പോരാളികളുടെ മാത്രം ലോകം(കിടപ്പുമുറി). രാത്രിയുടെ അന്ത്യയാമങ്ങള്‍ മുതല്‍ പ്രഭാതം വരെയുള്ള സമയങ്ങളില്‍ എപ്പോഴും പ്രതീക്ഷിക്കാം ഒരു പോരാളിയുടെ കിടപ്പറയിലേക്കുള്ള ആഗമനം. പകല്‍ ഗാഢനിദ്രയിലാവാം. ശല്യപ്പെടുത്തുന്നത്‌ പൊറുക്കാനാവാത്ത കുറ്റം. അല്ലറചില്ലറ തമാശകള്‍, പൊട്ടിച്ചിരികള്‍, പാട്ടുകള്‍ മുതലായവ കേട്ടാല്‍ നെറ്റിച്ചുളിക്കരുത്‌! അതു പോരാളികളുടെ നേരംപോക്കുകളിലൊന്നാവാം. പ്രവേശനവും പാലിക്കേണ്ട നിയമങ്ങളും ചീഫ്‌ കമാന്‍ഡര്‍ വ്യക്തമാക്കും.

Monday, September 8, 2008

ഒരു പോരാളി സീസണ്‍ ടിക്കറ്റ്‌ എടുത്ത കഥ

യുദ്ധക്കളത്തിലെത്തി(ഓഫിസ്‌) ദിനേന വീട്ടിലേക്ക്‌ ലോക്കല്‍ ട്രെയിന്‌ പോവാനാവുമെന്ന സൗകര്യത്തെക്കുറിച്ച്‌ താനൂരുകാരന്‍ പോരാളി വീരവാദം മുഴക്കിയിരുന്നത്‌ ട്രെയിന്‍ കടന്നുചെല്ലാത്ത ഇനി കടന്നു ചെല്ലുമെന്ന പ്രതീക്ഷയുമില്ലാതെ ഇരിക്കുന്ന ഇടുക്കി പോരാളികളെ കളിയാക്കിക്കൊണ്ടായിരുന്നു. നാട്ടില്‍ നിന്ന്‌ പുറപ്പെടുന്ന ഹൈറേഞ്ച്‌ മലബാര്‍ നൈറ്റ്‌ സര്‍വീസ്‌ ബസ്സില്‍ നേരത്തേ കാലത്തേ എത്തി സീറ്റ്‌ ബുക്ക്‌ ചെയ്‌ത്‌ നീണ്ട 10 മണിക്കൂര്‍ ഒരേ ഇരിപ്പിരുന്ന്‌ അതിരാവിലെ തോറബോറയിലെത്തുകയായിരുന്നു അവര്‍ ചെയ്‌ത കുറ്റം. അതുമല്ലെങ്കില്‍ റഷീദിന്റെ വക ട്രെയിന്‍ യാത്രയുമുണ്ടാവും പോരായ്‌മയായി. ആലുവയില്‍ ഇറങ്ങി തിരക്കേറിയ ബോഗിയില്‍ സീറ്റും ചാരിനിന്ന്‌ വായിനോക്കി, എല്ലാവരും യുദ്ധക്കളം വിട്ട്‌ വീടണയുന്ന സമയത്ത്‌ (അതായത്‌ 7.30 pm) ചാടിമറിഞ്ഞെത്തും. ഇതൊക്കെ മുന്‍നിര്‍ത്തിയാണ്‌ താനൂരുകാരന്‍ പോരാളിയുടെ ട്രെയിന്‍യാത്രയുടെ മാഹാത്മ്യം. അങ്ങനെയിരിക്കെ ഒരു നാള്‍ ട്രെയിന്‍ യാത്രയുടെ സൗകര്യക്കാരന്‌(സൗകര്യം പരമാവധി ഉപയോഗപ്പെടുത്തുന്നയാള്‍) വല്ലാത്ത ഒരമളി പിണയുന്നത്‌. വീട്ടില്‍പോവാന്‍ തിരക്കുപിടിച്ച്‌ സ്റ്റേഷനിലെത്തുമ്പോള്‍ ടിക്കറ്റെടുക്കാന്‍ നില്‍ക്കുന്നവരുടെ നീണ്ട ക്യൂവാണ്‌. ട്രെയിനാണെങ്കില്‍ ഇപ്പോള്‍ പോവും ഇപ്പോള്‍ പോവും എന്ന മട്ടില്‍ ചാഞ്ചാടിനില്‍ക്കുകയാണ്‌. ആകപ്പാടെ കണ്‍ഫ്യൂഷനിലായ പോരാളി ആര്‍ക്കും വേണം ടിക്കറ്റ്‌? ഞാനൊരു താനൂരുകാരനാണ്‌ എന്ന 'അഭിമാന'ത്തോടെ ചാടി ബോഗിയില്‍ കയറി. ചൂടുമാറാത്ത പത്രമൊക്കെ വായിച്ചു രസിച്ചിരിക്കുമ്പോഴാണ്‌ അപ്രതീക്ഷിതമായി ടി.