പോരാളികളുടെ മാത്രം ലോകം(കിടപ്പുമുറി). രാത്രിയുടെ അന്ത്യയാമങ്ങള്‍ മുതല്‍ പ്രഭാതം വരെയുള്ള സമയങ്ങളില്‍ എപ്പോഴും പ്രതീക്ഷിക്കാം ഒരു പോരാളിയുടെ കിടപ്പറയിലേക്കുള്ള ആഗമനം. പകല്‍ ഗാഢനിദ്രയിലാവാം. ശല്യപ്പെടുത്തുന്നത്‌ പൊറുക്കാനാവാത്ത കുറ്റം. അല്ലറചില്ലറ തമാശകള്‍, പൊട്ടിച്ചിരികള്‍, പാട്ടുകള്‍ മുതലായവ കേട്ടാല്‍ നെറ്റിച്ചുളിക്കരുത്‌! അതു പോരാളികളുടെ നേരംപോക്കുകളിലൊന്നാവാം. പ്രവേശനവും പാലിക്കേണ്ട നിയമങ്ങളും ചീഫ്‌ കമാന്‍ഡര്‍ വ്യക്തമാക്കും.

Friday, May 16, 2008

ഒരു ശുദ്ധമലയാളി കുഴിച്ച കുഴി

സമയമുണ്ടെങ്കില്‍ നിങ്ങള്‍ എന്റെ കൂടെ വരണം. ഇതുമൊരു പോരാളിയെ ചുറ്റപ്പറ്റിയുള്ളതാണ്‌. ആംഗലേയ പറച്ചിലില്‍ പതിനെട്ടടവും പഠിച്ചവരാവണമെന്ന തീരുമാനം തോറബോറ ചീഫ്‌ കമാന്‍ഡറിന്റെ അഭാവത്തില്‍(നാട്ടില്‍ പോയ സമയത്താണ്‌) സഹപോരാളികള്‍ കൂടി എടുക്കുന്നു. ഇനിമേലില്‍ ഡ്യൂട്ടിസമയങ്ങളൊഴിച്ചുള്ള സമയങ്ങളില്‍ ആംഗലേയം മാത്രമേ സ്‌പീച്ചാവൂ. തീരുമാനം എല്ലാവരും തലകുലുക്കിയും കൈയടിച്ചും അംഗീകരിച്ചു.(തീരുമാനം സ്‌പീച്ചികൊണ്ട്‌ അംഗീകരിക്കണമെങ്കില്‍ എബിസീഡി അറിയണമല്ലോ). സ്ഥിരമായി(സമയമുള്ളപ്പോള്‍) നടക്കാനും ഇരിക്കാനും കഥപറയാനും പോവാറുള്ള പാടത്തുപോയി. കൃഷിയിറക്കാതെ തരിശായി കിടക്കുന്ന പച്ചപ്പു നിറഞ്ഞ പ്രദേശം. മണ്ഡരിബാധിച്ച തെങ്ങുകള്‍ അത്ര തലക്കനമില്ലാതെ നിശ്ചലമായി നില്‍ക്കുന്നു. ആംഗലേയത്തിന്റെ ഉംംംംംംംംംംം ഇംംംംംംംംംംം ങ്‌ ങ്‌്‌ ങ്‌ തുടങ്ങിയ മൂളലുകള്‍ ഓരോ വാക്കുകള്‍ക്കും വാചകങ്ങള്‍ക്കും മുമ്പില്‍ വരുന്നതിനോടൊപ്പം ആംഗ്യഭാഷയിലൂടെ സംവദിച്ചു തുടങ്ങി ഞങ്ങള്‍. കേള്‍ക്കുന്നവര്‍ മനസ്സിലാകുന്നുണ്ട്‌ എന്നറിയാന്‍ തലകുലുക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്നു. ആകെക്കൂടി അരിയെത്ര എന്നു ചോദിക്കുമ്പോള്‍ പയറഞ്ഞാഴി എന്ന പ്രതീതി. സംസാരം മുറുകിയപ്പോള്‍ കുറച്ചു ചെറിയ കുട്ടികളെയും വിളിച്ചു ആംഗലേയ ശക്തി പരീക്ഷിക്കാന്‍. സംഗതി കുറ്റംപറയരുതല്ലോ..കുട്ടികള്‍ അല്‍പ്പം തരികിടയൊക്കെ കൈയിലുള്ളവരാണെന്നു തോന്നുന്നു. പറയുന്നത്‌ അവര്‍ക്കു മനസ്സിലാവുന്നുണ്ട്‌. ഇതിനിടെ മറ്റൊരു പോരാളി വളരെ സൈലന്റായി ഞങ്ങളെ ശ്രദ്ധിച്ച്‌(അതോ ഇല്ലേ)വെറുതെ ഇരിക്കുന്നു. എങ്കില്‍ പിന്നെ ഈ 'മലയാളി'യോടു സംസാരിക്കു എന്ന നിര്‍ദേശം കുട്ടികള്‍ക്കു കൊടുത്തിട്ട്‌ ഞങ്ങള്‍ മുക്കലും മൂളലും ആംഗ്യഭാഷയിലേക്കുമൊക്കെ തിരിച്ചെത്തി. അപ്പോഴാണ്‌ ആരോ പറഞ്ഞത്‌. നമ്മുടെ 'മലയാളി' 'കമാ' എന്ന രണ്ടരക്ഷരം പറയാന്‍ കൂടി വാ തുറന്നിട്ടില്ലല്ലോ എന്ന്‌. ഇരിപ്പു തുടങ്ങിയിട്ട്‌ മണിക്കൂര്‍ ഒന്നു കഴിഞ്ഞിരിക്കുന്നു. പോവാന്‍ സമയമായെന്നറിയിച്ച്‌ സൂര്യന്‍ ചേക്കാറാന്‍ പോയി. അപ്പോഴാണ്‌ ഒരാള്‍ ഒരു വലിയ കണ്ടുപിടുത്തം നടത്തിയത്‌. നമ്മുടെ മലയാളി ഇരുന്നതിന്റെ മുമ്പിലായി വലിയൊരു കുഴി. ഞങ്ങളുടെ ആംഗലേയ പ്രാഗല്‍ഭ്യത്തില്‍ അസൂയപൂണ്ടിട്ടോ ബോറടിച്ചിട്ടോ എന്നറിയില്ല. വട്ടം കൂടിയിരിക്കുന്ന ഞങ്ങള്‍ക്കിടയില്‍ മൂകനായിരുന്ന `മലയാളി' കൈയില്‍ കിട്ടിയ കമ്പുപയോഗിച്ച്‌ ഇരിക്കുന്നതിന്‌ മുമ്പില്‍ ഒരു കുഴി തീര്‍ക്കുകയായിരുന്നു അത്ര നേരവും. ഫോണ്‍ ചെയ്യുമ്പോള്‍ കുത്തിവരയ്‌ക്കുന്ന, സംസാരിക്കുമ്പോള്‍ നഖംകടിയ്‌ക്കുന്ന, സാരിത്തുമ്പ്‌ ചുറ്റുന്ന, മൂക്ക്‌ ചൊറിയുന്ന, കാല്‍വിരല്‍ കൊണ്ടു വൃത്തം വരയ്‌ക്കുന്ന മാനിയകള്‍ക്കൊപ്പം ചേര്‍ക്കാന്‍ ഒന്നുകൂടി ആംഗലേയം ശ്രവിച്ചാല്‍ `കുഴി'കുഴിക്കുന്ന മാനിയ. ഈ 'മലയാളി'യെ അമേരിക്കയിലേക്ക്‌ ഒരു തൂമ്പയും കൊടുത്തയച്ചാല്‍ കിണര്‍ കുഴിച്ചു കളയുമല്ലോ എന്നാണ്‌ തോറബോറയിലുയരുന്ന ചോദ്യങ്ങളിലൊന്ന്‌.

