുത്തിരുന്നില്ല. കമാന്‍ഡറും പിലാത്തറയുമൊക്കെ വിളിച്ചു മടുത്തിരിക്കുമ്പോളാണ്‌ മിസ്‌ഡ്‌ കോള്‍ കണ്ടു ഞാന്‍ തിരിച്ചുവിളിക്കുന്നത്‌. സംഭവം അതീവഗുരുതരമാണെന്ന്‌ സംസാരത്തില്‍ നിന്ന്‌ ബോധ്യമായി.മൂട്ടകള്‍ സ്‌കൂള്‍ അസംബ്ലിയില്‍ അണിനിരന്ന പോലെ ഇരിക്കുന്ന ബെഡ്ഡുകളും തോറബോറയില്‍ തോരണം ചാര്‍ത്തിയിരുന്ന വസ്‌ത്രങ്ങളുമൊക്കെ കെട്ടിപ്പൊതിഞ്ഞ്‌ അഭയാര്‍ഥികളെപ്പോലെ പോരാളികള്‍ പടിക്കു പുറത്ത്‌. അല്ല തോറബോറയ്‌ക്കു പുറത്ത്‌. കമാന്‍ഡര്‍ സൂചിപ്പിച്ചതു പോലെ പാരച്യൂട്ടിലിറങ്ങുന്നതുപോലെ നാലാംനിലയില്‍ നിന്ന്‌ മൂട്ടകള്‍ ബെഡ്ഡിനൊപ്പം നിലത്തിറങ്ങി. ബാക്കിവരുന്ന ബാഗുകള്‍ തുണികള്‍ തുടങ്ങിയവയുമായി കമാന്‍ഡറിന്റെ നേതൃത്വത്തില്‍ പോരാളികള്‍ ലോഡിങ്‌ & അണ്‍ലോഡിങ്‌ ആരംഭിച്ചു. അവയില്‍ ചില ചിത്രങ്ങളിതാ....

മഴയില്‍ ഷവര്‍ബാത്തുനടത്താന്‍ സൗകര്യമുണ്ടായിരുന്ന തോറബോറയില്‍ നിന്ന്‌ കൂറ്റന്‍രണ്ടുനില വീട്ടിലേക്കുള്ള മാറ്റം പോരാളികളില്‍ വേദനനിറച്ചിരുന്നു എന്നതാണു സത്യം. രണ്ടുവര്‍ഷത്തെ കൂട്ടുജീവിതത്തില്‍ നിന്ന്‌ മുറികളിലേക്കൊതുങ്ങുന്ന പരിഷ്‌കാരം അംഗീകരിക്കാന്‍ പലരിലും വൈമനസ്യമായിരുന്നു. എങ്കിലും ചെറുത്തുനില്‍പ്പുകള്‍ക്ക്‌ അവസരം കൊടുക്കാതെ പോരാളികള്‍ പടിയിറങ്ങി. ചെറുത്തുനിന്നിട്ട്‌ എന്തിനാണ്‌ കിട്ടാന്‍ പോവുന്ന സൗകര്യങ്ങള്‍ ഇല്ലാതാക്കുന്നത്‌ എന്ന കമാന്‍ഡറുടെ ബുദ്ധിയായിരുന്നു അതിനു പിന്നില്‍. കര്‍ക്കടകത്തിന്റെ ഊറ്റത്തില്‍ മുങ്ങിയ തോറബോറയുടെ അവസ്ഥയറിഞ്ഞവര്‍ പോരാളികളുടെ ചെറുത്തുനില്‍പ്പില്ലാത്ത തീരുമാനത്തെ അംഗീകരിക്കുകയേ ഉള്ളൂ. എങ്കിലും നിരവധി ആരോപണങ്ങളെ നേരിടേണ്ടി വന്നു കമാന്‍ഡര്‍ക്കും പോരാളികള്‍ക്കും. അതിനു നേതൃത്വം നല്‍കിയ തോറബോറയിലെ അംഗത്വനിരീക്ഷണത്തിലായിരുന്ന(സ്വഭാവ പരിശോധന) യഹ്യ എന്ന പോരാളിയെ തോറബോറയുടെ താല്‍ക്കാലിക അംഗമെന്ന നിലയില്‍ നിന്നു പുറത്താക്കാന്‍ തീരുമാനിക്കുകയും ചെയ്‌തു. ആ മുന്‍പോരാളി (ഇനി അങ്ങിനെയേ വിശേഷിപ്പിക്കാന്‍ പാടുള്ളു എന്നാണ്‌ കമാന്‍ഡറുടെ ഉത്തരവ്‌) ചെയ്‌ത പണിയിതാണ്‌. അതു കേട്ടിട്ട്‌ നിങ്ങളാണ്‌ പറയേണ്ടത്‌ കമാന്‍ഡറുടെ തീരുമാനം തെറ്റോ ശരിയോ എന്ന്‌. മാനേജ്‌മെന്റ്‌ിന്റെ തീരുമാനത്തിനു മുമ്പില്‍ ഒാച്ചാനിച്ചു നിന്ന കമാന്‍ഡറെയും പോരാളികളെയും സ്ഥാവരജംഗമവസ്‌തുക്കള്‍ എടുക്കാന്‍ കൂടി അനുവദിക്കാതെ തോറബോറയില്‍ നിന്നു പുറത്താക്കിയെന്നും പുതിയ ഒളിസങ്കേതം തേടിപ്പോയെന്നുമായിരുന്നു മുന്‍പോരാളിയുടെ കുപ്രചാരണം. അവിടെയും നിര്‍ത്താതെ....തോറബോറയുടെ പേരിനെ നാണംകെടുത്തുകയായിരുന്നു ആ മുന്‍പോരാളി. കമാന്‍ഡറിപ്പോള്‍ ആത്മഹത്യയെക്കുറിച്ച്‌ ചിന്തിക്കുകയാണെന്നു വരെ ഓഫിസിലും മറ്റും ഈ നീചനായ മുന്‍പോരാളി കഥകള്‍ പാടിനടന്നു. അതുംപോരാഞ്ഞ്‌ പുതിയ തോറബോറയുടെ രണ്ടാംനിലയില്‍ കയറിപ്പയറ്റിയ വിദ്വാന്‍ സ്വയം റൂമിന്റെ പേരും തീരൂമാനിച്ചു- "റെഡ്‌ സ്‌ട്രീറ്റ്‌" . എന്താ ഒരഹങ്കാരം.....! തോറബോറയുടെ അനിഷേധ്യ നേതാവിനെ ധിക്കരിച്ച്‌ കമാന്‍ഡറെയും പോരാളികളെയും കുറിച്ച്‌ അപവാദങ്ങള്‍ പ്രചരിപ്പിക്കുകയും തോറബോറയ്‌ക്കു ബദലായി റെഡ്‌സ്‌ട്രീറ്റ്‌ രൂപികരിക്കുകയും ചെയ്‌തു. എന്നാല്‍ പോരാളികളുടെ നിഘണ്ടുവില്‍ തോല്‍വി എന്ന പദം ഇല്ലയെന്ന നഗ്നസത്യം അറിയാതെപ്പോയി ആ പാവം. രണ്ടു റൂമുകളിലായി കുടിയേറിയ(നുഴഞ്ഞുകയറിയതല്ല എന്നു തന്നെ വായിക്കണം)പോരാളികള്‍ അടിപൊളി ജീവിതം തുടങ്ങിക്കഴിഞ്ഞു പുതിയ തോറബോറയില്‍. ആര്‍ക്കും തോല്‍പ്പിക്കാനാവാത്ത മനക്കരുത്തോടെ.
പിന്‍കുറിപ്പ്‌:
കുടിയിറക്കല്‍ സമയത്ത്‌ വല്ലാത്ത ധിക്കാരത്തോടെ പെരുമാറിയ മാനേജ്‌മെന്റിന്റെ 'ബുഷി'നെ ധീരതയോടെ നേരിട്ട്‌ 'ബുഷേ' നീ ഞങ്ങള്‍ക്കു വെറും ഗ്രാസ്സാണെന്നു പ്രഖ്യാപിച്ചാണ്‌ പോരാളികള്‍ വേദനയോടെ തോറബോറയുടെ പടിയിറങ്ങിയത്‌.