ടി.ഇയുടെ രംഗപ്രവേശം. ടിക്കറ്റ്‌ ചോദിച്ചപ്പോള്‍ യാതൊരു ഭാവഭേദവുമില്ലാതെത്തന്നെയാണ്‌ പോരാളി പഴ്‌സെടുത്ത്‌ ടിക്കറ്റെടുത്ത്‌ നീട്ടിയത്‌. ടിക്കറ്റ്‌ വാങ്ങി നോക്കിയയുടനെ ടി.ടി.ഇ
ആരാഞ്ഞു ഇന്നത്തെ ടിക്കറ്റ്‌ എവിടേ കുട്ടീ? ഓ അതിന്നലത്തെ ആയിരുന്നോ...പഴ്‌സിന്റെ രഹസ്യ അറയില്‍ നിന്ന്‌ അടുത്ത ടിക്കറ്റും നീട്ടി താനൂര്‍ പോരാളി. ആശ്വാസത്തോടെ ടിക്കറ്റ്‌ വാങ്ങിയ ടി.ടി.ഇ ഇത്തവണ ഞെട്ടി. കഴിഞ്ഞ മാസത്തെ ടിക്കറ്റായിരുന്നു അത്‌. പാണ്ടന്‍നായുടെ പല്ലിന്‍ ശൗര്യം പണ്ടേ പോലെ ഫലിക്കുകയില്ലിനി എന്ന ഏഷ്യന്‍ അപ്പെക്‌സിന്റെ പരസ്യഗാനവും പാടിയാണ്‌ ടി.ടി.ഇ പോരാളിയുടെ കുത്തിനു പിടിച്ചത്‌. തന്റെ പരിപ്പീ കഞ്ഞിക്കലത്തില്‍ വേവൂലാ എന്ന മുന്നറിയിപ്പ്‌ നല്‍കിയിട്ട്‌ ആജ്ഞാപിച്ചു എടുക്കെടാ@@$**@*%%#@#$# ടിക്കറ്റ്‌.
പോരാളിയുടെ ധൈര്യം പറ്റേ ചോര്‍ന്നതിനാല്‍ ചാടി കാലില്‍ വീണു. ട്രെയിന്‍ നീങ്ങിത്തുടങ്ങിയപ്പോളാണ്‌ സ്‌റ്റേഷനിലെത്തിയതെന്നും ടിക്കറ്റ്‌ എടുക്കാന്‍ സമയം കിട്ടിയില്ലെന്നുമുള്ള സത്യാവസ്ഥ പറഞ്ഞുനോക്കിയെങ്കിലും ടി.ടി.ആര്‍ വഴങ്ങിയില്ല. ഫൈനടക്കാന്‍ നിര്‍ദേശം നല്‍കിയ ടി.ടി.ആറിന്റെ മുഖത്തുനോക്കി പോരാളി കാശില്ലെന്നു പറഞ്ഞുനോക്കിയെങ്കിലും ആ കഠിനഹൃദയന്‍ വഴങ്ങിയില്ല എന്നുള്ളതാണ്‌ സത്യം. എങ്ങനെയാണ്‌ അയാള്‍ സമ്മതിക്കുക. പുലിവരുന്നേ പുലി എന്നു കാറിക്കൂവിയതു പോലെ പഴയ ടിക്കറ്റുകളെല്ലാം പരിശോധിപ്പിച്ചുകളഞ്ഞില്ലേ പാവം സത്യസന്ധനായ പോരാളി. പോരാളിയുടെ പഴ്‌സിന്റെ ഉള്ളറകളൊക്കെ പരിശോധിച്ചു നിരാശനായ ടി.ടി.ആര്‍ പഴ്‌സിലുണ്ടായിരുന്ന തിരിച്ചറിയല്‍ കാര്‍ഡ്‌ കസ്റ്റഡിയിലെടുത്ത്‌ സ്ഥലംവിട്ടു. കോഴിക്കോട്‌ ഓഫിസിലെത്തി പണമടച്ചു കാര്‍ഡ്‌ കൈപ്പറ്റിക്കൊള്ളണമെന്ന മുന്നറിയിപ്പ്‌ നല്‍കാനും ടി.