3 comments:

  1. ഇത് 'കുഴിയോമാനിയ' ഒന്നുമല്ല. നിങ്ങളുടെ ആംഗലേയം കേട്ട് മലയാളിക്ക് നിങ്ങളുടെ നെഞ്ചില്‍ കുത്താന്‍ തോന്നിയിട്ടുണ്ടാകും . അതുകൊണ്ട് നിലത്തിനിട്ട് കുത്തിയിട്ടുണ്ടാകും . ആ 'രോക്ഷ കുഴിയെ' നിങ്ങള്‍ മാനിയ ആയി തെറ്റിദ്ധരിച്ചു

    ReplyDelete
  2. ഞാനായിരുന്നെങ്കില്‍ ഒരു കുളം തന്നെ കുഴിച്ചേനേ

    ReplyDelete
  3. വാര്യര്‍ മാഷേ, തോറബോറയുടെ രസം അത്രമാത്രം. പരിധിവിട്ട കളിയാക്കലുകളില്ലേ.... ഹഹഹഹ അതാവണം ശരി. ചൂണ്ടിക്കാട്ടിയതിനു നന്ദി don(ഡോണ്‍), ങാഹാ! അങ്ങിനെ വരട്ടെ, അടുത്ത കുളംകുഴിക്കുമ്പോള്‍ ഞാന്‍ മെസ്സേജ്‌ വിടാം....

    ReplyDelete