Saturday, August 23, 2008

ഇന്റര്നെറ്റ് ഡൌണ്ലോഡ് ചെയ്യാമോ?

 
ഇന്‍റര്‍നെറ്റില്‍ നിന്നും നമുക്കു ആവശ്യമുള്ളതൊക്കെ ഡൌണ്ലോഡ് ചെയ്യാം , പക്ഷെ ഇന്റര്‍നെറ്റ് മുഴുവനായും എങ്ങനെയാ ഡൌണ്ലോഡ് ചെയ്യുന്നേ?
 
ഇന്റര്നെറ്റ് മുഴുവനായും ഡൌണ്ലോഡ് ചെയ്യണമെന്നുണ്ടെങ്കില്‍ താഴെ കാണുന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. 'ഒരു കാര്യം പ്രത്യകം ശ്രദ്ധിക്കുക, നിങ്ങളുടെ കമ്പ്യൂട്ടറില്‍ ആവശ്യത്തിനു മെമ്മറി ഉണ്ടല്ലോ അല്ലെ ?

 


--
http://www.kazhchavattam.blogspot.com/

Tuesday, August 19, 2008

തോറബോറയ്‌ക്കൊരു ചരമഗീതം

എന്തായാലും ഇതിത്രപെട്ടെന്നാവുമെന്ന്‌ ആരും കരുതിയില്ല. മഴവെള്ളപ്പാച്ചിലില്‍ തോറബോറ ഇടിഞ്ഞുപോളിഞ്ഞ്‌ നിലംപൊത്തും മുമ്പ്‌ ഇടപെട്ടില്ലെങ്കില്‍ കളി കാര്യമാവുമെന്ന്‌ ( പല പോരാളികളുടെയും മയ്യിത്ത്‌ പള്ളിക്കാട്ടിലേക്കെടുക്കേണ്ടി വരുമെന്ന്‌ വ്യംഗ്യം) ഭീഷണി മാനേജ്‌മെന്റേമാന്‍മാര്‍ ഇത്രയ്‌ക്കങ്ങട്‌ കാര്യമാക്കുമെന്ന്‌ കരുതിയതേയില്ല. സ്വതന്ത്ര്യദിനവും നേരത്തേ മാറ്റിവച്ച അവധിയുമൊക്കെയായി പലരും നാട്ടിലായിരുന്ന സന്ദര്‍ഭത്തിലാണ്‌ ഞങ്ങളെ സന്തോഷിപ്പിക്കുകയും കരയിക്കുകയും ചെയ്‌ത സംഭവമുണ്ടായത്‌. പള്ളിയുറക്കം കഴിഞ്ഞ്‌ ( രാവിലെ 11 മണി) കമാന്‍ഡര്‍ കുളിച്ചുകുട്ടപ്പനായി താഴേക്കിറങ്ങാന്‍ നേരത്താണ്‌ ഖലാസികളെപ്പോലെ രണ്ടുമൂന്നുപേര്‍ എത്തിയത്‌. സംഗതി കമാന്‍ഡറാണെങ്കിലും ഒറ്റക്കാണല്ലോ എന്നതിനാല്‍ ചെറിയ വിറയലോടെ കാര്യം തിരക്കി. ഇപ്പോള്‍ കുടിയൊഴിയണം. ഓര്‍ഡര്‍ ഉടന്‍ വന്നു. അല്ലാ ഇതിനൊന്നും വ്യവസ്ഥയും വെള്ളിയാഴ്‌ചയുമില്ലേ.. എന്നു ചോദിക്കണമെന്നുണ്ടായിരുന്നു. ചോദിച്ചാല്‍ ചിലപ്പോള്‍ എന്നാല്‍ നിങ്ങള്‍ ഈ വെള്ളത്തില്‍ തന്നെ കിടന്നോ എന്നെങ്ങാനും പറഞ്ഞാല്‍ കുടുങ്ങിയത്‌ തന്നെ. ഏതായാലും സഹപോരാളികളെ വിളിച്ചുവരാം എന്നു കരുതി കമാന്‍ഡര്‍ പെട്ടെന്ന്‌ താഴേക്കിറങ്ങി. താഴെ വെടിവട്ടത്തിലായിരുന്ന പിലാത്തറയും കാസിമിയും സംഗതി അറിഞ്ഞപ്പോള്‍ കരുണാകരനെ കണ്ട ഉമ്മന്‍ചാണ്ടിയെപ്പോലെ കമാന്‍ഡറെ തുറിച്ചു നോക്കി. പെട്ടെന്നുവാ, ഖലാസികള്‍ എല്ലാം വാരിവലിച്ച്‌ അലമ്പാക്കുന്നതിനു മുമ്പ്‌ ഇടപെടാം എന്ന്‌ കമാന്‍ഡറുടെ ഉത്തരവ്‌. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. പെട്ടിയും പ്രമാണങ്ങളുമെല്ലാം ഒരുവിധം അടുക്കിക്കൂട്ടി. കിടക്കകള്‍ തൂക്കി മൂന്നാം നിലയില്‍ നിന്ന്‌ താഴേക്കെറിഞ്ഞു. കൂടുകെട്ടിയ മൂട്ടകള്‍ പാരച്യൂട്ടിലിറങ്ങുന്ന സുഖത്തില്‍ കിടക്കകളോടൊപ്പം താഴേക്കെത്തി. കിടക്കക്കു പുറത്തേക്ക്‌ പെട്ടിയും പ്രമാണങ്ങളും വലിച്ചെറിഞ്ഞു. ഭാരം തൂക്കി താഴേക്കിറങ്ങാന്‍ ഖലാസികള്‍ക്കും ഒപ്പം പോരാളികള്‍ക്കുമുള്ള മടിയാണ്‌ ഇത്തരമൊരു എളുപ്പവഴിക്ക്‌ പ്രേരിപ്പിച്ചത്‌. പുതിയ ലാവണം തയ്യാറായിട്ടുണ്ടെന്ന്‌ മാനേജ്‌മെന്റിന്റെ വാഗ്‌ദാനം വിശ്വസിച്ചാണ്‌ ഞങ്ങള്‍ ചാടിപ്പുറപ്പെട്ടത്‌. കമാന്‍ഡര്‍ക്കു സമയമില്ലാത്തതിനാല്‍ പുതിയ കേന്ദ്രം പഠനവിധേയമാക്കാന്‍ പിലാത്തറയെയും കാസിമിയെയും വിട്ടു. കിട്ടിയ റിപോര്‍ട്ടുകളനുസരിച്ച്‌ ഒരു കൊച്ചുതോറബോറയ്‌ക്കുള്ള സ്‌കോപ്പ്‌ പുതിയ ലാവണത്തിലുമുണ്ട്‌. എന്നാല്‍ പോരാളികളെക്കുടാതെ മറ്റ്‌ ചിലരും കൂടി അങ്ങോട്ടുവരാന്‍ സാധ്യതയുണ്ടെന്ന ഭീഷണി മുന്നിലുണ്ട്‌. ഒരു ഏറ്റുമുട്ടല്‍ നടക്കുമോ എന്ന പേടിയിലാണ്‌ കമാന്‍ഡര്‍. അത്‌ സാധ്യമായില്ലെങ്കില്‍ ' ഒരുവട്ടം കൂടിയാ പഴയതോറബോറയില്‍ വെടി പറഞ്ഞിരിക്കുവാന്‍ മോഹം എന്നു പാടുകയേ നിവൃത്തിയുള്ളു'.

--
http://www.kazhchavattam.blogspot.com/

--
http://www.kazhchavattam.blogspot.com/

Thursday, August 14, 2008

സ്വാതന്ത്ര്യദിനാശംസകള്‍


പ്രിയപ്പെട്ടവരെ എല്ലാവര്‍ക്കും തോറബോറയുടെ ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകള്‍..ജീവന്‍ ബലിയര്‍പ്പിച്ചു മുന്‍ഗാമികള്‍ വെള്ളക്കാരില്‍ നിന്നു നമുക്ക്‌ നേടിത്തന്ന സ്വാതന്ത്ര്യത്തിന്റെ 61ാം പിറന്നാളാണ്‌ നാളെ. ത്യാഗത്തിന്റെ, പീഡനത്തിന്റെ നോവുകളെ താദാത്മ്യം പ്രാപിച്ച്‌ നമുക്കും കണ്‍തുറക്കാം സ്വാതന്ത്ര്യത്തിന്റെ ഒരു പുന്‍പുലരിയിലേക്ക്‌.

