പോരാളികളുടെ മാത്രം ലോകം(കിടപ്പുമുറി). രാത്രിയുടെ അന്ത്യയാമങ്ങള്‍ മുതല്‍ പ്രഭാതം വരെയുള്ള സമയങ്ങളില്‍ എപ്പോഴും പ്രതീക്ഷിക്കാം ഒരു പോരാളിയുടെ കിടപ്പറയിലേക്കുള്ള ആഗമനം. പകല്‍ ഗാഢനിദ്രയിലാവാം. ശല്യപ്പെടുത്തുന്നത്‌ പൊറുക്കാനാവാത്ത കുറ്റം. അല്ലറചില്ലറ തമാശകള്‍, പൊട്ടിച്ചിരികള്‍, പാട്ടുകള്‍ മുതലായവ കേട്ടാല്‍ നെറ്റിച്ചുളിക്കരുത്‌! അതു പോരാളികളുടെ നേരംപോക്കുകളിലൊന്നാവാം. പ്രവേശനവും പാലിക്കേണ്ട നിയമങ്ങളും ചീഫ്‌ കമാന്‍ഡര്‍ വ്യക്തമാക്കും.

Tuesday, August 19, 2008

തോറബോറയ്‌ക്കൊരു ചരമഗീതം

എന്തായാലും ഇതിത്രപെട്ടെന്നാവുമെന്ന്‌ ആരും കരുതിയില്ല. മഴവെള്ളപ്പാച്ചിലില്‍ തോറബോറ ഇടിഞ്ഞുപോളിഞ്ഞ്‌ നിലംപൊത്തും മുമ്പ്‌ ഇടപെട്ടില്ലെങ്കില്‍ കളി കാര്യമാവുമെന്ന്‌ ( പല പോരാളികളുടെയും മയ്യിത്ത്‌ പള്ളിക്കാട്ടിലേക്കെടുക്കേണ്ടി വരുമെന്ന്‌ വ്യംഗ്യം) ഭീഷണി മാനേജ്‌മെന്റേമാന്‍മാര്‍ ഇത്രയ്‌ക്കങ്ങട്‌ കാര്യമാക്കുമെന്ന്‌ കരുതിയതേയില്ല. സ്വതന്ത്ര്യദിനവും നേരത്തേ മാറ്റിവച്ച അവധിയുമൊക്കെയായി പലരും നാട്ടിലായിരുന്ന സന്ദര്‍ഭത്തിലാണ്‌ ഞങ്ങളെ സന്തോഷിപ്പിക്കുകയും കരയിക്കുകയും ചെയ്‌ത സംഭവമുണ്ടായത്‌. പള്ളിയുറക്കം കഴിഞ്ഞ്‌ ( രാവിലെ 11 മണി) കമാന്‍ഡര്‍ കുളിച്ചുകുട്ടപ്പനായി താഴേക്കിറങ്ങാന്‍ നേരത്താണ്‌ ഖലാസികളെപ്പോലെ രണ്ടുമൂന്നുപേര്‍ എത്തിയത്‌. സംഗതി കമാന്‍ഡറാണെങ്കിലും ഒറ്റക്കാണല്ലോ എന്നതിനാല്‍ ചെറിയ വിറയലോടെ കാര്യം തിരക്കി. ഇപ്പോള്‍ കുടിയൊഴിയണം. ഓര്‍ഡര്‍ ഉടന്‍ വന്നു. അല്ലാ ഇതിനൊന്നും വ്യവസ്ഥയും വെള്ളിയാഴ്‌ചയുമില്ലേ.. എന്നു ചോദിക്കണമെന്നുണ്ടായിരുന്നു. ചോദിച്ചാല്‍ ചിലപ്പോള്‍ എന്നാല്‍ നിങ്ങള്‍ ഈ വെള്ളത്തില്‍ തന്നെ കിടന്നോ എന്നെങ്ങാനും പറഞ്ഞാല്‍ കുടുങ്ങിയത്‌ തന്നെ. ഏതായാലും