ടി.ഇ മറന്നിരുന്നില്ല. ആറുരൂപയുടെ ടിക്കറ്റിന്‌ പിഴയൊടുക്കേണ്ട തുക 255 രൂപ. എങ്ങനെ സഹിക്കാനാണ്‌ പ്രിയപ്പെട്ടവരേ......ഒരു ചായ കുടിക്കാതെ പുകവലിക്കാതെ സമ്പാദിച്ച പണമാണ്‌ ശൂൂൂൂൂൂൂൂൂന്ന്‌ ഇല്ലാതാവുന്നത്‌. യുദ്ധക്കളത്തില്‍ നിന്ന്‌ വൈകിയിറങ്ങിയതിനെക്കുറിച്ചും ആ സമയം ടിക്കറ്റെടുക്കാന്‍ സ്റ്റേഷനില്‍ ക്യൂ നിന്നവരെയും ട്രെയിന്‍ സമയത്തു തന്നെ സ്റ്റാര്‍ട്ട്‌ ചെയ്‌ത ഡ്രൈവറെയും ആത്മാര്‍ഥമായി തന്നെ ശപിച്ചുകൊണ്ടും പാവം പോരാളി(ആ സമയത്തു പോരാളി വെറും ഊച്ചാളിയായി മാറിയിരുന്നു. അതുകൊണ്ടാണ്‌ പാവം എന്നു ചേര്‍ത്തത്‌.) താനൂരില്‍ ട്രെയിനിറങ്ങി. പിറ്റേദിവസം ഫറോക്കിലിറങ്ങാതെ നേരെ കോഴിക്കോട്ട്‌ ഓഫിസില്‍ ചെന്ന്‌ പിഴത്തുക അടച്ച്‌ കാര്‍ഡ്‌ കൈപ്പറ്റി യുദ്ധക്കളത്തില്‍ റിപോര്‍ട്ട്‌ ചെയ്‌തു. പ്രിയപോരാളികളെ ട്രെയിനില്ലാത്ത നാടാണ്‌ നാട്‌. കാരണം അവിടെ ടി.ടി.ഇ ഇല്ലല്ലോ..എന്നായിരുന്നു ആദ്യത്തെ സംഭാഷണം. കാരണമന്വേഷിച്ചപ്പോഴാണ്‌ കദനകഥയുടെ വിഴുപ്പ്‌ ഭാണ്ഡം താനൂര്‍ പോരാളി സഹപോരാളികള്‍ക്കു മുമ്പില്‍ തുറന്നുവച്ചത്‌. പലര്‍ക്കും പോരാളിയോട്‌ പുച്ഛവും സഹതാപവും തോന്നി. ഇടുക്കിപ്പോരാളികള്‍ ഷര്‍ട്ടിന്റെ കോളര്‍ നേരെയാക്കി നടുനിവര്‍ത്തി ഇരുന്നു. പിന്നീട്‌ താനൂര്‍ പോരാളി മറ്റൊന്നു കൂടി പോരാളികളെ ഉയര്‍ത്തിക്കാട്ടി. സ്‌റ്റേഷനില്‍ പോയി ക്യൂ നില്‍ക്കുന്നതും ടി.ടി.ഇ കോളറിന്‌ പിടിക്കുന്നത്‌ ഒഴിവാക്കാനുമുള്ള സൂത്രമായിരുന്നു അത്‌. ഒരു സീസണ്‍ ടിക്കറ്റ്‌.

2 comments:

  1. ആറുരൂപയുടെ ടിക്കറ്റിന്‌ പിഴയൊടുക്കേണ്ട തുക 255 രൂപ. എങ്ങനെ സഹിക്കാനാണ്‌ പ്രിയപ്പെട്ടവരേ......ഒരു ചായ കുടിക്കാതെ പുകവലിക്കാതെ സമ്പാദിച്ച പണമാണ്‌ ശൂൂൂൂൂൂൂൂൂന്ന്‌ ഇല്ലാതാവുന്നത്‌.

    ReplyDelete
  2. പാവം പോരാളി! എന്നാലും,ടി.ടി.ഇയെ പറ്റിക്കാന്‍ നോക്കിയ വില്ലനാ...അല്ലെ?എന്നിട്ട് പാവം ന്ന്...!!

    ReplyDelete