Tuesday, August 12, 2008

തോറബോറയില്‍ കടലാസുതോണിയിറക്കി


കര്‍ക്കടകത്തിന്റെ എല്ലാ ലക്ഷണവും പ്രകടമാക്കിയാണ്‌ കഴിഞ്ഞദിവസം തോറബോറ നിവാസികളുടെ ഉറക്കം കെടുത്തി മഴയെത്തിയത്‌. നാലാംനിലയുടെ വിസ്‌താരമേറിയ നീളന്‍മുറിയില്‍(അതാണു തോറബോറ) വെടിവട്ടം മുഴക്കി ഇരിക്കുമ്പോള്‍ അപ്രതീക്ഷിതമായാണ്‌ ശക്തമായ കാറ്റിന്റെ അകമ്പടിയോടെ മഴയെത്തിയത്‌. തകര്‍ത്തുപെയ്യുന്ന മഴയെ കുറ്റപ്പെടുത്തലിന്റെ ധ്വനിയുമായി പലരും സമീപിച്ചു. വൈദ്യുതിചിരാതുകള്‍ കണ്ണുതുറക്കാന്‍ ഇടുക്കിയില്‍ മാത്രം പെയ്‌താല്‍ പോരെ മഴ എന്നാണ്‌ പലരുടെയും ചോദ്യം.(ശരിയല്ലേ? എന്നു ന്യായമായും തോന്നാവുന്ന ചോദ്യം.) കാരണവും നിസ്സാരമാണ്‌. മഴ തുടങ്ങിയതില്‍ പിന്നെ പതിവ്‌ നടത്തവും എന്തിനധികം വൈകീട്ടത്തെ ചായകുടി വരെ നടക്കാത്ത അവസ്ഥയിലായി.
അങ്ങനെയിരിക്കെയാണ്‌ മഴയില്ല, ഡാം വറ്റിവരണ്ടു, വൈദ്യുതി നിലയ്‌ക്കും, അധികപവര്‍കട്ടിനെക്കുറിച്ചാലോചിക്കുന്നു എന്ന വകുപ്പ്‌ മന്ത്രിയുടെ പ്രസ്‌താവനയൊക്കെ ഇറങ്ങിയത്‌. ഇതുകേട്ടിട്ടോ, മഴദേവതയെ പ്രീതിപ്പെടുത്താന്‍ തവളകല്യാണവും, ശുനകകല്യാണവും, അതുംപോരാഞ്ഞ്‌ കാസര്‍കോട്‌ ഏതോ പേരറിയാ സംഘടന മഴപെയ്‌തില്ലെങ്കില്‍ ഹര്‍ത്താല്‍ നടത്തുമെന്നുവരെ പത്രപ്രസ്‌താവനയിറക്കിയതോ.... ഏതാണോ ഹേതുവായത്‌ മഴ തകര്‍ത്തുതന്നെ പെയ്‌തുതുടങ്ങി. ഉടനെത്തി വാര്‍ത്ത- മഴ ശക്തം: നിരവധി വീടുകള്‍ തകര്‍ന്നു, കിണര്‍ ഇടിഞ്ഞുതാണു, വീട്ടില്‍ കയറണമെങ്കില്‍ തോണി വേണം.....തുടങ്ങിയ വാര്‍ത്തകള്‍.
വാര്‍ത്തകളും മഴച്ചിത്രങ്ങളുമൊന്നും തെല്ലും സ്വാധീനിക്കാതെ ഇരിക്കുന്ന സമയത്താണ്‌ കാറ്റും മഴയും ഒരുമിച്ചെത്തുന്നത്‌. കാറ്റിന്റെ താണ്ഡവമായിരുന്നു അടുത്തനിമിഷങ്ങള്‍. ഷീറ്റുകള്‍ വലിച്ചുപറിച്ചെടുത്ത്‌ 'ദയ'കാട്ടിയ കാറ്റ്‌ തോറബോറയില്‍ പതിവില്‍ കവിഞ്ഞ വെളിച്ചം പ്രദാനം ചെയ്‌തു. ഒപ്പം മലവെള്ളപാച്ചില്‍ പോലെ തോറബോറയുടെ റൂഫിങ്ങിലൂടെ മഴവെള്ളത്തിന്റെ ഒഴുക്ക്‌. ബെഡ്ഡുകള്‍ വലിച്ചു തോറബോറയുടെ മൂലയ്‌ക്കു കൂട്ടിയിടാന്‍ പോരാളികളുടെ അക്ഷീണപരിശ്രമം ആവശ്യമായി വന്നു. അഭയാര്‍ഥിക്യാംപിലെ അവസ്ഥയിലേക്ക്‌ എത്തിയ കാര്യങ്ങള്‍ പൂര്‍വസ്ഥിതിയിലേക്ക്‌ എത്തിക്കാന്‍ അടിയന്തരയോഗമായിരുന്നു അടുത്ത ഘട്ടം. ചീഫ്‌ കമാന്‍ഡര്‍ തന്നെ അധ്യക്ഷന്‍(അതിനുമാത്രം മാറ്റമില്ല).