സഹപോരാളികളെ വിളിച്ചുവരാം എന്നു കരുതി കമാന്‍ഡര്‍ പെട്ടെന്ന്‌ താഴേക്കിറങ്ങി. താഴെ വെടിവട്ടത്തിലായിരുന്ന പിലാത്തറയും കാസിമിയും സംഗതി അറിഞ്ഞപ്പോള്‍ കരുണാകരനെ കണ്ട ഉമ്മന്‍ചാണ്ടിയെപ്പോലെ കമാന്‍ഡറെ തുറിച്ചു നോക്കി. പെട്ടെന്നുവാ, ഖലാസികള്‍ എല്ലാം വാരിവലിച്ച്‌ അലമ്പാക്കുന്നതിനു മുമ്പ്‌ ഇടപെടാം എന്ന്‌ കമാന്‍ഡറുടെ ഉത്തരവ്‌. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. പെട്ടിയും പ്രമാണങ്ങളുമെല്ലാം ഒരുവിധം അടുക്കിക്കൂട്ടി. കിടക്കകള്‍ തൂക്കി മൂന്നാം നിലയില്‍ നിന്ന്‌ താഴേക്കെറിഞ്ഞു. കൂടുകെട്ടിയ മൂട്ടകള്‍ പാരച്യൂട്ടിലിറങ്ങുന്ന സുഖത്തില്‍ കിടക്കകളോടൊപ്പം താഴേക്കെത്തി. കിടക്കക്കു പുറത്തേക്ക്‌ പെട്ടിയും പ്രമാണങ്ങളും വലിച്ചെറിഞ്ഞു. ഭാരം തൂക്കി താഴേക്കിറങ്ങാന്‍ ഖലാസികള്‍ക്കും ഒപ്പം പോരാളികള്‍ക്കുമുള്ള മടിയാണ്‌ ഇത്തരമൊരു എളുപ്പവഴിക്ക്‌ പ്രേരിപ്പിച്ചത്‌. പുതിയ ലാവണം തയ്യാറായിട്ടുണ്ടെന്ന്‌ മാനേജ്‌മെന്റിന്റെ വാഗ്‌ദാനം വിശ്വസിച്ചാണ്‌ ഞങ്ങള്‍ ചാടിപ്പുറപ്പെട്ടത്‌. കമാന്‍ഡര്‍ക്കു സമയമില്ലാത്തതിനാല്‍ പുതിയ കേന്ദ്രം പഠനവിധേയമാക്കാന്‍ പിലാത്തറയെയും കാസിമിയെയും വിട്ടു. കിട്ടിയ റിപോര്‍ട്ടുകളനുസരിച്ച്‌ ഒരു കൊച്ചുതോറബോറയ്‌ക്കുള്ള സ്‌കോപ്പ്‌ പുതിയ ലാവണത്തിലുമുണ്ട്‌. എന്നാല്‍ പോരാളികളെക്കുടാതെ മറ്റ്‌ ചിലരും കൂടി അങ്ങോട്ടുവരാന്‍ സാധ്യതയുണ്ടെന്ന ഭീഷണി മുന്നിലുണ്ട്‌. ഒരു ഏറ്റുമുട്ടല്‍ നടക്കുമോ എന്ന പേടിയിലാണ്‌ കമാന്‍ഡര്‍. അത്‌ സാധ്യമായില്ലെങ്കില്‍ ' ഒരുവട്ടം കൂടിയാ പഴയതോറബോറയില്‍ വെടി പറഞ്ഞിരിക്കുവാന്‍ മോഹം എന്നു പാടുകയേ നിവൃത്തിയുള്ളു'.

--
http://www.kazhchavattam.blogspot.com/

--
http://www.kazhchavattam.blogspot.com/

No comments:

Post a Comment