അടിയന്തരാവസ്ഥയിലെത്തിയ കാര്യങ്ങള്‍ വാണംവിട്ട കണക്കെ എത്തിച്ചുകൊടുത്തു അധികൃതര്‍ക്ക്‌.രാത്രിക്കുമുമ്പ്‌ ശരിയാക്കിയില്ലെങ്കില്‍ 'ശരിയാക്കു'മെന്ന ഭീഷണിയും ഒപ്പം കൈമാറി (അതു തോറബോറയുടെ കുത്തകയാണ്‌.). എല്ലാം വളരെ പെട്ടെന്നുതന്നെ നടന്നു. പുതിയ ഷീറ്റുമായി എത്തി വളരെ വേഗം തോറബോറയുടെ ചോര്‍ച്ച നിര്‍ത്തി. എന്നാല്‍ കര്‍ക്കടകമല്ലേ വില്ലന്‍. ആ സമയത്തിനുള്ളില്‍ തന്നെ പുള്ളി കാര്യം കഴിച്ചു. തോറബോറ തോണിയിറക്കാന്‍ പാകത്തില്‍ വെള്ളത്തില്‍ മുങ്ങിയിരുന്നു. റഷീദ്‌ ഖാസിമിയുടെ നിങ്ങള്‍ക്കും തന്ത്രശാലിയാവാം എന്ന പുസ്‌തകം മലവെള്ളത്തില്‍(സോറി മഴവെള്ളത്തില്‍) അങ്ങിനെ ഒഴുകി നടക്കുന്നുണ്ടായിരുന്നു, തോറബോറ പോരാളികള്‍ രാത്രി-പകല്‍(രാത്രിയും പകലും ഒരുപോലെ) ഉറക്കത്തിനെത്തുമ്പോള്‍. പുസ്‌തകത്തില്‍ പഠിപ്പിക്കാത്ത നൂറ്റിരണ്ടാമത്തെ സൂത്രമായിരുന്നു അത്‌.
കമാന്‍ഡര്‍ തോറബോറ ക്ലീന്‍ ചെയ്യുന്ന ഫോട്ടോ റഷീദിന്റെ മൊബൈലിലായിരുന്നു. ആ മഹാന്‍ നാട്ടില്‍ നിന്നെത്തിയിട്ട്‌ ആ ഫോട്ടോ പോസ്‌റ്റാട്ടോ...
വാല്‍ക്കഷണം: ചീഫ്‌ കമാന്‍ഡര്‍ തന്മയത്തത്തോടെ വൈപ്പറെടുത്ത്‌ വെള്ളം വടിച്ചുമാറ്റുന്നതുകണ്ടപ്പോള്‍ തുടങ്ങിയതാണ്‌ ഷിഹാബ്‌ പിലാ'ത്തറ' യുടെ സംശയം. അല്ല കമാന്‍ഡര്‍ക്ക്‌ ഗള്‍ഫില്‍ നേരത്തേ ഇതു തന്നയായിരുന്നോ പണിയെന്ന്‌? ..വേനലില്‍ സഹിക്കാനാവാത്ത ചൂടുമായി ഉറങ്ങാനാവാതെ പോരാളികള്‍ വിഷമിച്ചപ്പോള്‍ ചീഫ്‌ കമാന്‍ഡര്‍ എവിടെ നിന്നോ പഠിച്ച സൂത്രപ്പണിയുമായി രംഗത്തെത്തി. ബക്കറ്റില്‍ വെള്ളംനിറച്ച്‌ ഫാനിനുമുമ്പില്‍ വച്ചു റൂം തണുപ്പിക്കുക എന്നതായിരുന്നു ആ വിദ്യ. ദൈവാനുഗ്രഹത്താല്‍ ഇനി ബക്കറ്റില്‍ വെള്ളം നിറയ്‌ക്കേണ്ട ആവശ്യമില്ലല്ലോ..കിടക്കുകയല്ലെ ഡാംനിറഞ്ഞപോലെ ഫാനിനും കിടക്കക്കും കീഴില്‍ വെള്ളം. തണുപ്പ്‌ സഹിക്കാന്‍ പറ്റുന്നില്ല..എന്ന ചുരുക്കംചില പരാതികളെ ഇപ്പോഴുള്ളൂ.
(NB..ആരും കമാന്‍ഡറോടു ഇക്കാര്യം പറയല്ലെ...കമാന്‍ഡറെ നിഷേധിച്ചാല്‍ ആ നിമിഷം തോറബോറയുടെ പുറത്താണ്‌ ചീഫ്‌ കമാന്‍ഡറായി പോരാളികള്‍ കൈയടിച്ചു പാസ്സാക്കിയ നിയമാവലി തന്നെ കാരണം.)

Sunday, August 10, 2008

എന്തേ കണ്ണനിത്ര കറുപ്പുനിറം? തോറബോറയിലെ ഒരു ദിവസം

എന്തേ കണ്ണനിത്ര കറുപ്പുനിറം. കാളിന്ദിയില്‍ കുളിച്ചതിനാലോ...അത്ര സുഖകരമല്ലാത്ത ശബ്ദത്തില്‍(നേര്‍പ്പിച്ചാണു പാടുന്നത്‌ എന്നതു നേര്‌. പക്ഷേ..കര്‍ണകടോരകന്‌ എത്രയാണു ശബ്ദം നിയന്ത്രിക്കാന്‍ പറ്റുക)പല്ലാരിമംഗലത്തിന്റെ 'ഗാനം' തോറബോറയില്‍ മുഴങ്ങി. അതിരാവിലെയുള്ള ഈ പാട്ടുകച്ചേരി സ്ഥിരമാണിവിടെ. കറുത്തുപോയതിന്‌ ഇത്രമാത്രം അഹങ്കരിക്കുന്ന ഒരാളെ ആദ്യമായിട്ടാണ്‌ പോരാളികള്‍ കാണുന്നത്‌.രണ്ടുലൈന്‍ പാടിപ്പറഞ്ഞതിനു ശേഷം അടുത്ത ഗാനവും തുടങ്ങി മഹാന്‍. ഫേവറൈറ്റ്‌ ഗാനമായ കറുത്തപ്പെണ്ണേ നിന്നെകാണാഞ്ഞിട്ട്‌ ഒരു നാളുണ്ടേ....ഇല്ലാ ഇനിയും സഹിക്കാനാവില്ല. നിര്‍ത്തെടാ കാട്ടുമാക്കാനേ...പിലാത്തറയാണ്‌ ധൈര്യസമേതം ഗോദയിലിറങ്ങിയത്‌.(കാട്ടുമാക്കാന്‍ എന്നത്‌ സ്‌നേഹത്തില്‍ ചാലിച്ച വിളിയാണ്‌ തെറ്റിദ്ധരിക്കരുത്‌) കര്‍ണകടോരകന്റെ ശബ്ദം നിലച്ചു. മഴതോര്‍ന്ന നിശ്ശബ്ദ്‌ദയായിരുന്നു പിന്നെ തോറബോറയില്‍. പോരാളികള്‍ ദീര്‍ഘനിശ്വാസം വിട്ടു. ഞാനൊരു പാട്ടുപാടിയാല്‍ എന്താണ്‌ നിങ്ങള്‍ക്ക്‌...? പല്ലാരിമംഗലം വിടാന്‍ ഭാവമില്ല.. പാടിയാല്‍ പ്രശ്‌നമില്ല. പാടിപ്പറയുന്നതാണ്‌ കുഴപ്പം. ഇത്തവണത്തെ മറുപടി തങ്ങളുടേതാണ്‌.
ഓ വന്നിരിക്കുന്നു ഒരു ഗായകന്‍, എന്തരപ്പിയുടെ നാട്ടുകാരനായ നിനക്കെന്തവകാശമാണ്‌ എന്റെ പാട്ടിനെ കുറ്റം പറയാന്‍ പല്ലാരിമംഗലത്തിന്റെ മറുചോദ്യം. ഇല്ല ഒരേറ്റുമുട്ടല്‍ കാണാനുള്ള ഭാഗ്യമില്ല. തങ്ങള്‍ പിന്‍വലിഞ്ഞിരിക്കുന്നു. എന്തേ കണ്ണനിത്ര കറു...കര്‍ണകടോരകന്റെ ശബ്ദം പാതിവഴിയില്‍ ആരോ പിടിച്ചുനിര്‍ത്തിയിരിക്കുന്നു.വായപൊത്തിപ്പിടിച്ചതു റഷീദാണ്‌. ആകപ്പാടെ ബഹളമായി. എന്താണു ചെയ്യുക ഈ സാധനത്തെ..? കറുപ്പിനെന്താണ്‌ ഇത്ര അഴകോ..? സംശയം ആ വഴിക്കായി. പോരാളികളുടെ എതിര്‍പ്പിനെ വകവയ്‌ക്കാതെ കടോരകന്‍ 'പാടി'ത്തകര്‍ക്കണമെങ്കില്‍ കാര്യമായ പ്രശ്‌നം ഉണ്ടായിട്ടുണ്ടാവുമെന്ന്‌ ഉറപ്പ്‌. ഇനിയും മിണ്ടാതിരുന്നാല്‍ പോരാട്ടമുറപ്പ്‌. ചീഫ്‌കമാന്‍ഡറുടെ ഊഴമായിരുന്നു അടുത്തത്‌. പോരാളികളെ അതിസൂക്ഷ്‌മമായി വീക്ഷിച്ചിട്ടാണ്‌ ചോദ്യം. ആരാണിതിനെല്ലാം കാരണക്കാരന്‍. ? ഇത്തവണ പരുങ്ങിയത്‌ പിലാത്തറയാണ്‌. ചാര്‍ളിചാപ്ലിന്‍ കാര്യം തുറന്നു പറഞ്ഞു. തലേന്ന്‌ കടോരകന്റെ മെയിലിലേക്ക്‌ ഒരു പടമയച്ചിരുന്നു. ഓഫിസില്‍ സഹപ്രവര്‍ത്തകരുടെ മുമ്പില്‍ മെയില്‍ തുറന്ന കടോരകനു നാണംകെട്ടു. പടമിതാണ്‌.

പടത്തിലെ എഴുത്താണു കൂടുതല്‍ പ്രശ്‌നമുണ്ടാക്കിയത്‌. തന്റെ വീക്ക്‌നെസ്സില്‍(കടോരകന്റെ ആഹാരവീക്ക്‌നെസ്സിന്‌ നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്‌. അക്കഥ അടുത്ത തവണ)തന്നെ കയറിപ്പിടിച്ചാല്‍ വിട്ടുകൊടുക്കുമോ ആരെങ്കിലും. പോരേ പൂരം. പാടി പ്രതിഷേധിക്കുകയല്ലാതെ പിന്നെന്താണു കടോരകന്‍ ചെയ്യുക. പോട്ടെടാ കുട്ടാ..പിലാത്തറ(തറ) ഒരു തമാശ കാണിച്ചതല്ലേ..കമാന്‍ഡറുടെ ആശ്വസിപ്പിക്കല്‍ ഏറ്റു. പല്ലാരിമംഗലം നിശ്‌ബദനായി.
സംഘര്‍ഷാവസ്ഥയ്‌ക്ക്‌ അയവുവന്നു തുടങ്ങി. ഒടുവില്‍ കമാന്‍ഡര്‍ പാടിയ ഗാനം പോരാളികള്‍ ഏറ്റുപാടി. കറുപ്പിനഴക്‌ ഓ ഓ ഓ വെളുപ്പിനഴക്‌. പുലരിയിലെ പുതുമഴയില്‍....എല്ലാവരും ഹാപ്പി..പല്ലാരിമംഗലത്തിനും..

Thursday, August 7, 2008

08.08.08 അഥവാ ചീഫ്‌ കമാന്‍ഡറിന്റെ മൂന്നാം വിവാഹ വാര്‍ഷികംനാളെ ബെയ്‌ജിങില്‍ കലാമാമാങ്കമായ ഒളിംപിക്‌സിന്‌ ചിറകുകള്‍ വിരിയും. എട്ടുകളുടെ കൂട്ടങ്ങള്‍ സംഗമിക്കുന്ന ആ അസുലഭ മുഹൂര്‍ത്തത്തിനു കണ്ണും കാതുമോര്‍ത്തിരിക്കുന്ന ലോകകായിക പ്രേമികള്‍ക്കു മുമ്പില്‍ വിവാഹിതരാവാന്‍ കാത്തിരിക്കുന്ന പതിനാറായിരത്തിലധികം ചൈനക്കാര്‍ കൂടി ആവുമ്പോള്‍ അതിന്റെ മധുരം ഇരട്ടിയാണ്‌. പത്രത്താളുകളില്‍ വിവാഹത്തിന്‌ അപേക്ഷ സമര്‍പ്പിക്കാനെത്തിയവര്‍ മണിക്കൂറുകള്‍ ഓഫിസുകള്‍ക്കു മുമ്പില്‍ ക്യൂ നിന്ന വാര്‍ത്ത കൗതുകം ജനിപ്പിച്ചിരുന്നു.ചൈനക്കാരുടെ ഭാഗ്യനമ്പറായ 8കള്‍ ഒരു കൂട്ടമായി മുന്നിലെത്തുമ്പോള്‍ ന്യായമായും നമുക്കവരെ പിന്തുണക്കാം. അത്തരം വാര്‍ത്തകള്‍ പലരീതിയില്‍, ഭാവത്തില്‍ കണ്ടിരിക്കുമ്പോഴാണ്‌ അവിചാരിതമായി ചീഫ്‌ കമാന്‍ഡര്‍ ഒരു വാര്‍ത്ത അറിയിക്കുന്നത്‌. ആ എട്ടുകളുടെ കൂട്ടം സമാഗതമാവുമ്പോള്‍ താനും ഒരു വാര്‍ഷികത്തെ 'ആഘോഷി'ക്കാന്‍ തയ്യാറെടുക്കുകയാണെന്ന്‌.പോരാളികള്‍ക്ക്‌ ആ വാര്‍ത്തയെക്കുറിച്ച്‌ ആകാംക്ഷ ഉണ്ടായില്ല എന്നു പറഞ്ഞാല്‍ അതു കളവാണ്‌. ഒടുവിലാ സത്യം കമാന്‍ഡര്‍ വ്യക്തമാക്കി. താന്‍ വിവാഹിതനായതിന്റെ മൂന്നാം വാര്‍ഷികമാണ്‌ 08-08-08. 'ആഘോഷമാണോ' 'ദുരന്തമാണോ' കടന്നുവരുന്നതെന്ന കാര്യത്തില്‍ മാത്രം തോറബോറയില്‍ സംശയം ബാക്കി. ഏതായാലും മൂന്നുദിവസത്തെ ലീവ്‌ വാങ്ങി കമാന്‍ഡര്‍ സ്വദേശമായ തൃക്കരിപ്പൂരിലേക്ക്‌ ഇന്ന്‌ (07-08-08)യാത്രയായി. (ഇവിടെയോരോരുത്തര്‍ വിവാഹവാര്‍ഷികം ആഘോഷിക്കുമ്പോള്‍ ബാക്കിയുള്ളവര്‍ ഒരു പെണ്‍കുട്ടിയെ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുന്നു എന്നതാണ്‌ ബാച്ചിലേഴ്‌സിന്റെ വിഷമം.) എന്തായാലും വേണ്ടില്ല, ആഘോഷങ്ങള്‍ കഴിഞ്ഞുവരുമ്പോള്‍ വിരുന്നൊരുക്കണം എന്ന ആവശ്യത്തെ ഒരു നിബന്ധനയായി കമാന്‍ഡര്‍ക്കു മുമ്പില്‍ വച്ചിട്ടുണ്ടെന്ന ആശ്വാസം മാത്രമാണ്‌ പോരാളികള്‍ക്കുള്ളത്‌. ഒപ്പം സന്തുഷ്ടപൂര്‍ണമായ വിവാഹജീവിതം ആശംസിക്കുകയും അതിനുവേണ്ടി പ്രാര്‍ഥിക്കുകയും. ചീഫ്‌ കമാന്‍ഡറും കുടുംബവും തികയ്‌ക്കട്ടെ സെഞ്ച്വറി അല്ലേ.....ഒരിക്കല്‍ കൂടി ..ആഗതമാവുന്ന വിവാഹവാര്‍ഷികത്തിന്‌ പോരാളികളുടെ ആശംസകള്‍. കമാന്‍ഡര്‍ വിജയിക്കട്ടെ...

Monday, August 4, 2008

പുതിയ ജോലി തേടി മൊബൈല്‍ജോക്കി ദുബയിലേക്ക്‌


വര്‍ഷങ്ങള്‍ നീണ്ടു നിന്ന ഗള്‍ഫ്‌ സ്വപ്‌നങ്ങള്‍ക്ക്‌ സാക്ഷാല്‍ക്കാരവുമായാണ്‌ ഇക്കഴിഞ്ഞ രണ്ടാം തിയ്യതിയിലെ രാത്രി ഒമ്പതേകാലിന്‌ കരിപ്പൂരില്‍ നിന്ന്‌ പറന്നുയര്‍ന്ന ഫ്‌ളൈറ്റില്‍ മൊബൈല്‍ജോക്കി കുത്തിയിരുന്നത്‌.(സോറി സീറ്റിലിരുന്നത്‌). എത്രയോ ദിവസങ്ങള്‍ എടുത്താണ്‌ അഞ്ചും ആറും പേപ്പറുകള്‍ നീളുന്ന വ്യക്തിവിവര, അനുഭവ സര്‍ട്ടിഫിക്കറ്റുകള്‍ അവന്‍ തയ്യാറാക്കിയിരുന്നത്‌. പത്രങ്ങളില്‍ വരുന്ന റിക്രൂട്ട്‌മെന്റെ പരസ്യങ്ങള്‍ എത്ര ശ്രദ്ധയോടെയായിരുന്നു അരിച്ചുപെറുക്കിയിരുന്നത്‌. ഒടുവില്‍ ഷേവ്‌ ചെയ്‌ത്‌ പൗഡറിട്ട്‌ ഇന്റര്‍വ്യൂവിനായി എടുത്താല്‍ പൊങ്ങാത്ത ഫയലും പിടിച്ച്‌ അതിരാവിലെ യാത്രയാണ്‌. ഉച്ചയോടെ ക്ഷീണിതനായി എത്തും, എന്തൊക്കെയോ ചോദിച്ചു എന്തൊക്കെയോ പറഞ്ഞു എന്നും പറഞ്ഞ്‌. കാര്യം അങ്ങനെയൊക്കെയാണെങ്കിലും ഒടുവില്‍ തേടിയവള്ളി കാലില്‍ ചുറ്റി. അല്ല ചുറ്റിച്ചു എന്നു പറയുന്നതാവും ശരി. ഗള്‍ഫ്‌ മോഹം പതിയെപ്പതിയെ അടങ്ങിത്തുടങ്ങിയപ്പോഴാണ്‌ വീട്ടുകാരുടെ നിര്‍ബന്ധം ഏറിത്തുടങ്ങിയത്‌. അങ്ങനെ ഒടുവില്‍ അളിയന്റെ വക ഒരു അവസരം നല്‍കല്‍ എത്തി. വിസിറ്റ്‌ വിസ ഒരെണ്ണം അടിച്ചു കൈയില്‍ കൊടുത്തു. പഴയ മോഹങ്ങള്‍ ഉണര്‍ന്നുതുടങ്ങിയതോടെ ആശാന്‍ കൂടുതല്‍ ഉന്മേഷവാനായി. അക്കൗണ്ടിങ്‌ കോഴ്‌സിന്റെ ഓര്‍മ(അതിനുണ്ടോ ആവോ) പുതുക്കി റെഡിയായി. ജൂലൈ 31 ന്‌ തോറബോറയിലെത്തി അവസാനവട്ട യാത്രപറയല്‍. ഔദ്യോഗിക വിടപറയലിന്‌ പരിപാടി തയ്യാറാക്കണമെന്ന്‌ കമാന്‍ഡര്‍ പറഞ്ഞിരുന്നെങ്കിലും തിരക്കുമൂലം സാധ്യമായില്ല. 2ാം തിയ്യതി വീട്ടില്‍ എത്തുമെന്ന്‌ വാക്കുകൊടുത്തിരുന്നെങ്കിലും നടന്നില്ല. പ്രതിനിധികളായി ആഷിഫ്‌ താനൂരും റഷീദും എടയൂര്‍ റോഡിലെത്തി. വലിയ ബുദ്ധിമുട്ടുകളില്ലാതിരുന്ന അവരെ കരയിപ്പിച്ചിട്ടാണ്‌ പോരാളികള്‍ മടങ്ങിയെത്തിയത്‌ എന്നതില്‍ തോറബോറ പോരാളികള്‍ ഒന്നടങ്കം തലകുനിക്കുന്നു(നാണിച്ചിട്ടല്ല- റഷീദിന്റെ അറബിയിലും മലയാളത്തിലുമുള്ള പ്രാര്‍ഥന കേട്ടാല്‍ ആരാണു കരയാത്തതു സ്‌നേഹിതരേ? ) പോരാളികള്‍ വാക്കുകൊടുത്താല്‍ അതു പാലിക്കും എന്നതിന്‌ കൂടുതല്‍ തെളിവുവേണ്ടതില്ല എന്ന തെളിവാണ്‌ ജോക്കിയെ യാത്രയയക്കാന്‍ പോരാളികള്‍ എയര്‍പോര്‍ട്ടിലെത്തിയത്‌. പോരാളികള്‍ ആദ്യം അവിടെ എത്തിയെന്നതില്‍ അഭിമാനിക്കുന്നു എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇപ്പോള്‍ കരയുമെന്നു തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു ജോക്കിയുടെ വരവ്‌. എങ്കിലും തമാശ പറയാന്‍ ശ്രമിച്ച്‌. അവിടെയെത്തി വിളിക്കാമെന്നു ഉറപ്പുനല്‍കി ഒരു യാത്രപറയലുകൂടി നടത്തി മൊബൈല്‍ ജോക്കി നടന്നുമറയുമ്പോള്‍ ഞങ്ങളുടെ ഉള്ളം അനിയന്ത്രിതമായ വിഷമത്താല്‍ നീറി. കളിയാക്കാനും സ്‌നേഹം പങ്കുവയ്‌ക്കാനും എപ്പോഴും തോറബോറയ്‌ക്കൊപ്പമുണ്ടായിരുന്ന ആ എടയൂര്‍റോഡുകാരന്‍ ദൂരം കൊണ്ട്‌ അകലേക്ക്‌ പോവുന്നത്‌ ഞങ്ങള്‍ക്ക്‌ സഹിക്കാവതല്ല. എങ്കിലും ആത്മാര്‍ഥമായ പ്രാര്‍ഥനകളെ ബാക്കിയാക്കി ഇരുട്ടുപരക്കുന്ന റോഡിലൂടെ ഓട്ടോറിക്ഷയില്‍ മെയിന്റോഡിലേക്ക്‌. അവിടെ നിന്നും തിരക്കേറിയ ബസ്സില്‍ തോറബോറയിലേക്ക്‌ പോരാളികളുടെ മടക്കം.